Friday, August 15, 2008

ഫയര്‍ - മോഹനകൃഷ്ണന്‍ കാലടി

എക്സ്പ്രസ് ഹൈവേയുടെ ഓരത്ത്
ഉങ്ങുമരത്തയ്യ് നടാനൊരുങ്ങിയ
കിഴവനണ്ണാനെ
ജെ സി ബി കയറ്റി ചതയ്ക്കുക

സൂപ്പര്‍ മാര്‍ക്കറ്റിനു മുന്‍പില്‍
കപ്പലണ്ടി വില്‍ക്കാന്‍ വന്ന
കുരുടന്‍ കുരങ്ങനെ
വെട്ടിനുറുങ്ങി പാക്കറ്റിലാക്കുക

ടെക്നോ പാര്‍ക്കിന്റെ ചുവരില്‍
അശ്ലീലം എഴുതിവയ്ക്കുന്ന
ഞൊണ്ടിക്കഴുതയെ
കൈയോടെ കാലോടെ പിടികൂടി
പതിനൊന്ന് കെ വി ലൈന്‍ കൊടുത്ത്
സുഖിപ്പിച്ചു കിടത്തുക

ഉന്നതവിദ്യാഭ്യാസയോഗം നടക്കുമ്പോള്‍
പട്ടുപാടി പിരിവിനു വന്ന
അണ്ണാച്ചിക്കുട്ടികളെയും
കരിമണല്‍ ഖനനം ചെയ്യുന്നേടത്ത്
വെളിക്കിരിക്കാന്‍ വന്ന
പിരാന്തത്തിയെയും
തിരിച്ചു വരാത്ത റോക്കറ്റില്‍ ചേര്‍ത്തുകെട്ടി
തിരികത്തിച്ചു വിടുക

ഇതൊന്നും കേട്ട് ചിരിവരാത്തവന് നേരെ,
ഇതൊന്നും കണ്ട് പിരിയിളകാത്തവനു നേരെ,
അവനു നേരെ മാത്രം ആ വാക്ക് ആക്രോശിക്കുക.......

Thursday, July 17, 2008

ഫോട്ടോഷോപ്പ് - എ സി ശ്രീഹരി

പറിച്ചെറിഞ്ഞ മുല
റീസൈക്കിള്‍ ബിന്നില്‍ നിന്നും
തിരിച്ചെടുത്തൊട്ടിച്ചു കണ്ണകി

മുറിച്ചുകൊടുത്ത ചെവി
കട്ടെടുത്ത് പേയ്‌സ്റ്റ് ചെയ്തു
വിന്‍സെന്റ് വാന്‍‌ഗോഗ്

കുത്തിപ്പൊട്ടിച്ച കണ്ണ്
കൂട്ടിത്തുന്നിച്ചേര്‍ത്ത്
ഇന്റെര്‍നെറ്റില്‍ക്കേറീ
ഈഡിപ്പസ്

പതിച്ചുകൊടുത്ത നാക്ക്
തിരിച്ചെടുക്കും നേരം
സിസ്റ്റം ഹാങ്ങായി
റീസ്റ്റാര്‍ട്ടാവാതെ
വിജയന്‍ മാഷ്

Thursday, May 15, 2008

സ്വാശ്രയാശ്രമം- മോഹനകൃഷ്ണന്‍ കാലടി

ആശ്രമകൂപത്തിന് ആള്‍മറ കെട്ടിയിരിക്കുന്നത് എന്തിനാണ് ഗുരോ?
ആശ്രമമൃഗങ്ങളോ ആനന്ദം മൂത്ത മറ്റു സ്വാമിമാരോ
അബദ്ധത്തില്‍ ചെന്നു ചാടാതിരിക്കാനാണു മകനേ.

