Monday, September 27, 2010

അൽപ്പൻമാരുടെഭൂരിപക്ഷം,പി. എൻ.ഗോപീകൃഷ്ണൻ

‘മീൻ കുളിച്ചിടത്തോളം
ഒരു ജന്തുവും കുളിച്ചിട്ടില്ല.
കഴുകിക്കഴുകി വൃത്തിയാക്കിയിട്ടും
മീനേ,
ഇനിയും എന്തിനാണ്‌
ജലത്തിൽ കിടക്കുന്നത്‌?
നിനക്കൊന്നു മുഷിഞ്ഞുകൂടേ?“
’മുഷിയാൻവേണ്ടി
ഞാൻ കരക്കുകയറിയപ്പോൾ
നീ കത്തിയുമായി
ഓടി വരുന്നതു കണ്ടു”
‘കത്തികൾ അങ്ങനെയാണ്‌.
അതിരിക്കു കൈയിനെ
വൃത്തി കെട്ടതാക്കും.
മനസ്സിനെ ഗൂഢാലോചനയാക്കും.
മീനേ, ഞാനല്ല,
ഈ കത്തി
തലമുറകൾക്ക്‌ മുൻപ്‌
ആരോ വെച്ചു തന്നത്‌.
നിനക്ക്‌ ചെതുമ്പലുകളും ചിറകുകളും
വെച്ചു തന്ന മാതിരി.“
‘കത്തി കൈയിൽ വെച്ചുള്ള
നിന്റെ പശ്ചാത്താപത്തിന്‌
ഒരു ചേലുമില്ല.
നിന്റെ കുഞ്ഞുങ്ങൾ
എന്തിന്‌, കൺമീനുകൾ പോലും
പേടിച്ചു പായുന്നു.“
എന്റെ കുഞ്ഞുങ്ങൾ *
എന്റെ കുഞ്ഞുങ്ങല്ല.
അവർ വേറെയെവിടെയോ
നിന്നു വന്നു
വേറെവിടേയ്ക്കോ പോകുന്നു.“
‘എന്നാൽ എന്റെകുഞ്ഞുങ്ങൾ
എന്നിൽ നിന്നു വന്നു.
ഈ കുളമല്ലാതെ
മറ്റൊരിട ത്തേക്കും പോകാനുമില്ല.“
‘കിടപ്പറയിൽ
പൂച്ചയുണ്ട്‌.
പൂമുഖത്ത്‌ തത്തയുണ്ട്‌.
ഉമ്മറത്ത്‌ നായുണ്ട്‌.
ഉളറയിൽ പെണ്ണുങ്ങളുണ്ട്‌.
സ്കൂളിൽ കുഞ്ഞുങ്ങളും. മീനേ
നിനക്കും തരാം
സ്വന്തമായി നാഴിവെള്ളം.
ഈ കുളം വിട്ടുവന്നാൽ“
‘ ഇണങ്ങിനിൽക്കാൻ
വാലിന്‌ നീളമില്ല
നക്കാൻ നാക്കുമില്ല.
ഏറ്റു ചൊല്ലാൻ പോയിട്ട്‌
പറയാൻപോലും ഭാഷയില്ല.
പോ മനുഷ്യാ
സമയം മിനക്കെടുത്താതെ.
നിന്റെ പാർട്ടിപ്പരിപാടി പറയാൻ
അൽപൻമാരുടെ ഭൂരിപക്ഷം
അംഗീകരിക്കാവുന്ന
ആരുടെയെങ്കിലും
അടുത്തു ചെല്ല്‌.“

Thursday, August 12, 2010

ബി-ഫ്‌ളാറ്റ്, ഡോണ മയൂര,ഭാഷാപോഷിണി

ഒരു മരം വനമാകുന്നതുവരെയുള്ള
കാത്തിരിപ്പിനൊടുവിൽ

എന്റെ പ്രണയമേ എന്റെ പ്രണയമേ...
എന്ന വിളികേൾക്കുന്നു.
അവയ്ക്കൊപ്പം പിളർന്നു പോയൊരു
റുമാൻ പഴത്തിന്റെ അല്ലികൾ
ബി-ഫ്‌ളാറ്റ്* പോലെയുള്ളിൽ നിരന്നിരിക്കുന്നു

ബീഥോവന്റെ നാലാം സിം‌ഫണിക്കിപ്പം
നിന്റെ മാത്രം പേരതിൽ തെളിയുന്നു
നിന്റെ മാത്രമെന്നതു മൊഴിയുന്നു!

പറയാതെയുള്ളിലൊളിപ്പുച്ചിരുന്ന പ്രണയം
ഘനീഭവിച്ചു മഞ്ഞായി പൊഴിയുന്നു
അൽ‌‌പ്പാൽ‌പമായ് ആകാശമിടിഞ്ഞു
വിഴുന്നെന്നതു കാണെക്കണെ നീ മൊഴിയുന്നു!

