Wednesday, December 26, 2007

റാഷിദയുടെ കവിതകള്‍, ഭാഷാപോഷിണി

വാക്യം

സൌഹൃദം
അടുപ്പിച്ചെഴുതുന്ന അക്ഷരങ്ങളില്‍
ജനിക്കുന്നു
സ്നേഹം
അടുത്തുരയ്ക്കുന്ന വാക്കുകളില്‍
കൂട്ടുകൂട്ടുന്നു
ജീവിതം തളിക്കുന്നത്
വാക്യം പൂര്‍ത്തീകരിക്കുമ്പോള്‍

കലണ്ടര്‍

പരിഭവങ്ങള്‍ക്ക് അവധിയില്ലാത്ത
നിന്റെയീ കലണ്ടര്‍
എന്റെ ചുമലില്‍ നിന്നു മാറ്റണം
കേട്ടപാതി പിഴുതെടുത്ത്
നീ പതിച്ചതു നിന്റെ വീടിന്റെ ചുമരില്‍
അവിടെയും മുപ്പത്തിയൊന്നു കഴിഞ്ഞപ്പോള്‍
പേജുകള്‍ താനേ മറിഞ്ഞിട്ടുണ്ടാവണം
ഇപ്പോള്‍ ഈ മാസത്തില്‍
പരിഭവങ്ങള്‍ക്കു രണ്ടാംശനിപോലുമില്ലെന്നു
നിന്റെ വെള്ളിമൊഴികള്‍

രാത്രിയുടേ മനസ്സ്

രാത്രിയുടെ മനസ്സ് ഓര്‍മ്മകളുടെ നിലാവാണ്
ഇരുട്ടിന്റെ മൌനത്തിനും ഉഷസിന്റെ കുളിരിനും
ഇടയ്ക്കുള്ള നിനവുകളീല്‍
പ്രണയം കൊയ്യുന്ന സൌഹൃദം വിതയ്ക്കുന്ന
ഓര്‍മ്മകളുടെ നിലാവ്

രാത്രിയുടെ തമസ്സ് സ്വപ്നത്തിന്റെ ഈറ്റില്ലമാണ്
ഇരവിന്റെ നിശ്ശബ്ദതയില്‍ അലയടിച്ചുവരുന്നത്
സ്വപ്നത്തിരമാലകളുടെ പ്രവാഹം

രാത്രിയുടെ മനസ്സ് മൌനത്തിന്റെ സംഗീതമാണ്
വാചാലമായ,അനിവചനീയമായ
മധുരസംഗീതം

12 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

രാത്രിയുടെ മനസ്സ് ഓര്‍മ്മകളുടെ നിലാവാണ്

നല്ല വാക്കുകള്‍...

വെയില് said...

ഇതാണോ ബൂലോഗകവികള്‍ കവികള്‍ വായിച്ചുപഠിക്കേണ്ട കവിതകള്‍ എന്ന് ശുപാര്‍ശ ചെയ്യപ്പെട്ടവ

ബാബുരാജ് said...

ഇതു തന്നെയാണാ കവിതകള്‍. പക്ഷെ റാഷിദയെക്കൂടി ഇവിടെ പരിചയപ്പെടുത്തിയിരുന്നെങ്കില്‍ വെയില്‍ ഇത്ര സന്ദേഹപ്പെടില്ലായിരുന്നു.

രണ്ടു നാലു വരി വെട്ടിയൊട്ടിച്ച്‌ പടയ്ക്കുന്ന മണ്ടന്‍ പുകഴ്ത്തലുകള്‍ കണ്ടു ഞെളിയുകയും, ഒരല്‍പ്പം വിമര്‍ശനത്തില്‍ പോലും ഹാലിളകുകയും ചെയ്യുന്ന ബൂലോഗ കവയത്രികളും കവികളും റാഷിദയേയും ആ കുട്ടിയുടെ കവിതകളേയും അറിയുക തന്നെ വേണം.

വെയില് said...