ആശ്രമത്തിന്റെ സിറ്റൌട്ടിലേയ്ക്കുള്ള പ്രവേശനഭാഗം
പീഠങ്ങളുംഗ്രന്ഥക്കെട്ടുകളും വച്ച്
കെട്ടിയടച്ചിരിക്കുന്നത് എന്തിനാണ് ഗുരോ?
ആ മുനികുമാരികയുടെ ചെറിയകുട്ടിയുണ്ട്.
കുട്ടി മുട്ടുകുത്തിയിഴഞ്ഞുവന്ന്
മുറ്റത്തേക്കുവീണു മുട്ടുപൊട്ടാതിരിക്കാനാണ് മകനേ.


ആശ്രമത്തിന്റെ മള്‍ട്ടിഫ്ലോര്‍ അദ്ധ്യയനശാലകള്‍ക്കു താഴെ
ചുറ്റും ശക്തിമത്തായ നൈലോണ്‍ വലകള്‍
വിരിച്ചുകെട്ടിയിരിക്കുന്നതോ-
ജ്ഞാനവൃക്ഷത്തിന്റെ ഫലങ്ങള്‍ കൊഴിയുമ്പോള്‍
അജ്ഞാനധൂളികള്‍ പുരളാതെയും
അനര്‍ഹര്‍ സ്പര്‍ശിക്കാതെയും
പിടിച്ചെടുത്ത് ശേഖരിക്കാനാവും അല്ലേ ഗുരോ?
അല്ല മകനെ അല്ല.
അത്- ദക്ഷിണവയ്ക്കാന്‍ വകയില്ലാത്ത ശിഷ്യന്മാരോ,
ആത്മനിയന്ത്രണമില്ലാത്തതിനാല്‍
ശിഷ്യന്മാരാല്‍ കൈകാര്യം ചെയ്യപ്പെട്ട താത്കാലികാചാര്യന്മാരോ
എളുപ്പത്തില്‍ മോക്ഷം പ്രാപിക്കുന്നതിനായി
എടുത്തുചാടിയാല്‍
പുന്നാമമാകും നരകത്തില്‍ ചെന്നുപതിക്കാതെ
വല്ലവിധേനയും ത്രാണനം ചെയ്യാനാണ് മകനേ.
സ്വാശ്രയമാര്‍ഗത്തിലാണെങ്കിലും
ഇതും ഒരാശ്രമമല്ലേ മകനേ...

Friday, May 02, 2008

മധുരവെള്ളം - ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്

പ്രണയങ്ങളെല്ലാം കൊഴിഞ്ഞുപോയ
ഒറ്റമരത്തെ കണ്ടു ഞാന്‍
അടക്കിപ്പിടിച്ച ഒരു പൊട്ടിക്കരച്ചില്‍
അതിന്റെ വേരുകള്‍ക്കു കൂട്ടായി നിന്നു
മേഘം പൊടുന്നനെ റൌക്ക പൊട്ടിച്ച്
അതിന്റെ വലിയ മുലകളെ
അവന്റെ വായില്‍ വച്ചുകൊടുത്തു.

അപ്രതീക്ഷിതമായ മഴയില്‍
അദ്ഭുതപ്പെട്ട് അയാള്‍
അപ്പോഴേയ്ക്കും ഇലകള്‍ പൂത്തു നിന്ന
ആ ഒറ്റ മരത്തിലേയ്ക്ക് ഓടിക്കയറി
ഇങ്ങനെ ആത്മഗതം ചെയ്തു :
മധുരമുള്ള മഴ
മരണം സ്ഥിരീകരിക്കാനെത്തിയ
ഡോക്ടര്‍ കട്ടിലിലമര്‍ന്നു
അതിന്റെ ഉലച്ചിലില്‍
അപ്പോഴേയ്ക്കും അടഞ്ഞുപോയ
തൊണ്ടയില്‍ നിന്നും മധുരവെള്ളം
ചെരിഞ്ഞൊഴുകി.

