Showing posts with label ജനയുഗം. Show all posts
Showing posts with label ജനയുഗം. Show all posts

Friday, September 21, 2007

നിന്റെ കരുത്ത് - ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്

ദുര്‍ബലയെങ്കിലും
എന്തു കരുത്താണ് നിനക്ക് !
ചെറുതെങ്കിലും
എത്ര വലുതാണു നീ
ചൂണ്ടുവിരല്‍ കത്തിച്ച്
നീ ഉണ്ടാക്കിയ കുഞ്ഞുസൂര്യന്‍
മരണത്തിന്റെ ഇരുട്ടിനെ അകറ്റി
സ്വയം ചെടിയായി മാറി
പൂക്കളെന്തെന്നു കാട്ടി
ഭൂമിയായി മലര്‍ന്നു കിടന്നു
മണ്ണിനടിയില്‍ നദിയൊഴുകുന്ന
ഒച്ച കേള്‍പ്പിച്ചു

ചോരയാല്‍ ചിനക്കുന്ന കുതിരകളെ
കവിതയുടെ ലാവണത്തില്‍ കെട്ടി
ഭ്രാന്തിന്റെ മരുഭൂമിയില്‍ നിന്ന്
ഇല്ലാത്ത താമര പറിച്ചു നല്‍കി.

Saturday, September 01, 2007

നക്ഷത്രത്തുള്ളി -മോഹനകൃഷ്ണന്‍ കാലടി

ആരോ ഒരു നക്ഷത്രത്തിനെ
ഞെട്ടോടെ പിഴുത് ഭൂമിയിലേയ്ക്കെറിഞ്ഞു
വീഴുന്ന വീഴ്ചയില്‍
അതിന്റെ പട്ടുടുപ്പില്‍ തുന്നിപ്പിടിപ്പിച്ചിരുന്ന
ഗ്രഹങ്ങളും ചന്ദ്രന്മാരും ഒന്നൊന്നായിട്ടടര്‍‍ന്നു പാറി
മേഘങ്ങള്‍ക്ക് തീപ്പിടിച്ചു
കാറ്റിന് അതിനെ താങ്ങി നിര്‍ത്താനായില്ല.
വേരുകള്‍ പറിച്ചെടുത്ത് പര്‍വതവും വൃക്ഷങ്ങളും
ഓടി രക്ഷപ്പെട്ടു
താഴ്വരയില്‍ ഒരു പുല്‍ക്കൊടി കുളിച്ചൊരുങ്ങി
നില്‍പ്പുണ്ടായിരുന്നു
അതിന്റെ കൈക്കുമ്പിളില്‍ ഒരു ധ്യാനത്തുള്ളിയും
ഇതൊന്നുമറിയാതെ ആ നക്ഷത്രം
അപ്പോഴും ഏതോ സ്വപനത്തെക്കുറിച്ചോര്‍ത്ത്
ഉറങ്ങുകയായിരുന്നു.

Sunday, August 26, 2007

നോട്ടം- മനോജ് കുറൂര്‍

നിന്റെ കണ്ണുകള്‍
എന്നെ ചുവരില്‍ച്ചേര്‍ത്ത് തറച്ചു നിര്‍ത്തുന്നു
അപ്പോഴും
സ്വന്തം തടത്തില്‍ നിന്ന് വെള്ളം വലിച്ചെടുത്ത്
നാവിലിറ്റിക്കുന്നു.

അളന്നു മുറിച്ച ഒരെയ്ത്തു കൊണ്ട്
പടിക്കു പുറത്താക്കുന്നു
തിരിച്ചു വരരുതെന്ന് ഇരട്ടക്കുഴലായി
തലയ്ക്കു പിന്നില്‍ ഉന്നം പിടിക്കുന്നു

അപ്പോഴും
തിരിഞ്ഞു നോക്കാത്ത എനിക്കും
തിരിച്ചു പോകാത്ത നിനക്കും
ഇടയില്‍ മങ്ങുന്ന വെളിച്ചം
ഡിസംബറിലെ പ്രഭാതം പോലെ
പറഞ്ഞു തീരാത്ത സങ്കടങ്ങള്‍ പോലെ
നനഞ്ഞു പടരുമെന്ന് എനിക്കറിയാം
അതില്‍
നിന്റെ ഉന്നം വഴുതി പോകുമെന്നും