Sunday, August 01, 2010

ഡ്രൈവാഷ് ,ഗിരിജ പാതേക്കര

തരുമ്പോൾത്തന്നെ
നീ പറഞ്ഞിരുന്നു-
നനയ്ക്കരുത്,
കല്ലിലിട്ടടിക്കരുത്,
സോപ്പുപയോഗിക്കരുത്,
മുറുക്കിപ്പിഴിയരുത്,
വെയിലിൽ ഉണക്കരുത്,
ചൂടിൽ ഇസ്തിരിയിടരുത്.

എന്നാൽ
തുണിയെങ്കിൽ
നനച്ചലക്കണമെന്നു ഞാൻ
അപ്പോൾ-
മരക്കൊമ്പുകളിൽ
കൊക്കുരുമ്മിയിരുന്ന
ഇണക്കിളിക്കൂട്ടം
മറഞ്ഞുപോയി
കസവുകിന്നരികൾ
പിഞ്ഞിപ്പോയി
ചായമിളകിപ്പടർന്ന്
അത് ചുരുങ്ങിപ്പോയി
ഇനി, നീ തരുന്നതൊന്നും
ഞാൻ വെള്ളത്തിൽ കുതിർക്കില്ല,
ഡ്രൈവാഷ് മാത്രം

2 comments:

Deepa Bijo Alexander said...

ഇതാണ്‌ പറയുന്നത്‌ - സൂക്ഷിച്ചാൽ ദു:ഖിക്കണ്ടാന്ന്‌..! :-)

പുതുമയുള്ള ആശയം.നന്നായി.

nirbhagyavathy said...

തരുന്നത് അതുപോലെ സൂഷിച്ചു വെക്കുവാന്‍
കഴിയാതെ പോകുന്നതു കവിതക്കും ബാധകം.
ഈ കവിതയെ നനച്ചു ഉടുക്കാം.
അഴുക്കില്ലാത്ത കവിത.
ആശംസകള്‍.