വിമര്‍ശിച്ചത് എന്നെ മാത്രമെങ്കില്‍ ഹാലിളക്കത്തിന്റെ കാര്യമൊന്നുമില്ല.ബൂലോക കവികള്‍ മുഴുവനും ചവറാണെന്നുള്ള ഒരു ധ്വനി താങ്കളുടെ കംന്റില്‍ ഉണ്ട്.അത് അംഗീകരിച്ചു തരാന്‍ ബുദ്ധിമുട്ടുണ്ട്.പ്രിന്റു മീഡിയയില്‍ എന്തു വളിപ്പു വന്നാലും മഹത്തരം.ഒരു കുട്ടിയുടെ കവിത എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഭാഷാപോഷിണി വായിച്ചില്ല.
ഇങ്ങനെയുള്ള കുട്ടിക്കവിതകളില്‍ അഭിരമിച്ചാല്‍ മതി ബൂലോക കവികള്‍ എന്നാവും താങ്കള്‍ ഉദ്ദേശിക്കുന്നത്.ഇനി അതല്ല,ഒരു കുട്ടി ഇത്തോതില്‍ എഴുതുന്നു,അതുകൊണ്ട് നിങ്ങളില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നു,നിങ്ങളുടെ എഴുത്തിന് നിങ്ങളുടെ പ്രായത്തിനനുസരിച്ചുള്ള നിലവാരമില്ല എന്നൊക്കെ വായിക്കാനാവും താങ്കളുടെ കമന്റ്.

താങ്കള്‍ ബൂലോക കവിതകള്‍ വേണ്ടത്ര വായിച്ചിട്ടാണോ ഈ പറയുന്നത്?

സനാതനന്‍ said...

മുന്വിധികളോടെയുള്ള വായനകളാണ് ബൂലോകത്തിലല്ല എവിടെയായാലും എഴുത്തിന്റെ ശാപം.എഴുതിയത് ആര്,അയാള്‍ മുന്‍പ് എഴുതിയത് എന്ത്,അച്ചടിച്ചു വന്നത് എവിടെ,അയാളുടെ പ്രായം എന്ത്? ഇങ്ങനെയൊക്കെയുള്ള അന്വേഷണങ്ങള്‍ക്ക് ശേഷമാണ് സൃഷ്ടിയെക്കുറിച്ചുള്ള അഭിപ്രായം രൂപപ്പെടുന്നത് എന്നത് വേദനപ്പെടുത്തുന്ന ഒന്നാണ്.
റാഷിദ എഴുതിയത് ഭാഷാപോഷിണിയില്‍ അടിച്ചുവന്നത് അല്ലായിരുന്നു എന്നു സങ്കല്‍പ്പിക്കുക,എഴുതിയ ആളുടെ പ്രായവും സാഹചര്യങ്ങളും അറിയില്ല എന്നു വയ്ക്കുക എങ്കില്‍ ഈ കവിതയെക്കുറിച്ച് എന്താവും അഭിപ്രായം എന്ന് ഊഹിക്കാവുന്നതേ ഉള്ളു.
വിമര്‍ശനങ്ങളില്‍ ഹാലിളകുന്നു എന്നൊക്കെ പറയുന്നത് എന്താണെന്ന് മനസിലാകുന്നില്ല.വിമര്‍ശിക്കുമ്പോള്‍ അതില്‍ കഴമ്പില്ലെങ്കില്‍പ്പോലും തലകുലുക്കി സമ്മതിച്ചാല്‍ നന്നാകുമായിരുന്നു എന്നാണോ ധ്വനി.വായനക്കാരന് എഴുത്തുകാരനോടുള്ള അതേ മനോഭാവം തന്നെയാണ് എഴുത്തുകാരന് തിരിച്ചും ഉള്ളത് ഇവിടെ ഉള്ള ഭൂരിപക്ഷം വായനയും വിഴുങ്ങലുകളാണ്.വെറും വിഴുങ്ങലുകള്‍ മാത്രം.ഇത് പച്ച സത്യം.

ബാബുരാജ് said...

