Monday, February 26, 2007

ഇടത്തോട്ടെഴുതുന്നത്

ജനലില്‍
കാറ്റുപതിച്ചമണലില്‍
മഴ
ഇടത്തോട്ടെഴുതുന്നു
അകം
പെരുമഴയില്‍ കുതിരുമ്പോള്‍
നിറയും കണ്ണുകളില്‍
പ്രണയം മാന്‍കുട്ടിയായ് വന്ന്‌
കണ്ണാടി നോക്കുന്നു

ഒരിക്കലെങ്കിലും തൊടുമെന്ന്‌
വിരലുകള്‍
കെട്ടുപോകുവാന്‍ കുതറുന്നു
ഉമ്മവെയ്ക്കില്ലൊരിക്കലും
നിന്നെ ഞാനെന്ന്‌
ചിരിച്ച്
തോരും മഴയ്ക്കൊപ്പം
പുറത്തുപോകുന്നു

Friday, February 23, 2007

കണ്ണിക്കേടിന്റെ കാലത്ത് - സാറാ ജോസഫ്

കുറച്ചുദിവസമായി വല്ലാത്ത കണ്ണുവേദന
നന്ത്യാര്‍വട്ടം, മുലപ്പാല്, തുളസിനീര്, തുമ്പപ്പൂ.
സ്വയം ചികിത്സ ഫലിച്ചില്ല.
വൈദ്യരെ കണ്ടു മരുന്നൊഴിച്ചു
വല്ലാതെ കണ്ട് നീറുന്നു.
ഡോക്ടറെ കണ്ടു പറഞ്ഞു തന്നു
കണ്ണീര് വറ്റിപ്പോയി അതിനാലാണിറിറ്റേഷന്‍
ഹ്രസ്വദൃഷ്ടിയല്ല, ഹേ! കണ്ണീരുറവയടഞ്ഞു പോയ്
അതിനാലാണ് വേദന.

എങ്ങനെ വറ്റി വരണ്ടുപോയ് എന്റെയീരണ്ടു കണ്ണുകള്‍?
നെഞ്ചില്‍ തുളുമ്പി നില്‍പ്പല്ലോ, ഒന്നരക്കുടം കണ്ണീര്‍.
കുറിപ്പു തന്ന ഭിഷഗ്വരന്‍
കൈകൊണ്ട് തൊടരുത്, വെളിച്ചത്തില്‍ കാട്ടരുത്, വെള്ളത്തില്‍ തട്ടരുത്.
ചോദിച്ചുനോക്കീ വെറുതേ, തിരിച്ചു വരില്ലേ കണ്ണുനീര്‍?
പ്രയാസമാണ് ശ്രമപ്പെട്ട് മരുന്നൊഴിക്കുക കാത്തിടാം.
സങ്കടം വന്നു പെരുക്കുന്നു.
ഇനിയുള്ള കാലമെങ്ങിനെ ബാക്കിയുള്‍ലതു ജീവിക്കും?
കരയാതെ, കനിയാതെ, കണ്ണീരൊഴുക്കാതെ..

Thursday, February 22, 2007

വാക്കും കവിതയും - മാങ്ങാട് രത്നാകരന്‍

മുറിപൂട്ടി താക്കോല്‍ വിരല്‍ത്തുമ്പത്ത് ചുഴറ്റുമ്പോള്‍ : ആഞ്ചന1
വില്‍‌സുപാക്കറ്റിന്റെ നെയ്യുടുപ്പഴിക്കുമ്പോള്‍ : കുശി2
നര കയറിയ മുടിപിഴുതെടുക്കുമ്പോള്‍ : പൊഞ്ഞാറ്3
വെള്ളം കുടിച്ചെത്തിയ വെയിലു കായുമ്പോള്‍ : താറ്റം4
കാന്താരി ഞെരിച്ചിട്ട സംഭാരം കുടിക്കുമ്പോള്‍ :കുയില്‍‌ച5
പാട്ടും കേട്ട് നഖം വെട്ടി സുഖിച്ചിരിക്കുമ്പോള്‍ : വനം കരയല്‍6

തീവണ്ടിയ്ക്കു കൈകള്‍ വീശി കുഞ്ഞുങ്ങള്‍ തുളുമ്പുമ്പോള്‍
കൈതപ്പൊന്തയില്‍ കുളക്കോഴികള്‍ കുറുകുമ്പോള്‍
കിണറ്റുവെള്ളം കോരി മൂര്‍ദ്ധാവിലൊഴിക്കുമ്പോള്‍
കവിള്‍ നിറച്ചുവെള്ളം ചീറ്റി മഴവില്ലുകാണുമ്പോള്‍

