Saturday, April 12, 2008

പാലറ്റ് - ബിനു എം പള്ളിപ്പാട്

മഞ്ഞയും ബ്രൌണും
കൊടുക്കണം വിളഞ്ഞ പാടത്തിന്

വെള്ളത്തിലെ
മീനുള്ള വശം ഒഴിവാക്കി
ഡെപ്തില്‍ കറുപ്പടിക്കണം

പതുങ്ങിയ മുണ്ടിയെ
പറപ്പിക്കാതെ മടയ്ക്കിപ്പുറമിരുത്തണം

മുറ്റത്തിരിക്കുന്നയാള്‍ക്ക്
എരിവും ചാരായവും ചേര്‍ന്ന്
വിയര്‍ത്തപേശിയിലേയ്ക്ക്
നിലാവിന്റെ ഹൈലൈറ്റ് വെക്കണം

എന്നും പരിചയമില്ലാത്ത
കൈലി വന്നുപോകുന്ന
ഒറ്റവീടും വിളക്കും
ബാഗ്രൌണ്ടില്‍ കൊടുക്കണം

ഇറയത്തിരിക്കുന്നയാളിന്റെ മുഖത്തു നിന്ന്
പാടം മുഴുവന്‍ ബന്ധുക്കളാണെന്ന്
ഒറ്റനോട്ടത്തില്‍ വായിച്ചെടുക്കണം

നീര്‍ക്കാക്കയും ഇരണ്ടയും പറക്കുന്നത്
കവച്ചമേഘത്തിനിപ്പുറത്താക്കണം

ഉത്സവത്തിനു പോകാന്‍ അനിയന്‍
പിച്ചാത്തി തേക്കുന്നതിന്റെ നിഴല്‍
വാഴയ്ക്കിപ്പുറം
നിലാവിന്റെ ഇളംനീലയില്‍
ചാലിച്ചെടുക്കണം

തവിട്ടില്‍ വെള്ളകൊണ്ട്
ഒരു നൈറ്റിയും
പിങ്കില്‍ റൊസുകൊണ്ട്
ഒരു കുട്ടിയുടുപ്പും
അയയില്‍ ഇടണം

മുറ്റത്തെ
ഒറ്റാലിനകത്തെ
കോഴിക്കുഞ്ഞിന്
ഐവറിയില്‍ ചെമ്പുകൊണ്ട്
ചെറുതായി തൊട്ടുതൊട്ടുവിടണം.

2 comments:

Unknown said...

ഇത്രയും മനോഹരമായ ഒരു കവിത ആരും വായിച്ചില്ല എന്നുള്ള പരാതി വേണ്ടാ മനൊഹരമായിട്ടുണ്ട് എനിക്കു കവിത എഴുതാന്‍ അറിയില്ല എന്നാല്‍ നല്ല കവിതകള്‍ ഞാന്‍ അസ്വാദിക്കാറുണ്ട്

Unknown said...

ivite varu
http:ettumanoorappan.blogspot.com