Tuesday, January 30, 2007

അക്ഷരത്തെറ്റുള്ള തെറികള്‍ - കുഴൂര്‍

ആരാണ് എഴുതുന്നതെന്നറിഞ്ഞു കൂടാ, എപ്പോഴാണ് എഴുതുന്നതെന്നറിഞ്ഞുകൂടാ
സിനിമാപോസ്റ്ററുകള്‍ സമയാസമയം മാറുന്നതുപോലെ
മൂത്രപ്പുരയുടെ ചുമരുകളില്‍ അക്ഷരത്തെറ്റുള്ള തെറികള്‍ വന്നു.

പായലും കരിക്കട്ടയും ചെങ്കല്ലും ചേര്‍ന്നെഴുതിയത്
ചിലപ്പോള്‍ ഇങ്ങനെയെല്ലാമായിരുന്നു

ഇവിടെ കാറ്റിനു സുഗന്ധം. രാജീവ്+സിന്ധു.
ച്ചോട്ടപ്പന്‍ ബാലന്‍ ഒരു.....കൊക്കിദേവകിയുടെ.........
ഹൃദയത്തിന്റെ നടുവിലൂടെ ഒരു അമ്പ് കടന്നുപോകുന്ന ചിത്രം
രാജന്‍ മാഷും ഭാനുടീച്ചറും തമ്മില്‍ പ്രേമത്തിലാണളിയാ തുടങ്ങിയ പാട്ടുകള്‍

കിട്ടിയ തല്ലുകള്‍ക്കും ഇമ്പോസിഷനുകള്‍ക്കും
പകരം വീട്ടലായി ചുമരുകള്‍ നിറഞ്ഞു.
തീട്ടത്തിന്റെയും മൂത്രത്തിന്റെയും ഗന്ധങ്ങള്‍ക്കിടയിലും
പ്രണയം പായലുകള്‍ക്കിടയില്‍ പൂത്തു.

പെണ്‍കുട്ടികളുടെ മൂത്രപ്പുര ക്ഷേത്രം പോലെ നിലകൊണ്ടു.

Monday, January 29, 2007

ആണുകാണല്‍ - കവിതാ ബാലകൃഷ്ണന്‍

എട്ടാമത്തെ പെണ്ണുകാണലിനും ഒന്‍പതാമത്തെ പെണ്ണുകാണലിനും
ഇടയ്ക്കുവച്ചാണ് ആണിനെ കണ്ടത്
കാണലിന്റെ അതിരുകളില്‍ അവന്‍ ചിലന്തിയെപ്പോലെ സസൂക്ഷ്മം വലകെട്ടുകയോ
ഗൌളിയെപ്പോലെ നേരം നോക്കി ചിലയ്ക്കുകയോ ചെയ്തില്ല.

അവന്‍
ചിലന്തിയെപ്പോലെ ചിലയ്ക്കുകയും
ഗൌളിയെപ്പോലെ വലകെട്ടുകയും ചെയ്തു.
ഹാ ! ദ കം‌പ്ലീറ്റ് മാന്‍ !

Sunday, January 28, 2007

രമണന്‍ 1 -കെ ജി ശങ്കരപ്പിള്ള

രമണന്‍
നന്നായി വേണുവൂതുമായിരുന്നു.
പതിനായിരത്തെട്ട് ഉരുവങ്ങളുടെ ഉടയോനായിരുന്നു
എന്നിട്ടും അതിലൊന്നു നഷ്ടപ്പെട്ടപ്പോള്‍ പോയി തൂങ്ങിച്ചത്തു.
ലുബ്ധന്‍ !

അനാദിശില്പങ്ങള്‍ -അന്‍‌വര്‍ അലി

ആദ്യത്തെ പൊന്മ, ആദ്യത്തെ പുഴയിലെ, ആദ്യത്തെ നനവിനോട് ചോദിച്ചു :
“ജലമേ നീ അവിടെ എന്തെടുക്കുകയാണ്?”
നനവു പറഞ്ഞു :
“പുഴയുടെ നീളമളക്കുകയാണ്”
പൊന്മ കാറ്റിനു ചിന്തേരിട്ടു പറന്നു പോയി.
എന്നും കാറ്റു കടഞ്ഞെത്തുന്ന പൊന്മകള്‍ ചോദിക്കും :
“നീളമെത്രയാണ്?”
പണിക്കുറതീര്‍ന്ന കളിമീനുരുവങ്ങള്‍ ചുണ്ടില്‍ തിരുകിക്കൊടുത്തുകൊണ്ട് നനവു പറയും :
“അളക്കുന്നതേയുള്ളു.”

ആദ്യത്തെ ചുംബനം, ആദ്യത്തെ ചുണ്ടിനോടും ചോദിച്ചു :
“നിന്റെ ചെരിവില്‍ ഞാന്‍ എത്ര ചാലുകള്‍ കൊത്തണം?”
ചുണ്ടു പറഞ്ഞു : “ആവോളം”
ഓരോ ചാലും പുഴയായി, പുഴകള്‍ കടലായി, കടല്‍ ഇരമ്പി;
ഉടല്‍ വാര്‍ത്ത കരു കടല്‍ച്ചൂളയില്‍ തിരയായ് പൊന്തി
ഉളിപ്പല്ലുകള്‍ ഇറങ്ങി വന്ന് മുങ്ങിത്താണുകൊണ്ടിരുന്ന ചുംബനത്തെ വിഴുങ്ങി.
ഇപ്പൊഴും കേള്‍ക്കാം തീരങ്ങളില്‍ ഉളിപ്പല്ലു മുട്ടുന്ന ചിരി.
ചെരിവുകളില്‍ ചുംബനം കൊത്തുന്ന കരച്ചില്‍.

ഹവ്വയുടെ കല്ലറയോടു ചേര്‍ന്നു കിടന്ന് ആദാമിന്റെ കല്ലറ മന്ത്രിച്ചു :
“നീ കേള്‍ക്കുന്നില്ലേ, പട്ടണപ്പല്ലെടുക്കുന്ന ക്രയിനുകളുടെ ശബ്ദം?”
“ഇല്ല, ഞാന്‍ കേള്‍ക്കുന്നത് നിന്റെ തുമ്പികള്‍
നമുക്കിടയിലെ കല്ലെടുക്കുന്ന ശബ്ദം.”

Saturday, January 27, 2007

സംശയം - അഗസ്റ്റിന്‍ ജോസഫ്

പിനീടു ഞാന്‍ ചോദിച്ചു -
നിന്റെ നക്ഷത്രമേതാണ്?
അഗാധമായ ഹാര്‍ഷവായ്പ്പോടെ നീ പറഞ്ഞു “അങ്ങാണ് എന്റെ നക്ഷത്രം.”
പൊടുന്നനെ-
എല്ലാ രാത്രികള്‍ക്കും ധൂമകേതുക്കള്‍ക്കും മുകളില്‍ ജ്വലിച്ചു നില്‍ക്കുന്ന നക്ഷത്രമാണു-
ഞാനെന്നെനിക്കു ബോദ്ധ്യമായി
എങ്കിലും,
കത്തിനില്‍ക്കുന്ന ദുരന്തങ്ങളും അഭിശപ്തമായ വിധിയും ഇരുട്ടും മൃത്യുവും കൊണ്ട്
ഈശ്വരന്‍ എങ്ങനെ ഒരു നക്ഷത്രത്തെ സൃഷ്ടിച്ചു എന്നു ഞാന്‍ സംശയിക്കുന്നു.

