Monday, September 27, 2010

അൽപ്പൻമാരുടെഭൂരിപക്ഷം,പി. എൻ.ഗോപീകൃഷ്ണൻ

‘മീൻ കുളിച്ചിടത്തോളം
ഒരു ജന്തുവും കുളിച്ചിട്ടില്ല.
കഴുകിക്കഴുകി വൃത്തിയാക്കിയിട്ടും
മീനേ,
ഇനിയും എന്തിനാണ്‌
ജലത്തിൽ കിടക്കുന്നത്‌?
നിനക്കൊന്നു മുഷിഞ്ഞുകൂടേ?“
’മുഷിയാൻവേണ്ടി
ഞാൻ കരക്കുകയറിയപ്പോൾ
നീ കത്തിയുമായി
ഓടി വരുന്നതു കണ്ടു”
‘കത്തികൾ അങ്ങനെയാണ്‌.
അതിരിക്കു കൈയിനെ
വൃത്തി കെട്ടതാക്കും.
മനസ്സിനെ ഗൂഢാലോചനയാക്കും.
മീനേ, ഞാനല്ല,
ഈ കത്തി
തലമുറകൾക്ക്‌ മുൻപ്‌
ആരോ വെച്ചു തന്നത്‌.
നിനക്ക്‌ ചെതുമ്പലുകളും ചിറകുകളും
വെച്ചു തന്ന മാതിരി.“
‘കത്തി കൈയിൽ വെച്ചുള്ള
നിന്റെ പശ്ചാത്താപത്തിന്‌
ഒരു ചേലുമില്ല.
നിന്റെ കുഞ്ഞുങ്ങൾ
എന്തിന്‌, കൺമീനുകൾ പോലും
പേടിച്ചു പായുന്നു.“
എന്റെ കുഞ്ഞുങ്ങൾ *
എന്റെ കുഞ്ഞുങ്ങല്ല.
അവർ വേറെയെവിടെയോ
നിന്നു വന്നു
വേറെവിടേയ്ക്കോ പോകുന്നു.“
‘എന്നാൽ എന്റെകുഞ്ഞുങ്ങൾ
എന്നിൽ നിന്നു വന്നു.
ഈ കുളമല്ലാതെ
മറ്റൊരിട ത്തേക്കും പോകാനുമില്ല.“
‘കിടപ്പറയിൽ
പൂച്ചയുണ്ട്‌.
പൂമുഖത്ത്‌ തത്തയുണ്ട്‌.
ഉമ്മറത്ത്‌ നായുണ്ട്‌.
ഉളറയിൽ പെണ്ണുങ്ങളുണ്ട്‌.
സ്കൂളിൽ കുഞ്ഞുങ്ങളും. മീനേ
നിനക്കും തരാം
സ്വന്തമായി നാഴിവെള്ളം.
ഈ കുളം വിട്ടുവന്നാൽ“
‘ ഇണങ്ങിനിൽക്കാൻ
വാലിന്‌ നീളമില്ല
നക്കാൻ നാക്കുമില്ല.
ഏറ്റു ചൊല്ലാൻ പോയിട്ട്‌
പറയാൻപോലും ഭാഷയില്ല.
പോ മനുഷ്യാ
സമയം മിനക്കെടുത്താതെ.
നിന്റെ പാർട്ടിപ്പരിപാടി പറയാൻ
അൽപൻമാരുടെ ഭൂരിപക്ഷം
അംഗീകരിക്കാവുന്ന
ആരുടെയെങ്കിലും
അടുത്തു ചെല്ല്‌.“

4 comments:

nirbhagyavathy said...

ഇതാണ് കവിതയുടെ സാമൂഹിക ഇടപെടല്‍.
അല്പന്മാരുടെ കൌപീന വലയില്‍
മീന്‍ പെടില്ല. മീനിനെ മാതൃകയാക്കാം.
വളരെ നല്ല കവിത.
അഭിനന്ദനങ്ങള്‍.

Kalavallabhan said...

"ഏറ്റു ചൊല്ലാൻ പോയിട്ട്‌
പറയാൻപോലും ഭാഷയില്ല.
പോ മനുഷ്യാ
സമയം മിനക്കെടുത്താതെ."

ഇത് ഞാനല്ല താങ്കളെഴുതിയതാണു.
നല്ല ആശയം

PRADEEP said...

very good

Unknown said...

സ്‌നേഹിതരേ,
ഡി സി ബുക്‌സും ബൂലോകത്തേക്ക് കടന്നിരിക്കുന്നു. പുസ്തകലോകത്തെ പുതിയ വാര്‍ത്തകളും സംവാദങ്ങളുമായി വളരെ സജീവമായ ഒരു ബ്ലോഗ്..താങ്കള്‍ തീര്‍ച്ചയായും ഞങ്ങളോടൊപ്പമുണ്ടാകണം.
ഞങ്ങളുടെ വിലാസം : www.dcbooks.com/blog