സുഹൃത്തെ,

ബൂലോഗത്തിലെ എല്ലാ കവിതകളും ചവറാണെന്ന് ഞാന്‍ പറഞ്ഞില്ല. (ബൂലോഗത്തിലെ എല്ലാ കവിതകളും ഞാന്‍ വായിച്ചിട്ടില്ല. പകുതി പോലും വായിച്ചിട്ടുണ്ടാവില്ല.) പക്ഷെ ഭൂരിഭാഗവും ചവറ്‌ തന്നെയാണ്‌ സുഹൃത്തെ. നല്ല കവിതകള്‍ മനപൂര്‍വം എന്റെ സ്ക്രീനില്‍ നിന്നൊളിക്കുന്നു എന്നു ഞാന്‍ കരുതുന്നില്ല. പിന്നെ റാന്‍ഡം സാമ്പ്ലിംഗ്‌ വലിയ തെറ്റില്ലാത്ത കാര്യമാണെന്നാണ്‌ വിവരമുള്ളവര്‍ പറയുന്നത്‌.

അച്ചടിച്ചു വരുന്നത്‌ എല്ലാം നല്ലതാണെന്ന്‌ എനിക്കും അഭിപ്രായമില്ല. എന്നാലും ചിലതെങ്കിലും, തന്നെ എഴുതി, തന്നെ പ്രസിദ്ധീകരിച്ച്‌, തന്നെ വായിക്കപ്പെടുന്ന സൃഷ്ടികളെക്കാള്‍ മെച്ചമാവാന്‍ സാദ്ധ്യതയുണ്ട്‌. അച്ചടിക്കപ്പെടാനുള്ള യോഗ്യത ശിപാര്‍ശ പോലുള്ള കാര്യങ്ങളാണെന്ന് ആരോപിക്കുന്നത്‌, അവനവന്റെ അപകര്‍ഷതാ ബോധത്തെ തൃപ്തിപ്പെടുത്താനേ ഉപകരിക്കൂ.

കുട്ടിക്കവിതകളില്‍ ഭാഷാപോഷിണിയും മാതൃഭൂമിയും ഒക്കെ അഭിരമിക്കട്ടെ, നമുക്കൊക്കെ പ്രായപൂര്‍ത്തിയായവര്‍ക്കുള്ള കവിതകള്‍ എഴുതാം. സവര്‍ണ്ണ സദസ്സുകളില്‍ അയിത്തമുള്ള ലിംഗപ്പുലയനേയും യോനിപ്പറയിയേയും സ്വീകരിച്ചാനയിക്കാം.

പ്രിയ സനാതനന്‍, സൃഷ്ടികളെക്കുറിച്ച്‌ അഭിപ്രായങ്ങള്‍ ഉണ്ടാകുന്നത്‌ സൃഷ്ടാവിനെ കൂടി കണക്കിലെടുത്താണെന്നത്‌ ഖേദകരമായ ഒരു സത്യം തന്നെയാണ്‌. നിര്‍ഭാഗ്യവശാല്‍ അതാണ്‌ ലോക നിയമം. പക്ഷെ അതു കൊണ്ടു തന്നെയാണ്‌ കാളിദാസനും ഷേക്സ്‌പീയറും ഒക്കെ ചെയ്ത പണി ചെയ്യാന്‍ ലോകം നിങ്ങളെ അനുവദിക്കുന്നതും.

എഴുത്തുകാരന്‌ വായനക്കാരനൊടുള്ള മനോഭാവം, മറിച്ച്‌, എന്നൊക്കെ കണ്ടപ്പോള്‍ ഒരു സംശയം. കവികള്‍, തങ്ങളെഴുതുന്നത്‌ ആത്മസാക്ഷാത്കാരത്തിനാണെന്ന ക്ലീഷേ ഒക്കെ ഉപേക്ഷിച്ചോ?

സനാതനന്‍ said...