Thursday, January 25, 2007

വയസ്സറിയിക്കല്‍ - ബിജു പി നടുമുറ്റം

ഞാനിപ്പം വയസ്സറീക്കും, അമ്മ കേക്കണ്‌ണ്ടോ?
ഞാനിപ്പം വയസ്സറീക്കൂന്ന്..മേടിച്ചു കൊണ്ടുവാ പാഡ്‌വച്ച ബ്രാകള്‍, നാപ്കിനുകള്‍.
ഇനി പകലെല്ലാം ഇരുളാക്ക്, രാത്രികളെ ജയിലാക്ക്
കരച്ചിലിനെ ചിരിയുടെ തൂവാലകൊണ്ട് തുടച്ചോണ്ടിരി
അടുക്കളപ്പുകച്ചുരുളില്‍ നെടുവീര്‍പ്പുകളെടുത്തു വയ്.
വേലിക്കലിഴയുന്ന ചേരയെയും പേടിക്ക്.
നിങ്ങടെ നെഞ്ചിലെ അടുപ്പേന്നൊരു കനല്‍
എന്റെ നെഞ്ചത്തോട്ടുമിനി എടുത്ത് വയ്ക്ക്

പൊടി -പി രാമന്‍

കുറ്റിയറ്റ മനസ്സിന്റെ തേഞ്ഞ വിരലെല്ലുകള്‍
എഴുതിത്തയ്യാറാക്കുന്നു,
മനസ്സില്‍ വച്ച് മൂടോടെ പറിഞ്ഞു പോയ ജീവിവര്‍ഗങ്ങളുടെ നീണ്ട പട്ടിക.

ഒരാള്‍ അകത്തു കടന്ന്
അട്ടിയിട്ടുവച്ചതില്‍ നിന്നോരോന്നോരോന്നെടുത്ത് വീശിക്കുടഞ്ഞു.
പൊടിപടലം തേട്ടിവന്നു.
അതൊന്നടങ്ങീട്ട് നമുക്കകത്തു കടക്കാം.

മൂര്‍ച്ചയേറിയ പൊടി രാകിത്തീര്‍ത്ത ശില്പങ്ങള്‍ക്കു പിന്നില്‍
പതുങ്ങുന്നു ജീവജാലങ്ങള്‍
മൂര്‍ച്ചയേറിയ പൊടി അറുത്തിട്ട കാട്ടിന്‍ നടുവില്‍
മുക്രയിട്ടു നില്‍ക്കുന്നു സ്ഥലകാലങ്ങള്‍

ലോകം വിശാലമാക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു.
പൊടിമാത്രമായിരുന്നു തടസ്സം.

Wednesday, January 24, 2007

കവിതയെഴുതുന്ന പെണ്‍കുട്ടി -ബിജു

കാറ്റുപായ അനക്കമില്ലാതെ
പാറക്കെട്ടില്‍ മാഞ്ഞുപോവും ചില ശ്വാസങ്ങള്‍
ഭാരമില്ലാ ഹൃദയം മീനുകള്‍ ഉമ്മവയ്ക്കും
പാവാടത്തെറ്റം നിലം തൊടാതെ പക്ഷികളറിയും
മുടിയിഴകള്‍ മാറില്‍ വീഴാതെ വലയില്‍ വീഴും.
കണങ്കാലില്‍ മണല്‍ത്തിരയുടെ വിശുദ്ധലിപികള്‍ വരും
ഒരു തിരയും തിരിച്ചറിയില്ല കവിതയെഴുതുന്ന പെണ്‍കുട്ടിയെ.

അഭിമുഖം -ബാലചന്ദ്രന്‍ ചുള്ളിക്കാട്

കാലത്തേ കാവ്യദേവത ഫോണ്‍ ചെയ്തു:
കുഞ്ഞുങ്ങള്‍ നിന്റെ അരികിലേയ്ക്കു വരും, നീ അവരെ തടയരുത്.

സായാഹ്നത്തില്‍ കുഞ്ഞുങ്ങള്‍ എത്തി.
ചോദ്യം തുടങ്ങി.
വെളിച്ചവും പൂക്കളും നിറഞ്ഞ വാക്കുകളല്ല.
വാര്‍ദ്ധക്യവും അസഹിഷ്ണുതയും പകയും നിറഞ്ഞ വാക്കുകള്‍

മനസ്സു പറഞ്ഞു : ഇവര്‍ കുഞ്ഞുങ്ങളല്ല. ശത്രുകള്‍ നിനക്കെതിരെ ജപിച്ചു വിട്ട പിശാചുക്കളാണ്.
ഞാന്‍ തിരുത്തി : അങ്ങനെ കരുതിയാല്‍ ലോകം വിരൂപമാകും. ഇവര്‍ കുഞ്ഞുങ്ങളാണെന്നും വാക്കുകള്‍ ഇവരുടെ ആത്മാവില്‍ നിന്നും വരുന്നു എന്നും വിശ്വസിക്കുക.
കുഞ്ഞുങ്ങള്‍ ചോദിക്കുന്നു :
എന്റെ അപരാധങ്ങളെയും അപഭൃംശങ്ങളെയും കുറിച്ച്.
എന്റെ പരാജയങ്ങളെയും തകര്‍ച്ചകളെയും കുറിച്ച്.
എന്റെ കാപട്യത്തെക്കുറിച്ചും പതനത്തെക്കുറിച്ചും

എന്റെ ഇടര്‍ച്ചകളില്‍ ആനന്ദിച്ച്, എന്റെ പ്രാണവേദനയില്‍ രസിച്ച്,കുഞ്ഞുങ്ങള്‍ ചോദിച്ചുകൊണ്ടേയിരുന്നു.
ഞാന്‍ കാതോര്‍ത്തിരുന്നു ഒരു നല്ല വാക്ക്....ഒരു സാന്ത്വനം....അബദ്ധത്തിലെങ്കിലും. ഒന്നുമുണ്ടായില്ല.
ഇരയുടെ പരവശതയോടെ ഞാന്‍ അവരുടെ കണ്ണുകളിലേയ്ക്കു നോക്കി.
അവയിലെ രക്തദാഹം എനിക്കേത്രയോ പരിചിതം.
കുഞ്ഞുങ്ങള്‍ ചോദിക്കുന്നു : നിങ്ങള്‍ എഴുതുന്നതെല്ലാം പച്ചക്കള്ളമല്ലേ?
നിസ്സഹായതയുടെ കൊലക്കയറില്‍ ഞാന്‍ പിടയുന്നു. ദൈവമേ.
തെളിവും സാക്ഷിയുമില്ലാത്ത ജീവിതം!
ഇല്ല. ദൈവം ആര്‍ക്കുവേണ്ടിയും സാക്ഷി പറയാറില്ല.
ചിറിയിലെ രക്തം നുണഞ്ഞ് കുഞ്ഞുങ്ങള്‍ ചോദിച്ചു :
എവിടെ മറ്റേയാള്‍? എന്റെ ഇണയുടെ ചോരകൂടി അവര്‍ക്കു വേണം !
പക്ഷേ കുഞ്ഞുങ്ങളുടെ ക്രൌര്യം കണ്ടു ഭയന്ന് അവള്‍ നേരത്തേ രക്ഷപ്പെട്ടിരുന്നു.
കുഞ്ഞുങ്ങള്‍ പരസ്പരം നോക്കി.
ഇവനെ നമ്മള്‍ തകര്‍ത്തു. ഇവനെ നമ്മള്‍ നശിപ്പിച്ചു. ഇവന്‍ ഇനി ഇല്ല.
ഇപ്പോള്‍ ഇത്രമതി.
വിജയത്തിന്റെ ലഹരിയില്‍ കുഞ്ഞുങ്ങള്‍ പരസ്പരം പുഞ്ചിരിച്ചു.
നന്ദി സര്‍, വളരെ നന്ദി- നരബലി നടത്തിയ സംതൃപ്തിയോടെ അവര്‍ തിരിച്ചു പോയി.

