Wednesday, May 30, 2007

പാടട്ടെ - ഉമേഷ് ബാബു കെ സി

കൊള്ളരുതായ്മയെ അതിന്റെ തന്നെ പേരു വിളിക്കുന്ന
ഒരു വെറും പക്ഷിയെ എന്തിനു കൊല്ലണം?
അതിന്റെ ഇത്തിരി മാംസം കൊണ്ടു വിളമ്പാനാകുമോ നിശ്ശബ്ദതയുടെ ഒരു സദ്യ?
ഒരു പറവയുടെ ചോരയില്‍ തീരുമോ എതിര്‍പ്പുകളുടെ കിളികുലം?

അമര്‍ഷങ്ങളുടെ പഴക്കം ഭൂമിയോളമുണ്ടാകും
ഒരു വേള ഭൂമിയുടെ അമര്‍ഷമായിരിക്കണം.
അഗ്നിപര്‍വതങ്ങളുടെ പൊട്ടിത്തുറക്കുന്ന യാചനകള്‍
പുകഞ്ഞുപുകഞ്ഞുതെറിക്കുന്ന ദ്രവമകുടങ്ങളുടെ സത്യം
അതിന്റെ അടയാളവുമായിരിക്കണം.

ലോകം മുഴുവന്‍ തന്റെ കാല്‍ക്കലെന്നു കരുതുന്ന അനേകരുണ്ട് എപ്പോഴും.
സ്വന്തം നിഴലുപോലും കാല്‍ക്കല്‍ നില്‍ക്കാതെ അവര്‍ മുടിഞ്ഞ കഥയും അനേകമാണ്.

മാടമ്പിമാരുടേത് ഒരു പുരാതന വംശം
ഇരിക്കുന്ന ഇരുപ്പിലും പറയുന്ന വാക്കിലുമറിയാം
ഉറപ്പില്ലാത്ത നീര്‍ക്കുമിളപ്പരുവം
അവര്‍ ബലത്തിലിരിക്കുമ്പോള്‍
വിളിപുറത്തു വരുന്നവരുടെ പുച്ഛം
കാറ്റില്‍ പോലും പരന്നിരിപ്പുണ്ടാവും
എന്നാലുമറിയില്ല നിലയില്ലാത്ത ദുരയുടെ അധികാരഭാവം, ശൂന്യതകളെ.

ഒടുക്കത്തെ ചിരി സത്യം ചിരിക്കുന്നു.
പിന്നെ ചരിത്രത്തിന്റെ വായ്ത്തല വേണ്ടാത്ത നീതിയുടെ മൂര്‍ച്ചയും.

പറയട്ടെ കിളികള്‍ അറിയട്ടെ കഥ ആളുകള്‍
കുനിച്ചുപിടിച്ച ശിരസ്സുകളില്‍ നിന്നല്ല
നിവര്‍ന്നുപൊട്ടുന്ന ചിരികളില്‍ നിന്നാണ്
ഉണ്ടായത് ഒരു സഖാവ്

തുറക്കട്ടെ മനസ്സുകള്‍
വിരിയട്ടെ ആത്മാര്‍ത്ഥതയുടെ പഴയതും പുതിയതുമായ സുഗന്ധം
ഏതു ദേവാലയത്തില്‍ നിന്നും കച്ചവടക്കാര്‍ കുടിയിറങ്ങണം
പണത്തിന്റെ കിലുക്കത്തില്‍ പൊലിയുന്നതെന്തോ
അതാകുന്നു മനുഷ്യനു വേണ്ടിയുള്ള വിപ്ലവം

ഓര്‍മ്മകളുണ്ടാകട്ടെ, നിവരട്ടെ ശിരസ്സുകളെല്ലാം.
രണ്ടായ് പകുത്ത വീടിന്റെ നടുവിലത്തെ വര മായട്ടെ

അണിയട്ടെ ആളുകള്‍ ത്യാഗത്തിന്റെ തോല്‍ച്ചെരുപ്പുകള്‍
വളരാതിരിക്കില്ല സാഹോദര്യം
മുറിഞ്ഞ വിരലുകള്‍ പതുക്കെച്ചേര്‍ന്നു വരും പോലെ

ഇത്രയേയുള്ളു കാര്യം ഒന്നുകില്‍ മനുഷ്യനോളം ചെറുത്
അല്ലെങ്കില്‍ മനുഷ്യനോളം വലുത്

അഹങ്കാരത്തിന്റെ വംശാവലികള്‍ക്ക് ഭാവിയുണ്ടാകുന്ന കാര്യം ഉറപ്പല്ല ഇനിയും
നിലത്തിറങ്ങി നില്‍ക്കുമ്പോളറിയാം സംശയത്തിന്റെ സൌന്ദര്യം
നുണകളുടെ കൊട്ടാരത്തില്‍ ആള്‍പ്പാര്‍പ്പ് എത്രകാലമുണ്ടാകിലും നന്നല്ല

വഴുക്കുന്ന പ്രതലങ്ങളില്‍ നിന്ന് കാലത്തിന്റെ മുറവിളിയുയരുന്നു
കാറ്റിലെ തിരിപോലെ കെട്ടുപോകാം
മനുഷ്യപ്പറ്റിന്റെ സ്വപ്നദീപങ്ങള്‍
അതുകൊണ്ട് ഉടഞ്ഞുപോകട്ടെ വിധിവിലക്കുകള്‍
കൊള്ളരുതായ്മയെ അതിന്റെ പേരുവിളിക്കുന്ന എല്ലാപക്ഷികളും പാടട്ടെ
ഉയരട്ടെ സത്യവും ആത്മാര്‍ത്ഥതയും കനക്കുന്ന
ഭ്രാന്തതാപത്തിന്റെ പെരുമ്പറകള്‍

ഒരുപാടു ദൂരം പോകാനുണ്ടെന്നത് കവി പറഞ്ഞ പൊളിയല്ല.

1 comment:

ശ്രീ said...

"ഉയരട്ടെ സത്യവും ആത്മാര്‍ത്ഥതയും കനക്കുന്ന
ഭ്രാന്തതാപത്തിന്റെ പെരുമ്പറകള്‍"

കൊള്ളാം... നന്നായിരിക്കുന്നു...