Thursday, March 29, 2007

സമകാലീന കവിതയിലേക്ക് അഞ്ച് പരിശ്രമങ്ങള്‍

ഒന്നാമത്തേത്.
കുളിമുറിയുടെ മണം
സോപ്പുമണം പരത്തുന്ന
ആവിയില്‍
വിങ്ങിനില്‍ക്കുന്നു,
കുളിമുറി
ഞാന്‍ കടന്നുചെന്നിട്ടും
വെള്ളം തുറന്നിട്ടും
അറിയാതെ
ആരോ
കുളിച്ചിറങ്ങിപ്പോയതിന്റെ
ഓര്‍മ!
**
രണ്ടാമത്തേത്.
കിളി, ആകാശത്തോട്
ആകാശമേ
മഴവന്നാലും
നീയെന്റെ ചിറകെഴുത്തുകള്‍
ഓര്‍ത്തിരിക്കണേ

കുഞ്ഞുങ്ങള്‍ കുട നിവര്‍ത്തുമ്പോള്‍
അതിനുള്ളില്‍ കയറിക്കൂടി
കൂട്ടം ചേര്‍ന്നു പോകണേ
സൂര്യനെ,ചന്ദ്രനെ
നക്ഷത്രങ്ങളെ
നനയാതെ
കാത്തുകൊള്ളണെ
**
മൂന്നാമത്തേത്,
പട്ടം പറത്തല്‍
നഗരത്തിലെ
വീടിന്റെ മട്ടുപ്പാവില്‍ നിന്ന്‌
ഞാന്‍ നോക്കിനില്‍ക്കെ
പറന്നുയരുന്ന പട്ടമേ
നിന്റെ പിന്നില്‍
അന്തമറ്റഴിയുന്ന ഒരു നൂലുണ്ട
മുറുകെപ്പിടിച്ചിരിക്കുന്ന
മെലിഞ്ഞ കൊച്ചുകൈകളുടെ
ഉടമയെ എനിക്കുകാണാം .

നാ‍ട്ടിന്‍ പുറത്തെ
കൊയ്തുകഴിഞ്ഞ പാടത്ത്
കാറ്റത്തു തുള്ളിനിന്ന്
അവന്‍ നിന്റെ നേര്‍ക്ക്
അഴിച്ചുവിടുന്ന നോട്ടത്തിന്റെ
നാട്ടുവെളിച്ചത്തിലല്ലേ
ഞാനും
ഈ മട്ടുപ്പാവും
വീടും നഗരം തന്നെയും
ഈ വൈകുന്നേരത്ത്
ഇങ്ങനെ നില്‍ക്കുന്നത്
**
നാലാമത്തേത്.
അടുക്കള
ഇരിപ്പുമുറി
കിടപ്പുമുറി
ഊണുമുറി
കുളിമുറി...
അടുക്കളമാത്രം
ഒരു മുറി അല്ലാത്ത
മുറികൂടാനാവാത്ത
മുഴുവന്‍ മുറിവ്.
**
അഞ്ചാമത്തേത്.
പ്രണയം
യുദ്ധം കഴിഞ്ഞ്
മനുഷ്യരും മരങ്ങളും
ജന്തുക്കളും മരിച്ചുപോയ
നഗരം

കേടുപറ്റാത്ത കെട്ടിടങ്ങളും
നടപ്പാതകളും
വഴിവിളക്കുകളും കൊണ്ട്

പരസ്യബോര്‍‌ഡുകളും
കല്‍‌പ്രതിമകളും
ട്രാഫിക് സിഗ്നലുകളും കൊണ്ട്

ഒരിക്കല്‍
ജീവന്‍ സഞ്ചരിച്ചിരുന്ന വഴികളെ
മാറ്റിവരച്ച്
എല്ലാം പഴയമട്ടിലാക്കുമെന്ന്
വ്യാമോഹിക്കുന്നു
പാ‍വം

Wednesday, March 21, 2007

പുറം കടലും കല്ലായിപ്പുഴയും

പുകനൂലുകള്‍ കുപ്പായം തുന്നുന്ന
വയനാട്ടില്‍ നിന്നും
ഒരു മഞ്ഞുകാലത്താണ്
സോളമന്റെ ഗീതങ്ങളുമായി
അവള്‍ വന്നത്
പലയിടങ്ങളോടും പടവെട്ടി
അവള്‍ ഉണ്ണിയാര്‍ച്ചയായി
എന്നാല്‍
സാമൂതിരിമാരുടെ നാട്ടില്‍
പുറം കടലുകള്‍ അവളെ വലവീശി
വറ്റല്‍ മുളകിന്റെ മണമുള്ള നട്ടുച്ചകള്‍
അവളെ പങ്കിട്ടു
അന്ന് കിടന്ന കിടപ്പാണ്
കല്ലായിപ്പുഴ.

