ഫയര്‍ - മോഹനകൃഷ്ണന്‍ കാലടി
Labels:
കവിത,
മാധ്യമം,
മോഹനകൃഷ്ണന്‍ കാലടി
എക്സ്പ്രസ് ഹൈവേയുടെ ഓരത്ത്
ഉങ്ങുമരത്തയ്യ് നടാനൊരുങ്ങിയ
കിഴവനണ്ണാനെ
ജെ സി ബി കയറ്റി ചതയ്ക്കുക
സൂപ്പര്‍ മാര്‍ക്കറ്റിനു മുന്‍പില്‍
കപ്പലണ്ടി വില്‍ക്കാന്‍ വന്ന
കുരുടന്‍ കുരങ്ങനെ
വെട്ടിനുറുങ്ങി പാക്കറ്റിലാക്കുക
ടെക്നോ പാര്‍ക്കിന്റെ ചുവരില്‍
അശ്ലീലം എഴുതിവയ്ക്കുന്ന
ഞൊണ്ടിക്കഴുതയെ
കൈയോടെ കാലോടെ പിടികൂടി
പതിനൊന്ന് കെ വി ലൈന്‍ കൊടുത്ത്
സുഖിപ്പിച്ചു കിടത്തുക
ഉന്നതവിദ്യാഭ്യാസയോഗം നടക്കുമ്പോള്‍
പട്ടുപാടി പിരിവിനു വന്ന
അണ്ണാച്ചിക്കുട്ടികളെയും
കരിമണല്‍ ഖനനം ചെയ്യുന്നേടത്ത്
വെളിക്കിരിക്കാന്‍ വന്ന
പിരാന്തത്തിയെയും
തിരിച്ചു വരാത്ത റോക്കറ്റില്‍ ചേര്‍ത്തുകെട്ടി
തിരികത്തിച്ചു വിടുക
ഇതൊന്നും കേട്ട് ചിരിവരാത്തവന് നേരെ,
ഇതൊന്നും കണ്ട് പിരിയിളകാത്തവനു നേരെ,
അവനു നേരെ മാത്രം ആ വാക്ക് ആക്രോശിക്കുക.......