Sunday, August 05, 2007

ഈയല്‍

നടവഴിയുടെ
ഉരഗവടിവുകള്‍
കരിനീലമാനത്ത്
റിബണ്‍‌കൊണ്ട്
ചമച്ചും രസിച്ചും
തെങ്ങുകള്‍ക്കിടയിലൂടൊരുവള്‍
ഒഴുകിവരുന്നു.

പുല്‍‌പ്പച്ചക്ക് മീതെ
പാവാടപ്പച്ച
പറത്തി വിരിക്കുന്നു
ഇളകിത്തുള്ളി
നുരകുത്തിപ്പതഞ്ഞ്
തിരമാലപ്പച്ചയായ്
പായ തെറുത്ത് പൊങ്ങുന്നു

ഉടല്‍ വിട്ട്
പറന്നു പോകുന്നു
അവളില്‍ നിന്ന്
നൃത്തച്ചുവടുകള്‍
ഈയലുകളായ്

പിന്നാലെയാരോ
ഉള്ളതായ് ഭാവിച്ച്
പിടിച്ചു പിടിച്ചില്ല എന്ന മട്ടുകള്‍
വേര്‍പെടാത്ത കുതറുകള്‍
കുറുമ്പുകള്‍ ഇഴപാകിയ
അണഞ്ഞുചേരലുകള്‍
അലിഞ്ഞുതീരലുകള്‍

അവള്‍ വീട്ടിലേക്ക്
തിരികെ ഒഴുകിപ്പോകുന്നത്
കാണാനാവും മുമ്പ്
എതിരെവന്ന മഴയുടെ
തുരങ്കത്തിലേക്ക്
കൂകിവിളിച്ചുകയറി
എന്നെയും കൊണ്ട് തീവണ്ടി

മഴയുടെ തുരങ്കത്തില്‍
അവളും പെട്ടുകാണുമോ?
അടുത്തായികണ്ട ഓലപ്പുര
അവളുടേതായിരിക്കുമോ?
നടവഴിയുടെ നിഴല്‍
ആകാശത്ത് പകര്‍ത്തി
മഴയിലെത്ര നേരം
ഇളകിക്കളിക്കാനാവും
ഒരു റിബണിനും
അത് ചന്തത്തില്‍
ചുഴറ്റുവോള്‍ക്കും

1 comment:

Melethil said...

നല്ല തമാശ! ഒരു കമന്റ്‌ പോലുമില്ലെന്നോ ? ഇതിനു, ഈ ശൈലിയ്ക്ക് , ഒരു ഒപ്പിട്ടു പോണു. കര്‍ത്താവേ രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം !~!!