ആകാശാത്തെ താങ്ങി നിർത്തുന്ന മരങ്ങളിലൊന്നിൽ
ശിശിരത്തിന്റെ കയ്യെത്താ ചില്ലുമേലുള്ളൊരില
പ്രക്ഷുബ്ധമായൊരു പ്രണയത്തിലേക്ക്
പൊടുന്നനെ വീണുപോകുന്നു.

* a musical chord

Sunday, August 01, 2010

ഡ്രൈവാഷ് ,ഗിരിജ പാതേക്കര

തരുമ്പോൾത്തന്നെ
നീ പറഞ്ഞിരുന്നു-
നനയ്ക്കരുത്,
കല്ലിലിട്ടടിക്കരുത്,
സോപ്പുപയോഗിക്കരുത്,
മുറുക്കിപ്പിഴിയരുത്,
വെയിലിൽ ഉണക്കരുത്,
ചൂടിൽ ഇസ്തിരിയിടരുത്.

എന്നാൽ
തുണിയെങ്കിൽ
നനച്ചലക്കണമെന്നു ഞാൻ
അപ്പോൾ-
മരക്കൊമ്പുകളിൽ
കൊക്കുരുമ്മിയിരുന്ന
ഇണക്കിളിക്കൂട്ടം
മറഞ്ഞുപോയി
കസവുകിന്നരികൾ
പിഞ്ഞിപ്പോയി
ചായമിളകിപ്പടർന്ന്
അത് ചുരുങ്ങിപ്പോയി
ഇനി, നീ തരുന്നതൊന്നും
ഞാൻ വെള്ളത്തിൽ കുതിർക്കില്ല,
ഡ്രൈവാഷ് മാത്രം

Tuesday, November 17, 2009

അസലുവിന്റെ ഇത്ത: പി.എന്‍.ഗോപീകൃഷ്ണന്‍,

ചേറ്റുവായിലെത്തുന്ന
കോഴികളും മീനുകളും
പച്ചച്ചായമടിച്ച ഒരു എടുപ്പിന്റെ
പുറകിലെത്തും
അവിടെവെച്ചാണ്‌
അവരുടെ
മരണാനന്തര വിചാരണ നടക്കുക
ന്യായാധിപ : അസലുവിന്റെ ഇത്ത
അപ്പോൾ
വലിയൊരുമീൻ
തന്റെ ഉദാരജീവിതം
വാദിച്ചുതുടങ്ങി
ഒരു തവളപ്പൊട്ടിനെ
വെറുതെ വിട്ടത്‌
ഒരു ചെറുമീനിൽ നിന്നും
വായ്‌ പിൻവലിച്ചത്‌
പിടിച്ചതിനെ
തിന്നാതിരുന്നത്‌
അസലുവിന്റെ ഇത്ത ചോദിച്ചു
അപ്പോൽ നിന്റെ വയർ
നിറഞ്ഞിരിക്കുകയായിരുന്നു,അല്ലേ?
നിഴലുവീണ ഒരു ചിരികത്തിച്ച്‌
ശരിയാ,
വയറുനിറഞ്ഞിരിക്കുമ്പോൾ
ഉണരുന്ന മനസ്സാണ്‌ ധർമ്മം
മീൻവായ്‌ അടഞ്ഞപ്പോൾ
ഒരു ഉശിരൻ കോഴി
തന്റെ പിടയെ
കുറുക്കനിൽ നിന്നും രക്ഷിച്ച
കഥപറഞ്ഞു
"മിണ്ടാതിരിയടാ
ബ്രോയിലർ സുരേഷ്‌ ഗോപീ,
നീ പെണ്ണുങ്ങളെ
ആപത്തിൽ നിന്ന് രക്ഷിക്കും
അനാപത്തിൽ വലിച്ചെറിയും"
കോഴിക്കൂട്ടവും
നിശ്ശബ്ദമായി
അസലുവിന്റെ ഇത്ത
മുളകെടുത്തു,മല്ലിയെടുത്തു.
പിന്നീടവർ മിണ്ടിയില്ല
തീൻ മേശയിൽ
അസലുവും കൂട്ടുകാരും
ഇരുമ്പുന്നുണ്ടായിരുന്നു
ഉദാത്തർ
ലോകത്തിന്റെ തീ
ഉള്ളിൽപ്പേറുന്നവർ
നിഴലുവീണ ഒരു ചിരികത്തിച്ച്‌
ഇത്ത വിളമ്പിത്തുടങ്ങി
മീൻ തിന്ന് വയറു നിറഞ്ഞവർ
ധർമിഷ്‌ഠരും
കോഴിതിന്ന് നിറഞ്ഞവർ
രക്ഷകരും ആയിത്തീർന്നു
രണ്ടും തിന്നവരിൽ
രണ്ടും ഇരട്ടിച്ചു
തിങ്ങിവിങ്ങി,അവർ പിന്നീട്‌
കായലോരത്തേക്കോ
കടലോരത്തേക്കോ പോയി
അസലിവിന്റെ ഇത്തയ്ക്ക്‌
ഭാഷ തിരിച്ചുകിട്ടി
പിന്നമ്പുറത്തെ മരച്ചുവട്ടിൽ
ചെതുമ്പലുകളോടും
തൂവലുകളോടും
അവർ പറഞ്ഞു:
കൊല്ലുന്ന പാപം
ഊട്ടിയാൽ തീരുമോ?
തിന്നവരുടെ പുണ്യം
ഉടലിനെക്കവിയുമോ?
ആവോ?
ആരോട്‌ ചോദിക്കാൻ
കായലോരത്തോ
കടലോരത്തോ
ഇപ്പോൾ വീണ്‌ കിടപ്പുണ്ടാകുന്ന
ധർമ്മത്തിന്റെയും
ധീരതയുടെയും
സ്വർണ്ണമെഡൽ
മോഹികളോടോ?

