Sunday, August 26, 2007

നോട്ടം- മനോജ് കുറൂര്‍

നിന്റെ കണ്ണുകള്‍
എന്നെ ചുവരില്‍ച്ചേര്‍ത്ത് തറച്ചു നിര്‍ത്തുന്നു
അപ്പോഴും
സ്വന്തം തടത്തില്‍ നിന്ന് വെള്ളം വലിച്ചെടുത്ത്
നാവിലിറ്റിക്കുന്നു.

അളന്നു മുറിച്ച ഒരെയ്ത്തു കൊണ്ട്
പടിക്കു പുറത്താക്കുന്നു
തിരിച്ചു വരരുതെന്ന് ഇരട്ടക്കുഴലായി
തലയ്ക്കു പിന്നില്‍ ഉന്നം പിടിക്കുന്നു

അപ്പോഴും
തിരിഞ്ഞു നോക്കാത്ത എനിക്കും
തിരിച്ചു പോകാത്ത നിനക്കും
ഇടയില്‍ മങ്ങുന്ന വെളിച്ചം
ഡിസംബറിലെ പ്രഭാതം പോലെ
പറഞ്ഞു തീരാത്ത സങ്കടങ്ങള്‍ പോലെ
നനഞ്ഞു പടരുമെന്ന് എനിക്കറിയാം
അതില്‍
നിന്റെ ഉന്നം വഴുതി പോകുമെന്നും

1 comment:

ശിവന്‍ said...

മനോജിന്റെ ആദ്യകവിതയായിരുന്നു ഇവിടെ ഇത്. കാവ്യം ഇപ്പോള്‍ പുതിയ കവികളുടെ ഒരു സമാഹാരമായിട്ടുണ്ട്. പക്ഷേ ചര്‍ച്ചമാത്രം കുറവ്...കവിതയെ ചീത്ത പറഞ്ഞിട്ടെങ്കിലും ആരെങ്കിലും എന്തെങ്കിലും എഴുതിയെങ്കില്‍..