Saturday, March 15, 2008

പുണ്ണ്, ആറ്റൂര്‍ രവിവര്‍മ്മ

വായിലെന്തോ കുഴപ്പം!
തൊണ്ടയിലോ നാവിലോ
അതിനും കീഴിലോ?
ചിലപ്പോള്‍ നാറ്റമുണ്ട്
എനിക്കു തന്നെ.
നിനച്ചതല്ല പുറപ്പെടുന്നത്
അതില്‍ കുറഞ്ഞോ കൂടിയോ
ഉണ്മകളില്‍ പൊയ് കലരുന്നു
ഇഷ്ടത്തില്‍ പക
എഴുത്തു തിരുത്താം
പറഞ്ഞതോ പറയാഞ്ഞതോ?
ചങ്കും നാവും നോക്കിച്ചു
കണ്ടുകിട്ടുന്നില്ല
കിളികളുടെ കൂവലിന്ന്
പട്ടിയുടെ കുരയ്ക്ക്
മൂങ്ങയുടെ മൂളലിന്നു
ഈ കുഴപ്പമില്ല
ചെടികളുടെ നോട്ടം,അനക്കം
മൌനം എല്ലാം വേണ്ടപോലെ
എന്റെ, തന്റെ അവന്റെ
സ്വാഭാവികതയെന്ത്?
എങ്ങിനെ പറഞ്ഞാലും
അധികം,കുറവ്,മറവ്
ചൊല്ലില്‍ മാത്രമല്ല കേള്‍വിയിലും
മൌനത്തിലും കൂടി
സത്യം വദിക്കാവുന്നതല്ല
‘തന്നതില്ല’......
കുമാരനാശാന്‍ പ്രമാണം

Thursday, March 06, 2008

സമയപ്രഭു - കല്പറ്റ നാരായണന്‍

ഇരുട്ടില്‍
ഒരെലി
കുഞ്ഞിനെ
പൂച്ചയെ ചൂണ്ടിക്കാട്ടി പഠിപ്പിക്കുകയാണ്.
വലിയ കാഴ്ചശക്തിയാണ്
എപ്പോഴും കണ്ണില്‍പ്പെടാം
വലിയ കേള്‍വിശക്തിയാണ്
ഒരു രോമം നിലത്തു വീഴുന്ന ഒച്ച കേട്ടാല്‍
ആരുടേതെന്നറിയും
സൌമ്യമൂര്‍ത്തിയാണ്
മറിച്ചിടുന്നത് മൃദുവായ കൈപ്പത്തികൊണ്ടാണ്
ക്ഷമാമൂര്‍ത്തിയാണ്
മുഴുമിപ്പിക്കാന്‍ നാലുമഞ്ചും മണിക്കൂറെടുക്കും
ദയാവാരിധിയാണ്
പല തവണ നമുക്ക് ജീവിതം തിരിച്ചു തരും
സഹൃദയനാണ്
വാലിന്റെ അവസാനത്തെ നിവരല്‍ വരെ ആസ്വദിക്കും
ഒരു തിരക്കുമില്ല
സമയത്തിന്റെ മഹാപ്രഭുവാണ്

Monday, March 03, 2008

വളച്ചിണുക്കം - ബിന്ദുകൃഷ്ണന്‍

എന്റെ പൊന്‍‌വളയെന്നോടു പിണങ്ങിയിന്നലെ
ഊരിയെടുക്കുമ്പോളാദ്യമായ് കലമ്പിയെന്നോട്

“കണ്ടതേയില്ലയെന്നെ നീ ഇന്നേവരെ
കതിര്‍മണ്ഡപം തൊട്ടിന്നോളം
വലംകൈയില്‍ നിന്നൊപ്പം...

കറിക്കരിഞ്ഞപ്പോല്‍ ഒപ്പമുത്സാഹിച്ച്
കറിയിളക്കുമ്പോള്‍ ആദ്യം മണത്ത്
കുളിക്കുമ്പോഴെല്ലാമഴിച്ചുവച്ചാലും
ബാക്കിയായതില്‍ അഹങ്കരിച്ച്
മഞ്ഞള്‍ ചന്ദനം നുണഞ്ഞ്,

നീ എഴുതിയതൊക്കെ ആദ്യം വായിച്ച്
ചിലപ്പോള്‍ ചിരിച്ച്, ചിലപ്പോള്‍ കരഞ്ഞ്
പ്രണയരാവില്‍ അവന്റെ പിന്‍ കഴുത്തില്‍
നിനക്കുവേണ്ടിയൊരുമ്മ കൊടുത്ത്
നീ തളര്‍ന്നുറങ്ങുമ്പോള്‍ കാവലായ് തിളങ്ങി
സദാ കൂടെ........

എന്നിട്ടും
കണ്ടതേയില്ല നീ ഇന്നേവരെ

പണയം വെക്കുവാന്‍ ഊരിയെടുക്കുമ്പോള്‍
നീ ഒന്നറിഞ്ഞു നോക്കുന്നു
ആദ്യമായ്.

മതി
ആ മിഴിയില്‍ എനിക്കുമാത്രമായ്
പൊടിഞ്ഞ കണ്ണുനീര്‍
വീണ്ടെടുക്കുവാന്‍
നീ വരും വരെ ഓര്‍ത്തു കഴിയുവാന്‍
അതുമതി.