വാക്കറിവീലവ, എഴുതാകവിതകള്‍

1. വെറുതെയുള്ള ആവര്‍ത്തനം 2. സന്തോഷം 3. നഷ്ടവേദന 4. ദാഹം 5. മത്തുപിടിച്ച അവസ്ഥ 6. ആദിമസ്മൃതി

Wednesday, February 21, 2007

പിന്‍ബെഞ്ചുകാരന്റെ മനഃശാസ്ത്രം - ദേശ്നി

പിന്‍ബെഞ്ചുകാരന് ഉറക്കം വരാറില്ല.
അവന്‍ അദ്ധ്യാപകന്‍ പറയാത്തത് കേള്‍ക്കുകയും
ക്ലാസ്സില്‍ നടക്കാത്തത് കാണുകയും ചെയ്യുന്നു
രസതന്ത്രം അദ്ധ്യാപകന്റെ ചോക്കുക്കഷ്ണങ്ങളില്‍
അവന്റെ കാഴ്ചയുടെ ചിലന്തിവലകള്‍ മുറിഞ്ഞുപോകുന്നു.
അവന്റെ ചെമ്പരത്തിപ്പൂവുകള്‍ നുറുങ്ങിപ്പോവാതെ വെറുതെ നിന്നു ചിരിക്കുന്നു.
അവന്റെ ഭൂപടത്തില്‍ അതിര്‍ത്തികള്‍ മാഞ്ഞുപോവുകയും
ഭൂഖണ്ഡങ്ങള്‍ മുങ്ങിപ്പോവുകയും ചെയ്യുന്നു.
അവന്റെ യാത്രകളില്‍ അറിയാത്ത വഴികളുടെ ഭൂപടം
ദിശാസൂചിക കറങ്ങിക്കറങ്ങി ദിശ നഷ്ടപ്പെടുമ്പോള്‍
മറ്റൊരുചോക്കു കഷ്ണത്തില്‍, അവന്റെ കാഴ്ചയുടെ ഫ്രെയിമില്‍
ഒരു’കട്ട്’ വിളിയുയരുന്നു.

Tuesday, February 20, 2007

അനന്തം - എന്‍.ജി.ഉണ്ണികൃഷ്ണന്‍

തെങ്ങിന്‍ തൈമേല്‍ ഒരു കാക്കത്തമ്പുരാട്ടി
മാവിന്‍ ചില്ലയില്‍ ഒരു മാടത്ത കുടുംബം
പുല്‍ക്കതിരുകള്‍ തൊട്ടു പറന്ന് മഞ്ഞത്തുമ്പിയുടെ
ശബ്ദമില്ലാത്ത ഹെലിക്കോപ്റ്റര്‍
തെങ്ങോല വിറച്ചു.
ഓലയില്‍ ഇളം മഞ്ഞവെയില്‍
അങ്ങേപ്പറമ്പില്‍ പിള്ളേര്‍
ബൌണ്ടറിയോ ക്യാച്ചോ കൂവി.
നീയില്ലെന്ന വേദനയോടെ
നിന്റെ കണ്ണുകളുടെ തെളിനീര്‍ തടാകത്തില്‍
ഇതെല്ലാം കണ്ടുകണ്ടങ്ങിരിക്കുന്നതിനെ
ദൈവം എന്നു പറയുന്നു.

തെങ്ങുകള്‍

ഈന്തപ്പനകള്‍ ചോദിച്ചു

തുറിച്ചുനോക്കുന്നതെന്തിന്‌
വിവര്‍ത്തനശേഷമുള്ള
തെങ്ങുകളാണ്‌ ഞങ്ങള്‍

മറന്നുവോ ?

Monday, February 19, 2007

തെരുവിന്റെ കഥ - അയ്യപ്പന്‍

ഒരിടത്ത്
ഒരു മകളുണ്ടായിരുന്നു
അച്ഛനാരെന്നറിയില്ല
അമ്മയെ കണ്ടിട്ടില്ല
ഒരാള്‍ കുരുന്നു കൈപിടിച്ച്
ഒരു തെരുവിലേയ്ക്ക് കൊണ്ടു പോയ്
ആ തെരുവിന്റെ പേരിന്ന്
ചുവന്ന തെരുവ്.

Sunday, February 18, 2007

കാവ്യകല -കുമാരനാശാന്‍

ഏകാന്തം വിഷമമൃതാക്കിയും വെറും പാഴാകാശങ്ങളില്‍
അലര്‍ വാടിയാരചിച്ചും
ലോകാനുഗ്രഹപരയായെഴും കലേ,
നിന്‍ ശ്രീകാല്‍ത്താരിണ അടിയങ്ങള്‍ കുമ്പിടുന്നു.

