Monday, April 16, 2007

Reversed Time -Zdravko Jissiov, Bulgaria

In this country
Everything is in reversed motion:
The splendid rainbow appears before the rain and storm,
Rest comes before work,
Eating bread-
Before sowing the grain,
Destruction before creation…
Parents don’t make their children,
But children make their parents.

So I ask myself:
Haven’t I, too, been
Through something like this-
Before I was born
I had already been dead.

Sunday, April 08, 2007

രാജ്യം

പത്ത്മുപ്പത്
സംസ്ഥാനങ്ങളുള്ള
ഒരു രാജ്യമായിരുന്നു
എന്റെ സ്കൂള്‍

ഓരോന്നിലും
ഓരോഭാഷ
ഭാവവും

ഞങ്ങളുടെ ടാപ്പ്
ഞങ്ങളുടെ ടീച്ചര്‍
ഞങ്ങളുടെ ഡെസ്റ്റര്‍
ഞങ്ങളുടെ നാടകം

എട്ട് ബിയിലെ സിന്ധു
ഒമ്പത് എയിലെ പ്രവീണ്‍
മാഷുമാര്‍ പലപ്പോഴും
റിപ്പോര്‍ട്ടര്‍മാരായി
ടീച്ചര്‍മാര്‍ താരതമ്യപഠനം
നടത്തുന്ന നിരൂപകരും

എങ്കിലോ
ഫുട്ബോള്‍ മത്സരങ്ങളിലും
യുവജനോത്സവങ്ങളിലും
ഞങ്ങളുടെ രാജ്യം വരണമേയെന്ന്‌
ഒരു രാജ്യത്തെ പ്രജകള്‍
ഒരുമിച്ച് പ്രാര്‍‌ത്ഥിച്ചു

കുറ്റവാളികള്‍
അസംബ്ലിഗ്രൌണ്ടില്‍
വെയിലത്ത്
മുട്ടുകുത്തി

ഒരുദിവസം
ഒറ്റ കൂട്ടമണിയോടെ
ഒരു സാമ്രാജ്യം
അപ്രത്യക്ഷമായി.

Saturday, April 07, 2007

മരം കൊത്തിചോദിച്ചത്

കൊത്തിയ മരമെല്ലാം
ശില്പങ്ങളായിപ്പോയി
കൊക്കിലെയിരയെല്ലാം
പുഷ്പങ്ങളായും മാറി.

ഞാനൊരു വെറും പക്ഷി
എനിക്കു വിശക്കുന്നു
ഹേ, പുതുകവികളേ,
വനദേവതമാരേ,

ദൂരദൂരത്തില്‍ നീണ്ടു
കിടക്കുന്നൊരീ എംജീ
റോഡിനെ ഒരു കരിം
പുഴുവായ് തന്നീടുമോ?

Sunday, April 01, 2007

പരിചയം

ആരാണ്‌ നിങ്ങള്‍?
മറന്നുപോയതാകണം
ഓര്‍ത്ത് തുമ്പത്തെത്തുന്നുണ്ട്
സ്കൂളില്‍, നാട്ടില്‍
ഓടുന്ന വാഹനത്തില്‍
കണ്ടുകിട്ടുന്നില്ല.

ഞാന്‍ ഉപയോഗിച്ചിരുന്ന പേന
എപ്പോഴോകാണാതായി
പഠിച്ചിരുന്ന സ്കൂളില്‍
ജോലിസ്ഥലത്ത്
പെന്‍ഷന്‍ ഒപ്പിട്ട് വാങ്ങുന്നിടത്ത്
എവിടെയോ വീണുപോയിരുന്നു
ഒന്നും എഴുതിവെക്കാന്‍ കഴിഞ്ഞില്ല
എല്ലാ പഴയകാര്യങ്ങളും മറന്നുപോയി

കണ്ണടയുണ്ട്
എന്നാലും കാഴ്ചയില്‍ വിശദാംശങ്ങള്‍
കാണാതായിരിക്കുന്നു
വലിയ അക്ഷരങ്ങള്‍ക്കിടയിലെ
ചെറിയ കാര്യങ്ങള്‍
കണ്ണടധരിച്ചാല്‍ കാണുന്നതേ കാണൂ
കാണാത്തത് കാണില്ലല്ലോ