Friday, May 01, 2009

ഉപമ

എന്തുണ്ടുവിശേഷം
സുഖം തന്നെയോ
കണ്ടുമുട്ടുന്നവര്‍
ചോദിക്കുമ്പോള്‍
'അങ്ങനെ പോകുന്നു'
എന്നു പറഞ്ഞും
മുഖം കോട്ടിച്ചിരിച്ചും
മടുത്തു ഞാന്‍.
എന്റെ മറുപടി കേ-
ട്ടൊരാള്‍ പോലു-
'മെങ്ങനെ പോകുന്നു'?
എന്നു തിരിച്ചു ചോദിച്ചി-
ല്ലിതേവരെ,ഭാഗ്യം!

അങ്ങനെയാരാനും ചോദിച്ചാ-
ലെങ്ങനെ ഞാനതു
വ്യക്തമാക്കും?
'അങ്ങനെ പോകുന്ന'തിനെ
എന്തിനോടുപമിച്ചുകാട്ടും
വേലിപ്പഴുതിലൂടൊരു
നായ നൂഴുന്നപോലെ
യെന്നാകിലോ?
ചേരയിഴയുന്ന-
പോലെയെന്നകിലോ?
നായ കാല്‍പൊക്കി
മൂത്രിക്കും;
നീയെന്തടയാളം വെക്കും ?
ചേരയാണെങ്കിലും
വേലിമുള്ളില്‍
തോലുറതൂക്കി-
ക്കടന്നുപോകും
നീയോ?

നില്‍ക്കട്ടെ നില്‍ക്കട്ടെ
ഇപ്പോള്‍ പിടികിട്ടി
നായ്‌ അതിരിന്മേലെന്നപോലെ
ഞാനിക്കടലാസുതാളില്‍
മഷിക്കുന്നു
വേലിമുള്ളില്‍ ചേര-
യെന്നപോല്‍ ഭാഷയില്‍
തോലുരിഞ്ഞെന്നെ ഞാന്‍
തൂക്കിടുന്നു

------------------- പി. പി. രാമചന്ദ്രൻ

Friday, August 15, 2008

ഫയര്‍ - മോഹനകൃഷ്ണന്‍ കാലടി

എക്സ്പ്രസ് ഹൈവേയുടെ ഓരത്ത്
ഉങ്ങുമരത്തയ്യ് നടാനൊരുങ്ങിയ
കിഴവനണ്ണാനെ
ജെ സി ബി കയറ്റി ചതയ്ക്കുക

സൂപ്പര്‍ മാര്‍ക്കറ്റിനു മുന്‍പില്‍
കപ്പലണ്ടി വില്‍ക്കാന്‍ വന്ന
കുരുടന്‍ കുരങ്ങനെ
വെട്ടിനുറുങ്ങി പാക്കറ്റിലാക്കുക

ടെക്നോ പാര്‍ക്കിന്റെ ചുവരില്‍
അശ്ലീലം എഴുതിവയ്ക്കുന്ന
ഞൊണ്ടിക്കഴുതയെ
കൈയോടെ കാലോടെ പിടികൂടി
പതിനൊന്ന് കെ വി ലൈന്‍ കൊടുത്ത്
സുഖിപ്പിച്ചു കിടത്തുക

ഉന്നതവിദ്യാഭ്യാസയോഗം നടക്കുമ്പോള്‍
പട്ടുപാടി പിരിവിനു വന്ന
അണ്ണാച്ചിക്കുട്ടികളെയും
കരിമണല്‍ ഖനനം ചെയ്യുന്നേടത്ത്
വെളിക്കിരിക്കാന്‍ വന്ന
പിരാന്തത്തിയെയും
തിരിച്ചു വരാത്ത റോക്കറ്റില്‍ ചേര്‍ത്തുകെട്ടി
തിരികത്തിച്ചു വിടുക

ഇതൊന്നും കേട്ട് ചിരിവരാത്തവന് നേരെ,
ഇതൊന്നും കണ്ട് പിരിയിളകാത്തവനു നേരെ,
അവനു നേരെ മാത്രം ആ വാക്ക് ആക്രോശിക്കുക.......

