Friday, February 09, 2007

കല്ല് - പി. എ നാസിമുദ്ദീന്‍

പട്ടണത്തില്‍ നിന്നു പോരും വഴി വായിക്കാനൊരു മാസിക തേടി പീടികയെല്ലാം കേറി.
ഒന്നും കിട്ടാതെ ഒരു കല്ലെടുത്ത് കീസയിലിട്ട്
വീട്ടിലെത്തിയ ഉടനേ അതു നീര്‍ത്തി വായിക്കാനാരംഭിച്ചു.
പേരറിയാത്ത അനേകരുടെ കാല്‍പ്പാടുകള്‍
ഒരു ജ്ഞാനിയുടെ, ഒരു ജിപ്സിയുടെ
ഞാനതിനെ തൊട്ട ആദ്യത്തെ നിമിഷം മുന്‍പേ പോയ
പാദങ്ങളുടെ ഇളം ചൂട്
വിരല്‍ തുമ്പിയുടെ മുകളിലോട്ട് പാഞ്ഞു
ആദിയില്‍ ഭൂമിയുടെ നിയമങ്ങള്‍ നടപ്പിലാക്കപ്പെടുമ്പോള്‍
ആഴത്തിന്റെ ഒരു പുളപ്പും പേറി ഒളിച്ചോടി ഇരുട്ടും വെളിച്ചവും
കുടിച്ചു കുടിച്ചു മടുത്ത ആ കൊച്ചുകഷ്ണം കല്ല്
എന്നെ എവിടെയൊക്കെയോ നയിച്ചു.
എങ്ങും മുട്ടാതെ കമ്പളിപ്പിക്കുന്ന പാതകളും
അതിലൂടെ നടക്കുന്ന വഴിപോക്കരും
എന്റെ രാത്രിയില്‍ നിറഞ്ഞു
പെട്ടെന്ന് നോക്കുന്നവനെയും പശ്ചാത്തലത്തിലേയ്ക്ക്
ഉള്‍പ്പെടുത്തുന്ന ഒരു ഭ്രമാത്മക ചിത്രം പോലെ
പ്രപഞ്ചം എനിക്കുചുറ്റും വര്‍ത്തിച്ച ഒരു നിമിഷം,
ഞാനാ കല്ല് ജനലിലൂടെ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞു.


1 comment:

ശിവന്‍ said...

കഴിഞ്ഞ 12 വര്‍ഷങ്ങള്‍ കൊണ്ട് 120 വര്‍ഷത്തെ മാറ്റങ്ങള്‍ നമ്മുടെ കേരളീയ സമൂഹത്തില്‍ വന്നു കഴിഞ്ഞു. കണ്‍ തുറന്നിരിക്കെ പ്രഹേളികാത്മകവുംദുരൂഹവുമായിക്കൊണ്ടിരിക്കുന്ന ഈ അനുഭവസങ്കീര്‍ണ്ണപടലങ്ങളെ കവിതയിലേയ്ക്കാവാഹിക്കാതെ പുതുകവിതയ്ക്ക് ഒരു സ്വത്വം ആര്‍ജിക്കാനാവില്ല.
അനുഭവാധിഷ്ഠിതവും യഥാര്‍ത്ഥോന്മുഖവുമായകാവ്യസരണികള്‍ കാലത്തിന്റെ അനിവാര്യതയെന്നോണം പുതുകവിതകള്‍ക്ക് സഹജമായി വന്നിട്ടുണ്ട്. ഇതാണ് പുതുകവിതയുടെ ധനാത്മകമായ വശം.
-പി.എ.നാസിമുദ്ദീന്