Monday, January 01, 2007

ആണ്‍‌തരി

അമ്മയുടെ മുറിച്ചെടുത്ത ഗര്‍ഭപാത്രം
ഒരിക്കല്‍ ഞാന്‍ പരിശോധനയ്ക്കായി
കൊണ്ടു പോയിട്ടുണ്ട്.
അമ്മയെന്ന ആശ്ചര്യചിഹ്നത്തില്‍ നിന്ന്
അടര്‍ന്നുപോയ കുത്ത്.
ഇപ്പോഴിതാ ഭാര്യയുടെ
അപ്പെന്റിക്സ്.
എന്റെ നടുവിരലോളം നീളം;
അതില്‍ പഴുപ്പിന്റെ ഒരു പുഴ്പം
അതിന് ചെറിയ കുപ്പി മതി.

ബയോപ്സിക്ക് കൊടുക്കും മുമ്പ്
എന്റെ പെണ്മക്കളെ ഞാനത് കാണിച്ചു.
മൂത്തവള്‍ പറഞ്ഞു: അമ്മയുടെ
ആദ്യത്തെ ഓപ്പറേഷന്‍ ഞാന്‍;
രണ്ടാമത്തെ ഓപ്പറേഷന്‍ അനുജത്തി
അപ്പോള്‍ ഇതോ?
ഞാന്‍ പറഞ്ഞു:
ഇത് അപ്പന്റിക്സ്.
നമുക്കിവനെ അപ്പു എന്നു വിളിക്കാം.
ഹായ്, ഞങ്ങള്‍ക്കൊരു അനിയനെ കിട്ടിയല്ലോ
എന്ന് ചെറിയ മകള്‍.
ഞാന്‍ കണ്ടിട്ടുണ്ട്, അവള്‍ തുടര്‍ന്നു:
മാമന്റെ മോനെ കുളിപ്പിക്കാന്‍ നിര്‍ത്തിയപ്പോള്‍
ഇതുപോലൊരെണ്ണം - അവന്റെ
കാലുകള്‍ക്കിടയില്‍
ഇതാണോ അച്ഛാ ആണ്?

ചിലപ്പോള്‍ ഇത് മാത്രമായും
ചില ആണുങ്ങള്‍ ഉണ്ടാകാം.
കുഞ്ഞുങ്ങള്‍ക്ക് മനസ്സിലാക്കാന്‍
പ്രായമായിട്ടില്ലാത്തതിനാല്‍
ഞാന്‍ മനസ്സില്‍ പറഞ്ഞു:
ആണെന്നാല്‍
ഇതാണെന്ന് കരുതുന്നവര്‍.
അവരുടെ ലോകത്തേക്കാണല്ലോ
മക്കളേ, നിങ്ങള്‍ മുതിരുന്നത്.
ആങ്ങളയെന്ന് കരുതി
അടുക്കുന്നത്.
ആംബുലന്‍സിലേക്ക്
സ്വയം നയിക്കുന്നത്.
അതുകൊണ്ട് നമുക്കിനി
ഇവനെ വേണ്ട.
അപ്പൂ, എന്റെ മകനേ,
ആണവയവം മാത്രമായി
ഒരാണിനെ എനിക്ക് മകനായി വേണ്ട.
ലാബിലേക്ക് നടക്കുമ്പോള്‍
ഞാന്‍ പറഞ്ഞു:
അപ്പൂ, ശരിയപ്പോ!

7 comments:

chithrakaranചിത്രകാരന്‍ said...

കവിതകളുടെ നല്ലൊരു സമാഹാരം !!! ഈ ബ്ലൊഗ്‌ വളരെ നല്ല ആശയം.

വിഷ്ണു പ്രസാദ് said...

ഈ ആണ്‍തരിയെ വായിക്കാനായത് ഭാഗ്യമായി.

പെരിങ്ങോടന്‍ said...

സുഭാഷിന്റെ കവിതയും!

പോളേ ഇതൊക്കെ എഴുത്തുകാരുടെ സമ്മതത്തോടെ പകര്‍ത്തപ്പെടുന്നതാണോ?

Paul said...

പെരിങ്ങോടാ, ഇല്ല, ആരുടെയും സമ്മതമില്ല. മാസികകളില്‍ നിന്ന് എടുത്തിടുന്നു, കൂടുതല്‍ ആളുകള്‍ വായിക്കുമെന്നും സംവാദങ്ങള്‍ നടക്കുമെന്നുമുള്ള പ്രതീക്ഷയോടെ. കവിയരങ്ങ് പോലെ, കവിതയുടെ ഒരുത്സവം.

Malayalee said...

പോളേ, ഈ സംരംഭം നിറുത്തിക്കളയല്ലേ!. ഇന്നാണ് ഈ സമാഹാരം കാണുന്നത്. ഈ ആനുകാലികങ്ങള്‍ വായിക്കാനാകാത്ത എന്നെപ്പോലുള്ളവര്‍ക്ക് വലിയ മുതല്‍ക്കൂട്ട്.
നമ്മള്‍ അമേരിക്കക്കാരെപ്പോലെ വല്ലാതെ പകര്‍പ്പവകാശത്തെപ്പറ്റി ഒബ്സസ്സ്‌ഡ് ആകണോ രാജേ. അതും ഈ മാസികകളുടെയോ കവിതകളുടെയോ വില്‍പ്പനയ്ക്ക് യാതൊരു തടസവും ഇല്ലാത്തപ്പോള്‍?

പെരിങ്ങോടന്‍ said...

ഹാഹാ കൂമന്‍സേ കൊടുകൈ, അച്ഛാ ഊണ് വേണോന്ന് ചോദിച്ചാലേ ‘ഞാനുണ്ടു’ എന്ന് അച്ഛന്റെ ഊണ് കഴിയാന്‍ കാത്തിരിക്കുന്ന കുട്ടികള്‍ കേള്‍ക്കേ കാരണവന്മാര്‍ പറയൂ ചിലയിടത്ത് ;)

എങ്കിലും നമ്മള്‍ ഇച്ഛിക്കുന്നത്ര ലളിതമായി ലോകത്തെ കൈപ്പിടിയില്‍ കിട്ടുക എളുപ്പമല്ല.

Anonymous said...

superb annenne.......subash chandran poosi ......parudeesa nashtam ...