കുഞ്ഞുങ്ങള്‍ എന്റെ അരികില്‍ വന്നോട്ടെ, എന്റെ ചോരകുടിച്ചോട്ടെ.
ഞാന്‍ അവരെ തടയുന്നില്ല.
കാവ്യദേവതേ നന്ദി, ഈ സായാഹ്നത്തിന്, ഈ വിഷപാത്രത്തിന്.

Tuesday, January 23, 2007

പോടാ മോനേ ദിനേശാ - ശ്രീഹരി

ധീരോദാത്തനും അതിപ്രതാപ ഗുണവാനും വിഖ്യാതവംശജനുമായ
മോഹന്‍ലാല്‍ സ്ക്രീന്‍ പിളര്‍ന്നെത്തി
ചന്തമതിലുകള്‍, ചുമടുതാങ്ങികള്‍, വെയ്റ്റിംഗ് ഷെല്‍ട്ടറുകള്‍, വാള്‍ പോസ്റ്ററുകള്‍ പിളര്‍ന്ന്
പടക്കശാലയ്ക്ക് തീപിടിച്ചപോലലറി. “കത്തിച്ചു കളയും ഞാന്‍ പച്ചയ്ക്ക്, നീ പോടാ മോനേ ദിനേശാ..”
ജുഡീഷ്യറിയെ ഞെട്ടിച്ച്, പിതാപുത്രബന്ധം അരക്കിട്ടുറപ്പിച്ച് കിടുകിടുങ്ങനെ കുലുകുലുങ്ങനെ
മുണ്ടു കയറ്റി ട്രൌസറു കാട്ടി ചീറി ‘നീ പോടാ മോനേ ദിനേശാ..”
വോട്ടുചെയ്യാനെത്തിയ ജനം ബോക്സോഫീസടിച്ച് ഫിറ്റായി.
റേഷന്‍ സബ്സീഡി വെട്ടിയ മുറിവോടെ, കളക്ടറേറ്റ് വളയുന്ന വീറോടെ ശാന്തി*യടഞ്ഞു വിയര്‍ത്തു.
മുണ്ടുമുറുക്കിയുടുത്ത് ചോദനയെ പട്ടിണിക്കിട്ട് ഏറ്റുപാടി “ നീ പോടാ മോനേ ദിനേശാ..”
അനന്തരം നരസിംഹം അപ്രത്യക്ഷമായി.
അടുത്ത അവതാരത്തിനായി അടിയങ്ങള്‍ കാത്തിരിക്കുകയാണ്.
സംഭവിക്കാതിരിക്കില്ലല്ലോ യുഗേ യുഗേ...

ശാന്തി-പയ്യന്നൂരിലെ ഒരു ടാക്കീസ്

മണല്‍മുക്കുവന്‍

മരുഭൂമിയില്‍
വലയെറിഞ്ഞ
ആദ്യനാള്‍
ദിനോസറിനെക്കിട്ടി
വല ചൊരിഞ്ഞപ്പോള്‍
അതൊരാമ
വലയില്‍ മയില്‍
ചൊരിയുമ്പോള്‍ വെയില്‍
വലയില്‍ മീന്‍ തിളക്കം
ചൊരിയുമ്പോള്‍ മുള്‍‌പെരുക്കം
മടയില്‍ വൈഡൂര്യ നാഗത്താന്‍
വടിത്തുമ്പില്‍ ഉറയൂരിയ
കശേരുക്കള്‍
കെണിയില്‍ ഒട്ടകപ്പക്ഷി
കത്തിമുനയില്‍
സത്യം
അചേതനം
ഒരു മുട്ടത്തോട്
കുടുങ്ങുമ്പോള്‍
ഏഴുകടലുകള്‍
തുറന്നുവിട്ടപ്പോള്‍
കാറ്റടഞ്ഞ പങ്കയുടെ
ചിറകുകള്‍
തൊടുക്കുമ്പോള്‍
രത്നകമ്പളം ഖജാന
പൊളിച്ചപ്പോള്‍
ദഹിച്ചുതീര്‍ന്ന
ജനപദങ്ങളുടെ
കഴുക്കോല്‍
വാരിയെല്ലുകള്‍
തരപ്പെടുത്തിയത്
ലോഹഖനി
ഉള്ളിലമര്‍‌ന്ന് കിടപ്പത്
തുരുമ്പ് ഫോസില്‍ കൂട്ടം
അകപ്പെടുമ്പോള്‍
സൂര്യന്‍,ചന്ദ്രന്‍,മഴവില്ല്‌
പിടഞ്ഞെണീക്കും കാട്ടുകണ്ണ്‌
വലക്കണ്ണി
വിടര്‍‌ത്തുമ്പോള്‍
വെറും മണല്‍
മണ്ണ്‌.

2.
കാലം
മണലില്‍
നടന്ന
മുദ്രകളില്‍
കാറ്റെടുത്ത
നൂറായിരം
ഭൂപടങ്ങളുടെ
അതിര്‍ത്തികളില്‍
വലയൊരു പതാകയാക്കി
ഇരുട്ട് നുള്ളിത്തിന്ന്
മുട്ടുകാലില്‍ ഇഴഞ്ഞുനടന്നു

Monday, January 22, 2007

പുയ്യാപ്‌ള - കുരീപ്പുഴ

എട്ടാം ക്ലാസ്സിലെ എട്ടുംപൊട്ടും തിരിയാത്ത
കുഞ്ഞാമിനയെ കാണാന്‍ ഒരാളു വന്നു.
ഒട്ടകവിയര്‍പ്പിന്റെ സുഗന്ധം, താടി,
തലേക്കെട്ട്, നെറ്റിയില്‍ ചെമ്പുതുട്ട്

ഉമ്മ പറഞ്ഞു ‘പുയ്യാപ്ല’
ബാപ്പ പറഞ്ഞു ‘പുയ്യാപ്ല’
കുഞ്ഞാമിനയുടെ ഉള്ളു പറഞ്ഞു
‘ഉപ്പുപ്പ- ഉപ്പുപ്പ’

നിശ്ചലജീവിതം രണ്ട്- പി പി രാമചന്ദ്രന്‍

വെയില്‍, കാറ്റ്, മരങ്ങള്‍, നിഴലുകള്‍.
വെളിയിലാരോ വരച്ചപോലങ്ങനെ

അയയില്‍ വന്നിരിക്കുന്ന കിളിയുടെ
വയറുനോക്കി അനങ്ങാതെയിങ്ങനെ

നിശ്ചലജീവിതം ഒന്ന് - ചുള്ളിക്കാട്

പകുതി തുറന്നിട്ട ജാലകം
അതിലൂടെ തെളിയും ശൂന്യാകാശം
മേശമേല്‍ ടൈപ്പ് റൈട്ടറും കൈത്തോക്കും മണ്‍കൂജയും
തൊട്ടൊരുകസേരയില്‍ കൊത്തിവച്ചതാം മരപ്പാവപോല്‍ ഒരു നഗ്നന്‍
കാല്‍ക്കലായുറങ്ങുന്ന ഡോബര്‍മാന്‍

പ്രകാശത്തിന്‍ ഭസ്മത്താല്‍ പൊതിഞ്ഞൊരീ ദൃശ്യമാര്‍? നീയോ ഞാനോ?