Thursday, July 17, 2008

ഫോട്ടോഷോപ്പ് - എ സി ശ്രീഹരി

പറിച്ചെറിഞ്ഞ മുല
റീസൈക്കിള്‍ ബിന്നില്‍ നിന്നും
തിരിച്ചെടുത്തൊട്ടിച്ചു കണ്ണകി

മുറിച്ചുകൊടുത്ത ചെവി
കട്ടെടുത്ത് പേയ്‌സ്റ്റ് ചെയ്തു
വിന്‍സെന്റ് വാന്‍‌ഗോഗ്

കുത്തിപ്പൊട്ടിച്ച കണ്ണ്
കൂട്ടിത്തുന്നിച്ചേര്‍ത്ത്
ഇന്റെര്‍നെറ്റില്‍ക്കേറീ
ഈഡിപ്പസ്

പതിച്ചുകൊടുത്ത നാക്ക്
തിരിച്ചെടുക്കും നേരം
സിസ്റ്റം ഹാങ്ങായി
റീസ്റ്റാര്‍ട്ടാവാതെ
വിജയന്‍ മാഷ്

Thursday, May 15, 2008

സ്വാശ്രയാശ്രമം- മോഹനകൃഷ്ണന്‍ കാലടി

ആശ്രമകൂപത്തിന് ആള്‍മറ കെട്ടിയിരിക്കുന്നത് എന്തിനാണ് ഗുരോ?
ആശ്രമമൃഗങ്ങളോ ആനന്ദം മൂത്ത മറ്റു സ്വാമിമാരോ
അബദ്ധത്തില്‍ ചെന്നു ചാടാതിരിക്കാനാണു മകനേ.

ആശ്രമത്തിന്റെ സിറ്റൌട്ടിലേയ്ക്കുള്ള പ്രവേശനഭാഗം
പീഠങ്ങളുംഗ്രന്ഥക്കെട്ടുകളും വച്ച്
കെട്ടിയടച്ചിരിക്കുന്നത് എന്തിനാണ് ഗുരോ?
ആ മുനികുമാരികയുടെ ചെറിയകുട്ടിയുണ്ട്.
കുട്ടി മുട്ടുകുത്തിയിഴഞ്ഞുവന്ന്
മുറ്റത്തേക്കുവീണു മുട്ടുപൊട്ടാതിരിക്കാനാണ് മകനേ.


ആശ്രമത്തിന്റെ മള്‍ട്ടിഫ്ലോര്‍ അദ്ധ്യയനശാലകള്‍ക്കു താഴെ
ചുറ്റും ശക്തിമത്തായ നൈലോണ്‍ വലകള്‍
വിരിച്ചുകെട്ടിയിരിക്കുന്നതോ-
ജ്ഞാനവൃക്ഷത്തിന്റെ ഫലങ്ങള്‍ കൊഴിയുമ്പോള്‍
അജ്ഞാനധൂളികള്‍ പുരളാതെയും
അനര്‍ഹര്‍ സ്പര്‍ശിക്കാതെയും
പിടിച്ചെടുത്ത് ശേഖരിക്കാനാവും അല്ലേ ഗുരോ?
അല്ല മകനെ അല്ല.
അത്- ദക്ഷിണവയ്ക്കാന്‍ വകയില്ലാത്ത ശിഷ്യന്മാരോ,
ആത്മനിയന്ത്രണമില്ലാത്തതിനാല്‍
ശിഷ്യന്മാരാല്‍ കൈകാര്യം ചെയ്യപ്പെട്ട താത്കാലികാചാര്യന്മാരോ
എളുപ്പത്തില്‍ മോക്ഷം പ്രാപിക്കുന്നതിനായി
എടുത്തുചാടിയാല്‍
പുന്നാമമാകും നരകത്തില്‍ ചെന്നുപതിക്കാതെ
വല്ലവിധേനയും ത്രാണനം ചെയ്യാനാണ് മകനേ.
സ്വാശ്രയമാര്‍ഗത്തിലാണെങ്കിലും
ഇതും ഒരാശ്രമമല്ലേ മകനേ...

Friday, May 02, 2008

മധുരവെള്ളം - ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്

പ്രണയങ്ങളെല്ലാം കൊഴിഞ്ഞുപോയ
ഒറ്റമരത്തെ കണ്ടു ഞാന്‍
അടക്കിപ്പിടിച്ച ഒരു പൊട്ടിക്കരച്ചില്‍
അതിന്റെ വേരുകള്‍ക്കു കൂട്ടായി നിന്നു
മേഘം പൊടുന്നനെ റൌക്ക പൊട്ടിച്ച്
അതിന്റെ വലിയ മുലകളെ
അവന്റെ വായില്‍ വച്ചുകൊടുത്തു.

അപ്രതീക്ഷിതമായ മഴയില്‍
അദ്ഭുതപ്പെട്ട് അയാള്‍
അപ്പോഴേയ്ക്കും ഇലകള്‍ പൂത്തു നിന്ന
ആ ഒറ്റ മരത്തിലേയ്ക്ക് ഓടിക്കയറി
ഇങ്ങനെ ആത്മഗതം ചെയ്തു :
മധുരമുള്ള മഴ
മരണം സ്ഥിരീകരിക്കാനെത്തിയ
ഡോക്ടര്‍ കട്ടിലിലമര്‍ന്നു
അതിന്റെ ഉലച്ചിലില്‍
അപ്പോഴേയ്ക്കും അടഞ്ഞുപോയ
തൊണ്ടയില്‍ നിന്നും മധുരവെള്ളം
ചെരിഞ്ഞൊഴുകി.