ആര്‍ക്കും നിന്‍ വടിവറിയില്ല,
അര്‍ഘ്യമാല്യം കോര്‍ക്കും നിന്‍ പ്രതിമകള്‍ നോക്കി അര്‍ച്ചകന്മാര്‍
ഓര്‍ക്കും നിന്‍ മഹിമകളാരവര്‍ക്കു രോമം ചീര്‍ക്കുന്നുണ്ടതു മതി
അംബ വിശ്വസിപ്പാന്‍.

തുംഗശ്രീ ഗിരി ശിഖരങ്ങള്‍, ശുഭ്രവീചീഭംഗ വ്യാകുലജലമാര്‍ന്ന സാഗരങ്ങള്‍
എങ്ങും പുഷ്പിത വനഭൂക്കള്‍ എന്നിവറ്റില്‍
തങ്ങും നിന്‍ ചുവടുകള്‍ ദേവി മാഞ്ഞുപോകാ.

പാഴാകും മരുവിലലഞ്ഞു സര്‍വഗേ
നീ വാഴാറുള്ള അരമന തേടി വാടി ഞങ്ങള്‍
കേഴാതാ രസമയരാജ്യ സീമ കാണ്മാന്‍
‘ഏഴാമിന്ദ്രിയ’മിനിയമ്പോടേകുകമ്മേ !

Saturday, February 17, 2007

ഓര്‍മ്മ - ഡി.വിനയചന്ദ്രന്‍

ഈ വഴിയേ പലരും പോയിട്ടുണ്ടെങ്കിലും
വഴിയില്‍ കുഴഞ്ഞു വീണു മരിച്ച ഒരാളെ മാത്രമേ
നാട്ടുകാര്‍ ഓര്‍ക്കുന്നുള്ളൂ.
അയാളുടെ സഞ്ചിയില്‍ കുന്നിമണികളും
മഞ്ചാടിക്കുരുക്കളും ഉണ്ടായിരുന്നു
ഒരമ്മയുടെയും കുട്ടിയുടെയും പടമുണ്ടായിരുന്നതു കൊണ്ട്
അമ്മമാര്‍ അയാളെ ഓര്‍ക്കുന്നുണ്ട്.
കുഴിച്ചിടുമ്പോള്‍ ഒരു കീറു വെളിച്ചം
മായാതെ ദേഹത്തു തങ്ങി നിന്നതിനാല്‍
മണ്‍‌വെട്ടിയും തൊഴിലാളികളും അയാളെ മറന്നിട്ടില്ല.
സഞ്ചിയിലുണ്ടായിരുന്ന വിത്തുകള്‍
വളര്‍ന്നു പൂവും കായുമായതിനാല്‍
മണ്ണും മരവും തേനും ആകാശവും
അയാളെ ഓര്‍ത്തുകൊണ്ടിരിക്കും.
കിനാവു കാണാത്ത ദിനങ്ങളില്‍
ആളുകള്‍ ചോദിച്ചുകൊണ്ടിരിക്കും
എന്തിനായിരുന്നു ആ കുന്നിമണികള്‍?
ഈ വഴിയേ പലരും പോയെങ്കിലും
ഒരാളെ മാത്രമേ എല്ലാവരും ഓര്‍ക്കുന്നുള്ളൂ.

Friday, February 16, 2007

പൊരുള്‍

നെയ്യുകയാണ്
അതിവേഗത്തില്‍
എനിക്കു ചുറ്റിനും
നിന്നെ;
കൂട് തീര്‍ത്ത്
അതിനുള്ളിലാകുവാന്‍.
രാവോ പകലോ
അറിയാതെ
നിനക്ക് നിന്നെ ഊടും പാവുമാക്കി.
വരും
കാലങ്ങള്‍
ഈ കൂട്ടിനുള്ളില്‍
എനിക്കു വാസം

അവിടെ സൂര്യനുദിക്കും
രാത്രി നിറയും
ഋതുഭേദങ്ങള്‍
ലോകമിതെന്ന്‌
തെളിയിക്കും .