നിങ്ങള്‍ ആരാണ്‌ എന്ന്‍ മനസ്സിലായി
ആരായിരുന്നു എന്നാണ്‌ മനസ്സിലാകാത്തത്

Thursday, March 29, 2007

സമകാലീന കവിതയിലേക്ക് അഞ്ച് പരിശ്രമങ്ങള്‍

ഒന്നാമത്തേത്.
കുളിമുറിയുടെ മണം
സോപ്പുമണം പരത്തുന്ന
ആവിയില്‍
വിങ്ങിനില്‍ക്കുന്നു,
കുളിമുറി
ഞാന്‍ കടന്നുചെന്നിട്ടും
വെള്ളം തുറന്നിട്ടും
അറിയാതെ
ആരോ
കുളിച്ചിറങ്ങിപ്പോയതിന്റെ
ഓര്‍മ!
**
രണ്ടാമത്തേത്.
കിളി, ആകാശത്തോട്
ആകാശമേ
മഴവന്നാലും
നീയെന്റെ ചിറകെഴുത്തുകള്‍
ഓര്‍ത്തിരിക്കണേ

കുഞ്ഞുങ്ങള്‍ കുട നിവര്‍ത്തുമ്പോള്‍
അതിനുള്ളില്‍ കയറിക്കൂടി
കൂട്ടം ചേര്‍ന്നു പോകണേ
സൂര്യനെ,ചന്ദ്രനെ
നക്ഷത്രങ്ങളെ
നനയാതെ
കാത്തുകൊള്ളണെ
**
മൂന്നാമത്തേത്,
പട്ടം പറത്തല്‍
നഗരത്തിലെ
വീടിന്റെ മട്ടുപ്പാവില്‍ നിന്ന്‌
ഞാന്‍ നോക്കിനില്‍ക്കെ
പറന്നുയരുന്ന പട്ടമേ
നിന്റെ പിന്നില്‍
അന്തമറ്റഴിയുന്ന ഒരു നൂലുണ്ട
മുറുകെപ്പിടിച്ചിരിക്കുന്ന
മെലിഞ്ഞ കൊച്ചുകൈകളുടെ
ഉടമയെ എനിക്കുകാണാം .

നാ‍ട്ടിന്‍ പുറത്തെ
കൊയ്തുകഴിഞ്ഞ പാടത്ത്
കാറ്റത്തു തുള്ളിനിന്ന്
അവന്‍ നിന്റെ നേര്‍ക്ക്
അഴിച്ചുവിടുന്ന നോട്ടത്തിന്റെ
നാട്ടുവെളിച്ചത്തിലല്ലേ
ഞാനും
ഈ മട്ടുപ്പാവും
വീടും നഗരം തന്നെയും
ഈ വൈകുന്നേരത്ത്
ഇങ്ങനെ നില്‍ക്കുന്നത്
**
നാലാമത്തേത്.
അടുക്കള
ഇരിപ്പുമുറി
കിടപ്പുമുറി
ഊണുമുറി
കുളിമുറി...
അടുക്കളമാത്രം
ഒരു മുറി അല്ലാത്ത
മുറികൂടാനാവാത്ത
മുഴുവന്‍ മുറിവ്.
**
അഞ്ചാമത്തേത്.
പ്രണയം
യുദ്ധം കഴിഞ്ഞ്
മനുഷ്യരും മരങ്ങളും
ജന്തുക്കളും മരിച്ചുപോയ
നഗരം

കേടുപറ്റാത്ത കെട്ടിടങ്ങളും
നടപ്പാതകളും
വഴിവിളക്കുകളും കൊണ്ട്

പരസ്യബോര്‍‌ഡുകളും
കല്‍‌പ്രതിമകളും
ട്രാഫിക് സിഗ്നലുകളും കൊണ്ട്

ഒരിക്കല്‍
ജീവന്‍ സഞ്ചരിച്ചിരുന്ന വഴികളെ
മാറ്റിവരച്ച്
എല്ലാം പഴയമട്ടിലാക്കുമെന്ന്
വ്യാമോഹിക്കുന്നു
പാ‍വം

Wednesday, March 21, 2007

പുറം കടലും കല്ലായിപ്പുഴയും

പുകനൂലുകള്‍ കുപ്പായം തുന്നുന്ന
വയനാട്ടില്‍ നിന്നും
ഒരു മഞ്ഞുകാലത്താണ്
സോളമന്റെ ഗീതങ്ങളുമായി
അവള്‍ വന്നത്
പലയിടങ്ങളോടും പടവെട്ടി
അവള്‍ ഉണ്ണിയാര്‍ച്ചയായി
എന്നാല്‍
സാമൂതിരിമാരുടെ നാട്ടില്‍
പുറം കടലുകള്‍ അവളെ വലവീശി
വറ്റല്‍ മുളകിന്റെ മണമുള്ള നട്ടുച്ചകള്‍
അവളെ പങ്കിട്ടു
അന്ന് കിടന്ന കിടപ്പാണ്
കല്ലായിപ്പുഴ.

