Wednesday, August 29, 2007

ജഠരേ ശയനം - ലൂയിസ് പീറ്റര്‍

ചിതയിലിരുന്ന് അഗ്നി ഭക്ഷിക്കുക
പുഴകളില്‍ ചിതാഭസ്മമായ് മുങ്ങുക
കടലുകള്‍ താണ്ടിയക്കരെച്ചെന്ന്
ഈ കരയുടെ പച്ചകള്‍ കാണുക
ഒരു ജീവവൃക്ഷബീജം കൊത്തി
ഇക്കരെയ്ക്കു തിരികെ പറക്കുക
നട്ടു നനച്ചു വളര്‍ത്തി
താഴ്ന്ന ചില്ലയില്‍ കൂടൊന്നു വയ്ക്കുക
മുട്ടയിട്ടു കുലം പൊലിപ്പിച്ച്
ഉണ്ണികള്‍ക്കാകാശമേകുക
കൂടഴിച്ചു ചിതയായടുക്കി
ചിതയിലിരുന്നഗ്നി ഭക്ഷിക്കുക

Monday, August 27, 2007

പാഴ് - ആറ്റൂര്‍ രവിവര്‍മ്മ

ഞങ്ങളുടെ ഹരിപുരം കോളണിയില്‍
ഇടയ്യ്കിടെ കല്യാണങ്ങള്‍, കാലത്ത് താലികെട്ട്
വൈകുന്നേരം സ്വീകരണം
വെവ്വേറെ ഇടങ്ങളില്‍ കരക്കാര്‍ ബന്ധുക്കള്‍
സുഹൃത്തുക്കള്‍
സഹപ്രവര്‍ത്തകര്‍ അയല്‍ക്കാര്‍ കൂടും
ആളുകള്‍ വെറുതെ നിന്നു പറഞ്ഞുകൊണ്ടിരിക്കും
ഇലയിടും വരെ, ഇടം കിട്ടും വരെ
എത്ര വാക്കുകളാണ് പാഴായി പോകുന്നത്
മഴവെള്ളം പോലെ ഒലിച്ച്
വിലയുള്ള വാക്കുകള്‍
ശുഭവാക്കുകള്‍
മരുന്നു വാക്കുകള്‍ സൂക്ഷിച്ചു വയ്ക്കേണ്ടത്
ശ്രദ്ധിച്ചുപയോഗിക്കേണ്ടത്
മൈക്കുകളില്‍, കടലാസ്സില്‍, ഫോണില്‍
എന്തുകൊണ്ട് തിരക്കില്‍ നിന്നകന്നു ഗുഹകളിലൊളിച്ചു ചിലര്‍
മൌനം സൂക്ഷിക്കുന്നു എന്നതിന്റെ പൊരുള്‍ ഞാന്‍ മന്‍സ്സിലാക്കുന്നു

Sunday, August 26, 2007

നോട്ടം- മനോജ് കുറൂര്‍

നിന്റെ കണ്ണുകള്‍
എന്നെ ചുവരില്‍ച്ചേര്‍ത്ത് തറച്ചു നിര്‍ത്തുന്നു
അപ്പോഴും
സ്വന്തം തടത്തില്‍ നിന്ന് വെള്ളം വലിച്ചെടുത്ത്
നാവിലിറ്റിക്കുന്നു.

അളന്നു മുറിച്ച ഒരെയ്ത്തു കൊണ്ട്
പടിക്കു പുറത്താക്കുന്നു
തിരിച്ചു വരരുതെന്ന് ഇരട്ടക്കുഴലായി
തലയ്ക്കു പിന്നില്‍ ഉന്നം പിടിക്കുന്നു

അപ്പോഴും
തിരിഞ്ഞു നോക്കാത്ത എനിക്കും
തിരിച്ചു പോകാത്ത നിനക്കും
ഇടയില്‍ മങ്ങുന്ന വെളിച്ചം
ഡിസംബറിലെ പ്രഭാതം പോലെ
പറഞ്ഞു തീരാത്ത സങ്കടങ്ങള്‍ പോലെ
നനഞ്ഞു പടരുമെന്ന് എനിക്കറിയാം
അതില്‍
നിന്റെ ഉന്നം വഴുതി പോകുമെന്നും

