ആത്മഹത്യ - ലളിതാ ലെനിന്‍
എനിക്കീജീവിതം സുഖമാണെന്നു തോന്നിപ്പോയി-തെറ്റ്!
എല്ലുകളെല്ലാം ഊരിപ്പോയി
ഒരു ഞാഞ്ഞൂലിനെപ്പോല്‍ സുഖമായി, മന്ദം മന്ദം
ഇഴഞ്ഞും പുളഞ്ഞും നടന്നതാണ്
ഇടയ്ക്ക് മരണഭീതിയില്‍ പിടയ്ക്കുന്ന കൃഷിക്കാരന്റെ കാലിലൊന്നു തൊട്ടൂ
വിഷപ്പല്ലുണ്ടെന്ന് അയാള്‍!
തൊണ്ടിനുള്ളില്‍ തെണ്ടി നടക്കുന്ന കല്ലന്‍ ഒച്ചിനോട്
ഒന്നു വഴിമാറിത്തരാന്‍ കേണു.
ഞാഞ്ഞൂളിനും ഊറ്റമോ- അവന്‍ ഒച്ചയുയര്‍ത്തി!
കുളിച്ചു തൊഴുതുവന്ന പൊന്മാന്‍ എന്നെ ഇടംകണ്ണിട്ടപ്പോള്‍
ഉള്ളിലൊരാന്തല്‍! അഴുക്കും മെഴുക്കൂം പുതച്ചുരുണ്ട്
ഒരിലക്കീറിനു താഴെ അമുങ്ങിക്കിടന്നപ്പോള്‍
ഒരു ചെറുമഴതുള്ളി നെഞ്ചില്‍ വീണു
പിന്നെയത് പ്രളയമായി!
ആലിലയില്‍ ഒഴുകി നടക്കുമ്പോള്‍
ഒരെറുമ്പെന്റെ കാലില്‍ കടിച്ചു
വിരുന്നുപോയ് മടങ്ങും വഴി കാക്കയൊന്ന്
കൊത്തിനുണയ്ക്കാന്‍ ചരിഞ്ഞ് വന്നു.
എനിക്കു വയ്യേ! എപ്പോഴുമെപ്പോഴും
ഒളിച്ചും പതുങ്ങിയും നടക്കാന്‍!
ഒരു ഉടല്‍കൊണ്ട് എന്തൊക്കെ നേടാമെന്ന്
എനിക്കിപ്പോള്‍ ഊഹിക്കാം.
എങ്കിലും ജീവിക്കാനാണ് മോഹമെങ്കില്‍
ആത്മഹത്യയേ വഴിയുള്ളൂ !
No comments:
Post a Comment