കാലം എന്നെ
കൂടോടെയെടുത്ത്
ദേശാന്തരങ്ങളിലേക്ക്
പറന്നു പോകും

Thursday, February 15, 2007

പനിനീര്‍പ്പൂവും നഖമുനകളും - പി.എ.നാസിമുദ്ദീന്‍

ഒരിക്കല്‍ സിംഹത്തിന് ഈ ലോകത്തോട് അതിയായ സ്നേഹം തോന്നി.
അത് മരത്തിനെ കെട്ടി വരിഞ്ഞു.
അതിന്റെ ആലിംഗനത്താല്‍ ചെറുകമ്പുകള്‍ ഉതിര്‍ന്നു വീണു.
നഖമുനയാല്‍ തൊലി വിണ്ടുകീറി.
നിനക്ക് സ്നേഹിക്കാനറിയില്ല-മരം പറഞ്ഞു
നിന്റെ നഖങ്ങള്‍ ക്രൂരമാണ്.
ഞാന്‍ നിന്നെ ചുംബിച്ചോട്ടേ?
അത് എതിരെ വന്ന കാണ്ടാമൃഗത്തോടു ചോദിച്ചു.
വേണ്ട ! എന്റെ ഒറ്റക്കൊമ്പ് ഞാന്‍ വേണ്ടപ്പോള്‍ എടുക്കുന്നു.
പക്ഷേ നിന്റെ സ്നേഹത്തോടൊപ്പം കോമ്പല്ലുകളും നഖമുനകളും ഞെട്ടി ഉണരുന്നു
സിംഹത്തിന് ദൈവത്തോട് കടുത്ത ദേഷ്യം തോന്നി
ഒരു പുല്‍ക്കൊടിയെപ്പോലും തനിക്ക് സ്നേഹിക്കാനാവുന്നില്ലല്ലോ.
പെട്ടെന്ന്, ഒരു പനിനീര്‍പ്പൂവുമായി ദൈവം ആകാശത്തു പ്രത്യക്ഷപ്പെട്ടു.
പനിനീര്‍പ്പൂ ചൂണ്ടി പറഞ്ഞു-
നീ ഇരതേടുമ്പോള്‍, ഇണ ചേരുമ്പോള്‍
പുല്‍ത്തകിടിയില്‍ കളിക്കുമ്പോള്‍ പോലും
നഖമുനകള്‍ രാകി രാകി ഈ പനിനീര്‍പ്പൂ പോലെയാക്കി വയ്ക്കുക
അങ്ങനെ പനിനീര്‍പ്പൂക്കള്‍ക്കും നഖമുനകള്‍ക്കുമിടയില്‍
സ്നേഹമിപ്പോഴും അതിന്റെ ഉരുണ്ടുകളി തുടരുന്നു.

Wednesday, February 14, 2007

ബ്രയിന്‍ സ്‌റ്റോമിങ്

പുതിയ കവികളെ കണ്ടിട്ടുണ്ടോ എന്തോ
എന്തുമാത്രം ആകാംക്ഷയാണ് ആ മുഖങ്ങളില്‍
എത്രവേണമെങ്കിലും പ്രശംസിച്ചോളൂ
ഒട്ടും പൊങ്ങില്ല
പൊങ്ങുതടിപോലെ കിടക്കും
പൊങ്ങച്ചച്ചന്തകളില്‍

പുതിയ നിരൂപകരെ കേട്ടിട്ടുണ്ടോ ആവോ
എന്തുമാത്രം ആധികാരികതയാണ് ആ മുഖങ്ങളില്‍
മൂക്കും മുലയും മുറിക്കും
മുക്കും മൂലയും തപ്പും
ഒറ്റവരിപോലും മാറ്റാന്‍ പറ്റില്ല
വരിയുടഞ്ഞുപോം

പുതിയ വായനക്കാരെ പറഞ്ഞിട്ടുണ്ടോ കാര്യം
എന്തുമാത്രം ആത്മാര്‍ത്ഥമാണ് ആ വേഴ്ചകളില്‍
ഒട്ടും വിട്ടുവീഴ്ചയില്ല
ചേര്‍‌ത്തുവെച്ച് ഉത്പാദിപ്പിച്ചോളും
അവസാനത്തെ അര്‍‌ത്ഥം

Tuesday, February 13, 2007

ശേഷം

തീമഴപ്പെയ്തിനു ശേഷം
വസന്തം തിരികെ വരും
വറുതിയുടെ കൊടും വേനല്‍ കഴിഞ്ഞ്
മഴക്കൂണുകള്‍ പൊട്ടിമുളയ്ക്കും
പ്രളയക്കൊടുങ്കാറ്റ് വീശുമ്പോഴും
അണയാത്ത തിരികള്‍
ഞാന്‍ നെഞ്ചില്‍ കൊണ്ടുനടക്കും
മഞ്ഞുകാലത്തിന്റെ
മൂടുപടമഴിച്ച്
പച്ചിലകള്‍
ആനന്ദനൃത്തം ചവിട്ടുമ്പോള്‍
എന്റെ പാദസരങ്ങള്‍
ഞാനവര്‍ക്കു
ദാനം കൊടുക്കും

