Monday, March 03, 2008

വളച്ചിണുക്കം - ബിന്ദുകൃഷ്ണന്‍

എന്റെ പൊന്‍‌വളയെന്നോടു പിണങ്ങിയിന്നലെ
ഊരിയെടുക്കുമ്പോളാദ്യമായ് കലമ്പിയെന്നോട്

“കണ്ടതേയില്ലയെന്നെ നീ ഇന്നേവരെ
കതിര്‍മണ്ഡപം തൊട്ടിന്നോളം
വലംകൈയില്‍ നിന്നൊപ്പം...

കറിക്കരിഞ്ഞപ്പോല്‍ ഒപ്പമുത്സാഹിച്ച്
കറിയിളക്കുമ്പോള്‍ ആദ്യം മണത്ത്
കുളിക്കുമ്പോഴെല്ലാമഴിച്ചുവച്ചാലും
ബാക്കിയായതില്‍ അഹങ്കരിച്ച്
മഞ്ഞള്‍ ചന്ദനം നുണഞ്ഞ്,

നീ എഴുതിയതൊക്കെ ആദ്യം വായിച്ച്
ചിലപ്പോള്‍ ചിരിച്ച്, ചിലപ്പോള്‍ കരഞ്ഞ്
പ്രണയരാവില്‍ അവന്റെ പിന്‍ കഴുത്തില്‍
നിനക്കുവേണ്ടിയൊരുമ്മ കൊടുത്ത്
നീ തളര്‍ന്നുറങ്ങുമ്പോള്‍ കാവലായ് തിളങ്ങി
സദാ കൂടെ........

എന്നിട്ടും
കണ്ടതേയില്ല നീ ഇന്നേവരെ

പണയം വെക്കുവാന്‍ ഊരിയെടുക്കുമ്പോള്‍
നീ ഒന്നറിഞ്ഞു നോക്കുന്നു
ആദ്യമായ്.

മതി
ആ മിഴിയില്‍ എനിക്കുമാത്രമായ്
പൊടിഞ്ഞ കണ്ണുനീര്‍
വീണ്ടെടുക്കുവാന്‍
നീ വരും വരെ ഓര്‍ത്തു കഴിയുവാന്‍
അതുമതി.

6 comments:

ദിലീപ് വിശ്വനാഥ് said...

വളരെ നല്ല വരികള്‍.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

Touching lines....

Congrats

siva // ശിവ said...

sweet verses.....

with love,
siva.

വേണു venu said...

എന്തു നല്ല ഭാവന.നല്ല വരികള്‍ മാഷേ.:)

Jayasree Lakshmy Kumar said...

വളച്ചിണുക്കങ്ങള്‍ക്ക് ഇങ്ങിനേയും ഒരു ഭാഷ്യം?!!

അറിഞ്ഞതില്ല ഞാന്‍

suyodhanam said...

മറ്റൊരു സുന്ദര കവിത