കാണാത്ത നിറങ്ങളൂം കേള്‍ക്കാത്ത ശബ്ദങ്ങളും - ശാന്തന്‍

‘അങ്കിളേ എങ്ങനാ എന്നെ റേഡിയേഷന്‍ അടിക്കുന്നത്?’
‘അസുഖം കരിച്ചു കളയുന്ന വെട്ടം കൊണ്ട്’
‘ആ വെട്ടം കാണുന്നില്ലല്ലോ’
നമുക്കു ചുറ്റും കാണാനാകാത്ത വെട്ടങ്ങളും
കേള്‍ക്കാനാകാത്ത ശബ്ദങ്ങളും ഒത്തിരിയുണ്ട്’
വെറും ഏഴു നിറങ്ങളും കൊറച്ചു ശബ്ദവുമേ സുഹൈലയ്ക്കുള്ളൂ;
ബാക്കിയെല്ലാം ഒളിച്ചിരിക്കിയാ.’
സുഹൈല കുണുങ്ങി ചിരിച്ചുകൊണ്ടോടി.
കാണാത്ത നിറങ്ങളും കേള്‍ക്കാത്ത ശബ്ദങ്ങളും അവളെ പിന്തുടര്‍ന്നു.
റേഡിയേഷന്‍ കഴിഞ്ഞു പോയിട്ട് ഏറെ നാളായി
അവളുടെ കുണുങ്ങിച്ചിരി തേടി ഏതു നിറങ്ങളെ പിന്തുടരണം?
ഇന്നലെ അവള്‍ സ്വപ്നത്തില്‍ വിരുന്നു വന്നു
ഞാനവള്‍ക്ക് പട്ടു പാവാടയും നല്ലൊരു പാട്ടും കൊടുത്തു.
കുണുങ്ങി ചിരിച്ചുകൊണ്ടവള്‍
നിറവും ശബ്ദവുമില്ലാത്ത
സ്വപ്നത്തിലേയ്ക്കു തന്നെ തിരിച്ചു പോയി

Thursday, August 23, 2007

അടുക്കളയില്‍ നിന്ന് അരങ്ങത്തേയ്ക്ക് -പി.ഉദയഭാനു

പതുക്കെയാണ് നടത്തം
കണ്ണാടിപ്പാത്രങ്ങള്‍ നിറച്ച ട്രേയാണ് കൈയില്‍
പാത്രങ്ങളിലാവട്ടെ
തൊട്ടാല്‍ പൊട്ടുന്ന പ്രായത്തില്‍
തുള്ളിത്തുളുമ്പി.....
തറയത്രയും മിനുമിനങ്ങനെ.
അകത്ത് ചെരുപ്പിട്ട് നടന്ന് ശീലമില്ല
ആദ്യമായിട്ടാവുമ്പോ അങ്ങനെയൊക്കെയാണത്രേ.

തല കറങ്ങുന്നോ, വെളിച്ചം മങ്ങുന്നോ
ഓക്കാനം വരുന്നോ.
കുറച്ചുകാലം ചന്ദ്രികട്ടീച്ചര്‍ നൃത്തം
പഠിപ്പിച്ചതു നന്നായി.
താലം കൈയിലേന്തിയ പെണ്‍കുട്ടി
എന്നൊരു ചിത്രം കണ്ടതോര്‍മ്മയുണ്ട്.
എന്നാലും അരങ്ങത്ത് ചിരി കിലുങ്ങുമ്പോള്‍
താലവും കിലുങ്ങുന്നുണ്ടോ എന്നൊരു.......
ഇപ്പോള്‍ അടുക്കള വാതിലിലെ
തിരശ്ശീല കാണാം.
(ഒരു തിരശ്ശീല എവിടെയുമുണ്ട്)

മൂളുന്നുണ്ട് ഒരു കൊതുക് ചുറ്റിലും
ഇതുവരെ നടന്നിട്ടില്ല ഇത്രയും ദൂരം
ചുമന്നിട്ടില്ല ഇത്രയും പുസ്തക സഞ്ചി
കാണികള്‍ അക്ഷമരാകുന്നുണ്ടാവും
ഇനി എന്തൊക്കെയാണാവോ
റിഹേഴ്സല്‍ വേണ്ടത്ര നന്നായില്ലേ....