ആഴം

ഉയരത്തില്‍ നിന്ന് താഴേക്ക്
പേടി തോന്നുന്നോ...
ആഴം നിങ്ങളെ ഭ്രമിപ്പിക്കുന്നുണ്ട്
വീഴുമ്പോള്‍ മരിച്ചു പോയേക്കാം
എന്നാലും താഴെ എത്തും
എന്നാല്‍ ഉയരത്തില്‍ നോക്കി
ആരും ഇങ്ങനെ ഭ്രമിക്കാറില്ല
ആകാശം കാണാത്തത്‌ കൊണ്ടാണോ
ആഴമാണല്ലോ ആകാശവും
കാണുന്ന മുഴുവന്‍‌ സ്ഥലവും
കാണാത്ത
അതല്ലാത്തതെന്തോ ഒന്നും
തലയ്ക്കുമീതെ ഇത്രയും
തുറസ്സായ ഗര്‍‌ത്തമുണ്ടായിട്ടും
താങ്കള്‍ ഒരു കെട്ടിടത്തിനു മുകളില്‍ നിന്ന്‌
താഴേക്ക് നോക്കി മാത്രം പേടിക്കുന്നു.

Sunday, January 21, 2007

വൃത്തി

കഴുകാ നീ മുഖം കഴുകാത്തതെന്തേ?
ശവം തിന്മോര്‍ മുഖം കഴുകുന്നതെന്തിനായ്
അതു ശരിയല്ല മനുഷ്യന്മാര്‍ ഞങ്ങള്‍
ശവം തിന്നും, മുഖം കഴുകി നന്നായി-
ത്തുടച്ചു പൌഡറങ്ങിടുകയും ചെയ്യും
അതുശരി, നിങ്ങള്‍ മനുഷ്യന്മാര്‍
ഞങ്ങള്‍ കഴുകന്മാരല്ലോ !

Saturday, January 20, 2007

പ്രതിജ്ഞ

‘ലേബര്‍ ഇന്ത്യ’ എന്റെ രാജ്യമാണ്.
എല്ലാ ലേബര്‍ ഇന്ത്യാക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്.
ഞാന്‍ എന്റെ ലേബര്‍ ഇന്ത്യയെ സ്നേഹിക്കുന്നു. സമ്പൂര്‍ണ്ണവും വൈവിദ്ധ്യപൂര്‍ണ്ണവുമായ അതിന്റെ
പാരമ്പര്യത്തില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു.
ഞാന്‍ എന്റെ ‘ലേബര്‍ ഇന്ത്യ‘യെയും ‘സ്കൂള്‍ മാസ്റ്ററെ‘യും ‘വിദ്യാരംഗ‘ത്തെയും ബഹുമാനിക്കും. അതിന്റെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രയത്നിക്കും.
എന്ന്
നിങ്ങളുടെ സ്വന്തം സ്കൂള്‍‍ മാഷ്

Copy to
ഹെഡ് മാസ്റ്റര്‍
സ്കൂള്‍ മാനേജര്‍
പി ടി എ പ്രസിഡന്റ്
ഡിസ്ട്രിക്ട് എഡ്യൂക്കേഷന്‍ ഓഫീസര്‍

പച്ചനിറം

കൃഷിനിലങ്ങള്‍ വെള്ളക്കെട്ടുകളായി
പാവല്‍ പന്തലുകള്‍ പാടത്തൊടിഞ്ഞുകിടക്കുന്നു മലയിറങ്ങുമ്പോള്‍
കുരുമുളകുതോട്ടത്തിലെ ആളനക്കംഎന്നിലേക്ക്‌ ഒരു വരിതേടുന്നു
ഒരുവരിയും കുറിക്കാനാവാത്തകെണിയിലാണ്‌
ഞാന്‍ ഒരുവരിയെഴുതുമ്പോള്‍ കുറെവരികള്‍
വരുന്നുഅതിലൊരുവരി എയ്ച്ചേച്ചു നീണ്ടു
ചെല്ലുന്നകുന്നുവഴിയില്‍ സ്വയം
വിധിനടപ്പാക്കുന്ന കര്‍ഷകന്‍ നില്‍പുണ്ടനങ്ങാതെ
അയാള്‍ ഒരു ഏണിതോളത്തുവെച്ചുകൊണ്ട്‌
പോകുന്നുമൂന്നാലു കന്നുകാലികളുടെ
കരച്ചിലുമായിപുല്‍മേടുകളില്‍ ഇരുളുന്നുഭാര്യയ്ക്കും
മക്കള്‍ക്കുമൊപ്പം ഫോട്ടോയില്‍ വന്നു നില്‍ക്കുന്നു
എന്റെ ബന്ധുവല്ലപരിചയക്കാരനുമല്ലലോകത്തിലെ
എല്ലാവഴികളും മറ്റൊരുവഴിയില്‍ നിന്നുള്ള
തുടര്‍വരയാകുന്നതുകൊണ്ടാകാം
എന്റെ പേനത്തുമ്പ്‌
എങ്ങനെയോ അയാളുടെ കാല്‍ച്ചുവട്ടിലെത്തുന്നത്‌.

സൌന്ദര്യലഹരി

ചോന്നപൊട്ട് നിനക്ക് ചേരില്ലെന്ന്‌
നൂറുവട്ടം പറഞ്ഞതല്ലേ;
എന്നിട്ടിപ്പോള്‍ നിറുകയില്‍ത്തന്നെ നീ
വെട്ടു കൊണ്ടപോല്‍ സിന്ദൂരവും തൊട്ട്‌
വന്നു നിന്നാല്‍ നിറയാതിരിക്കുമോ
നെറ്റിയില്‍ ഞാനടച്ചിട്ട തീമിഴി.

വൃത്തി

വിരല്‍ തട്ടി മറിഞ്ഞിട്ടും
പരന്നൊഴുകാന്‍ വിടാതെ
പഴന്തുണി നനച്ചാരോ
തുടച്ചെടുക്കയാണെന്നെ.

വേനലിന്റെ അവസാനം

നിറഞ്ഞു കത്തുന്ന
വെയിലിനോടവള്‍ പറഞ്ഞു:

പ്രാണനേ
എനിക്കെരിയുന്നു
അടിമുടി നിന്നെ-

വെയില്‍ പറയുന്നു:
എരിയല്ലേ
വെയിലെരിയല്ലേയെന്ന്‌
മനമെരിഞ്ഞു നീ
പറയുമെങ്കില്‍
ഞാനെരിയുകില്ല

Friday, January 19, 2007

പാടുവാന്‍ - എസ്. ജോസഫ്

“നിലാവു കണ്ട്
കള്ളനൊട്ടിടെ നിന്നു,
പാടുവാന്‍ “(ഹൈക്കു)

അങ്ങനെയിരിക്കെ കള്ളന്‍
ലോകം മുഴുവന്‍ കൊള്ളയടിച്ചെത്തിയ പണക്കാരന്‍
കൂര്‍ക്കം വലികളാല്‍ പണിതുയര്‍ത്തുന്ന മാളികയിലേയ്ക്കു കയറി.