Saturday, April 26, 2008

ജലശരീരം, വിഷ്ണുപ്രസാദ്

കാമുകിയുടെ
ശരീരത്തിലേക്ക് ആയമെടുത്തുചാടി
ആഴങ്ങളില്‍ മുങ്ങി
രസനയാല്‍ മേനിയുടെ രുചി തൊട്ടുനോക്കിയും
ഇഴയലില്‍ സുഖമറിയുമുരഗമായ് മാറിയും
ഘനരഹിതപാളിയില്‍ മത്സ്യമായ് നീന്തിയും
പവിഴങ്ങള്‍ പൂക്കുന്നൊരടിവയറുകണ്ടും
അടിമുടി നനഞ്ഞ്
അവളുടെ
പുക്കിള്‍ ചുഴിയില്‍
മുങ്ങിനിവരുമ്പോള്‍
ചുറ്റും കടല്‍

Saturday, April 12, 2008

പാലറ്റ് - ബിനു എം പള്ളിപ്പാട്

മഞ്ഞയും ബ്രൌണും
കൊടുക്കണം വിളഞ്ഞ പാടത്തിന്

വെള്ളത്തിലെ
മീനുള്ള വശം ഒഴിവാക്കി
ഡെപ്തില്‍ കറുപ്പടിക്കണം

പതുങ്ങിയ മുണ്ടിയെ
പറപ്പിക്കാതെ മടയ്ക്കിപ്പുറമിരുത്തണം

മുറ്റത്തിരിക്കുന്നയാള്‍ക്ക്
എരിവും ചാരായവും ചേര്‍ന്ന്
വിയര്‍ത്തപേശിയിലേയ്ക്ക്
നിലാവിന്റെ ഹൈലൈറ്റ് വെക്കണം

എന്നും പരിചയമില്ലാത്ത
കൈലി വന്നുപോകുന്ന
ഒറ്റവീടും വിളക്കും
ബാഗ്രൌണ്ടില്‍ കൊടുക്കണം

ഇറയത്തിരിക്കുന്നയാളിന്റെ മുഖത്തു നിന്ന്
പാടം മുഴുവന്‍ ബന്ധുക്കളാണെന്ന്
ഒറ്റനോട്ടത്തില്‍ വായിച്ചെടുക്കണം

നീര്‍ക്കാക്കയും ഇരണ്ടയും പറക്കുന്നത്
കവച്ചമേഘത്തിനിപ്പുറത്താക്കണം

ഉത്സവത്തിനു പോകാന്‍ അനിയന്‍
പിച്ചാത്തി തേക്കുന്നതിന്റെ നിഴല്‍
വാഴയ്ക്കിപ്പുറം
നിലാവിന്റെ ഇളംനീലയില്‍
ചാലിച്ചെടുക്കണം

തവിട്ടില്‍ വെള്ളകൊണ്ട്
ഒരു നൈറ്റിയും
പിങ്കില്‍ റൊസുകൊണ്ട്
ഒരു കുട്ടിയുടുപ്പും
അയയില്‍ ഇടണം

മുറ്റത്തെ
ഒറ്റാലിനകത്തെ
കോഴിക്കുഞ്ഞിന്
ഐവറിയില്‍ ചെമ്പുകൊണ്ട്
ചെറുതായി തൊട്ടുതൊട്ടുവിടണം.

Tuesday, April 08, 2008

അളവ് - സുകേതു

ഇന്നത്തെ പത്രവും വായിച്ചു
കണ്ണട ഊരിവച്ചു
നെടുതായൊരു വീര്‍പ്പിട്ടു
ഇന്നലത്തെ പത്രത്തിനു കൊടുത്ത
അതേ വീര്‍പ്പ്, അതേ അളവ്
ഇതിപ്പോ ഒരു ശീലമായി
എന്തുകണ്ടാലും കേട്ടാലും
ഉടനെയൊരു നെടുവീര്‍പ്പ്

എത്രനേരം കമഴ്ത്തിപ്പിടിച്ചാലും
ഒരു പെഗ്ഗില്‍ കൂടുതലൊഴിയാത്ത
ചിലമദ്യക്കുപ്പികളില്ലേ...................?