ബാബുരാജ്
താങ്കള്‍ ഏത് ലോകത്താണ് ജീവിക്കുന്നത്.
“തങ്ങളെഴുതുന്നത്‌ ആത്മസാക്ഷാത്കാരത്തിനാണെന്ന ക്ലീഷേ ഒക്കെ“ ഇത് ഏതു കാലത്തിന്റെ മുദ്രാവാക്യമാണ്.
ബ്ലോഗില്‍ പോലും ആരെങ്കിലും ഇങ്ങനെ പറയുന്നുണ്ടൊ.
“അച്ചടിക്കപ്പെടാനുള്ള യോഗ്യത ശിപാര്‍ശ പോലുള്ള കാര്യങ്ങളാണെന്ന് ആരോപിക്കുന്നത്‌, അവനവന്റെ അപകര്‍ഷതാ ബോധത്തെ തൃപ്തിപ്പെടുത്താനേ ഉപകരിക്കൂ.“
അച്ചടിക്കപ്പെടുന്നതൊക്കെ ശിപാര്‍ശയുടെ പുറത്താണ് എന്ന് എനിക്കഭിപ്രായമില്ല പക്ഷേ അച്ചടിക്കാനുള്ള ചരക്ക് തിരഞ്ഞെടുക്കുന്നവന്‍ അവന്റെ രുചിയും ഏതുമരത്തില്‍ കായ്ച്ച കനിയാണിതെന്നും ഒക്കെ നോക്കിയിട്ടേ ചെയ്യുന്നുള്ളു എന്നത് ലളിതമായ സത്യങ്ങളാണ്.കണ്ണടച്ച് ഇരുട്ടാക്കരുത്.ഇവിടെ എഴുതുന്നവരാരും മഹാന്മാരായ എഴുത്തുകാരാണ് തങ്ങള്‍ എന്ന രീതിയില്‍ അല്ല എഴുതുന്നത്.

അതൊക്കെപ്പോട്ടെ
മുകളിലെ കവിതയില്‍ എന്തു മഹത്തായ സാഹിത്യമാണ് താങ്കള്‍ കണ്ടെത്തിയതെന്നറിഞ്ഞാല്‍ കൊള്ളാം കാരണം ഇവിടെ ഈ കവിതയെമുന്നിര്‍ത്തിയുള്ള ചര്‍ച്ചയാണുചിതം എന്നു തോന്നുന്നു.(അതെഴുതിയ ആളുടെ പ്രായവും സാഹചര്യങ്ങളും വലിച്ചിഴക്കാതെ പറഞ്ഞാല്‍ നല്ലതായിരുന്നു)

വെയില് said...

പ്രിയ ബാബുരാജ്,പൊട്ടക്കവിത എന്നു നിങ്ങള്‍ക്ക് തോന്നുന്നതിനെ ആക്ഷേപിച്ചോളൂ.നല്ലത് ചീത്ത എന്നൊക്കെ തീരുമാനിക്കുന്നത് നിങ്ങളുടെ ആസ്വാദന നിലവാരമനുസരിച്ചായിരിക്കുമല്ലോ.ഇവിടെ ബൂലോക കവികള്‍ വായിക്കണം എന്ന് പരമാര്‍ശിക്കപ്പെട്ട കവിത കണ്ടപ്പോള്‍ താങ്കളുടെ ആസ്വാദന നിലവാരം എന്താണെന്ന് എനിക്ക് മനസ്സിലായിട്ടുണ്ട്.ചുരുങ്ങിയ പക്ഷം ഒരു താരതമ്യത്തിന് കോപ്പുണ്ടെങ്കിലേ ഇമ്മാതിരി അഭിപ്രായങ്ങള്‍ ഉന്നയിക്കാവൂ...
ബ്ലോഗിനെകുറിച്ച് ആര്‍ക്കും എഴുതാവുന്നത് എന്നത് ഒരു ചീത്ത വശമായി താങ്കള്‍ കാണുന്നപോലെ മറ്റൊരു ചീത്തവശമാണ് ഇമ്മാതിരി അര്‍ഥശൂന്യമായ താരതമ്യങ്ങള്‍ ഉന്നയിക്കുന്നവരെ സഹിക്കേണ്ടി വരുന്നതും.

ബാബുരാജ് said...