അപ്പോള്‍ അലഞ്ഞു നടന്ന ഒരു പട്ടി കള്ളന്റെ വീട്ടില്‍ ചെന്നു കട്ടു തിന്നു

പട്ടി പോയ തക്കം നോക്കി,കാത്തു കെട്ടിയിരുന്ന ഒരുത്തന്‍
പട്ടി താമസിച്ചിരുന്ന വീട്ടിലെ പെണ്‍കുട്ടിയെ മോഹിപ്പിച്ച് കൊണ്ടു പോയി

അവനെ അന്വേഷിച്ചു പോയ അവന്റെ ഭാര്യ
മടങ്ങുന്ന വഴിയില്‍ പട്ടിയും കൂടെ കൂടുന്നു

ഒരു ദിവസം കള്ളന്‍ അവളുടെ വീട്ടിലുമെത്തി
ഒറ്റപ്പെട്ടു പോയ അവള്‍ അറ്റക്കൈയ്ക്ക് ഒരു കള്ളനെ വരെ പ്രതീക്ഷിച്ചിരുന്നു
അവള്‍ അവന്റെ മേലെ നിലാവു വിരിച്ചിട്ടു.

പട്ടി അവരെ ചുറ്റിപ്പറ്റി നിന്നു.

Thursday, January 18, 2007

ഒരു ദിവസം

നഗരമായി മാറിയ നാട്ടിന്‍പുറത്തെ റോഡ്
കേബിളുകള്‍ നന്നാക്കാന്‍ കുഴിച്ചപ്പോള്‍ പണിക്കാരന് ഒരു സ്ലേറ്റുക്കഷണം കിട്ടി
അതില്‍ ‘ക’ എന്നെഴുതിയിരിക്കുന്നു.
എഴുത്തെന്തെന്നറിയാന്‍ അതയാള്‍ നഗരത്തിലെ ഏറ്റവും പ്രായം ചെന്ന കാരണവരെ കാണിച്ചു.
എന്തോ ഓര്‍ത്തപോലെ അയാള്‍ പഴയൊരു പെട്ടിക്കടിയില്‍ കിടന്ന ‘അദ്ധ്യാത്മ രാമായണം‘ പൊടിതട്ടിയെടുത്തു പറഞ്ഞു
“വീട്ടിന്നു തറയെടുക്കാന്‍ കുഴിച്ചപ്പോള്‍ മുത്തച്ഛനു കിട്ടിയ പുസ്തകത്തില്‍ ഇങ്ങനെയെന്തോ കണ്ടിട്ടുണ്ട്: എനിക്കിതു വായിക്കാനറിയില്ല.”
ആളുകള്‍ വട്ടം കൂടിയിരുന്ന് രാമായണത്തില്‍ പരതി.
അതില്‍ പലയിടത്തും അവര്‍ ആ അക്ഷരം കണ്ടു. കൂട്ടത്തിലുണ്ടായിരുന്ന അദ്ധ്യാപകന്‍ പറഞ്ഞു :
“ പണ്ടു പണ്ട് മലയാളം എന്ന വട്ടെഴുത്തു ഭാഷയുണ്ടായിരുന്നു. ആ ഭാഷയിലെ K ആണിത്. പിന്നെപ്പിന്നെ ആ ഭാഷ ആരും എഴുതാതെ ആയി, പിന്നെ സംസാരിക്കാതെയായി, അത് പഠിച്ച ചിലര്‍ പട്ടിണിയില്‍ മരിച്ചു. ഒരു കാലത്ത് ആ ഭാഷയില്‍ ജാതകവും പഞ്ചാംഗവും മാത്രമല്ല, കഥയും കവിതയുമൊക്കെയുണ്ടായിരുന്നത്രേ.
ഇപ്പോള്‍ അതു വായിക്കാനറിയാവുന്നവരാരുമില്ല. അതിലെ ചില വാക്കുകള്‍ മാത്രം നമ്മുടെ ഭാഷയായ ഇംഗ്ലീഷില്‍ കയറിക്കൂടി മരണത്തെ അതിജീവിച്ചു.”

പനയോലകളില്‍ അക്ഷരങ്ങളുടെ കിരുകിരുപ്പുണര്‍ത്തി ഒരു കാറ്റു വീശി.
വറ്റിയമര്‍ന്ന നിളയുടെ മണല്‍ത്തരികള്‍ എന്തോ ഓര്‍ത്ത് തരിച്ചു.
മഴമാത്രം കൃഷ്ണഗാഥ പാടിക്കൊണ്ടിരുന്നു.

‍‍‍‍‍‍‍‍‍‍‍‍‍‍‍‍------------------

കാലഹരണപ്പെടുന്നുണ്ടോ എന്നറിയാനായി
എന്റെ പഴയ കവിതകള്‍
ഞാന്‍ വീണ്ടും വീണ്ടും വായിച്ചു നോക്കി

അപ്പോള്‍
ഒരിഷ്‍ടം ചോരതുപ്പുകയും
ഒരു രാത്രി ചീഞ്ഞു നാറുകയും
ചന്ദ്രകിരണങ്ങള്‍ നുരഞ്ഞു പുളിച്ചു തുടങ്ങുകയും
ഓരോ ദിവസവും ഓരോ വരി അപ്രത്യക്ഷമാവുകയും
ജീവിത വൈരാഗ്യം വന്ന്‌
കവിതകള്‍ കൂട്ടത്തോടെ സന്യസിക്കാനിറങ്ങുകയും ചെയ്തു

മല‍ഞ്‍ചരുവില്‍ ഞാന്‍ കാറ്റുകൊണ്ടു
ഇരുണ്ടകലുന്ന കരകള്‍ താണ്ടി
കടലില്‍ കപ്പലലഞ്ഞു

ഒരിക്കലും കാലഹരണപ്പെടുകയില്ല
ഒന്നും ആവിഷ്കരിക്കാന്‍ കഴിയാത്തവന്റെ ദു:ഖം

സ്റ്റിക്കര്‍

ഓര്‍ത്തിരിക്കാതെ
രണ്ടുപ്രാണന്‍
തമ്മില്‍ ഒട്ടുന്നതിന്റെ
ആകസ്‍മികതയുണ്ട്
ഏതു പ്രണയത്തിലും .

കീറിക്കൊണ്ടല്ലാതെ
വേര്‍‍പെടുത്താന്‍
പറ്റാത്തതിന്റെ
നിസ്സഹായതയുണ്ട്
അതിന്റെ പിരിയലില്‍

മുറിവുകള്‍

നന്ദിയുണ്ട് ദൈവത്തിന്‌
കണ്ണുകള്‍ രണ്ട്‌
വായ് ഒന്ന്‌
എന്നു തീരുമാനിച്ചതിന്‌.

മുഖത്താണെങ്കിലും
ഒരാള്‍ക്ക്
എങ്ങിനെ
വഹിക്കാനാവും
അതില്‍ കൂടുതല്‍
മുറിവുകള്‍.

സന്ദര്‍ശനം

വെള്ളത്തില്‍
വെയിലെന്നപോലെ
നീ എന്നില്‍ പ്രവേശിച്ചു,
ഇലയില്‍ നിന്നു മഞ്ഞെന്നപോലെ
തിരിച്ചു പോവുകയും ചെയ്തു.
എന്നാലും നന്ദിയുണ്ട് നിന്നോട്.
ഈ കെട്ടിക്കിടപ്പിനെ
കുറഞ്ഞനേരത്തേക്കു
നീ സ്‍ഫടികമെന്നു തോന്നിച്ചു

ലളിതം

'ഇവിടെയുണ്ടു ഞാന്‍'
എന്നറിയിക്കുവാന്‍
മധുരമായൊരു
കൂവല്‍ മാത്രം മതി.