ആഗതന്‍ - ധന്യാരാജ്

മഴയുടെ കൈപിടിച്ചാണ് അവന്‍ നടന്നു കയറിയത്
ജാലകത്തിനപ്പുറം അവന്റെ നിശ്വാസങ്ങളുടെ പുക പരന്നപ്പോള്‍
വാതില്‍ തനിയേ തുറക്കപ്പെടുകയായിരുന്നു.
അവന്റെ മുടിയിഴകളില്‍ മിന്നാമിനുങ്ങുകള്‍ കോര്‍ത്തു കിടന്നു
ആ പച്ചവെളിച്ചം കൊണ്ടാകണം
അവന്റെ ശിരസ്സിനു ചുറ്റും പ്രഭാവലയമുണ്ടായത്

മഞ്ഞുപാളികള്‍ കൊണ്ടുണ്ടാക്കിയ ഉടുപ്പയിരുന്നു അവന്.
അവ ഉരുകി തുടങ്ങുമ്പോഴും അവനു കുളിര്‍ന്നില്ല
അവന്റെ നെഞ്ചില്‍ ചെറിയ തീകുണ്ഡം നീറിപ്പുകയുന്നുണ്ടായിരുന്നു.
അതിന്റെ ചൂടേറ്റിട്ടും അവനു വിയര്‍ത്തില്ല

നീ കണ്ടുവോ അവന്‍ മന്ത്രിച്ചു
വസന്തമാണ് പുറത്ത്
അവന്റെ ഹൃദയവിടവിലപ്പോള്‍
പൂക്കള്‍, ശലഭങ്ങള്‍, കിളികള്‍
പല നിറത്തിലുള്ള നക്ഷത്രങ്ങള്‍
വരൂ, അവനെന്നെ വിളിച്ചു, ഞാനവനെ അനുഗമിച്ചു.

അകലെ മഴക്കാടുകളില്‍ ഇപ്പോള്‍ വസന്തമായിരിക്കും.

Monday, February 12, 2007

ഹിമാലയം - കല്‍പ്പറ്റ നാരായണന്‍

ഹിമാലയം കണ്ടതോടെ
വലുപ്പത്തിന്റെ മാനദണ്ഡം മാറി
വലിയ മഴയെന്നും വലിയ വേദനയെന്നും വലിയ സുഖമെന്നും
പറഞ്ഞതില്‍ ഞാന്‍ ലജ്ജിച്ചു.
തിളച്ചു മറിയുന്ന വെള്ളം
സഹിക്കാവുന്ന ചൂടുള്ളതായി
ആനയെ തൊഴുത്തില്‍ കെട്ടാം എന്നായി.

Saturday, February 10, 2007

ഉപ്പ് - സര്‍ജു

ഉലകെല്ലാം നാറും വായ ‍ തുറന്നു ഞാനുറങ്ങുമ്പോള്‍
ഇടത്തോട്ടും വലത്തോട്ടും കഴുത്തു ചാഞ്ഞൊടിയുന്നു

മൂടി പൊട്ടും ഓടയാകാം, തുരങ്കത്തിന്‍ മുഖപ്പാകാം.
ഉള്ളില്‍ നിന്നുമൊലിക്കുന്നു, ചിരകാലം ചിറ കെട്ടി
നിന്ന പോലെ, തൊണ്ടു ചീയും കായലോരം പോലെ.

അഴുക്കഴുക്കി ഞാനെന്റെ അടുക്കളയ്ക്കു തീയെടുക്കും
കിനാവിലൊരാള്‍ ചിരിക്കുന്നു.
ഉത്സവപ്പറമ്പില്‍ പണ്ട് ബാലേ കണ്ടുറങ്ങിയ രാവില്‍
കല്ലുപ്പു തീറ്റിച്ച ചങ്ങാതി.

അയ്യപ്പന്‍ -2 - അന്‍‌വര്‍ അലി

ഒറ്റയ്ക്കേ യാത്ര ചെയ്‌വോന്‍,
-അടിയിളകിയ പാഴ് പാദുകം മാത്രമായോന്‍.
കൂട്ടങ്ങള്‍ക്കന്യന്‍,
-ആരും ബഹിര്‍ നയനതയാല്‍ കണ്ടിടാ കാഴ്ച കാണ്മോന്‍.
ദുഃഖത്തിന്‍ കാട്ടില്‍
മഞ്ഞപ്പുലിയുടെ ചിരിമേലേറിയേ സഞ്ചരിപ്പോന്‍.
അയ്യപ്പന്‍,
ചോരകൊണ്ടേ കവിത കഴുകുവോന്‍,
ബുദ്ധരില്‍ ഭ്രാന്തനായോന്‍.