Friday, March 16, 2007

മയില്‍ വേഷം പലത്

എനിക്ക് ആകാശം
കാട്ടിത്തരാമോ ?
പുസ്തകത്തോട്
മയില്‍പ്പീലി ചോദിച്ചു.

പുസ്തകം ബാഹ്യാകാശത്തില്‍
വിശ്വസിച്ചിരുന്നില്ല
വരികള്‍ക്കിടയിലെ അഗാധതയില്‍
അവനൊരു ബദല്‍ ആകാശം സൂക്ഷിച്ചു.


പുസ്തകത്തില്‍ സൂക്ഷിച്ച
മയില്‍പ്പീലി പെണ്‍കുട്ടിക്ക്
മുഖക്കണ്ണാടിയായിരുന്നു
അതില്‍ തന്നെ മാത്രം അവള്‍ കണ്ടു.

മയിലുപേക്ഷിച്ചുപോയ
ഒറ്റ പീലി, ആകാശത്തിന്
ദാര്‍ശനിക സമസ്യയല്ല
പ്രണയം കുറിച്ചുവെയ്ക്കാന്‍
ഒരു തൂവലും
അവന്‍ സൂക്ഷിക്കാറുമില്ല.

മയില്‍പ്പീലി കണ്ണാളേ എന്ന്
മറ്റാരോവിളിച്ചപ്പോഴാണ്
ഉപമകളും ഉത്പ്രേക്ഷകളുമായി
കവിഭാവന പെണ്‍കുട്ടിയെ
ആദ്യം തോണ്ടുന്നത്.

പുസ്തകത്തിലിന്ന്‌
മയില്‍പ്പീലി ഇല്ല
പകരം, ഗാന്ധിത്തലയുള്ള
ഒരു പച്ച നോട്ട്.

അതുവെച്ച് വിലപേശി
വാങ്ങണം
ഒരു മുഴു മയിലിനെ

Thursday, March 15, 2007

നാസ്തികം

സ്നേഹപൂര്‍ണ്ണം സുധീരം സുനാസ്തികം
ജീവിതാന്തര സൌന്ദര്യസൂചകം
നീലഗോളമുള്‍ച്ചേര്‍ന്ന്‌ ഗാലക്സിയില്‍
ജ്വാലകള്‍ വകഞ്ഞെത്തിയ ജാഗരം

എന്തതെങ്ങനെ എന്തുകൊണ്ടിങ്ങനെ
എന്നു ചോദ്യം തൊടുക്കുമന്വേഷണം
ജീവജാല നാനാത്വത്തിലുണ്മതന്‍
നേര്‍മുഖം കാട്ടുമൂര്‍ജ്ജ പ്രചോദനം

ജ്ഞാനബന്ധുരം ചിന്താസുരഭിലം
സൂര്യരശ്മിപോല്‍ സൂക്ഷമം സഹായകം
കാലബോധത്തില്‍ നിന്നുയിര്‍ക്കോള്ളുമീ-
കാവ്യതീവ്രമാമുത്തരം നാസ്തികം

ഭാവസാന്ദ്രമഹാപ്രപഞ്ചത്തിന്റെ
പ്രായകോശം പഠിച്ച രസാത്ഭുതം
കാന്തസൂചിയില്‍ സാഗരാതിര്‍‌ത്തികള്‍
ചൂണ്ടിടുന്ന സഞ്ചാരിതന്‍ സൌഹൃദം

ഭൌതികത്തിന്റെയുല്പന്നമാത്മാവ്
ലൌകികത്തിന്റെ ലീലയീ കല്പന
ഐഹികാനന്ദ തീക്ഷ്ണപ്രവാഹമായ്
നന്മ നല്കി ജ്വലിക്കുന്ന നാസ്തികം

(അപൂര്‍ണ്ണം)

Tuesday, March 13, 2007

ഉള്ളുണക്കം

ആസകലം
ഉണങ്ങിയിരിക്കുന്നു

എന്നുവെച്ച്
അടുപ്പുകൊള്ളിപോലെ
തീയാവാന്‍ ദാഹിക്കുന്നില്ല

കട്ടിയായാലും കഴുക്കോലായാലും
വാതിലായും ജനലായും മാറുന്ന
തടികളെപ്പോലെ
ഉള്ളിനിണങ്ങിയ
ഉപയോഗമുള്ള
ഉണക്കം

പച്ചമരങ്ങള്‍
പുറന്തൊടിയില്‍ നില്‍ക്കട്ടെ
ഉണക്കക്കമ്പുകള്‍ കൊണ്ടുതീര്‍ത്ത
കിളിക്കൂടുകളും പേറി

Wednesday, March 07, 2007

(1) ഒരിക്കലും (2) മുറിവ്.