Saturday, April 26, 2008

ജലശരീരം, വിഷ്ണുപ്രസാദ്

കാമുകിയുടെ
ശരീരത്തിലേക്ക് ആയമെടുത്തുചാടി
ആഴങ്ങളില്‍ മുങ്ങി
രസനയാല്‍ മേനിയുടെ രുചി തൊട്ടുനോക്കിയും
ഇഴയലില്‍ സുഖമറിയുമുരഗമായ് മാറിയും
ഘനരഹിതപാളിയില്‍ മത്സ്യമായ് നീന്തിയും
പവിഴങ്ങള്‍ പൂക്കുന്നൊരടിവയറുകണ്ടും
അടിമുടി നനഞ്ഞ്
അവളുടെ
പുക്കിള്‍ ചുഴിയില്‍
മുങ്ങിനിവരുമ്പോള്‍
ചുറ്റും കടല്‍

Saturday, April 12, 2008

പാലറ്റ് - ബിനു എം പള്ളിപ്പാട്

മഞ്ഞയും ബ്രൌണും
കൊടുക്കണം വിളഞ്ഞ പാടത്തിന്

വെള്ളത്തിലെ
മീനുള്ള വശം ഒഴിവാക്കി
ഡെപ്തില്‍ കറുപ്പടിക്കണം

പതുങ്ങിയ മുണ്ടിയെ
പറപ്പിക്കാതെ മടയ്ക്കിപ്പുറമിരുത്തണം

മുറ്റത്തിരിക്കുന്നയാള്‍ക്ക്
എരിവും ചാരായവും ചേര്‍ന്ന്
വിയര്‍ത്തപേശിയിലേയ്ക്ക്
നിലാവിന്റെ ഹൈലൈറ്റ് വെക്കണം

എന്നും പരിചയമില്ലാത്ത
കൈലി വന്നുപോകുന്ന
ഒറ്റവീടും വിളക്കും
ബാഗ്രൌണ്ടില്‍ കൊടുക്കണം

ഇറയത്തിരിക്കുന്നയാളിന്റെ മുഖത്തു നിന്ന്
പാടം മുഴുവന്‍ ബന്ധുക്കളാണെന്ന്
ഒറ്റനോട്ടത്തില്‍ വായിച്ചെടുക്കണം

നീര്‍ക്കാക്കയും ഇരണ്ടയും പറക്കുന്നത്
കവച്ചമേഘത്തിനിപ്പുറത്താക്കണം

ഉത്സവത്തിനു പോകാന്‍ അനിയന്‍
പിച്ചാത്തി തേക്കുന്നതിന്റെ നിഴല്‍
വാഴയ്ക്കിപ്പുറം
നിലാവിന്റെ ഇളംനീലയില്‍
ചാലിച്ചെടുക്കണം

തവിട്ടില്‍ വെള്ളകൊണ്ട്
ഒരു നൈറ്റിയും
പിങ്കില്‍ റൊസുകൊണ്ട്
ഒരു കുട്ടിയുടുപ്പും
അയയില്‍ ഇടണം

മുറ്റത്തെ
ഒറ്റാലിനകത്തെ
കോഴിക്കുഞ്ഞിന്
ഐവറിയില്‍ ചെമ്പുകൊണ്ട്
ചെറുതായി തൊട്ടുതൊട്ടുവിടണം.

Tuesday, April 08, 2008

അളവ് - സുകേതു

ഇന്നത്തെ പത്രവും വായിച്ചു
കണ്ണട ഊരിവച്ചു
നെടുതായൊരു വീര്‍പ്പിട്ടു
ഇന്നലത്തെ പത്രത്തിനു കൊടുത്ത
അതേ വീര്‍പ്പ്, അതേ അളവ്
ഇതിപ്പോ ഒരു ശീലമായി
എന്തുകണ്ടാലും കേട്ടാലും
ഉടനെയൊരു നെടുവീര്‍പ്പ്

എത്രനേരം കമഴ്ത്തിപ്പിടിച്ചാലും
ഒരു പെഗ്ഗില്‍ കൂടുതലൊഴിയാത്ത
ചിലമദ്യക്കുപ്പികളില്ലേ...................?

