ഭയമാണങ്ങയെ,
പുളയുന്ന ചാട്ടമിഴികളില്‍, വിരല്‍-
മുനകളില്‍ ശിക്ഷാമുറകള്‍ ആര്‍ദ്രമോ
ഹൃദയ? മെങ്കിലുമിതേറ്റുചൊല്ലുന്നേന്‍ -
ഭയമാണങ്ങയെ.
വനത്തിലേയ്ക്കെന്റെ വപുസ്സുപായുവാന്‍
വിറയ്ക്കുന്നൂ, പക്ഷേ നിറകണ്മുന്നിലീ-
ച്ചുവന്ന തീച്ചക്രം, വലയത്തിന്നക-
ത്തിടം വലം നോക്കാതെടുത്തുചാടണം!
ഇതെത്രകാലമായ്, പഠിച്ചുഞാന്‍ , പക്ഷേ
ഇടയ്ക്കെന്‍ തൃഷ്ണകള്‍ കുതറിച്ചാടുന്നു.
മുളങ്കാടിന്‍ പിന്നില്‍,ക്കരിമ്പാറയ്ക്കുമേല്‍
ത്തെളിയും മഞ്ഞയും കറുപ്പും രേഖകള്‍
അരുവിയില്‍ത്താഴേ പ്രതിബിംബം, എന്തോ
രപൂര്‍വസുന്ദരഗംഭീരമെന്‍ മുഖം !
തണുത്ത ചന്ദ്രികയുറഞ്ഞ പച്ചില-
പ്പടര്‍പ്പിന്‍ കൂടാരം,പതുക്കെ,യോമലാള്‍
ക്ഷണിക്കുന്നൂ, നേര്‍ത്തമുരള്‍ച്ചകള്‍, സാന്ദ്ര
നിമിഷങ്ങള്‍, താന്തശയനങ്ങള്‍, ഇളം
കുരുന്നുകള്‍ ചാടിക്കളിക്കും മര്‍മ്മരം-
പൊടുന്നനെ ചാട്ടയുയര്‍ന്നുതാഴുന്നു.
ഇടിമിന്നല്‍ കോര്‍ത്തുപിടയും വേദന.
അരുത്, തീക്ഷ്ണമാം മിഴികള്‍, ശാസന
പുളയുന്നു, ദേഹമെരിയുമ്പോള്‍ തോളി-
ലിടിഞ്ഞു താഴുന്നെന്നഭിമാനം, ശബ്ദ-
മുയരാതുള്ളില്‍ ഞാന്‍ മുരളുന്നിങ്ങനെ
ഭയമാണങ്ങയെ..
ശിലാമനുഷ്യന്റെ കഠിനനേത്രത്താ-
ലിഴിയാതെന്നെ, ഞാന്‍ മൃഗമാനെങ്കിലു-
മരുതിനിക്കൂട്ടില്‍ കുടുങ്ങിക്കൂടുവാന്‍
ഇരയെക്കാല്‍ച്ചോട്ടിലമര്‍ത്തി,പ്പല്ലുകോര്‍-
ത്തുടക്കുമ്പോഴകം നിറയും സംതൃപ്തി
തെറിക്കും ചോരയാല്‍ മുഖം നനയ്ക്കുവാന്‍
തരിക്കയാണെന്റെ നഖവും ദംഷ്ട്രവും
നിരന്നിരിക്കുവോര്‍ പലരാണെന്മുന്നി-
ലവരെക്കൊല്ലുവാനുടന്‍ ത്രസിക്കുന്നു
പറയൂ, പാവയോ മൃഗം? മെരുങ്ങിയാ-
ലടിമയെക്കണക്കൊതുങ്ങുമെങ്കിലും
ഇടയ്ക്കിടയ്ക്കെന്റെ വനചേതസ്സിലാ-
മൃഗപൌരാണികണ്‍ കുടഞ്ഞെണീക്കുന്നു.
അതിപുരാതനന്‍, ഇലച്ചാര്‍ത്തിന്മേലേ
കുതിപ്പോന്‍, സൂര്യനെപ്പിടിക്കാന്‍ ചാടുവോന്‍
കുനിയുന്നൂ കണ്‍കളവന്റെ നോട്ടത്തില്‍
തളരുന്നൂ ദേഹമവന്റെ ഹാസത്തില്‍
തൊഴുതുപോകയാണവനെത്താണു ഞാന്‍
അരുതു നോക്കുവാനതിതേജസ്വിയെ-
ച്ചുഴുഞ്ഞുനോക്കിയാലുടയും കണ്ണുകള്‍
അതിന്‍ മുന്‍പീ നഖമുനകളാല്‍ത്തന്നെ
ഇനിയീക്കണ്‍കള്‍ ഞാന്‍ പിഴുതുമാറ്റട്ടെ
അതിനും വയ്യല്ലോ! ഭയം, ഭയം മാത്ര-
മടിമ,ഞാന്‍ തോറ്റൂ, കുനിഞ്ഞിരിക്കുന്നു
മുതുകില്‍ നിന്‍ ചാട്ടയുലച്ചുകൊള്ളുക
വലയത്തില്‍ ചാടാനുണര്‍ന്നിരിപ്പൂ ഞാന്‍ .