Thursday, September 13, 2007

മേഘരൂപന്‍, ആറ്റൂര്‍ രവിവര്‍മ്മ

സഹ്യനെക്കാള്‍ തലപ്പൊക്കം
നിളയേക്കാളുമാര്‍ന്ദ്രത
ഇണങ്ങിനിന്നില്‍; സല്‍‌പുത്ര-
ന്മാരില്‍ പൈതൃകമിങ്ങനെ!

നിനക്കെഴുതുവാന്‍ പൂഴി
വിരിപ്പൂ ഭാരതപ്പുഴ
നിനക്കു കാണുവാന്‍ മാനം
നീര്‍ത്തുന്നു വര്‍ണ്ണപുസ്തകം

നിനക്കു മഞ്ഞുകുപ്പായം
തുന്നുന്നു തിരുവാതിര
പടിക്കല്‍ വന്നു കൂകുന്നു
പട്ടണിപ്പൊന്നുഷസുകള്‍

ഇടുങ്ങിയ നിരപ്പായ,
തേഞ്ഞപാതകള്‍ വിട്ടുനീ
ഉന്നതങ്ങളില്‍ മേഘങ്ങ-
ളൊത്തുമേയുന്ന വേളയില്‍

പൊന്‍‌കോലം കേറ്റുവാന്‍ കുമ്പി-
ട്ടീലല്ലോ നിന്റെ മസ്തകം
ഇരുമ്പുകൂച്ചാ‍ല്‍ ബന്ധിക്ക-
പ്പെട്ടീലല്ലോ പദങ്ങളും

ഉന്നം തെറ്റാത്ത തോക്കിന്നു-
മായീലാ നിന്നെ വീഴ്തുവാന്‍
കേമന്മാരോമനിച്ചാലും
ചെവി വട്ടം പിടിച്ചൂ നീ

നീയിന്നാ മേഘരൂപന്റെ
ഗോത്രത്തില്‍ ബാക്കിയായവന്‍ ,
ഏതോ വളകിലുക്കം കേ-
ട്ടലയും ഭ്രഷ്ടകാമുകന്‍

അണുധൂളിപ്രസാരത്തി-
ന്നവിശുദ്ധദിനങ്ങളില്‍
മുങ്ങിക്കിടന്നു നീ പൂര്‍വ്വ-
പുണ്യത്തിന്‍ കയങ്ങളില്‍

നീ കൃഷ്ണശിലതന്‍ താളം!
വിണ്ണിലോലുന്ന നീലിമ!
ആഴിതന്‍ നിത്യാമാം തേങ്ങല്‍ !
പൌര്‍ണ്ണമിക്കുള്ള പൂര്‍ണ്ണത!

അന്ധര്‍ നിന്‍ തുമ്പിയോ കൊ‌മ്പോ
പള്ളയോ തൊട്ടിടഞ്ഞിടാം
എനിക്കു കൊതി നിന്‍ വാലിന്‍
രോമം കൊണ്ടൊരു മോതിരം

1966

4 comments:

സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan said...

“ആകാശവൈപുല്യങ്ങളില്‍ മേഘരൂപമായി വ്യാപിച്ചുകിടക്കുന്ന ഒരു കാവ്യപ്രതീതിയെ ഈ കവിതയില്‍ കൃഷ്ണശിലതന്‍ താളമായി,ശിലാമൂര്‍‌ത്തിയായി കൊത്തിയെടുത്തിരിക്കുന്നു. പിയുടെ കവിത സഞ്ചരിച്ച മേഘമാര്‍ഗങ്ങളെ മുഴുവന്‍ അത് അടയാളപ്പെടുത്തുന്നു.“

“ഓര്‍ത്തുനോക്കിയാല്‍ ഊറ്റാണ് കവിത. മഴവെള്ളം കൊണ്ട് നിറയുന്ന കിണറുകള്‍ അടുത്തവേനലില്‍ വറ്റും. എന്നാല്‍ ഊറ്റുകളോ ഭൂഗര്‍ഭജലം പോലെ വാക്കിന്റെയും ജീവിതത്തിന്റെയും അകവഴികളില്‍ പരന്ന്‌, നാട്ടിലെ എല്ലാ അനുഭവക്കിണറുകളെയും നിറച്ച് പുറമേക്ക് കാണാത്ത ഉള്‍‌പ്രവാഹങ്ങളായി കവിതയില്‍‘ഏതു വേനലിലും കെടാത്ത ആര്‍ദ്രതയെ ജനിപ്പിക്കുന്നു”

കെ.സി.നാരായണന്‍

S.Harilal said...

അതി മനോഹരം
http://malayalampoems.blogspot.com/
http://www.blogger.com/profile/17527259470357562063

Unknown said...

മനോഹരം

karunakaran Perambra said...

നിനക്കെഴുതുവാന്‍ പൂഴി
വിരിപ്പൂ ഭാരതപ്പുഴ
നിനക്കു കാണുവാന്‍ മാനം
നീര്‍ത്തുന്നു വര്‍ണ്ണപുസ്തകം

നിനക്കു മഞ്ഞുകുപ്പായം
തുന്നുന്നു തിരുവാതിര
പടിക്കല്‍ വന്നു കൂകുന്നു
പട്ടണിപ്പൊന്നുഷസുകള്‍


കറയറ്റ കാല്പനികത തന്നെ ? കാമ്പുള്ള കാല്പനികത . ആഴവും പരപ്പുമുള്ള കടൽ