Saturday, March 15, 2008

പുണ്ണ്, ആറ്റൂര്‍ രവിവര്‍മ്മ

വായിലെന്തോ കുഴപ്പം!
തൊണ്ടയിലോ നാവിലോ
അതിനും കീഴിലോ?
ചിലപ്പോള്‍ നാറ്റമുണ്ട്
എനിക്കു തന്നെ.
നിനച്ചതല്ല പുറപ്പെടുന്നത്
അതില്‍ കുറഞ്ഞോ കൂടിയോ
ഉണ്മകളില്‍ പൊയ് കലരുന്നു
ഇഷ്ടത്തില്‍ പക
എഴുത്തു തിരുത്താം
പറഞ്ഞതോ പറയാഞ്ഞതോ?
ചങ്കും നാവും നോക്കിച്ചു
കണ്ടുകിട്ടുന്നില്ല
കിളികളുടെ കൂവലിന്ന്
പട്ടിയുടെ കുരയ്ക്ക്
മൂങ്ങയുടെ മൂളലിന്നു
ഈ കുഴപ്പമില്ല
ചെടികളുടെ നോട്ടം,അനക്കം
മൌനം എല്ലാം വേണ്ടപോലെ
എന്റെ, തന്റെ അവന്റെ
സ്വാഭാവികതയെന്ത്?
എങ്ങിനെ പറഞ്ഞാലും
അധികം,കുറവ്,മറവ്
ചൊല്ലില്‍ മാത്രമല്ല കേള്‍വിയിലും
മൌനത്തിലും കൂടി
സത്യം വദിക്കാവുന്നതല്ല
‘തന്നതില്ല’......
കുമാരനാശാന്‍ പ്രമാണം

Thursday, March 06, 2008

സമയപ്രഭു - കല്പറ്റ നാരായണന്‍

ഇരുട്ടില്‍
ഒരെലി
കുഞ്ഞിനെ
പൂച്ചയെ ചൂണ്ടിക്കാട്ടി പഠിപ്പിക്കുകയാണ്.
വലിയ കാഴ്ചശക്തിയാണ്
എപ്പോഴും കണ്ണില്‍പ്പെടാം
വലിയ കേള്‍വിശക്തിയാണ്
ഒരു രോമം നിലത്തു വീഴുന്ന ഒച്ച കേട്ടാല്‍
ആരുടേതെന്നറിയും
സൌമ്യമൂര്‍ത്തിയാണ്
മറിച്ചിടുന്നത് മൃദുവായ കൈപ്പത്തികൊണ്ടാണ്
ക്ഷമാമൂര്‍ത്തിയാണ്
മുഴുമിപ്പിക്കാന്‍ നാലുമഞ്ചും മണിക്കൂറെടുക്കും
ദയാവാരിധിയാണ്
പല തവണ നമുക്ക് ജീവിതം തിരിച്ചു തരും
സഹൃദയനാണ്
വാലിന്റെ അവസാനത്തെ നിവരല്‍ വരെ ആസ്വദിക്കും
ഒരു തിരക്കുമില്ല
സമയത്തിന്റെ മഹാപ്രഭുവാണ്

Monday, March 03, 2008

വളച്ചിണുക്കം - ബിന്ദുകൃഷ്ണന്‍

എന്റെ പൊന്‍‌വളയെന്നോടു പിണങ്ങിയിന്നലെ
ഊരിയെടുക്കുമ്പോളാദ്യമായ് കലമ്പിയെന്നോട്

“കണ്ടതേയില്ലയെന്നെ നീ ഇന്നേവരെ
കതിര്‍മണ്ഡപം തൊട്ടിന്നോളം
വലംകൈയില്‍ നിന്നൊപ്പം...

കറിക്കരിഞ്ഞപ്പോല്‍ ഒപ്പമുത്സാഹിച്ച്
കറിയിളക്കുമ്പോള്‍ ആദ്യം മണത്ത്
കുളിക്കുമ്പോഴെല്ലാമഴിച്ചുവച്ചാലും
ബാക്കിയായതില്‍ അഹങ്കരിച്ച്
മഞ്ഞള്‍ ചന്ദനം നുണഞ്ഞ്,

നീ എഴുതിയതൊക്കെ ആദ്യം വായിച്ച്
ചിലപ്പോള്‍ ചിരിച്ച്, ചിലപ്പോള്‍ കരഞ്ഞ്
പ്രണയരാവില്‍ അവന്റെ പിന്‍ കഴുത്തില്‍
നിനക്കുവേണ്ടിയൊരുമ്മ കൊടുത്ത്
നീ തളര്‍ന്നുറങ്ങുമ്പോള്‍ കാവലായ് തിളങ്ങി
സദാ കൂടെ........

