Tuesday, November 17, 2009

അസലുവിന്റെ ഇത്ത: പി.എന്‍.ഗോപീകൃഷ്ണന്‍,

ചേറ്റുവായിലെത്തുന്ന
കോഴികളും മീനുകളും
പച്ചച്ചായമടിച്ച ഒരു എടുപ്പിന്റെ
പുറകിലെത്തും
അവിടെവെച്ചാണ്‌
അവരുടെ
മരണാനന്തര വിചാരണ നടക്കുക
ന്യായാധിപ : അസലുവിന്റെ ഇത്ത
അപ്പോൾ
വലിയൊരുമീൻ
തന്റെ ഉദാരജീവിതം
വാദിച്ചുതുടങ്ങി
ഒരു തവളപ്പൊട്ടിനെ
വെറുതെ വിട്ടത്‌
ഒരു ചെറുമീനിൽ നിന്നും
വായ്‌ പിൻവലിച്ചത്‌
പിടിച്ചതിനെ
തിന്നാതിരുന്നത്‌
അസലുവിന്റെ ഇത്ത ചോദിച്ചു
അപ്പോൽ നിന്റെ വയർ
നിറഞ്ഞിരിക്കുകയായിരുന്നു,അല്ലേ?
നിഴലുവീണ ഒരു ചിരികത്തിച്ച്‌
ശരിയാ,
വയറുനിറഞ്ഞിരിക്കുമ്പോൾ
ഉണരുന്ന മനസ്സാണ്‌ ധർമ്മം
മീൻവായ്‌ അടഞ്ഞപ്പോൾ
ഒരു ഉശിരൻ കോഴി
തന്റെ പിടയെ
കുറുക്കനിൽ നിന്നും രക്ഷിച്ച
കഥപറഞ്ഞു
"മിണ്ടാതിരിയടാ
ബ്രോയിലർ സുരേഷ്‌ ഗോപീ,
നീ പെണ്ണുങ്ങളെ
ആപത്തിൽ നിന്ന് രക്ഷിക്കും
അനാപത്തിൽ വലിച്ചെറിയും"
കോഴിക്കൂട്ടവും
നിശ്ശബ്ദമായി
അസലുവിന്റെ ഇത്ത
മുളകെടുത്തു,മല്ലിയെടുത്തു.
പിന്നീടവർ മിണ്ടിയില്ല
തീൻ മേശയിൽ
അസലുവും കൂട്ടുകാരും
ഇരുമ്പുന്നുണ്ടായിരുന്നു
ഉദാത്തർ
ലോകത്തിന്റെ തീ
ഉള്ളിൽപ്പേറുന്നവർ
നിഴലുവീണ ഒരു ചിരികത്തിച്ച്‌
ഇത്ത വിളമ്പിത്തുടങ്ങി
മീൻ തിന്ന് വയറു നിറഞ്ഞവർ
ധർമിഷ്‌ഠരും
കോഴിതിന്ന് നിറഞ്ഞവർ
രക്ഷകരും ആയിത്തീർന്നു
രണ്ടും തിന്നവരിൽ
രണ്ടും ഇരട്ടിച്ചു
തിങ്ങിവിങ്ങി,അവർ പിന്നീട്‌
കായലോരത്തേക്കോ
കടലോരത്തേക്കോ പോയി
അസലിവിന്റെ ഇത്തയ്ക്ക്‌
ഭാഷ തിരിച്ചുകിട്ടി
പിന്നമ്പുറത്തെ മരച്ചുവട്ടിൽ
ചെതുമ്പലുകളോടും
തൂവലുകളോടും
അവർ പറഞ്ഞു:
കൊല്ലുന്ന പാപം
ഊട്ടിയാൽ തീരുമോ?
തിന്നവരുടെ പുണ്യം
ഉടലിനെക്കവിയുമോ?
ആവോ?
ആരോട്‌ ചോദിക്കാൻ
കായലോരത്തോ
കടലോരത്തോ
ഇപ്പോൾ വീണ്‌ കിടപ്പുണ്ടാകുന്ന
ധർമ്മത്തിന്റെയും
ധീരതയുടെയും
സ്വർണ്ണമെഡൽ
മോഹികളോടോ?

6 comments:

വിഷ്ണു പ്രസാദ് said...

ഗംഭീര കവിത.
ടൈപ്പിയതില്‍ അക്ഷരത്തെറ്റുകളുണ്ട്...

നസീര്‍ കടിക്കാട്‌ said...

വായിച്ചുതീരുന്നില്ലല്ലൊ
കവിത.

Sanal Kumar Sasidharan said...

great

സജീവ് കടവനാട് said...

തിന്ന പാപം തൂറിയാല്‍ തീരുമെന്ന് സ്വര്‍ണ്ണമെഡല്‍ മോഹികള്‍.

ഇത് ആഴ്ചപതിപ്പില്‍ വായിച്ചിരുന്നു. പാരഗ്രാഫു തിരിക്കാത്തതും അക്ഷരതെറ്റും ഇവിടെ വായനയില്‍ ഒരു...

അനിലൻ said...

ഗോപീകൃഷ്ണന്‍, മണിലാല്‍, സുരേന്ദ്രന്‍, ഷാനവാസ്, പ്രോവിന്റ്, അരവിന്ദന്‍...
ഞാനിതുവരെ അസലുവിന്റെ വീട്ടില്‍ പോയിട്ടില്ല അസലുവിനോട് അസ്സലായൊന്നു മിണ്ടിയിട്ടില്ല :)

Jishad Cronic said...

വരികള്‍ കൊള്ളാം