Friday, March 16, 2007

മയില്‍ വേഷം പലത്

എനിക്ക് ആകാശം
കാട്ടിത്തരാമോ ?
പുസ്തകത്തോട്
മയില്‍പ്പീലി ചോദിച്ചു.

പുസ്തകം ബാഹ്യാകാശത്തില്‍
വിശ്വസിച്ചിരുന്നില്ല
വരികള്‍ക്കിടയിലെ അഗാധതയില്‍
അവനൊരു ബദല്‍ ആകാശം സൂക്ഷിച്ചു.


പുസ്തകത്തില്‍ സൂക്ഷിച്ച
മയില്‍പ്പീലി പെണ്‍കുട്ടിക്ക്
മുഖക്കണ്ണാടിയായിരുന്നു
അതില്‍ തന്നെ മാത്രം അവള്‍ കണ്ടു.

മയിലുപേക്ഷിച്ചുപോയ
ഒറ്റ പീലി, ആകാശത്തിന്
ദാര്‍ശനിക സമസ്യയല്ല
പ്രണയം കുറിച്ചുവെയ്ക്കാന്‍
ഒരു തൂവലും
അവന്‍ സൂക്ഷിക്കാറുമില്ല.

മയില്‍പ്പീലി കണ്ണാളേ എന്ന്
മറ്റാരോവിളിച്ചപ്പോഴാണ്
ഉപമകളും ഉത്പ്രേക്ഷകളുമായി
കവിഭാവന പെണ്‍കുട്ടിയെ
ആദ്യം തോണ്ടുന്നത്.

പുസ്തകത്തിലിന്ന്‌
മയില്‍പ്പീലി ഇല്ല
പകരം, ഗാന്ധിത്തലയുള്ള
ഒരു പച്ച നോട്ട്.

അതുവെച്ച് വിലപേശി
വാങ്ങണം
ഒരു മുഴു മയിലിനെ

Thursday, March 15, 2007

നാസ്തികം

സ്നേഹപൂര്‍ണ്ണം സുധീരം സുനാസ്തികം
ജീവിതാന്തര സൌന്ദര്യസൂചകം
നീലഗോളമുള്‍ച്ചേര്‍ന്ന്‌ ഗാലക്സിയില്‍
ജ്വാലകള്‍ വകഞ്ഞെത്തിയ ജാഗരം

എന്തതെങ്ങനെ എന്തുകൊണ്ടിങ്ങനെ
എന്നു ചോദ്യം തൊടുക്കുമന്വേഷണം
ജീവജാല നാനാത്വത്തിലുണ്മതന്‍
നേര്‍മുഖം കാട്ടുമൂര്‍ജ്ജ പ്രചോദനം

ജ്ഞാനബന്ധുരം ചിന്താസുരഭിലം
സൂര്യരശ്മിപോല്‍ സൂക്ഷമം സഹായകം
കാലബോധത്തില്‍ നിന്നുയിര്‍ക്കോള്ളുമീ-
കാവ്യതീവ്രമാമുത്തരം നാസ്തികം

ഭാവസാന്ദ്രമഹാപ്രപഞ്ചത്തിന്റെ
പ്രായകോശം പഠിച്ച രസാത്ഭുതം
കാന്തസൂചിയില്‍ സാഗരാതിര്‍‌ത്തികള്‍
ചൂണ്ടിടുന്ന സഞ്ചാരിതന്‍ സൌഹൃദം

ഭൌതികത്തിന്റെയുല്പന്നമാത്മാവ്
ലൌകികത്തിന്റെ ലീലയീ കല്പന
ഐഹികാനന്ദ തീക്ഷ്ണപ്രവാഹമായ്
നന്മ നല്കി ജ്വലിക്കുന്ന നാസ്തികം