അയ്യപ്പന്‍ -ടി.പി.അനില്‍ കുമാര്‍

കാട്ടില്‍വെച്ചു കണ്ടു
അഭയവരദ മുദ്രകളില്ലാതെ
മരച്ചുവട്ടിലിരുന്നു
ബീഡിവലിക്കുന്നു
കവിതയിലെ വനവാസി

കിതപ്പാറ്റും മൃഗത്തിന്റെ മട്ട്‌.

മുഷിഞ്ഞിട്ടുണ്ട്‌
വെയില്‍തിന്നാവണം,
മുഖം ചുവന്നിരിക്കുന്നത്‌

ചിരിച്ചു
പുലിപ്പാലുതേടിയാണോ
നീയും വീടു വിട്ടത്‌?

അല്ല, കാടു കാണാന്‍
വീടിന്റെ ചതുരത്തിനപ്പുറം
കണ്ടിട്ടില്ല
താഴ്‌വരകള്‍, പുല്‍ക്കാടുകള്‍
നീരൊഴുക്കുകള്‍
അറിഞ്ഞിട്ടില്ല

മരവേരിലല്‍പം ഇടം തന്നു
ചെവിയോര്‍ക്കുവാന്‍ പറഞ്ഞു

ഉള്‍ക്കാട്ടില്‍നിന്നും കേട്ടു
മുലയൂട്ടുന്ന കവിതയുടെ
മുരള്‍ച്ച

Friday, February 09, 2007

കല്ല് - പി. എ നാസിമുദ്ദീന്‍

പട്ടണത്തില്‍ നിന്നു പോരും വഴി വായിക്കാനൊരു മാസിക തേടി പീടികയെല്ലാം കേറി.
ഒന്നും കിട്ടാതെ ഒരു കല്ലെടുത്ത് കീസയിലിട്ട്
വീട്ടിലെത്തിയ ഉടനേ അതു നീര്‍ത്തി വായിക്കാനാരംഭിച്ചു.
പേരറിയാത്ത അനേകരുടെ കാല്‍പ്പാടുകള്‍
ഒരു ജ്ഞാനിയുടെ, ഒരു ജിപ്സിയുടെ
ഞാനതിനെ തൊട്ട ആദ്യത്തെ നിമിഷം മുന്‍പേ പോയ
പാദങ്ങളുടെ ഇളം ചൂട്
വിരല്‍ തുമ്പിയുടെ മുകളിലോട്ട് പാഞ്ഞു
ആദിയില്‍ ഭൂമിയുടെ നിയമങ്ങള്‍ നടപ്പിലാക്കപ്പെടുമ്പോള്‍
ആഴത്തിന്റെ ഒരു പുളപ്പും പേറി ഒളിച്ചോടി ഇരുട്ടും വെളിച്ചവും
കുടിച്ചു കുടിച്ചു മടുത്ത ആ കൊച്ചുകഷ്ണം കല്ല്
എന്നെ എവിടെയൊക്കെയോ നയിച്ചു.
എങ്ങും മുട്ടാതെ കമ്പളിപ്പിക്കുന്ന പാതകളും
അതിലൂടെ നടക്കുന്ന വഴിപോക്കരും
എന്റെ രാത്രിയില്‍ നിറഞ്ഞു
പെട്ടെന്ന് നോക്കുന്നവനെയും പശ്ചാത്തലത്തിലേയ്ക്ക്
ഉള്‍പ്പെടുത്തുന്ന ഒരു ഭ്രമാത്മക ചിത്രം പോലെ
പ്രപഞ്ചം എനിക്കുചുറ്റും വര്‍ത്തിച്ച ഒരു നിമിഷം,
ഞാനാ കല്ല് ജനലിലൂടെ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞു.


