പുണ്ണ്, ആറ്റൂര്‍ രവിവര്‍മ്മ
വായിലെന്തോ കുഴപ്പം! 
തൊണ്ടയിലോ നാവിലോ 
അതിനും കീഴിലോ? 
ചിലപ്പോള്‍ നാറ്റമുണ്ട്
എനിക്കു തന്നെ.
നിനച്ചതല്ല പുറപ്പെടുന്നത്
അതില്‍ കുറഞ്ഞോ കൂടിയോ
ഉണ്മകളില്‍ പൊയ് കലരുന്നു
ഇഷ്ടത്തില്‍ പക 
എഴുത്തു തിരുത്താം 
പറഞ്ഞതോ പറയാഞ്ഞതോ?
ചങ്കും നാവും നോക്കിച്ചു
കണ്ടുകിട്ടുന്നില്ല
കിളികളുടെ കൂവലിന്ന് 
പട്ടിയുടെ കുരയ്ക്ക് 
മൂങ്ങയുടെ മൂളലിന്നു
ഈ കുഴപ്പമില്ല
ചെടികളുടെ നോട്ടം,അനക്കം 
മൌനം എല്ലാം വേണ്ടപോലെ 
എന്റെ, തന്റെ അവന്റെ
സ്വാഭാവികതയെന്ത്?
എങ്ങിനെ പറഞ്ഞാലും 
അധികം,കുറവ്,മറവ്
ചൊല്ലില്‍ മാത്രമല്ല കേള്‍വിയിലും 
മൌനത്തിലും കൂടി
സത്യം വദിക്കാവുന്നതല്ല
‘തന്നതില്ല’......
കുമാരനാശാന്‍ പ്രമാണം