ഒരു കാര്യം വിട്ടു പോയി.
വെയില്‍ സുഹൃത്തെ, എന്റെ ആദ്യത്തെ കമന്റ്‌ താങ്കളെ നേരിട്ട്‌ ഉദ്ദേശിച്ചുള്ളതാണെന്ന് കരുതരുതേ. താങ്കളുടെ മൂല കവിത വായിച്ചിരുന്നുവെങ്കിലും, പ്രത്യേകിച്ച്‌ താല്‍പര്യം ഒന്നും തോന്നായ്ക കൊണ്ട്‌ കര്‍ത്താവിനെ ശ്രദ്ധിച്ചിരുന്നില്ല. പിന്നീട്‌ അതിന്‌ പുനര്‍ വായനയും, ബിംബവല്‍ക്കരണവും ഒക്കെ വന്നപ്പോള്‍ പ്രതികരിച്ചു പോയതാണ്‌.

ഇവിടുത്തെ താങ്കളുടെ രണ്ടാം കമന്റ്‌ കണ്ട്‌ 'വെയില്‍' തപ്പിയപ്പോഴാണ്‌ താങ്കളായിരുന്നു ആദികവി എന്നു മനസ്സിലായത്‌.

റാഷിദയെ ഉദാഹരിച്ചത്‌ അത്‌ മലയാളത്തിലെ ഏറ്റവും നല്ല കവിതയായതു കൊണ്ടൊന്നുമല്ല. നിങ്ങളുടെ കൃതികള്‍ക്ക്‌ കാലികമായി വന്നതുകൊണ്ടാണ്‌.

ഒരു ക്ഷുദ്രസൃഷ്ടിക്ക്‌ അതിനില്ലാത്ത അര്‍ത്ഥതലങ്ങളും മഹത്വവും ചാര്‍ത്തപ്പെടുന്നതു കണ്ടപ്പോഴാണ്‌ ഞാന്‍ റാഷിദയെപ്പറ്റി പറഞ്ഞത്‌. അതില്‍ എനിക്ക് തെറ്റുപറ്റിയതായി ഇപ്പോഴും തോന്നുന്നില്ല. അതിനെ നിങ്ങള്‍ പൊതുവല്‍ക്കരിക്കേണ്ടതില്ല. ചുരുങ്ങിയ പക്ഷം താരതമ്യത്തിന്‌ കോപ്പ്‌ വേണം എന്നു താങ്കള്‍ പറയുന്നു. ഏതുമായാണ്‌ താരതമ്യം ചെയ്യേണ്ടത്‌? ബൂലോഗത്തിലെ എല്ലാ കവിതകളുമായോ? അതിനുള്ള ബാദ്ധ്യത/ഉത്തരവാദിത്വം താങ്കള്‍ക്കുണ്ടോ? അതോ താങ്കളുടെ കവിതകളുമായോ? എങ്കില്‍ സ്വന്തം കവിത മഹത്വരമാണെന്നു സ്ഥാപിക്കാന്‍ സ്വയം വാദിക്കേണ്ടി വരുന്ന താങ്കളോട്‌ എനിക്ക്‌ സഹതാപമേയുള്ളൂ. (തല്‍ക്കാലം താരതമ്യം ചെയ്യാന്‍ മഹാഭാരതം മതിയാകുമോ ആവോ.)


പ്രതികരണങ്ങള്‍ വ്യക്തിപരമാവുന്നു എന്നു തോന്നുന്നതിനാല്‍ നമുക്ക്‌ ഇവിടെ നിര്‍ത്താം.

വെയില് said...

സ്വന്തം കവിത മഹത്തരമാണെന്ന് ഞാന്‍ വാദിച്ചിട്ടില്ല.അങ്ങനെ വാദിക്കേണ്ടി വരുന്നെങ്കില്‍ ഗതികേടുതന്നെ.എങ്കിലും റാഷിദയുടെ കവിത വായിച്ച് പഠിക്കേണ്ട ഗതികേട് എനിക്കില്ലെന്ന് വിശ്വസിക്കാന്‍ മാത്രം അഹങ്കാരം എനിക്കുണ്ടെന്ന് കൂട്ടിക്കോളൂ.