Thursday, February 08, 2007

ഇടനേരം നമ്മള്‍ ഇവിടെയാണ് - കെ.സി.മഹേഷ്

പകല്‍
ഇപ്പുറത്തുനിന്ന് അപ്പുറത്തേയ്ക്ക് വലിച്ചു കെട്ടിയ അയലില്‍
ഉണങ്ങിയുണങ്ങി തൊട്ടാല്‍ പൊടിയുന്ന വസ്ത്രം
രാത്രി
നക്ഷത്രങ്ങള്‍ പകുതിക്കു വന്നു അയലില്‍ ഇപ്പോള്‍
നനഞ്ഞ് അലിയുന്ന വസ്ത്രം
എന്നാല്‍ നാം
ഈ വസ്ത്രത്തിനകത്തുണ്ട്
ഉണങ്ങി വരളുകയോ
അലിഞ്ഞു തീരുകയോ

Wednesday, February 07, 2007

നീ -ഗീതു പി ജി

പുതിയ ബന്ധങ്ങളിലേയ്ക്കു കൈകോര്‍ക്കുമ്പോഴും
മനസ്സിലെവിടെയൊ പച്ചത്തവളയുടെ തണുപ്പുപ്പോലെ
നീ അവശേഷിച്ചിരുന്നു.
പുതിയ സ്നേഹങ്ങളിലേയ്ക്കു വഴുതി വീഴുമ്പോഴും
മനസ്സിലെവിടെയോ നിറം മാറിക്കൊണ്ട്
ഓന്തിനെപ്പോലെ നിന്റെ സ്നേഹവും അവശേഷിച്ചിരുന്നു.
പുതിയ വഴികളിലേയ്ക്കു പതറിയോടുമ്പോഴും
പുതിയ ഓര്‍മ്മകളിലേയ്ക്ക് ചിതറിപ്പറക്കുമ്പോഴും
മനസ്സിലെവിടെയോ പ്രകാശത്തിന്റെ നേര്‍ത്തപ്പൊള്ളല്‍ പോലെ
നിന്റെ നിഴലുകള്‍ എന്നെ വേട്ടയാടിയിരുന്നു.
‘കാത്തുവയ്ക്കാത്തവന്റെ കലവറയില്‍’ നീ എനിക്കായി സൂക്ഷിച്ച
സ്നേഹവും അണയാറായിരിക്കുന്നു.
ഇനി സമയമില്ല നിനക്കും എനിക്കും.

Tuesday, February 06, 2007

അളന്നു കിട്ടുന്നത്

അളന്നു മുറിച്ചു ജീവിച്ചു
മരിച്ചപ്പോള്‍
അളന്നു കിട്ടി
ആറടി.
പരലോകമായി
നരകമാണ് കിട്ടിയത്!
അഗ്നിയാണെങ്കിലും എത്ര സ്വാതന്ത്ര്യം
അളവില്ല
തൂക്കമില്ല
ചിട്ടകളൊന്നുമില്ല
എവിടെയും പോകാം
നരകത്താണ്ട്
നൂറ് ചെല്ലുമ്പോള്‍
സ്വര്‍ഗത്തിലേക്ക് സ്ഥലം മാറ്റം.
ഞാന്‍ പോകില്ല
അവിടം ഭൂമിപോലെ
പ്രശ്നസങ്കീര്‍‌ണ്ണമെന്നു കേള്‍ക്കുന്നു
അളന്നു മുറിച്ചു ജീവിക്കണം
അവസാനം കിട്ടുന്നതോ
അളന്ന്‌
ആറടി.

Monday, February 05, 2007

സൂര്യന്റെ ഒരു ദിവസം

സൂര്യന്‍ ഭൂമിയുടെ കണ്ണുകെട്ടി
ഭൂമി വെളുക്കുവോളം പരതിക്കറങ്ങി
ജിപ്സിപ്പെണ്ണായ്
തൂവാലനീക്കി
ഭൂമി ഒളിഞ്ഞു നോക്കി
പച്ചച്ചുരിദാറിട്ട ഭൂമിയുടെ
ഉടലിലൂടെ സൂര്യന്‍
നോക്കിക്കൊണ്ടേയിരുന്നു
കണ്ണുകള്‍ ചുവന്നു തുടുത്തു
ദു:ഖഭാരത്താല്‍
ദേ, ഇന്നു വൈകുന്നേരം
കടലില്‍ച്ചാടി മരിച്ചു.

Sunday, February 04, 2007

ഞായറാഴ്ചപ്പരീക്ഷ -ഒന്ന്

പ്രസിദ്ധ കവിതാസമാഹാരത്തിന്റെ ആമുഖമായി കുറിച്ചിട്ട വരിയാണിത്.
കവി ആരാണെന്ന് പറയാമോ?