ഇതാ കൊതുക് കൈത്തണ്ടയില്‍ തന്നെ.

Tuesday, August 21, 2007

മൃഗശിക്ഷകന്‍, വിജയലക്ഷ്മി.

ഭയമാണങ്ങയെ,
പുളയുന്ന ചാട്ടമിഴികളില്‍, വിരല്‍-
മുനകളില്‍ ശിക്ഷാമുറകള്‍ ആര്‍‌ദ്രമോ
ഹൃദയ? മെങ്കിലുമിതേറ്റുചൊല്ലുന്നേന്‍ -
ഭയമാണങ്ങയെ.

വനത്തിലേയ്ക്കെന്റെ വപുസ്സുപായുവാന്‍
വിറയ്ക്കുന്നൂ, പക്ഷേ നിറകണ്മുന്നിലീ-
ച്ചുവന്ന തീച്ചക്രം, വലയത്തിന്നക-
ത്തിടം വലം നോക്കാതെടുത്തുചാടണം!
ഇതെത്രകാലമായ്, പഠിച്ചുഞാന്‍ , പക്ഷേ
ഇടയ്ക്കെന്‍ തൃഷ്ണകള്‍ കുതറിച്ചാടുന്നു.


മുളങ്കാടിന്‍ പിന്നില്‍,ക്കരിമ്പാറയ്ക്കുമേല്‍
ത്തെളിയും മഞ്ഞയും കറുപ്പും രേഖകള്‍
അരുവിയില്‍ത്താഴേ പ്രതിബിംബം, എന്തോ
രപൂര്‍വസുന്ദരഗംഭീരമെന്‍ മുഖം !

തണുത്ത ചന്ദ്രികയുറഞ്ഞ പച്ചില-
പ്പടര്‍പ്പിന്‍ കൂടാരം,പതുക്കെ,യോമലാള്‍
ക്ഷണിക്കുന്നൂ, നേര്‍ത്തമുരള്‍ച്ചകള്‍, സാന്ദ്ര
നിമിഷങ്ങള്‍, താന്തശയനങ്ങള്‍, ഇളം
കുരുന്നുകള്‍ ചാടിക്കളിക്കും മര്‍മ്മരം-
പൊടുന്നനെ ചാട്ടയുയര്‍ന്നുതാഴുന്നു.
ഇടിമിന്നല്‍ കോര്‍ത്തുപിടയും വേദന.
അരുത്, തീക്ഷ്ണമാം മിഴികള്‍, ശാസന
പുളയുന്നു, ദേഹമെരിയുമ്പോള്‍ തോളി-
ലിടിഞ്ഞു താഴുന്നെന്നഭിമാനം, ശബ്ദ-
മുയരാതുള്ളില്‍ ഞാന്‍ മുരളുന്നിങ്ങനെ

ഭയമാണങ്ങയെ..

ശിലാമനുഷ്യന്റെ കഠിനനേത്രത്താ-
ലിഴിയാതെന്നെ, ഞാന്‍ മൃഗമാനെങ്കിലു-
മരുതിനിക്കൂട്ടില്‍ കുടുങ്ങിക്കൂടുവാന്‍
ഇരയെക്കാല്‍ച്ചോട്ടിലമര്‍ത്തി,പ്പല്ലുകോര്‍-
ത്തുടക്കുമ്പോഴകം നിറയും സംതൃപ്തി
തെറിക്കും ചോരയാല്‍ മുഖം നനയ്ക്കുവാന്‍
തരിക്കയാണെന്റെ നഖവും ദംഷ്ട്രവും
നിരന്നിരിക്കുവോര്‍ പലരാണെന്മുന്നി-
ലവരെക്കൊല്ലുവാനുടന്‍ ത്രസിക്കുന്നു

