ഒരു ദിവസം
നഗരമായി മാറിയ നാട്ടിന്‍പുറത്തെ റോഡ്
കേബിളുകള്‍ നന്നാക്കാന്‍ കുഴിച്ചപ്പോള്‍ പണിക്കാരന് ഒരു സ്ലേറ്റുക്കഷണം കിട്ടി
അതില്‍ ‘ക’ എന്നെഴുതിയിരിക്കുന്നു.
എഴുത്തെന്തെന്നറിയാന്‍ അതയാള്‍ നഗരത്തിലെ ഏറ്റവും പ്രായം ചെന്ന കാരണവരെ കാണിച്ചു.
എന്തോ ഓര്‍ത്തപോലെ അയാള്‍ പഴയൊരു പെട്ടിക്കടിയില്‍ കിടന്ന ‘അദ്ധ്യാത്മ രാമായണം‘ പൊടിതട്ടിയെടുത്തു പറഞ്ഞു
“വീട്ടിന്നു തറയെടുക്കാന്‍ കുഴിച്ചപ്പോള്‍ മുത്തച്ഛനു കിട്ടിയ പുസ്തകത്തില്‍ ഇങ്ങനെയെന്തോ കണ്ടിട്ടുണ്ട്: എനിക്കിതു വായിക്കാനറിയില്ല.”
ആളുകള്‍ വട്ടം കൂടിയിരുന്ന് രാമായണത്തില്‍ പരതി.
അതില്‍ പലയിടത്തും അവര്‍ ആ അക്ഷരം കണ്ടു. കൂട്ടത്തിലുണ്ടായിരുന്ന അദ്ധ്യാപകന്‍ പറഞ്ഞു :
“ പണ്ടു പണ്ട് മലയാളം എന്ന വട്ടെഴുത്തു ഭാഷയുണ്ടായിരുന്നു. ആ ഭാഷയിലെ K ആണിത്. പിന്നെപ്പിന്നെ ആ ഭാഷ ആരും എഴുതാതെ ആയി, പിന്നെ സംസാരിക്കാതെയായി, അത് പഠിച്ച ചിലര്‍ പട്ടിണിയില്‍ മരിച്ചു. ഒരു കാലത്ത് ആ ഭാഷയില്‍ ജാതകവും പഞ്ചാംഗവും മാത്രമല്ല, കഥയും കവിതയുമൊക്കെയുണ്ടായിരുന്നത്രേ.
ഇപ്പോള്‍ അതു വായിക്കാനറിയാവുന്നവരാരുമില്ല. അതിലെ ചില വാക്കുകള്‍ മാത്രം നമ്മുടെ ഭാഷയായ ഇംഗ്ലീഷില്‍ കയറിക്കൂടി മരണത്തെ അതിജീവിച്ചു.”
പനയോലകളില്‍ അക്ഷരങ്ങളുടെ കിരുകിരുപ്പുണര്‍ത്തി ഒരു കാറ്റു വീശി.
വറ്റിയമര്‍ന്ന നിളയുടെ മണല്‍ത്തരികള്‍ എന്തോ ഓര്‍ത്ത് തരിച്ചു.
മഴമാത്രം കൃഷ്ണഗാഥ പാടിക്കൊണ്ടിരുന്നു.
3 comments:
ഇലയും മരവുമല്ല, വേരാണ് കാഴ്ച.. മണ്ണില്ലാതെ തെളിഞ്ഞുനില്‍ക്കുന്ന കൂനന്‍ വേരുകള്‍...
ഇതു കൊള്ളാം
ഇംഗ്ലീഷില്‍ ഞെക്കി എഴുതിയ തുളസിമലയാളം..
പെരിങ്ങോടരേ നീയാണിതിനുത്തരവാദി
Post a Comment