Saturday, February 10, 2007

അയ്യപ്പന്‍ -ടി.പി.അനില്‍ കുമാര്‍

കാട്ടില്‍വെച്ചു കണ്ടു
അഭയവരദ മുദ്രകളില്ലാതെ
മരച്ചുവട്ടിലിരുന്നു
ബീഡിവലിക്കുന്നു
കവിതയിലെ വനവാസി

കിതപ്പാറ്റും മൃഗത്തിന്റെ മട്ട്‌.

മുഷിഞ്ഞിട്ടുണ്ട്‌
വെയില്‍തിന്നാവണം,
മുഖം ചുവന്നിരിക്കുന്നത്‌

ചിരിച്ചു
പുലിപ്പാലുതേടിയാണോ
നീയും വീടു വിട്ടത്‌?

അല്ല, കാടു കാണാന്‍
വീടിന്റെ ചതുരത്തിനപ്പുറം
കണ്ടിട്ടില്ല
താഴ്‌വരകള്‍, പുല്‍ക്കാടുകള്‍
നീരൊഴുക്കുകള്‍
അറിഞ്ഞിട്ടില്ല

മരവേരിലല്‍പം ഇടം തന്നു
ചെവിയോര്‍ക്കുവാന്‍ പറഞ്ഞു

ഉള്‍ക്കാട്ടില്‍നിന്നും കേട്ടു
മുലയൂട്ടുന്ന കവിതയുടെ
മുരള്‍ച്ച

1 comment:

ശിവന്‍ said...

മേതിലിന്റെ ആ ‘തൂങ്ങിക്കിടക്കുന്ന റിസീവര്‍ പോലെയൊരു കല്‍പ്പന‘ അനിലിന്റെ ഒരു കവിതയിലുണ്ടായിരുന്നു. നഗരത്തില്‍, ആളൊഴിഞ്ഞ ഒരു പാര്‍ക്കിലെ സിമന്റു ബെഞ്ചിലിരുന്ന് മിടിക്കുന്ന ഒരു മൊബൈല്‍ ഫോണ്‍!
വേലിയ്ക്കപ്പൂറത്തൂടെ സ്കൂളില്‍ പോകുന്ന കുട്ടികള്‍, തെങ്ങിന്‍ ചുവട്ടില്‍ നിന്ന് നമ്മളെക്ക്കണ്ട് ഒഴിഞ്ഞുമാറിപ്പോയ ചേര, ആവണക്കിന്റെ ഇലപൊട്ടിച്ചും കുമിളയൂതാം. ഒതൊക്കെ ഫോണിന്റെ മറ്റേ തലയ്കല്‍ നിന്നും വരുന്ന ഓര്‍മ്മകളാണ്. കവിത ഒരു വട്ട്പ്പാലം ചുറ്റലില്‍ നെഞ്ചുകീറിപ്പിളര്‍ക്കുന്ന നിലവിളിയായി തീരുന്നു.