എന്നിട്ടും
കണ്ടതേയില്ല നീ ഇന്നേവരെ

പണയം വെക്കുവാന്‍ ഊരിയെടുക്കുമ്പോള്‍
നീ ഒന്നറിഞ്ഞു നോക്കുന്നു
ആദ്യമായ്.

മതി
ആ മിഴിയില്‍ എനിക്കുമാത്രമായ്
പൊടിഞ്ഞ കണ്ണുനീര്‍
വീണ്ടെടുക്കുവാന്‍
നീ വരും വരെ ഓര്‍ത്തു കഴിയുവാന്‍
അതുമതി.

Sunday, February 10, 2008

ജലവാസന്‍ (വി.മുസഫര്‍ അഹമ്മദ് )

അരയന്നങ്ങളുടെ പാദസരം
ചിലങ്കയാക്കിയ നര്‍ത്തകരും
മഴമേഘങ്ങളില്‍ വളര്‍ന്ന
ആമ്പലുകളും
വിരിയുന്നതിനിടെ
തളര്‍ന്നുറങ്ങിയ താമരകളും
കൊള്ളിയാന്‍ കണ്ണുള്ള
തവളകളും
ഒളിച്ചു പാര്‍ത്തു
തരുണ കവികളുടെ
ശില്‍പ്പശാലയില്‍


ഒളിമൃഗത്തെ തെളിമൃഗമാക്കല്‍
നായാട്ടിന്റെ ജീവന കല,
തിരിച്ചെങ്കില്‍ കാവ്യകല.
അഭയാര്‍ഥി മലകള്‍ക്ക്‌ പിറന്ന
അണക്കെട്ടിന്‌ താഴെ
ദ്വാരപാലകര്‍ ആണ്‍ പെണ്‍
പ്രതിമകളായി ഊഞ്ഞാലാടുന്ന
ഉദ്യാനത്തിനു നടുവില്‍
കറുത്ത അരഞ്ഞാച്ചരട്‌
അടയാളമാക്കിയ യക്ഷന്റെ
ഇരിപ്പിടത്തിന്റെ പിന്നാമ്പുറത്ത്‌
പുലി മണക്കും, പാമ്പു ചീറ്റും
മൃഗശാലക്കുമപ്പുറം
അതിഥിമന്ദിരത്തില്‍
ദുഷ്യന്തന്റെ നനഞ്ഞ
കണ്ണുകളുള്ള
അടയാള മോതിരം
ഇരട്ടവാലന്‍ കൈലേസില്‍
ഒളിപ്പിച്ചവര്‍ പഠിപ്പിച്ചു,
ശകുന്തത്തില്‍ രക്തബന്ധമില്ലാത്തവര്‍
പിറക്കാതെ പോയ കവികള്‍
എന്ന് സ്ഥിരീകരണവും നല്‍കി.
റോഡ്‌ മുറിച്ചു കടന്ന്‌
മൃഗശാലയില്‍ നൂണ്‌
ഇരുട്ടിന്റെ തേരില്‍
അതിഥിമന്ദിരത്തിലേക്ക്‌
കടത്തിക്കൊണ്ടുവന്ന
മാന്‍കുട്ടിയില്‍
കണ്വ തപോവനമാരോപിച്ചു.
അടയാളമോതിരം ഒളിപ്പിച്ചവരെ
വിളിച്ചുണര്‍ത്തി
രഹസ്യരോമങ്ങള്‍
ആദ്യമേ നരച്ചവര്‍
എന്ന്‌ ആക്ഷേപിച്ചു.
കൂടെ നടന്നു വന്ന
കരിമ്പിന്‍ കാട്‌ പിഴിഞ്ഞ്‌
കുടിച്ച്‌ കുടിച്ച്‌
മധുരദാഹത്താല്‍
വലഞ്ഞ്‌ കവിതയുടെ
ഞരമ്പ്‌ പൊട്ടി.