ഇവിടെയുണ്ടായി-
രുന്നു ഞാനെന്നതി-
ന്നൊരു വെറും തൂവല്‍
താഴെയിട്ടാല്‍ മതി.

ഇനിയുമുണ്ടാകു-
മെന്നതിന്‍ സാക്ഷ്യമായ്‌
അടയിരുന്നതിന്‍
ചൂടുമാത്രം മതി.

ഇതിലുമേറെ
ലളിതമായ് എങ്ങനെ
കിളികളാവി-
ഷ്കരിക്കുന്നു ജീവനെ?

കവിത

ഉള്‍വലിഞ്ഞ്
ഞാനെന്റെ
എല്ലില്‍ ചെന്നു തട്ടി.
ഉയിരു കോച്ചും വിധമൊരു
ശബ്ദമുണ്ടായി.

ഊത്താല്‍

ഒരു മഴയും ഞാന്‍
നേരേ നനഞ്ഞില്ല.
വിടവുകളിലൂടെ
ഊത്താലടിച്ചുകൊണ്ടിരുന്നു
അനുഭവങ്ങളില്ല, ലോകമില്ല
ഉള്ളതവയുടെ
ഊത്താല്‍

Wednesday, January 17, 2007

കേരളം വളരുന്നു

പകുതിയിലേറെപ്പേരും സര്‍ക്കാര്‍ ജീവനക്കാരോ ആഗ്രഹിച്ച് കിട്ടാതെ മറ്റു ജോലി ചെയ്യുന്നവരോ
ഒന്നും ചെയ്യാതിരിക്കുന്നവരോ പലതും ചെയ്ത് ഒന്നുമാകാത്തവരോ ആകയാല്‍,
കേരളമേ നീയൊരു സര്‍ക്കാര്‍ സംസ്ഥാനം.
ഇടപാടുകളെല്ലാം ഔദ്യോഗികം.

ഏറെക്കുറെ എല്ലാവരും ഇംഗ്ലീഷ് സംസാരിക്കുന്നവരോ ശ്രമിച്ച് പരാജയപ്പെട്ട് ഒച്ച താഴ്ത്തിയ മാതൃഭാഷയോ
ഒന്നും പറയാത്തവരോ എന്തെങ്കിലുമൊക്കെ പറഞ്ഞു തുലയ്ക്കുന്നവരോ ആകയാല്‍,
മലയാളമേ നീ കാലഹരണപ്പെട്ടൊരു കാവ്യബിംബം.
വിനിമയങ്ങളെല്ലാം വിഴുപ്പലക്കലുകള്‍.

ആളുകളേറെയും കുടിയേറിപ്പാര്‍ത്തവരോ കുടിയൊഴിഞ്ഞു പോയവരോ നാടു തെണ്ടി നടന്ന്
പല ലോകങ്ങള്‍ നേടിയവരോ ഒന്നും നേടാത്തവരോ എല്ലാം നഷ്ടപ്പെട്ടവരോ ആകയാല്‍,
കൈരളി വ്യാമോഹങ്ങളുടെ സ്വന്തം നാട്.
കാഴ്ചയിലെപ്പോഴും അക്കരപ്പച്ചകള്‍

സ്വന്തം അടുക്കളത്തോട്ടം അയല്‍നാട്ടില്‍ വളര്‍ത്തിയവര്‍.
സ്വന്തം പണപ്പെട്ടി അന്യനാടുകളില്‍ സൂക്ഷിച്ചവര്‍.
വേരുകളും വേദനകളുമില്ലാത്ത തലമുറകളുടെ ആഘോഷം.
ഔദാര്യങ്ങളുടെ ആനപ്പുറത്ത് പൊങ്ങച്ചങ്ങളുടെ തിടമ്പേറ്റം.

നാട്ടുവിട്ടുപോയവരുടെ ഓര്‍മ്മകളില്‍ മാത്രം ജീവനുള്ള ദേശമേ
ചട്ടപ്രകാരം നിനക്കുമുണ്ട് പെന്‍ഷന്‍ പ്രായം
വളര്‍ച്ചയുടെ സായംകാലം നടു നിവര്‍ത്തി നില്‍ക്കുവാന്‍
മതിയോ, നിരാലംബമായി ചോര്‍ന്നുപോവുന്ന ആത്മബലങ്ങള്‍ ?

Tuesday, January 16, 2007

പന്തുകായ്ക്കും കുന്ന്

കുന്നിടിച്ചു നിരത്തുന്ന യന്ത്രമേ
മണ്ണുമാന്തിയെടുക്കുന്ന കൈകളില്‍
പന്തുപോലൊന്നു കിട്ടിയാല്‍ നിര്‍ത്തണേ
ഒന്നു കൂക്കി വിളിച്ചറിയിക്കണേ
പണ്ടു ഞങ്ങള്‍ കുഴിച്ചിട്ടതാണെടോ
പന്തുകായ്ക്കും മരമായി വളര്‍ത്തുവാന്‍

Monday, January 15, 2007

ചാള *

ജീവനോടെ ഞാന്‍ നിന്നെ കണ്ടിട്ടില്ല.
നിന്റെ തിളങ്ങുന്ന തൊലി, ഇരുണ്ട ചങ്ക്, തോണികൃശത.
ഇങ്ങനെയെല്ലാം ഒരു പക്ഷേ ഏതൊരു മീനെക്കാളും ഞാന്‍ കണ്ടിട്ടുണ്ട്
പക്ഷേ വെള്ളത്തില്‍ നിന്റെ വാഴ്വ്? ഇല്ല.

നിന്നെ ഓര്‍ക്കുന്നു എന്നതിനര്‍ത്ഥം‍ നിന്റെ രുചി എന്റെ നാവില്‍ വന്നു എന്നാണ്.
നിന്നെ മനസ്സിലാക്കി എന്നതിനര്‍ത്ഥം എത്ര തരത്തില്‍ നിന്നെ പാചകം ചെയ്യാം എന്നാണ്.

നാം മനസ്സിലാക്കുന്നതെല്ലാം
ചീയും മുന്‍പ് വറച്ചട്ടിയിലേയ്ക്ക് തിരിച്ചുവിട്ടവയാകുമോ?
നമ്മെ മനസ്സിലാക്കി എന്നു ചിലര്‍ പറയുന്നത്
വലിയൊരു പാത്രത്തില്‍ തിളയ്ക്കുന്ന എണ്ണയില്‍ വറുത്തെടുക്കാനായിരിക്കുമോ?
*മത്തി

ചില വസ്തുതകള്‍

ശൂന്യത ഒരു ഭാരമുള്ള വസ്തുവാണ്
അതിനടിയില്‍ ചിന്തകള്‍ അമര്‍ന്നു പോകും
ഉദാസീനത മൂര്‍ച്ചയേറിയ ആയുധമാണ്
അത് മഹത്തായതിനെയെല്ലാം കൊല്ലും
അവഗണന, ശവപ്പെട്ടിയുടെ അടപ്പാണ്
ഇടിമുഴക്കങ്ങളെ അത് എന്നേയ്ക്കും മൂടി വയ്ക്കും
മറവി, നാണം കെട്ടവന്റെ കുടിനീരാണ്
അത് കനലുകളെ വെള്ളമൂറ്റിക്കെടുത്തും

Saturday, January 13, 2007

ആത്മഹത്യ

മിന്നല്‍ വെട്ടിയ വഴിയിലൂടെ കാറ്റ് നടന്നു പോകുമ്പോള്‍
നിന്റെ കയ്യൊപ്പ് വീഴാത്ത എന്റെ താളിലും
കാലം, സൂക്ഷിച്ചു വയ്ക്കാതിരിക്കില്ല എന്തെങ്കിലും.