Saturday, March 15, 2008

പുണ്ണ്, ആറ്റൂര്‍ രവിവര്‍മ്മ

വായിലെന്തോ കുഴപ്പം!
തൊണ്ടയിലോ നാവിലോ
അതിനും കീഴിലോ?
ചിലപ്പോള്‍ നാറ്റമുണ്ട്
എനിക്കു തന്നെ.
നിനച്ചതല്ല പുറപ്പെടുന്നത്
അതില്‍ കുറഞ്ഞോ കൂടിയോ
ഉണ്മകളില്‍ പൊയ് കലരുന്നു
ഇഷ്ടത്തില്‍ പക
എഴുത്തു തിരുത്താം
പറഞ്ഞതോ പറയാഞ്ഞതോ?
ചങ്കും നാവും നോക്കിച്ചു
കണ്ടുകിട്ടുന്നില്ല
കിളികളുടെ കൂവലിന്ന്
പട്ടിയുടെ കുരയ്ക്ക്
മൂങ്ങയുടെ മൂളലിന്നു
ഈ കുഴപ്പമില്ല
ചെടികളുടെ നോട്ടം,അനക്കം
മൌനം എല്ലാം വേണ്ടപോലെ
എന്റെ, തന്റെ അവന്റെ
സ്വാഭാവികതയെന്ത്?
എങ്ങിനെ പറഞ്ഞാലും
അധികം,കുറവ്,മറവ്
ചൊല്ലില്‍ മാത്രമല്ല കേള്‍വിയിലും
മൌനത്തിലും കൂടി
സത്യം വദിക്കാവുന്നതല്ല
‘തന്നതില്ല’......
കുമാരനാശാന്‍ പ്രമാണം

Thursday, March 06, 2008

സമയപ്രഭു - കല്പറ്റ നാരായണന്‍

ഇരുട്ടില്‍
ഒരെലി
കുഞ്ഞിനെ
പൂച്ചയെ ചൂണ്ടിക്കാട്ടി പഠിപ്പിക്കുകയാണ്.
വലിയ കാഴ്ചശക്തിയാണ്
എപ്പോഴും കണ്ണില്‍പ്പെടാം
വലിയ കേള്‍വിശക്തിയാണ്
ഒരു രോമം നിലത്തു വീഴുന്ന ഒച്ച കേട്ടാല്‍
ആരുടേതെന്നറിയും
സൌമ്യമൂര്‍ത്തിയാണ്
മറിച്ചിടുന്നത് മൃദുവായ കൈപ്പത്തികൊണ്ടാണ്
ക്ഷമാമൂര്‍ത്തിയാണ്
മുഴുമിപ്പിക്കാന്‍ നാലുമഞ്ചും മണിക്കൂറെടുക്കും
ദയാവാരിധിയാണ്
പല തവണ നമുക്ക് ജീവിതം തിരിച്ചു തരും
സഹൃദയനാണ്
വാലിന്റെ അവസാനത്തെ നിവരല്‍ വരെ ആസ്വദിക്കും
ഒരു തിരക്കുമില്ല
സമയത്തിന്റെ മഹാപ്രഭുവാണ്

Monday, March 03, 2008

വളച്ചിണുക്കം - ബിന്ദുകൃഷ്ണന്‍

എന്റെ പൊന്‍‌വളയെന്നോടു പിണങ്ങിയിന്നലെ
ഊരിയെടുക്കുമ്പോളാദ്യമായ് കലമ്പിയെന്നോട്

“കണ്ടതേയില്ലയെന്നെ നീ ഇന്നേവരെ
കതിര്‍മണ്ഡപം തൊട്ടിന്നോളം
വലംകൈയില്‍ നിന്നൊപ്പം...

കറിക്കരിഞ്ഞപ്പോല്‍ ഒപ്പമുത്സാഹിച്ച്
കറിയിളക്കുമ്പോള്‍ ആദ്യം മണത്ത്
കുളിക്കുമ്പോഴെല്ലാമഴിച്ചുവച്ചാലും
ബാക്കിയായതില്‍ അഹങ്കരിച്ച്
മഞ്ഞള്‍ ചന്ദനം നുണഞ്ഞ്,

നീ എഴുതിയതൊക്കെ ആദ്യം വായിച്ച്
ചിലപ്പോള്‍ ചിരിച്ച്, ചിലപ്പോള്‍ കരഞ്ഞ്
പ്രണയരാവില്‍ അവന്റെ പിന്‍ കഴുത്തില്‍
നിനക്കുവേണ്ടിയൊരുമ്മ കൊടുത്ത്
നീ തളര്‍ന്നുറങ്ങുമ്പോള്‍ കാവലായ് തിളങ്ങി
സദാ കൂടെ........

എന്നിട്ടും
കണ്ടതേയില്ല നീ ഇന്നേവരെ

പണയം വെക്കുവാന്‍ ഊരിയെടുക്കുമ്പോള്‍
നീ ഒന്നറിഞ്ഞു നോക്കുന്നു
ആദ്യമായ്.

മതി
ആ മിഴിയില്‍ എനിക്കുമാത്രമായ്
പൊടിഞ്ഞ കണ്ണുനീര്‍
വീണ്ടെടുക്കുവാന്‍
നീ വരും വരെ ഓര്‍ത്തു കഴിയുവാന്‍
അതുമതി.