(അപൂര്‍ണ്ണം)

Tuesday, March 13, 2007

ഉള്ളുണക്കം

ആസകലം
ഉണങ്ങിയിരിക്കുന്നു

എന്നുവെച്ച്
അടുപ്പുകൊള്ളിപോലെ
തീയാവാന്‍ ദാഹിക്കുന്നില്ല

കട്ടിയായാലും കഴുക്കോലായാലും
വാതിലായും ജനലായും മാറുന്ന
തടികളെപ്പോലെ
ഉള്ളിനിണങ്ങിയ
ഉപയോഗമുള്ള
ഉണക്കം

പച്ചമരങ്ങള്‍
പുറന്തൊടിയില്‍ നില്‍ക്കട്ടെ
ഉണക്കക്കമ്പുകള്‍ കൊണ്ടുതീര്‍ത്ത
കിളിക്കൂടുകളും പേറി

Wednesday, March 07, 2007

(1) ഒരിക്കലും (2) മുറിവ്.

ഒരിക്കലും
എത്രമേല്‍ നിനക്കെന്നെ
സൂക്ഷിച്ചുവെക്കാനാവും
അത്രമേലൊരിക്കലു-
മാവില്ലെനിക്കു നിന്നെ.

മുറിവ്

സ്‍നേഹിതാ-
മിഴിയോള-
മാഴവും വലിപ്പവു-
മേറിടും മുറിവേത്?

Saturday, March 03, 2007

ആത്മഹത്യ - ലളിതാ ലെനിന്‍

എനിക്കീജീവിതം സുഖമാണെന്നു തോന്നിപ്പോയി-തെറ്റ്!
എല്ലുകളെല്ലാം ഊരിപ്പോയി
ഒരു ഞാഞ്ഞൂലിനെപ്പോല്‍ സുഖമായി, മന്ദം മന്ദം
ഇഴഞ്ഞും പുളഞ്ഞും നടന്നതാണ്
ഇടയ്ക്ക് മരണഭീതിയില്‍ പിടയ്ക്കുന്ന കൃഷിക്കാരന്റെ കാലിലൊന്നു തൊട്ടൂ
വിഷപ്പല്ലുണ്ടെന്ന് അയാള്‍!
തൊണ്ടിനുള്ളില്‍ തെണ്ടി നടക്കുന്ന കല്ലന്‍ ഒച്ചിനോട്
ഒന്നു വഴിമാറിത്തരാന്‍ കേണു.
ഞാഞ്ഞൂളിനും ഊറ്റമോ- അവന്‍ ഒച്ചയുയര്‍ത്തി!

കുളിച്ചു തൊഴുതുവന്ന പൊന്മാന്‍ എന്നെ ഇടംകണ്ണിട്ടപ്പോള്‍
ഉള്ളിലൊരാന്തല്‍! അഴുക്കും മെഴുക്കൂം പുതച്ചുരുണ്ട്
ഒരിലക്കീറിനു താഴെ അമുങ്ങിക്കിടന്നപ്പോള്‍
ഒരു ചെറുമഴതുള്ളി നെഞ്ചില്‍ വീണു
പിന്നെയത് പ്രളയമായി!
ആലിലയില്‍ ഒഴുകി നടക്കുമ്പോള്‍
ഒരെറുമ്പെന്റെ കാലില്‍ കടിച്ചു
വിരുന്നുപോയ് മടങ്ങും വഴി കാക്കയൊന്ന്
കൊത്തിനുണയ്ക്കാന്‍ ചരിഞ്ഞ് വന്നു.
എനിക്കു വയ്യേ! എപ്പോഴുമെപ്പോഴും
ഒളിച്ചും പതുങ്ങിയും നടക്കാന്‍!

ഒരു ഉടല്‍കൊണ്ട് എന്തൊക്കെ നേടാമെന്ന്
എനിക്കിപ്പോള്‍ ഊഹിക്കാം.
എങ്കിലും ജീവിക്കാനാണ് മോഹമെങ്കില്‍
ആത്മഹത്യയേ വഴിയുള്ളൂ !