Thursday, February 15, 2007

പനിനീര്‍പ്പൂവും നഖമുനകളും - പി.എ.നാസിമുദ്ദീന്‍

ഒരിക്കല്‍ സിംഹത്തിന് ഈ ലോകത്തോട് അതിയായ സ്നേഹം തോന്നി.
അത് മരത്തിനെ കെട്ടി വരിഞ്ഞു.
അതിന്റെ ആലിംഗനത്താല്‍ ചെറുകമ്പുകള്‍ ഉതിര്‍ന്നു വീണു.
നഖമുനയാല്‍ തൊലി വിണ്ടുകീറി.
നിനക്ക് സ്നേഹിക്കാനറിയില്ല-മരം പറഞ്ഞു
നിന്റെ നഖങ്ങള്‍ ക്രൂരമാണ്.
ഞാന്‍ നിന്നെ ചുംബിച്ചോട്ടേ?
അത് എതിരെ വന്ന കാണ്ടാമൃഗത്തോടു ചോദിച്ചു.
വേണ്ട ! എന്റെ ഒറ്റക്കൊമ്പ് ഞാന്‍ വേണ്ടപ്പോള്‍ എടുക്കുന്നു.
പക്ഷേ നിന്റെ സ്നേഹത്തോടൊപ്പം കോമ്പല്ലുകളും നഖമുനകളും ഞെട്ടി ഉണരുന്നു
സിംഹത്തിന് ദൈവത്തോട് കടുത്ത ദേഷ്യം തോന്നി
ഒരു പുല്‍ക്കൊടിയെപ്പോലും തനിക്ക് സ്നേഹിക്കാനാവുന്നില്ലല്ലോ.
പെട്ടെന്ന്, ഒരു പനിനീര്‍പ്പൂവുമായി ദൈവം ആകാശത്തു പ്രത്യക്ഷപ്പെട്ടു.
പനിനീര്‍പ്പൂ ചൂണ്ടി പറഞ്ഞു-
നീ ഇരതേടുമ്പോള്‍, ഇണ ചേരുമ്പോള്‍
പുല്‍ത്തകിടിയില്‍ കളിക്കുമ്പോള്‍ പോലും
നഖമുനകള്‍ രാകി രാകി ഈ പനിനീര്‍പ്പൂ പോലെയാക്കി വയ്ക്കുക
അങ്ങനെ പനിനീര്‍പ്പൂക്കള്‍ക്കും നഖമുനകള്‍ക്കുമിടയില്‍
സ്നേഹമിപ്പോഴും അതിന്റെ ഉരുണ്ടുകളി തുടരുന്നു.

1 comment:

Kuzhur Wilson said...

ഉമ്മ ഉമ്മ

നന്നായി എന്തുകൊണ്ടും.

കഴിഞ്ഞ ദിവസം
ടി.പി.അനില്‍കുമാറിനോടും
പൊയ്ത്തുംകടവിനോടും
നമ്മെപ്പറ്റി പറഞ്ഞു.

നാസുവിനെപ്പറ്റിയും
മുഹമ്മാദാലിയെപ്പറ്റിയും
കൈതയുള്ള ആ മണല്‍പ്പരപ്പിനെപ്പറ്റിയും.

ടി.ന്‍.ജോയ് ന്സ്രാണി ആണെന്നുള്ള എന്റെ വിചാരം കേട്ട് എല്ലാവരും ചിരിച്ചു.
സഹീര്‍ ഇക്കാ ഉള്‍പ്പടെ.

വന്നല്ലോ ഇവിടെയും

നിന്റെ പേരുള്ള ആ ചെടി
വളരുന്നുണ്ടാകും അവിടെ
സുബൈദ ട്ടീച്ചറിന്റെ വീട്ടില്‍.

ഉമ്മ. ചക്കര ഉമ്മ

എന്നാണു നിന്റെ പരാതി കേള്‍ക്കാന്‍
അവിടെ ആ ആല്‍ത്തറയില്‍ ഇരിക്കുന്നേ ?

പോണ്ടെ ?
സെബാന്റെ വീട്ടില്‍...

ഉമ്മ.ഉമ്മ, ഉമ്മ

ഉമ്മ
കാവ്യത്തില്‍ നിരോധിച്ചിട്ടുണ്ടോ ?
ഞാന്‍ ആ ട്യ്പ്പ് അല്ല