Sunday, February 10, 2008

ജലവാസന്‍ (വി.മുസഫര്‍ അഹമ്മദ് )

അരയന്നങ്ങളുടെ പാദസരം
ചിലങ്കയാക്കിയ നര്‍ത്തകരും
മഴമേഘങ്ങളില്‍ വളര്‍ന്ന
ആമ്പലുകളും
വിരിയുന്നതിനിടെ
തളര്‍ന്നുറങ്ങിയ താമരകളും
കൊള്ളിയാന്‍ കണ്ണുള്ള
തവളകളും
ഒളിച്ചു പാര്‍ത്തു
തരുണ കവികളുടെ
ശില്‍പ്പശാലയില്‍


ഒളിമൃഗത്തെ തെളിമൃഗമാക്കല്‍
നായാട്ടിന്റെ ജീവന കല,
തിരിച്ചെങ്കില്‍ കാവ്യകല.
അഭയാര്‍ഥി മലകള്‍ക്ക്‌ പിറന്ന
അണക്കെട്ടിന്‌ താഴെ
ദ്വാരപാലകര്‍ ആണ്‍ പെണ്‍
പ്രതിമകളായി ഊഞ്ഞാലാടുന്ന
ഉദ്യാനത്തിനു നടുവില്‍
കറുത്ത അരഞ്ഞാച്ചരട്‌
അടയാളമാക്കിയ യക്ഷന്റെ
ഇരിപ്പിടത്തിന്റെ പിന്നാമ്പുറത്ത്‌
പുലി മണക്കും, പാമ്പു ചീറ്റും
മൃഗശാലക്കുമപ്പുറം
അതിഥിമന്ദിരത്തില്‍
ദുഷ്യന്തന്റെ നനഞ്ഞ
കണ്ണുകളുള്ള
അടയാള മോതിരം
ഇരട്ടവാലന്‍ കൈലേസില്‍
ഒളിപ്പിച്ചവര്‍ പഠിപ്പിച്ചു,
ശകുന്തത്തില്‍ രക്തബന്ധമില്ലാത്തവര്‍
പിറക്കാതെ പോയ കവികള്‍
എന്ന് സ്ഥിരീകരണവും നല്‍കി.
റോഡ്‌ മുറിച്ചു കടന്ന്‌
മൃഗശാലയില്‍ നൂണ്‌
ഇരുട്ടിന്റെ തേരില്‍
അതിഥിമന്ദിരത്തിലേക്ക്‌
കടത്തിക്കൊണ്ടുവന്ന
മാന്‍കുട്ടിയില്‍
കണ്വ തപോവനമാരോപിച്ചു.
അടയാളമോതിരം ഒളിപ്പിച്ചവരെ
വിളിച്ചുണര്‍ത്തി
രഹസ്യരോമങ്ങള്‍
ആദ്യമേ നരച്ചവര്‍
എന്ന്‌ ആക്ഷേപിച്ചു.
കൂടെ നടന്നു വന്ന
കരിമ്പിന്‍ കാട്‌ പിഴിഞ്ഞ്‌
കുടിച്ച്‌ കുടിച്ച്‌
മധുരദാഹത്താല്‍
വലഞ്ഞ്‌ കവിതയുടെ
ഞരമ്പ്‌ പൊട്ടി.

പുലര്‍ച്ചെ അണയില്‍
കുളിക്കാന്‍ പോയവര്‍
ജലപ്പരപ്പില്‍ സ്നാനഘട്ടം
തീര്‍ത്ത ഒരുടല്‍ കണ്ടു
ശില്‍പ്പശാലയില്‍ നിന്ന്‌ ചാടിപ്പോയ
ജലവാസന്‍ അണക്കെട്ടിന്റെ ഇടക്കെട്ടില്‍
സൂര്യ വെളിച്ചത്തിന്‌ നാവു നീട്ടുന്നു
മലകള്‍ കാണാന്‍
പ്രളയത്തില്‍ കടവു തേടുന്ന
ഇലപോലെ മലര്‍ന്നു നീന്തുകയായിരുന്നു.
ജലഗോപുരത്തെ
മുറുകെ പിടിച്ച്‌ പിന്നീടയാള്‍
നടന്നു പോയി.
ഉറങ്ങു കല്ലൂകള്‍ കൊണ്ട്‌
നിര്‍മിച്ച കവിയുടെ വീട്ടു ചുമരില്‍
വെള്ളത്തിലെഴുതിയിട്ടും
മാഞ്ഞു പോകാത്ത വരികള്‍
ഇങ്ങിനെ വായിക്കാം
'പൊള്ളയായ വാക്കുകളില്‍
വീടുകള്‍ പണിയാറില്ല
നിഴല്‍ വീഴാത്ത
പ്രപഞ്ചത്തില്‍ കവിതയും'

Tuesday, January 29, 2008

ചിതല്‍‌

വിരലുകളാല്‍‌
എനിക്ക് ചെയ്യാനാകാത്തതാണ്
ശരീരം കൊണ്ട്
നീ ചെയ്തു മുഴുമിപ്പിച്ചത്.

ജന്മം മുഴുവന്‍
നീയെഴുതിക്കൊണ്ടേയിരുന്നു.
വളഞ്ഞും പുളഞ്ഞും
സാദ്ധ്യമായ എല്ലാ കാന്‍‌വാസിലും.