പറയൂ, പാവയോ മൃഗം? മെരുങ്ങിയാ-
ലടിമയെക്കണക്കൊതുങ്ങുമെങ്കിലും
ഇടയ്ക്കിടയ്ക്കെന്റെ വനചേതസ്സിലാ-
മൃഗപൌരാണികണ്‍ കുടഞ്ഞെണീക്കുന്നു.
അതിപുരാതനന്‍, ഇലച്ചാര്‍ത്തിന്മേലേ
കുതിപ്പോന്‍, സൂര്യനെപ്പിടിക്കാന്‍ ചാടുവോന്‍
കുനിയുന്നൂ കണ്‍കളവന്റെ നോട്ട‌ത്തില്‍
തളരുന്നൂ ദേഹമവന്റെ ഹാസത്തില്‍
തൊഴുതുപോകയാണവനെത്താണു ഞാന്‍
അരുതു നോക്കുവാനതിതേജസ്വിയെ-
ച്ചുഴുഞ്ഞുനോക്കിയാലുടയും കണ്ണുകള്‍
അതിന്‍ മുന്‍‌പീ നഖമുനകളാല്‍ത്തന്നെ
ഇനിയീക്കണ്‍കള്‍ ഞാന്‍ പിഴുതുമാറ്റട്ടെ

അതിനും വയ്യല്ലോ! ഭയം, ഭയം മാത്ര-
മടിമ,ഞാന്‍ തോറ്റൂ, കുനിഞ്ഞിരിക്കുന്നു
മുതുകില്‍ നിന്‍ ചാട്ടയുലച്ചുകൊള്ളുക
വലയത്തില്‍ ചാടാനുണര്‍ന്നിരിപ്പൂ ഞാന്‍ .

Saturday, August 18, 2007

നായയും ചെള്ളും - രാജന്‍ സി.എച്ച്

ചെള്ള് മൂളിപ്പറന്ന് നായയുടെ പൃഷ്ഠത്തില്‍ കടിച്ചു.
എന്നെ നോക്കിയിരുന്ന നായയുടെ മുരള്‍ച്ച നിന്നു.
കടിച്ച ചെള്ളിനെ കടിക്കാന്‍ കഴുത്ത് ചെരിച്ച് നായ.
പറക്കും ചെള്ള് കടിക്കും.
കടിക്കും ചെള്ളിനെ പറത്താന്‍ വട്ടം തിരിയും നായ.
നായയെ വട്ടം കറക്കും ചെള്ള്.
കണ്ടു കണ്ട് തലകറങ്ങി നിന്ന നില്‍പ്പില്‍ ഞാനും.
വല്ലാത്തൊരു ജീവിതം

Wednesday, August 15, 2007

മൂന്നു നിഴല്‍ കവിതകള്‍ - വീരാന്‍ കുട്ടി

1. പെണ്‍ മുഖം
പെറ്റിട്ട ഉടനെ ഇഴഞ്ഞുപോയ
രാത്രിയുടെ കുഞ്ഞുങ്ങളാണ് നിഴലുകള്‍
നിഴലുകള്‍ ഇല്ലാതിരുന്നെങ്കില്‍
രാത്രിയുടെ മുഖം പകല്‍ എങ്ങനെ ഓര്‍ത്തെടുക്കുമായിരുന്നു?
2. വെയില്‍
വെയില്‍
ഇടയ്ക്കൊക്കെ വന്ന്
താമസിക്കാറുണ്ടീ-
മരത്തില്‍
അതു
കുടഞ്ഞിട്ട
തൂവല്‍
കിടപ്പുണ്ട്
ചുവട്ടില്‍.
3. എഴുന്നേറ്റു നില്‍ക്കാന്‍
എഴുന്നേറ്റു നില്‍ക്കാനുള്ള നിഴലിന്റെ ആഗ്രഹമാണ് മരങ്ങള്‍

