Saturday, September 15, 2007

കരയുന്നതിനു പകരം ആണുങ്ങള്‍ അട്ടഹസിക്കുന്നു - പി.എന്‍.ഗോപീകൃഷ്ണന്‍

കരയുന്നതിനു പകരം ആണുങ്ങള്‍ അട്ടഹസിക്കുന്നു.
കാരണം
തൊണ്ടയ്ക്കുള്ളിലെ മുഴയാണ് ഹൃദയം എന്ന്
അവരില്‍ ഭൂരിഭാഗവും അടച്ചു വിശ്വസിക്കുന്നു.

അട്ടഹസിക്കാതെന്തു ചെയ്യും?
മുളകുചെടി നടുന്നതറിയാതെ കൃഷിയെക്കുറിച്ചു പറയണം
തീ അടുക്കളയില്‍ ചെയ്യുന്നതറിയാതെ
ഭക്ഷ്യ സുരക്ഷയെക്കുറിച്ച് പ്രസംഗിക്കണം
പ്രസവം എന്തെന്നറിയാതെ
ഭാവിയെക്കുറിച്ച് ഉത്കണ്ഠപ്പെടണം
വസ്ത്രങ്ങള്‍ വെളുക്കുന്നതെങ്ങനെ എന്നറിയാതെ
ലോകം മുഷിച്ചു കൊണ്ടിരിക്കണം
എന്നും സന്തോഷമഭിനയിക്കുന്ന നടനായി
കസേരകളില്‍ ഇരിക്കണം

വെറുതെയല്ല
ആണുങ്ങള്‍ നിര്‍മ്മിക്കുന്നതെന്തും
തീവണ്ടിയെപ്പോലിരിക്കുന്നത്.
ഉള്ളില്‍ ലക്ഷ്യമെത്താന്‍ വെമ്പുന്ന ഒരാളെയും
മുന്നില്‍ മരിക്കാന്‍ വെമ്പുന്ന ഒരാളെയും
ഒപ്പം ആവിഷ്കരിക്കുന്ന;
നേര്‍വരയിലൂടെ മാത്രം സഞ്ചരിക്കുന്ന;
തുടക്കം മുതല്‍ ഒടുക്കം വരെ അട്ടഹസിക്കുന്ന;
ഒരു വാഹനത്തെപ്പോലെ.

6 comments:

വിഷ്ണു പ്രസാദ് said...

‘തകര്‍പ്പന്‍’

simy nazareth said...

ഉഗ്രന്‍! നല്ല ആഴമുള്ള കവിത. മാതൃഭൂമിയിലെ കാര്‍ട്ടൂണിസ്റ്റായ ഗോപീകൃഷ്ണന്‍ തന്നെയാണോ ഇതും എഴുതിയത്? ആണെങ്കില്‍ പുള്ളിയും കാര്‍ട്ടൂണുകള്‍ ഒക്കെ ഒരു ബ്ലോഗിലിടാന്‍ പറയാമോ?

വെള്ളെഴുത്ത് said...

സിമീ കാര്‍ട്ടൂണിസ്റ്റ് ഗോപീകൃഷ്ണനും കവി ഗോപീ കൃഷ്ണനും രണ്ടാള്‍ക്കാരാണ്. ‘മടിയരുടെ മാനിഫെസ്റ്റോ’ എന്നൊരു സമാഹാരം പുറത്തിറക്കിയിട്ടുണ്ട് പി എന്‍ ഗോപീകൃഷ്ണന്‍

Kuzhur Wilson said...

സന്തോഷം സന്തോഷം സന്തോഷം

Pramod.KM said...

കരയുമ്പോള്‍ ‘നീയെന്താടാ പെണുങ്ങളെപ്പോലെ’ എന്നു ചോദിക്കുന്നതിന്റെ ഗുട്ടന്‍സ് ഇപ്പോഴല്ലേ പിടികിട്ടിയത്:)

bodhappayi said...

സന്തോഷം