വീടിനെ ഒരു വരിയിലിറക്കിക്കിടത്തി
വാക്കുകളുടെ തെരുവിലലഞ്ഞതും
ബിംബമുനകളില്‍ തറഞ്ഞതും
സ്വപ്നാര്‍ത്ഥങ്ങളില്‍ നനഞ്ഞതും ഞാന്‍ തന്നെയായിരുന്നു എന്നും.

എന്റെ കവിതേ,
ഏതെങ്കിലും നെഞ്ചില്‍ നീ തീയായി പൂക്കണേ
മഴയുടെ ചോരയിലേയ്ക്ക് ഞാന്‍ തിരിച്ചു പോകും മുന്‍പേ

Friday, January 12, 2007

ഓച്ചാനം

ഓച്ചാനിച്ചു നിന്നു മടുത്തു

ഇപ്പോള്‍ മരങ്ങളെയും മൃഗങ്ങളെയും വരെ കണ്ടാല്‍ ഓച്ചാനിക്കാന്‍ തോന്നും.
എത്രകാലമായി ഓരോരോ വിടുവായന്മാരുടെയും മന്ദബുദ്ധികളുടെയും അല്പന്മാരുടെയും മുന്‍പില്‍ ഓച്ചാനിച്ചു നില്‍ക്കുന്നു !
ഇനി ആരെയും ഓച്ചാനിക്കുകയില്ലെന്നുറച്ച് തലയുയര്‍ത്തി നടക്കുമ്പോള്‍
എതിരെ ഒരാള്‍ വരുന്നു - അയാള്‍ എന്നെ ഓച്ചാനിച്ചു !

എത്ര ഓച്ചാനിച്ചു നിന്നിട്ടാണ് ഇപ്പോള്‍ ഓച്ചാനിക്കപ്പെടുന്നതെന്നോറ്ക്കുമ്പോള്‍
വീണ്ടും ഓച്ചാനം വരുന്നു !

നുണ

കവിതയില്ലെന്നാകിലില്ല ജീവിതമെന്നു
കരുതി പണ്ടെന്നോ ഞാന്‍
വറ്റി വേനലില്‍ തീയില്‍ കരളിന്നുറവ, ഞാനെങ്കിലും ജീവിക്കുന്നു.
വരളും മണ്ണിന്‍ ചുവയിപ്പൊഴും നുണയ്ക്കുന്നു

പ്രണയമില്ലെന്നാകിലില്ല ജീവിതമെന്ന നുണ വിശ്വസിച്ചപ്പോള്‍ ഞാന്‍
പിന്നൊരു കൊടുങ്കാറ്റില്‍ പ്രനയം കരിയിലയായി പറന്നകന്നിട്ടും
ഹൃദയം മണ്ണാങ്കട്ടയായലിഞ്ഞൊലിച്ചിട്ടും
മൃതമാം ദേഹം നോക്കുകിപ്പോഴും നടക്കുന്നു
ഹൃദയം കുതിര്‍ന്നൊലിച്ചിപ്പൊഴും മിടിക്കുന്നു

കടല്‍

ഉള്ളില്‍ കുടല്‍ മാത്രമല്ല
ഒരു കടലുമുണ്ട്
മൂര്‍ച്ചയുള്ള ഒരു കത്തികൊണ്ട്
വലിച്ചു പുറത്തുകാണിക്ക്കാനാവില്ല
അതിന്റെ തിരയും പതയും.

ചൂണ്ടയും കൈയും

ജലാശയത്തില്‍ ചൂണ്ട വീഴുന്നത് എന്തെങ്കിലും ഒന്നിനെ കോര്‍ത്തെടുക്കാന്‍.
പിന്നീട് തിന്നാനോ വില്‍ക്കാനോ ആയി.

കുത്തൊഴുക്കില്‍ കൈ താഴുന്നത് പെട്ടുപോയ ഒന്നിനെ കരയ്ക്കണയ്ക്കാന്‍.
പിന്നീടും തികവോടെ വളരാനായി.

രണ്ടിടത്തും കരയുണ്ട്,ഒരാളും
രണ്ടിടത്തും കൈയുണ്ട്, പ്രവര്‍ത്തനവും.
എങ്കിലും എത്ര വേറിട്ടത്!
ആസക്തിയും അനുകമ്പയും അതിര് പകര്‍ന്ന മാര്‍ഗങ്ങള്‍
സംസാരജലത്തിലെ മനുഷ്യന്റെ കൈക്രിയകള്‍.

ഞാന്‍

‘എന്തൊരാളായിപ്പോയീ ഞാന്‍ !‘


ഇത് ആറ്റൂരിന്റെ ‘പേടി’യിലുള്ള ഒരു വരിയാണ്. ഇപ്പോഴിതാ ടി പി രാജീവന്‍ ആ പേരില്‍ ഒരു കവിതയെഴുതിയിരിക്കുന്നു, മാതൃഭൂമിയില്‍. വായിച്ച ശേഷം ഈ വരി മനസ്സില്‍ നിന്നു പോകുന്നില്ല. അതുകൊണ്ട് ഈ പോസ്റ്റ്!

Thursday, January 11, 2007

പകരം

‘ഹൃദയം മരക്കൊമ്പില്‍ മറന്നൂ’ പറഞ്ഞവള്‍
‘പകരം കരള്‍ മതി പൊരിച്ചു തിന്നാമല്ലോ’ മുതലച്ചിരി കേള്‍ക്കെ പതുക്കെ പറഞ്ഞവള്‍
‘കരളു പണ്ടേ പോയി പ്രണയക്കെടുതിയില്‍’
‘കരളില്ലെങ്കില്‍ വേണ്ട ഉടലാണെനിക്കിഷ്ടം’ അതുകേട്ടവളൊന്നു കുലുങ്ങിച്ചിരിച്ചപ്പോള്‍
മുതല ചോദിച്ചുപോയ് ‘പൂതുതായെന്താ സൂത്രം?’

‘സൂത്രമെന്തിന്? നിനക്കുള്ളത് നിനക്കല്ലോ! തിന്നു കൊള്ളുക എന്റെയുടലും
ഇതിനുള്ളില്‍ പടര്‍ന്നിറങ്ങിയ പകര്‍ച്ചവ്യാധിയും’

അഹം

കയറിയിരിക്കാന്‍ പറഞ്ഞെങ്കിലും കൂട്ടാക്കാതെ വരാന്തയില്‍ നിന്നു ചിണുങ്ങി.
ചുടുചായ കൂട്ടാന്‍ തുടങ്ങിയ അമ്മയെ വേണ്ടെന്നു വിലക്കി.
ബീഡി നീട്ടിയെങ്കിലും വാങ്ങാതെ അച്ഛനോടു പിണങ്ങി.
പിന്നെ,
വെയില്‍ വന്നവാറേ, യാത്രപോലും പറയാതെ, ചവിട്ടിയില്‍ കാല്‍ തൂത്ത് ഇറങ്ങി നടന്നൂ
മഴ.

