അഥവാ തുരുത്ത്
മുറിവുകളുടെ ഈ ദ്വീപ് വിട്ടു പോകുന്ന ഒരാളല്ല ഞാന്‍.
ഹിമാനി ഒഴുക്കിക്കൊണ്ടു പോയ ഓരോ കിനാവിനെയും വൃക്ഷച്ചുവടുകള്‍ക്കറിയാം
അല്പം മുന്‍പ് എന്നെ ശകാരിച്ച കാറ്റ് ഇപ്പോള്‍ തലോടുന്നു.
ആറുദിവസം കൊണ്ട് ദൈവം ലോകം സൃഷ്ടിച്ചു:
ഞാനും എല്ലാം തുടങ്ങുകയാണ്.
കുറച്ചു വിത്തുകള്‍ വിതച്ചു.
കിഴക്കോട്ടു മുഖപ്പുള്ള ഒരുകൂര പണിഞ്ഞു തുടങ്ങി
സഞ്ചാരികളായ കിളികള്‍ക്ക് ഊഞ്ഞാലും ജന്തുക്കള്‍ക്ക് വെള്ളത്തൊട്ടിയും ഒരുങ്ങി.
ഓരോ നാളും ഇരുണ്ടുവെളുക്കുന്ന സങ്കീര്‍ത്തന ഗ്രന്ഥം:
അടുപ്പ് പച്ചമണ്ണ് പനമരം വേലിയേറ്റം ഉടുമ്പുകള്‍ പുള്ളുകള്‍ കാട്ടുപൂക്കള്‍ നിറം മാറുന്ന മേഘങ്ങള്‍
-എന്റെ വിയര്‍പ്പും കൈത്തഴ്മ്പും ശൂന്യതയിലേയ്ക്ക് അന്തംവിട്ട നോട്ടവും പോലെ കൊണ്ടറിയുന്നത്.
നിലനില്‍പ്പിന് തണല്‍പ്പക്കങ്ങളില്‍ ചൂണ്ടയിടും
ചുമ്മാ ചൂളം വിളിച്ച് നടന്നേ പോകും
പകല്‍ക്കിനാവില്ല. തോണിപ്പലക ശരിയാക്കുക. ഏണിയും കോണിയും പണിയുക.
മണ്ണും കക്കയും ചുടുക. തേവുക. തെറ്റാലി എയ്യുക. മഴയില്‍ കുളിക്കുക. ചുടുകാറ്റ് പുതയ്ക്കുക
കത്തിയും കൂന്താലിയും കൊണ്ട് ഭൂമിയോടുള്ള ഉടമ്പടികള്‍ തീര്‍ക്കുക.
ഒരിക്കല്‍ നഷ്ടപ്പെട്ട പ്രണയത്തെ കടല്‍ തിരിച്ചു നല്‍കും
മറ്റുള്ളവര്‍ വായിക്കുന്ന ഒരു ലിപിയിലേയ്ക്ക് നഷ്ടപ്പെടാതെ ഞാന്‍ കാത്തിരിക്കും.
No comments:
Post a Comment