നീ പ്രണയിക്കുന്നതിങ്ങനെയാണോ?
പതിയെ പതിയെ പടര്‍ന്നു പടര്‍ന്ന്
ഓരോ ഇഞ്ചിനെയുമാശ്ലേഷിക്കുന്ന
ഈ മണ്‍ ഞെരമ്പിനാല്‍‌?

ഒരക്ഷരവും നീ നിര്‍മ്മിച്ചില്ല.
എന്നിട്ടും
വായിക്കാനാവുന്നുണ്ടെനിക്ക്,
നീ പരത്തിയെഴുതിയ
ഈ മണ്‍ലിപികള്‍‌‌.

Sunday, January 20, 2008

അന്നത്തെ ഏകാന്തത - സത്യചന്ദ്രന്‍ പൊയില്‍ക്കാവ്

അന്നത്തെ ഏകാന്തത

ലിംഗദൌത്യങ്ങളറിയാതെ നാട്ടുമാവിനു ചുവട്ടില്‍
അച്ഛനുമമ്മയും കളിച്ചിരുന്നു പണ്ടു നമ്മള്‍

ഒരു ചിരട്ട വലിച്ചെറിഞ്ഞ്
ഒറ്റമുലച്ചിയായി നിന്നിരുന്നു
അടിവസ്ത്രങ്ങളിലന്ന്
ആകാശത്തിന്
നീലനിറമായിരുന്നന്ന്
കായലും കയറും കണ്ട്
എത്രവൈകിയാണന്ന്
നിന്റെ അച്ഛനുമമ്മയും വന്നത്
എന്നിട്ടും
ചീത്തയായില്ല നാം
അന്നത്തെ ഏകാന്തതയില്‍.

Saturday, December 29, 2007

ജീവിതത്തിന്റെ ചിരി - മണമ്പൂര്‍ രാജന്‍ ബാബു

രോഗമേ,
നിനക്കു സ്തുതി
മനുഷ്യരില്‍ കുടിപാര്‍ക്കുന്ന
ഹിംസ്രമൃഗങ്ങളെ മുഴുവന്‍
തുറന്നുകാട്ടിയതിന്

മരണമേ,
നിനക്കു സ്തുതി
നിന്നെക്കാള്‍ മികച്ചകോമാളിയായി
ജീവിത്തെ എഴുതിയതിന്

എങ്കിലും,
അതും കുറിച്ചിട്ടേ ഇവന്‍ പോകുകയുള്ളൂ
അതിനാല്‍
ആര്‍ക്കു മായ്ക്കാനാവും
ജീവിതത്തിന്റെ ചുണ്ടിലെ ഈ നിത്യസ്മേരം?

Wednesday, December 26, 2007

റാഷിദയുടെ കവിതകള്‍, ഭാഷാപോഷിണി

വാക്യം

സൌഹൃദം
അടുപ്പിച്ചെഴുതുന്ന അക്ഷരങ്ങളില്‍
ജനിക്കുന്നു
സ്നേഹം
അടുത്തുരയ്ക്കുന്ന വാക്കുകളില്‍
കൂട്ടുകൂട്ടുന്നു
ജീവിതം തളിക്കുന്നത്
വാക്യം പൂര്‍ത്തീകരിക്കുമ്പോള്‍

കലണ്ടര്‍

പരിഭവങ്ങള്‍ക്ക് അവധിയില്ലാത്ത
നിന്റെയീ കലണ്ടര്‍
എന്റെ ചുമലില്‍ നിന്നു മാറ്റണം
കേട്ടപാതി പിഴുതെടുത്ത്
നീ പതിച്ചതു നിന്റെ വീടിന്റെ ചുമരില്‍
അവിടെയും മുപ്പത്തിയൊന്നു കഴിഞ്ഞപ്പോള്‍
പേജുകള്‍ താനേ മറിഞ്ഞിട്ടുണ്ടാവണം
ഇപ്പോള്‍ ഈ മാസത്തില്‍
പരിഭവങ്ങള്‍ക്കു രണ്ടാംശനിപോലുമില്ലെന്നു
നിന്റെ വെള്ളിമൊഴികള്‍

രാത്രിയുടേ മനസ്സ്

രാത്രിയുടെ മനസ്സ് ഓര്‍മ്മകളുടെ നിലാവാണ്
ഇരുട്ടിന്റെ മൌനത്തിനും ഉഷസിന്റെ കുളിരിനും
ഇടയ്ക്കുള്ള നിനവുകളീല്‍
പ്രണയം കൊയ്യുന്ന സൌഹൃദം വിതയ്ക്കുന്ന
ഓര്‍മ്മകളുടെ നിലാവ്

രാത്രിയുടെ തമസ്സ് സ്വപ്നത്തിന്റെ ഈറ്റില്ലമാണ്
ഇരവിന്റെ നിശ്ശബ്ദതയില്‍ അലയടിച്ചുവരുന്നത്
സ്വപ്നത്തിരമാലകളുടെ പ്രവാഹം

രാത്രിയുടെ മനസ്സ് മൌനത്തിന്റെ സംഗീതമാണ്
വാചാലമായ,അനിവചനീയമായ
മധുരസംഗീതം