Tuesday, August 14, 2007

ഉറക്കപ്പാടി - ഡി.വിനയചന്ദ്രന്‍

ഉറക്കത്തിനുള്ള റിസര്‍വേഷന്‍ ഏതു കൌണ്ടറില്‍ ആണ്?
വെയിറ്റിംഗ് ലിസ്റ്റില്‍ ഏറെ പിന്നിലാണോ?
തിരുവാറ്റത്തേവരേ എത്ര പെഗ്ഗു കഴിക്കണം,
കണ്‍ഫര്‍മേഷന്‍ ആകാന്‍?
എതിരെ ചട്ടക്കാരികള്‍ മലര്‍ക്കുകയാണല്ലോ
കഴപ്പുകള്‍ വിയര്‍ക്കുകയാണല്ലോ
കാലം കിടുങ്ങുകയാണല്ലോ
യുദ്ധം നടന്നിടത്തെ അമ്മമാരും കുഞ്ഞുങ്ങളും
ഉറങ്ങാന്‍ എത്രകാലം എടുത്തിരിക്കും?
കൊറ്റംകുളങ്ങര ഭഗവതീ എനിക്കു ഭയമാകുന്നു.

Saturday, August 11, 2007

കുടമാറ്റം -സാന്ദീപനി

ഉച്ചവെയില്‍പ്പൂരം
കത്തിക്കയറുമ്പോള്‍
പച്ചമരത്തണലില്‍
അയവെട്ടും പയ്യേ
ഇമപൂട്ടിപ്പയ്യേ
ചെവിയാട്ടും പയ്യേ
വാലാട്ടും പയ്യേ
ഒരു വെയിലിന്‍ കീറ്‌
നിന്‍ നെറ്റിപ്പട്ടം
മുതുകത്തൊരു മൈന
ഭഗവാന്റെ തിടമ്പ്
പൂത്തമരക്കൊമ്പേ
കുടമാറ്റം കേമം!


Tuesday, August 07, 2007

ജീവന്റെ ബട്ടണ്‍ -ദിവാകരന്‍ വിഷ്ണുമംഗലം

ഏതൊരജ്ഞാത
ദൂരത്തു നിന്നും
ആരമര്‍ത്തുന്നൂ
ജീവന്റെ ബട്ടണ്‍?

വേരറുക്കുന്നൊ-
രാ വിരല്‍ത്തുമ്പില്‍
നീറി നില്‍പ്പാണു
ഭൂമിയില്‍ ജന്മം

Sunday, August 05, 2007

ഈയല്‍

നടവഴിയുടെ
ഉരഗവടിവുകള്‍
കരിനീലമാനത്ത്
റിബണ്‍‌കൊണ്ട്
ചമച്ചും രസിച്ചും
തെങ്ങുകള്‍ക്കിടയിലൂടൊരുവള്‍
ഒഴുകിവരുന്നു.

പുല്‍‌പ്പച്ചക്ക് മീതെ
പാവാടപ്പച്ച
പറത്തി വിരിക്കുന്നു
ഇളകിത്തുള്ളി
നുരകുത്തിപ്പതഞ്ഞ്
തിരമാലപ്പച്ചയായ്
പായ തെറുത്ത് പൊങ്ങുന്നു

ഉടല്‍ വിട്ട്
പറന്നു പോകുന്നു
അവളില്‍ നിന്ന്
നൃത്തച്ചുവടുകള്‍
ഈയലുകളായ്

പിന്നാലെയാരോ
ഉള്ളതായ് ഭാവിച്ച്
പിടിച്ചു പിടിച്ചില്ല എന്ന മട്ടുകള്‍
വേര്‍പെടാത്ത കുതറുകള്‍
കുറുമ്പുകള്‍ ഇഴപാകിയ
അണഞ്ഞുചേരലുകള്‍
അലിഞ്ഞുതീരലുകള്‍

