Friday, May 11, 2007

വെളിപ്പെട്ടുപോയേനെ

വിരലില്‍
ചുറ്റിയ മുടിച്ചുരുള്
അരണമരത്തിന്റെ
ചോട്ടിലേക്ക്
ഊര്‍ത്തിക്കളഞ്ഞിട്ട്
മേളിലത്തെ ക്ലാസിലേക്ക്
കണ്ണെറിയാന്നേരമാണ്‌

കൊടത്തീന്ന്
കമത്തും പോല്‍ വീണ്
പണ്ടാരം മഴ
അവളുടെ വിടരുന്ന നോട്ടത്തെ
തല്ലിക്കൊഴിച്ചുകളഞ്ഞത്

അല്ലെങ്കില്‍
അടപ്പില്ലാത്ത ജനല്‍ കടന്ന്
അവളുടെ കണ്മുന എന്റെ
കൂമ്പില്‍ വന്ന് തറച്ചേനെ

ഇവിടെ നോക്കെന്ന്
മൂളിപ്പറഞ്ഞ്
ചെന്നിയില്‍ വന്നിടിച്ച്
ചോക്കുകഷണം
തവിടുപൊടിയായേനെ

മഴയിലെന്താ
ഇത്ര കാണാനെന്ന് വെറഞ്ഞ്
മേപ്പുറത്തലച്ചുവീണ്
ചെവിക്കല്ലുപൊട്ടിച്ച്
ചൂരല്‍ ഉരഗമായേനെ

എന്നിട്ടും മതിവരാ‍തെ

തള്ളവെരലിനെ
കൂട്ടുപിടിച്ച്
എന്റെ കറുത്തതൊലി
തിരുമിതെന്നിച്ച്
സൈക്കിളുകേറ്റം
പഠിപ്പിച്ചേനെ

നിറഞ്ഞ
കണ്ണില്‍നിന്നൊരു
തുള്ളിയടര്‍ന്ന് ഞാനങ്ങ്
വെളിപ്പെട്ടുപോയേനെ

4 comments:

Abdu said...

പുതിയ പേരുകള്‍ വരുമ്പോള്‍ അവരെ കുറിച്ച് ഒരു കുറിപ്പുകൂടി ഇട്ടൂ‍ടേ പോളേ

Ahmad Rasheed said...

ഇടം മാഷേ,
രേണുകുമാര്‍ അത്രപുതിയ ആളല്ല.
കെണിനിലങ്ങളില്‍ എന്നൊരു സമാഹാരവും അദ്ദേഹത്തിന്റേതായുണ്ട്.
എങ്കിലും ഇടം പറഞ്ഞ കുറിപ്പിന്‌ ഇനി ശ്രദ്ധിക്കാം
വന്നതില്‍, വായിച്ചതില്‍ നന്ദി.

സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan said...

മുകളില്‍ പറഞ്ഞത് ഞാനാണ്.
സിസ്‌റ്റം മാറിയപ്പോള്‍ പറ്റിയതാണ്

വല്യമ്മായി said...

നല്ല കവിത.