രക്തസാക്ഷിയാം സൂര്യനെ ദൂരചക്രവാളം മരവു ചെയ്തൊറ്റ-
നക്ഷത്രത്തിരി വച്ചു നമിക്കെ, നത്തു മൂളുമിരുട്ടു പരക്കെ
ഞങ്ങളീ മണ്‍ചെരാതുകളല്ലോ, നിങ്ങള്‍ തന്‍ പുരയ്ക്കുള്ളിലിരുട്ടില്‍
നീറി നിന്നു നിറുകയില്‍ കത്തും തീയുമായി സൂര്യ ദൌത്യവുമായി
ഇത്തിരി വെളിച്ചത്തില്‍ കുറിയ വൃത്തം ഞങ്ങള്‍ വരച്ചിട്ടതെല്ലാം
കൊച്ചു സൌരയൂഥങ്ങളായി ഞങ്ങള്‍ കൊച്ചുസൂര്യത്തിടമ്പുകളായി
ഏതണുവിനെയും ജ്വലിപ്പിക്കും ഭൂതി ഞങ്ങളിലാരേ പകര്‍ന്നൂ..?
നിങ്ങളാ വെളിച്ചത്തിലിരുന്നു സങ്കടങ്ങള്‍ പയ്യാരങ്ങളോതീ
രാത്രിയെന്ന കറുത്തദുഃഖത്തിന്‍ മാത്രകളെണ്ണിയെണ്ണിയിരിക്കേ
ഞങ്ങള്‍ കാതോര്‍ത്തതൊക്കെയും കേള്‍പ്പൂ, പങ്കു വയ്ക്കുന്നു നിങ്ങള്‍ തന്‍ ദുഃഖം
കേവലര്‍ നിങ്ങളോര്‍ക്കുകയാണിന്നും,വാഴ്വൊരു പുത്തനാം അടിമത്തം
പോയ്മറഞ്ഞൊരു സൂര്യനെത്തേടി,മോചനത്തില്‍ പുലരിയെ തേടി
മോഹനസ്വപ്ന പാഥേയവുമായി, മോഹവീഥികള്‍ പിന്നെയും താണ്ടി
നിങ്ങള്‍ പോകവേ കാണായ് കിഴക്കേദിങ്മുഖത്തൊരു ശോണമാം രേഖ
നിസ്സ്വലക്ഷങ്ങള്‍ തന്‍ പെരുതാകും ഇച്ഛതോറ്റിയുണര്‍ത്തിയ പോലെ
ഭൂമി തത്‍ സവിതാവിനു നേരെ തൂവിടും രക്ത പുഷ്പങ്ങള്‍ പോലെ
പ്രാതഃസന്ധ്യതന്‍ കൈകളവന്റെ പാതയില്‍ പട്ടു നീര്‍ത്തിയ പോലെ
പിന്നെയാ ശോണരേഖതന്‍ പിന്നില്‍ നിന്നു സൂര്യനുയിര്‍ത്തെഴുന്നേല്‍ക്കേ
ബന്ധുരമാമുഖമൊന്നുകാണാനെന്തിനോ ഞങ്ങളാശിച്ചു നില്‍ക്കേ
നിങ്ങള്‍ നേറ്റിയ മുക്തിഹര്‍ഷത്തില്‍ പങ്കുചേരാനിവരും കൊതിക്കേ
എന്തിനേ നിങ്ങളൂതിക്കെടുത്തി ഞങ്ങള്‍ തന്‍ കണ്ണിലെ തിരിവെട്ടം...?
കൂരിരുട്ടിലും സൂര്യന്റെ ദൌത്യം പേറിനിന്നുയിര്‍ നൊന്തവര്‍ ഞങ്ങള്‍
ഈ വെളിച്ചത്തിലന്ധരായ് നില്പൂ, ഹാ! വെറും മണ്‍ചെരാതുകള്‍ ഞങ്ങള്‍ !