ബാധ്യത/ഉത്തരവാദിത്തം എന്നതൊക്കെ ഉണ്ടോ എന്ന് ചോദിച്ച് മിണ്ടരുതെന്ന് പറഞ്ഞുവെക്കുകയാവും. നിങ്ങളൊക്കെ പറയുന്ന എല്ലാ തോന്യാസങ്ങളും കേട്ട് മിണ്ടാതിരിക്കുമെന്ന് വിചാരിക്കേണ്ട.

ബാബുരാജിന്റെ കമന്റുകളിലെ വൈരുദ്ധ്യം നോക്കൂ:
1)രണ്ടു നാലു വരി വെട്ടിയൊട്ടിച്ച്‌ പടയ്ക്കുന്ന മണ്ടന്‍ പുകഴ്ത്തലുകള്‍ കണ്ടു ഞെളിയുകയും, ഒരല്‍പ്പം വിമര്‍ശനത്തില്‍ പോലും ഹാലിളകുകയും ചെയ്യുന്ന ബൂലോഗ കവയത്രികളും കവികളും...

2) ബൂലോഗത്തിലെ എല്ലാ കവിതകളും ഞാന്‍ വായിച്ചിട്ടില്ല. പകുതി പോലും വായിച്ചിട്ടുണ്ടാവില്ല. പക്ഷെ ഭൂരിഭാഗവും ചവറ്‌ തന്നെയാണ്‌ സുഹൃത്തെ

3)ഒരു ക്ഷുദ്രസൃഷ്ടിക്ക്‌ അതിനില്ലാത്ത അര്‍ത്ഥതലങ്ങളും മഹത്വവും ചാര്‍ത്തപ്പെടുന്നതു കണ്ടപ്പോഴാണ്‌ ഞാന്‍ റാഷിദയെപ്പറ്റി പറഞ്ഞത്‌. അതില്‍ എനിക്ക് തെറ്റുപറ്റിയതായി ഇപ്പോഴും തോന്നുന്നില്ല. അതിനെ നിങ്ങള്‍ പൊതുവല്‍ക്കരിക്കേണ്ടതില്ല.


അവസാനം പൊതുവല്‍ക്കരിച്ചത് ഞാനായി.ബാബുരാജേ ആളും തരവും നോക്കി കവിത വായിക്കുമെന്നല്ലേ പറഞ്ഞത്,അങ്ങനെയെങ്കില്‍
വെയില്‍ എഴുതിയതാണ് ആ കവിത എന്ന് താങ്കള്‍ക്ക് രണ്ടാമത് നോക്കി മനസ്സിലാക്കേണ്ടി വരുമോ?താങ്കള്‍ എത്ര മാത്രം ബ്ലോഗ് കവിതകള്‍ വായിച്ചിട്ടുണ്ടെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

സനാതനന്‍ said...

ബാബുരാജ്,
താങ്കള്‍ക്ക് ഒരു കവിതയെ ഏതു രീതിയിലും വായിക്കാനുള്ള സ്വാതന്ത്യമുണ്ട്.ഒരു ആപ്പിള്‍ മുറിച്ചുകഴിക്കണോ മുഴുവനേ വിഴുങ്ങണോ അതല്ല ജാമുണ്ടാക്കിക്കഴിക്കണോ എനിക്കിഷ്ടമില്ല ഞാന്‍ കഴിക്കില്ല എന്നുപ്രഖ്യാപിക്കാനോ ഒക്കെ സ്വാതന്ത്ര്യമുള്ളതുപോലെ തന്നെ ഇതും.താങ്കള്‍ക്ക് ആപ്പിളിനെക്കാള്‍ ചുണ്ടക്കയാണ് ഇഷ്ടം എന്നുള്ളതൊന്നും മറ്റാരെയും ബാധിക്കുന്ന പ്രശ്നമല്ല.പക്ഷേ ആപ്പിള്‍ കഴിക്കാന്‍ പാടില്ല
അതു വിഷമാണ് എന്നു പ്രഖ്യാപിക്കുമ്പോള്‍ വിശദീകരണം നല്‍കാന്‍ താങ്കള്‍ ബാധ്യസ്ഥനാണ്.അത്തരം ഒരു വിശദീകരണം സമൂഹത്തിന്റെ അവകാശവും കൂടിയാണ്.അതുകൊണ്ടാണ് അഴകൊഴമ്പന്‍ മറുപടികളില്‍ കിടന്നു കറങ്ങാതെ വ്യക്തമായ ഒരു മറുപടിവേണമെന്ന് നിഷ്കര്‍ഷിക്കുന്നത് അല്ലാതെ താങ്കളോടുള്ള വ്യക്തിപരമായ വിരോധം ഒന്നുമല്ല.