അഥവാ തുരുത്ത്

മുറിവുകളുടെ ഈ ദ്വീപ് വിട്ടു പോകുന്ന ഒരാളല്ല ഞാന്‍.
ഹിമാനി ഒഴുക്കിക്കൊണ്ടു പോയ ഓരോ കിനാവിനെയും വൃക്ഷച്ചുവടുകള്‍ക്കറിയാം
അല്പം മുന്‍പ് എന്നെ ശകാരിച്ച കാറ്റ് ഇപ്പോള്‍ തലോടുന്നു.

ആറുദിവസം കൊണ്ട് ദൈവം ലോകം സൃഷ്ടിച്ചു:
ഞാനും എല്ലാം തുടങ്ങുകയാണ്.
കുറച്ചു വിത്തുകള്‍ വിതച്ചു.
കിഴക്കോട്ടു മുഖപ്പുള്ള ഒരുകൂര പണിഞ്ഞു തുടങ്ങി
സഞ്ചാരികളായ കിളികള്‍ക്ക് ഊഞ്ഞാലും ജന്തുക്കള്‍ക്ക് വെള്ളത്തൊട്ടിയും ഒരുങ്ങി.

ഓരോ നാളും ഇരുണ്ടുവെളുക്കുന്ന സങ്കീര്‍ത്തന ഗ്രന്ഥം:
അടുപ്പ് പച്ചമണ്ണ് പനമരം വേലിയേറ്റം ഉടുമ്പുകള്‍ പുള്ളുകള്‍ കാട്ടുപൂക്കള്‍ നിറം മാറുന്ന മേഘങ്ങള്‍
-എന്റെ വിയര്‍പ്പും കൈത്തഴ്മ്പും ശൂന്യതയിലേയ്ക്ക് അന്തംവിട്ട നോട്ടവും പോലെ കൊണ്ടറിയുന്നത്.

നിലനില്‍പ്പിന് തണല്‍പ്പക്കങ്ങളില്‍ ചൂണ്ടയിടും
ചുമ്മാ ചൂളം വിളിച്ച് നടന്നേ പോകും

പകല്‍ക്കിനാവില്ല. തോണിപ്പലക ശരിയാക്കുക. ഏണിയും കോണിയും പണിയുക.
മണ്ണും കക്കയും ചുടുക. തേവുക. തെറ്റാലി എയ്യുക. മഴയില്‍ കുളിക്കുക. ചുടുകാറ്റ് പുതയ്ക്കുക
കത്തിയും കൂന്താലിയും കൊണ്ട് ഭൂമിയോടുള്ള ഉടമ്പടികള്‍ തീര്‍ക്കുക.

ഒരിക്കല്‍ നഷ്ടപ്പെട്ട പ്രണയത്തെ കടല്‍ തിരിച്ചു നല്‍കും

മറ്റുള്ളവര്‍ വായിക്കുന്ന ഒരു ലിപിയിലേയ്ക്ക് നഷ്ടപ്പെടാതെ ഞാന്‍ കാത്തിരിക്കും.

Monday, January 01, 2007

ആണ്‍‌തരി

അമ്മയുടെ മുറിച്ചെടുത്ത ഗര്‍ഭപാത്രം
ഒരിക്കല്‍ ഞാന്‍ പരിശോധനയ്ക്കായി
കൊണ്ടു പോയിട്ടുണ്ട്.
അമ്മയെന്ന ആശ്ചര്യചിഹ്നത്തില്‍ നിന്ന്
അടര്‍ന്നുപോയ കുത്ത്.
ഇപ്പോഴിതാ ഭാര്യയുടെ
അപ്പെന്റിക്സ്.
എന്റെ നടുവിരലോളം നീളം;
അതില്‍ പഴുപ്പിന്റെ ഒരു പുഴ്പം
അതിന് ചെറിയ കുപ്പി മതി.

ബയോപ്സിക്ക് കൊടുക്കും മുമ്പ്
എന്റെ പെണ്മക്കളെ ഞാനത് കാണിച്ചു.
മൂത്തവള്‍ പറഞ്ഞു: അമ്മയുടെ
ആദ്യത്തെ ഓപ്പറേഷന്‍ ഞാന്‍;
രണ്ടാമത്തെ ഓപ്പറേഷന്‍ അനുജത്തി
അപ്പോള്‍ ഇതോ?
ഞാന്‍ പറഞ്ഞു:
ഇത് അപ്പന്റിക്സ്.
നമുക്കിവനെ അപ്പു എന്നു വിളിക്കാം.
ഹായ്, ഞങ്ങള്‍ക്കൊരു അനിയനെ കിട്ടിയല്ലോ
എന്ന് ചെറിയ മകള്‍.
ഞാന്‍ കണ്ടിട്ടുണ്ട്, അവള്‍ തുടര്‍ന്നു:
മാമന്റെ മോനെ കുളിപ്പിക്കാന്‍ നിര്‍ത്തിയപ്പോള്‍
ഇതുപോലൊരെണ്ണം - അവന്റെ
കാലുകള്‍ക്കിടയില്‍
ഇതാണോ അച്ഛാ ആണ്?

ചിലപ്പോള്‍ ഇത് മാത്രമായും
ചില ആണുങ്ങള്‍ ഉണ്ടാകാം.
കുഞ്ഞുങ്ങള്‍ക്ക് മനസ്സിലാക്കാന്‍
പ്രായമായിട്ടില്ലാത്തതിനാല്‍
ഞാന്‍ മനസ്സില്‍ പറഞ്ഞു:
ആണെന്നാല്‍
ഇതാണെന്ന് കരുതുന്നവര്‍.
അവരുടെ ലോകത്തേക്കാണല്ലോ
മക്കളേ, നിങ്ങള്‍ മുതിരുന്നത്.
ആങ്ങളയെന്ന് കരുതി
അടുക്കുന്നത്.
ആംബുലന്‍സിലേക്ക്
സ്വയം നയിക്കുന്നത്.
അതുകൊണ്ട് നമുക്കിനി
ഇവനെ വേണ്ട.
അപ്പൂ, എന്റെ മകനേ,
ആണവയവം മാത്രമായി
ഒരാണിനെ എനിക്ക് മകനായി വേണ്ട.
ലാബിലേക്ക് നടക്കുമ്പോള്‍
ഞാന്‍ പറഞ്ഞു:
അപ്പൂ, ശരിയപ്പോ!

വിധിയുടെ കടലാസ്

പീനല്‍കോഡിലെ പുസ്തകത്തില്‍ നിന്നും
ശിക്ഷാവിധിയുടെ
ഒരു കടലാസ് കട്ടുവെന്നാണ്
നിന്റെ പേരിലുള്ള കുറ്റം

തെരുവിലും
മുഖത്തും
മുറ്റത്തും തുപ്പരുത്
തെരുവില്‍ തുപ്പിയാല്‍
തെണ്ടികള്‍ കോപിക്കും
മുഖത്ത് തുപ്പിയാല്‍
കരണത്ത് തല്ല്
മുറ്റത്ത് തുപ്പിയാല്‍
മുള്‍ച്ചെടികള്‍ വളരും

കുട്ടികള്‍ നടക്കുന്ന വഴിയില്‍
കഫവും രക്തവുമുള്ള
നിന്റെ തുപ്പല്‍
നിയമം കണ്ടെത്തി

ആയതിനാല്‍
ശിക്ഷാവിധിയ്ക്ക്
കളവു പോയ
കടലാസു വേണം