“നിന്റെ തൊട്ടിലും അമ്മയുടെ ശവപ്പെട്ടിയും ഇതേ മരത്തിന്റെയാണ്”

Saturday, February 03, 2007

കുടിയൊഴിക്കല്‍ - മാധവിക്കുട്ടി

ഞാന്‍ നഗ്നയായിരുന്നു
തണുപ്പിന്റെ ക്രൌര്യം അനുഭവിക്കുന്നവള്‍
ഈ കാണുന്ന ശരീരം എന്റെ വീടായി തീര്‍ന്നു
പക്ഷേ ഇന്നു ഞാനറിയുന്നു
വാടക ബാക്കിയുള്ളതിനാല്‍ എന്നെ കുടിയൊഴിക്കാനുള്ള
ഒരുക്കങ്ങള്‍ നടത്തി വരികയാണെന്ന്
ഈത്തപ്പഴമാണ് ഞാന്‍ ആവശ്യപ്പെട്ടത്, കാരയ്ക്കയല്ല.
എന്റെ ഹൃദയം കടിച്ചു ചവയ്ക്കുമ്പോള്‍ ഈശ്വരന്‍ പറഞ്ഞു :
“ ഇതു നീ വെയിലത്തു വച്ചിരുന്ന്നിരിക്കണം”

പ്രണയാതുരം - സൂപ്പി

പ്രണയമേ,
വിളിച്ഛാലുമില്ലെങ്കിലും നിന്റെ വിളി കേള്‍ക്കാനേ എനിക്കാവുന്നുള്ളൂ.
ആരെന്തു പറഞ്ഞാലും നേര്‍ത്ത ബിംബങ്ങളാല്‍
ഞാന്‍ നിനക്കു പുതപ്പു തുന്നും.
കോഴി കൂവിയാലും മഞ്ഞു പെയ്തെങ്കിലേ
ഞാന്‍ നിന്നെ വിളിച്ചുണര്‍ത്തൂ..
മാനം കറുത്താലും മയിലാടിയാലേ
ഞാന്‍ നിന്നെ തേടി വരൂ..
പൂ വിടര്‍ന്നാലും പുഴ പാടിയാലേ
ഞാന്‍ നിന്നില്‍ ഒഴുകി വരൂ.
പ്രണയമേ
നിന്റെ വിളി മാത്രമേ ഞാന്‍ കേള്‍ക്കുന്നുള്ളൂ...

Friday, February 02, 2007

സ്വകാര്യക്കുറിപ്പുകള്‍ - ജോര്‍ജ്ജ്

ഒന്ന്
കടുകുമണികളുമായ് ഞാന്‍ മടങ്ങിയെത്തിയപ്പോള്‍
ബുദ്ധന്‍ പുരാവസ്തു വില്‍പ്പനശാലയിലെ കണ്ണാടിക്കൂട്ടില്‍
ഒരു വെങ്കല വിഗ്രഹം.

രണ്ട്
സൂര്യനെ കരിമ്പന കുടിച്ചു തീര്‍ത്തു.
കരിമ്പനയെ നീലക്കുതിര തിന്നു തീര്‍ത്തു
നീലക്കുതിരയെ ഞാന്‍ പുകച്ചു തീര്‍ത്തു

മൂന്ന്
ഒഴിഞ്ഞ ഊണുമേശപ്പുറത്ത് ഒരു വലിയ പല്ലി
പല്ലിയുടെ വായില്‍ പിടയുന്ന കുരുന്നു കൈകള്‍

Thursday, February 01, 2007

നിലവിളി - സച്ചിദാനന്ദന്‍

മുപ്പതു തലയോട്ടികള്‍ മുങ്കിന്റെ ചിത്രത്തിലെന്നപോലെ
നിര്‍ത്താതെ നിലവിളിച്ചു, കുട്ടികളുടെ ശബ്ദത്തില്‍.

മുപ്പത് അമ്മമ്മാര്‍ക്ക് ആ വിളികേട്ട് മുലചുരത്തി
പക്ഷേ, വന്നത് രക്തമായിരുന്നു
അവരുടെ കണ്ണുകളില്‍ നിന്നുമൊഴുകി രക്തം,
എല്ലാ ഉടല്‍ പഴുതുകളില്‍ നിന്നും

ആ ചുകന്ന പ്രളയം ആയുധങ്ങള്‍ കിലുക്കി
കൊലപാതകിയെ കൊന്നു താഴ്ത്താന്‍ മുന്നോട്ടാഞ്ഞു.
പെട്ടെന്നൊരു വിസില്‍ മുഴങ്ങി, വെടിയൊച്ച പൊങ്ങി
രക്തത്തില്‍ നിന്നു രക്തം
അങ്ങനെയാണ് എന്റെ നാട്ടില്‍ നീതി നടപ്പായത്.