പുലര്‍ച്ചെ അണയില്‍
കുളിക്കാന്‍ പോയവര്‍
ജലപ്പരപ്പില്‍ സ്നാനഘട്ടം
തീര്‍ത്ത ഒരുടല്‍ കണ്ടു
ശില്‍പ്പശാലയില്‍ നിന്ന്‌ ചാടിപ്പോയ
ജലവാസന്‍ അണക്കെട്ടിന്റെ ഇടക്കെട്ടില്‍
സൂര്യ വെളിച്ചത്തിന്‌ നാവു നീട്ടുന്നു
മലകള്‍ കാണാന്‍
പ്രളയത്തില്‍ കടവു തേടുന്ന
ഇലപോലെ മലര്‍ന്നു നീന്തുകയായിരുന്നു.
ജലഗോപുരത്തെ
മുറുകെ പിടിച്ച്‌ പിന്നീടയാള്‍
നടന്നു പോയി.
ഉറങ്ങു കല്ലൂകള്‍ കൊണ്ട്‌
നിര്‍മിച്ച കവിയുടെ വീട്ടു ചുമരില്‍
വെള്ളത്തിലെഴുതിയിട്ടും
മാഞ്ഞു പോകാത്ത വരികള്‍
ഇങ്ങിനെ വായിക്കാം
'പൊള്ളയായ വാക്കുകളില്‍
വീടുകള്‍ പണിയാറില്ല
നിഴല്‍ വീഴാത്ത
പ്രപഞ്ചത്തില്‍ കവിതയും'

Tuesday, January 29, 2008

ചിതല്‍‌

വിരലുകളാല്‍‌
എനിക്ക് ചെയ്യാനാകാത്തതാണ്
ശരീരം കൊണ്ട്
നീ ചെയ്തു മുഴുമിപ്പിച്ചത്.

ജന്മം മുഴുവന്‍
നീയെഴുതിക്കൊണ്ടേയിരുന്നു.
വളഞ്ഞും പുളഞ്ഞും
സാദ്ധ്യമായ എല്ലാ കാന്‍‌വാസിലും.

നീ പ്രണയിക്കുന്നതിങ്ങനെയാണോ?
പതിയെ പതിയെ പടര്‍ന്നു പടര്‍ന്ന്
ഓരോ ഇഞ്ചിനെയുമാശ്ലേഷിക്കുന്ന
ഈ മണ്‍ ഞെരമ്പിനാല്‍‌?

ഒരക്ഷരവും നീ നിര്‍മ്മിച്ചില്ല.
എന്നിട്ടും
വായിക്കാനാവുന്നുണ്ടെനിക്ക്,
നീ പരത്തിയെഴുതിയ
ഈ മണ്‍ലിപികള്‍‌‌.

Sunday, January 20, 2008

അന്നത്തെ ഏകാന്തത - സത്യചന്ദ്രന്‍ പൊയില്‍ക്കാവ്

അന്നത്തെ ഏകാന്തത

ലിംഗദൌത്യങ്ങളറിയാതെ നാട്ടുമാവിനു ചുവട്ടില്‍
അച്ഛനുമമ്മയും കളിച്ചിരുന്നു പണ്ടു നമ്മള്‍

ഒരു ചിരട്ട വലിച്ചെറിഞ്ഞ്
ഒറ്റമുലച്ചിയായി നിന്നിരുന്നു
അടിവസ്ത്രങ്ങളിലന്ന്
ആകാശത്തിന്
നീലനിറമായിരുന്നന്ന്
കായലും കയറും കണ്ട്
എത്രവൈകിയാണന്ന്
നിന്റെ അച്ഛനുമമ്മയും വന്നത്
എന്നിട്ടും
ചീത്തയായില്ല നാം
അന്നത്തെ ഏകാന്തതയില്‍.