Sunday, February 10, 2008

ജലവാസന്‍ (വി.മുസഫര്‍ അഹമ്മദ് )

അരയന്നങ്ങളുടെ പാദസരം
ചിലങ്കയാക്കിയ നര്‍ത്തകരും
മഴമേഘങ്ങളില്‍ വളര്‍ന്ന
ആമ്പലുകളും
വിരിയുന്നതിനിടെ
തളര്‍ന്നുറങ്ങിയ താമരകളും
കൊള്ളിയാന്‍ കണ്ണുള്ള
തവളകളും
ഒളിച്ചു പാര്‍ത്തു
തരുണ കവികളുടെ
ശില്‍പ്പശാലയില്‍


ഒളിമൃഗത്തെ തെളിമൃഗമാക്കല്‍
നായാട്ടിന്റെ ജീവന കല,
തിരിച്ചെങ്കില്‍ കാവ്യകല.
അഭയാര്‍ഥി മലകള്‍ക്ക്‌ പിറന്ന
അണക്കെട്ടിന്‌ താഴെ
ദ്വാരപാലകര്‍ ആണ്‍ പെണ്‍
പ്രതിമകളായി ഊഞ്ഞാലാടുന്ന
ഉദ്യാനത്തിനു നടുവില്‍
കറുത്ത അരഞ്ഞാച്ചരട്‌
അടയാളമാക്കിയ യക്ഷന്റെ
ഇരിപ്പിടത്തിന്റെ പിന്നാമ്പുറത്ത്‌
പുലി മണക്കും, പാമ്പു ചീറ്റും
മൃഗശാലക്കുമപ്പുറം
അതിഥിമന്ദിരത്തില്‍
ദുഷ്യന്തന്റെ നനഞ്ഞ
കണ്ണുകളുള്ള
അടയാള മോതിരം
ഇരട്ടവാലന്‍ കൈലേസില്‍
ഒളിപ്പിച്ചവര്‍ പഠിപ്പിച്ചു,
ശകുന്തത്തില്‍ രക്തബന്ധമില്ലാത്തവര്‍
പിറക്കാതെ പോയ കവികള്‍
എന്ന് സ്ഥിരീകരണവും നല്‍കി.
റോഡ്‌ മുറിച്ചു കടന്ന്‌
മൃഗശാലയില്‍ നൂണ്‌
ഇരുട്ടിന്റെ തേരില്‍
അതിഥിമന്ദിരത്തിലേക്ക്‌
കടത്തിക്കൊണ്ടുവന്ന
മാന്‍കുട്ടിയില്‍
കണ്വ തപോവനമാരോപിച്ചു.
അടയാളമോതിരം ഒളിപ്പിച്ചവരെ
വിളിച്ചുണര്‍ത്തി
രഹസ്യരോമങ്ങള്‍
ആദ്യമേ നരച്ചവര്‍
എന്ന്‌ ആക്ഷേപിച്ചു.
കൂടെ നടന്നു വന്ന
കരിമ്പിന്‍ കാട്‌ പിഴിഞ്ഞ്‌
കുടിച്ച്‌ കുടിച്ച്‌
മധുരദാഹത്താല്‍
വലഞ്ഞ്‌ കവിതയുടെ
ഞരമ്പ്‌ പൊട്ടി.

പുലര്‍ച്ചെ അണയില്‍
കുളിക്കാന്‍ പോയവര്‍
ജലപ്പരപ്പില്‍ സ്നാനഘട്ടം
തീര്‍ത്ത ഒരുടല്‍ കണ്ടു
ശില്‍പ്പശാലയില്‍ നിന്ന്‌ ചാടിപ്പോയ
ജലവാസന്‍ അണക്കെട്ടിന്റെ ഇടക്കെട്ടില്‍
സൂര്യ വെളിച്ചത്തിന്‌ നാവു നീട്ടുന്നു
മലകള്‍ കാണാന്‍
പ്രളയത്തില്‍ കടവു തേടുന്ന
ഇലപോലെ മലര്‍ന്നു നീന്തുകയായിരുന്നു.
ജലഗോപുരത്തെ
മുറുകെ പിടിച്ച്‌ പിന്നീടയാള്‍
നടന്നു പോയി.
ഉറങ്ങു കല്ലൂകള്‍ കൊണ്ട്‌
നിര്‍മിച്ച കവിയുടെ വീട്ടു ചുമരില്‍
വെള്ളത്തിലെഴുതിയിട്ടും
മാഞ്ഞു പോകാത്ത വരികള്‍
ഇങ്ങിനെ വായിക്കാം
'പൊള്ളയായ വാക്കുകളില്‍
വീടുകള്‍ പണിയാറില്ല
നിഴല്‍ വീഴാത്ത
പ്രപഞ്ചത്തില്‍ കവിതയും'