അവള്‍ വീട്ടിലേക്ക്
തിരികെ ഒഴുകിപ്പോകുന്നത്
കാണാനാവും മുമ്പ്
എതിരെവന്ന മഴയുടെ
തുരങ്കത്തിലേക്ക്
കൂകിവിളിച്ചുകയറി
എന്നെയും കൊണ്ട് തീവണ്ടി

മഴയുടെ തുരങ്കത്തില്‍
അവളും പെട്ടുകാണുമോ?
അടുത്തായികണ്ട ഓലപ്പുര
അവളുടേതായിരിക്കുമോ?
നടവഴിയുടെ നിഴല്‍
ആകാശത്ത് പകര്‍ത്തി
മഴയിലെത്ര നേരം
ഇളകിക്കളിക്കാനാവും
ഒരു റിബണിനും
അത് ചന്തത്തില്‍
ചുഴറ്റുവോള്‍ക്കും

Saturday, August 04, 2007

തുറസ്സ് - വി.ആര്‍.സന്തോഷ്

മരങ്ങള്‍ പറഞ്ഞു
തടിമില്ലുകള്‍ എന്നെ കാത്തിരിക്കുന്നുഎനിക്കു പോകണം.
ഡിസ്റ്റില്ലറികള്‍ നിറയ്ക്കാന്‍ നേരമായി, നദികള്‍ പറഞ്ഞു.
അകലെ എന്നെക്കാത്ത് ആശുപത്രികളുടെയും
സ്വാശ്രയകോളേജുകളുടെയും പണി നടക്കുകയാണ്.
താഴ്വരകള്‍ പറഞ്ഞു.
മനസ്സുമാഞ്ഞു പോയിടത്തേയ്ക്ക് ഞാന്‍ പോകട്ടെ
ഇടവഴികള്‍ പറഞ്ഞു
എനിക്കു പുതിയ ഹൈവേ വരെ പോകണം.
ചെറുജീവികളും പക്ഷികളും പറഞ്ഞു,
ഡിസ്ക്കവറി ചാനലില്‍ ഞങ്ങള്‍ക്കുള്ള നേരമായി.
അങ്ങനെ ഓരോന്ന് അതാതിന്റെ ഇടങ്ങളിലേയ്ക്കു പോയ്.

Friday, August 03, 2007

വിദൂരം - എം.ബി.മനോജ്

നമുക്ക് വിത്തിടാന്‍ കിളികളുടെ പത്തായം
തണുപ്പത്ത് നീ തട്ടിപ്പറിച്ച പൊതപ്പ്
മരങ്ങള്‍ക്ക് പോള

തന്ന ഉമ്മ ഞാന്‍ മക്കള്‍ക്ക് കൊടുത്തു
പ്രാവുകളിലൊന്ന് ചത്തു
പഴയ സിനിമാക്കൊട്ടകയില്‍ അതേ സിലിമകള്‍
വയസ്സന്‍ മാനേജര് നമ്മെ തെരയുന്നുണ്ടാവണം
നമ്മടെ അടിന്റെ രോമങ്ങള്‍ നരച്ചു തുടങ്ങി
നിന്റെ മങ്കളോം മനോരമേം അയക്കാരി എടുത്തു
നോക്കിക്കേ
നമ്മടെ വെലിയ കൊടേം ചൂടി
കുട്ടികള്‍ ഇടിമിന്നല്‍ നോക്കിനിക്കുന്നത്
എന്റെ നോട്ടക്കുറവല്ല
നമ്മടെ ഫോട്ടോ എറിച്ചിലടിച്ച് നനഞ്ഞു

നീയെന്താണൊന്നും മിണ്ടാത്തത്
ഞാനെടക്ക് കേറിഓരോന്ന് പറഞ്ഞകൊണ്ടാണോ
പിഴുതുമാറാത്ത ഓളമായി
തണലു പാകാത്ത കാലുമായി
ഇങ്ങനെ നടക്കുന്നതുകൊണ്ടാണോ