ജീവനോടെയും അല്ലാതെയും - എം.ആര്‍.രേണുകുമാര്‍
ഒരമ്മയും അടയിരുന്നിട്ടല്ല വിരിഞ്ഞത്
ഒരച്ഛനും കാവല്‍ നിന്നതു കൊണ്ടല്ല,
കാക്കയും പുള്ളും റാഞ്ചാതിരുന്നത്.
ഒരു വീട്ടുകാരിയും അരുമയോടെ
തീറ്റ തന്നിട്ടുമല്ല വളര്‍ന്നത്.
ചോരയുണങ്ങാത്ത കൈകള്‍
മെല്ലെ നീണ്ടു വരുമ്പോള്‍
മെല്ലെ ഓടാനാണ് മത്സരം
തൂക്കാന്‍ നേരമാണ് പേരിടല്‍,
ഒന്നെണ്ണൂറ്, രണ്ടേകാല്, രണ്ടറുനൂറ് എന്നിങ്ങനെ.
പ്ലാസ്റ്റിക് വീപ്പയുടെ ഉള്ളില്‍ കിടന്ന്
മുറിഞ്ഞ കഴുത്തു കുത്തി എണ്ണിക്കൊണ്ട് രണ്ടോ മൂന്നോ പിടയ്ക്കൂ.
തൊണ്ടയില്‍ ഉടക്കാത്ത തുണ്ടങ്ങളായ്
ഷിമ്മിക്കൂടില്‍ തൂങ്ങിയാടി
വീട്ടിലേയ്ക്ക് പോരുമ്പോഴും പറന്നിട്ടുണ്ടാവില്ല
ജീവന്റെ ചൂട് മുഴുവനായും.