വിഷ്ണുപ്രസാദിന്റെ ലിം‌ഗരാജ് എന്ന കവിതയുടെ ഒരു പ്രതലവായനപോലും ആകാത്ത ഒരു കവിതയെ (യോനീ ഗര്‍ത്തം) വിഷ്ണുപ്രസാദിന്റെ കവിതക്കു തത്തുല്യമായി പ്രഖ്യാപിക്കുമ്പോള്‍ അതില്‍ തെറ്റുണ്ടെന്ന് ചൂണ്ടിക്കാട്ടേണ്ടത് ആ രീതിയിലല്ലാതെ കവിതയെ വായിച്ചിട്ടുള്ളവന്റെ ബാധ്യതയാണ് അത് അവര്‍ ചെയ്യുമ്പോള്‍
പുകഴ്ത്തലുകളായി താങ്കള്‍ക്ക് തോന്നുന്നു എങ്കില്‍ ഖണ്ഡനപരമായ ഒരു വിമര്‍ശനം നടത്താനുള്ള ഒരു കോപ്പ് താങ്കളില്‍ ഇല്ല എന്നുതന്നെ കരുതേണ്ടി വരും.

“ലിം‌ഗരാജ്“ എന്ന പദം “ജെന്‍ഡര്‍ റൂള്‍“ എന്ന അര്‍ത്ഥത്തിലാണ് വിഷ്ണുപ്രസാദ് ഉപയോഗിച്ചിട്ടുള്ളത്.ഈ ലളിതമായ കാഴ്ച്ച താങ്കള്‍ക്ക് ഉണ്ടായിരുന്നു എങ്കില്‍ യോനീ ഗര്‍ത്തം എന്ന വഷളന്‍ എഴുത്തിനെ ഉപയോഗിച്ച്
ലിം‌ഗരാജിനെ നേരിടാന്‍ താങ്കള്‍ ഒരുമ്പെടുകയില്ലായിരുന്നു.ശരിയായ വായനയുടെ അഭാവത്തിലാണ് താങ്കള്‍ റാഷിദയുടെ കവിത വായിച്ചു പഠിക്കാന്‍ ബൂലോകത്തെ കവികള്‍ക്ക് ഉപദേശം നല്‍കുന്നത് എന്നതിന്റെ തെളിവാണിത്.റാഷിദയുടെ ഈ കവിത(ഒരു പക്ഷേ മികച്ച കവിതകള്‍ വേറെ ഉണ്ടാകുമായിരിക്കും)ഒരു കാരണവശാലും വിഷ്ണുപ്രസാദിന്റെ ഏതെങ്കിലും കവിതയെ അതിവര്‍ത്തിച്ചു നില്‍ക്കുന്നു എന്ന് എനിക്കു
തോന്നുന്നില്ല.താങ്കള്‍ക്ക് തോന്നുന്നു എങ്കില്‍ വിശദമായി പറഞ്ഞുതന്നാല്‍ നന്നായിരുന്നു.

Inji Pennu said...

ഭഗവാനേ! ഈ കുഞ്ഞിന്റെ വായിച്ചപ്പോഴാണ് എനിക്ക് മലയാളം കവിത ശരിക്കും ക്ലിക്കിയത്. ഇത്രേം നാള്‍ അതെനിക്ക് പിടിതരാതെ നിക്കുവായിരുന്നൂ!