ഒരിക്കലും
എത്രമേല്‍ നിനക്കെന്നെ
സൂക്ഷിച്ചുവെക്കാനാവും
അത്രമേലൊരിക്കലു-
മാവില്ലെനിക്കു നിന്നെ.

മുറിവ്

സ്‍നേഹിതാ-
മിഴിയോള-
മാഴവും വലിപ്പവു-
മേറിടും മുറിവേത്?

Saturday, March 03, 2007

ആത്മഹത്യ - ലളിതാ ലെനിന്‍

എനിക്കീജീവിതം സുഖമാണെന്നു തോന്നിപ്പോയി-തെറ്റ്!
എല്ലുകളെല്ലാം ഊരിപ്പോയി
ഒരു ഞാഞ്ഞൂലിനെപ്പോല്‍ സുഖമായി, മന്ദം മന്ദം
ഇഴഞ്ഞും പുളഞ്ഞും നടന്നതാണ്
ഇടയ്ക്ക് മരണഭീതിയില്‍ പിടയ്ക്കുന്ന കൃഷിക്കാരന്റെ കാലിലൊന്നു തൊട്ടൂ
വിഷപ്പല്ലുണ്ടെന്ന് അയാള്‍!
തൊണ്ടിനുള്ളില്‍ തെണ്ടി നടക്കുന്ന കല്ലന്‍ ഒച്ചിനോട്
ഒന്നു വഴിമാറിത്തരാന്‍ കേണു.
ഞാഞ്ഞൂളിനും ഊറ്റമോ- അവന്‍ ഒച്ചയുയര്‍ത്തി!

കുളിച്ചു തൊഴുതുവന്ന പൊന്മാന്‍ എന്നെ ഇടംകണ്ണിട്ടപ്പോള്‍
ഉള്ളിലൊരാന്തല്‍! അഴുക്കും മെഴുക്കൂം പുതച്ചുരുണ്ട്
ഒരിലക്കീറിനു താഴെ അമുങ്ങിക്കിടന്നപ്പോള്‍
ഒരു ചെറുമഴതുള്ളി നെഞ്ചില്‍ വീണു
പിന്നെയത് പ്രളയമായി!
ആലിലയില്‍ ഒഴുകി നടക്കുമ്പോള്‍
ഒരെറുമ്പെന്റെ കാലില്‍ കടിച്ചു
വിരുന്നുപോയ് മടങ്ങും വഴി കാക്കയൊന്ന്
കൊത്തിനുണയ്ക്കാന്‍ ചരിഞ്ഞ് വന്നു.
എനിക്കു വയ്യേ! എപ്പോഴുമെപ്പോഴും
ഒളിച്ചും പതുങ്ങിയും നടക്കാന്‍!

ഒരു ഉടല്‍കൊണ്ട് എന്തൊക്കെ നേടാമെന്ന്
എനിക്കിപ്പോള്‍ ഊഹിക്കാം.
എങ്കിലും ജീവിക്കാനാണ് മോഹമെങ്കില്‍
ആത്മഹത്യയേ വഴിയുള്ളൂ !

Monday, February 26, 2007

ഇടത്തോട്ടെഴുതുന്നത്

ജനലില്‍
കാറ്റുപതിച്ചമണലില്‍
മഴ
ഇടത്തോട്ടെഴുതുന്നു
അകം
പെരുമഴയില്‍ കുതിരുമ്പോള്‍
നിറയും കണ്ണുകളില്‍
പ്രണയം മാന്‍കുട്ടിയായ് വന്ന്‌
കണ്ണാടി നോക്കുന്നു

ഒരിക്കലെങ്കിലും തൊടുമെന്ന്‌
വിരലുകള്‍
കെട്ടുപോകുവാന്‍ കുതറുന്നു
ഉമ്മവെയ്ക്കില്ലൊരിക്കലും
നിന്നെ ഞാനെന്ന്‌
ചിരിച്ച്
തോരും മഴയ്ക്കൊപ്പം
പുറത്തുപോകുന്നു

Friday, February 23, 2007

കണ്ണിക്കേടിന്റെ കാലത്ത് - സാറാ ജോസഫ്

കുറച്ചുദിവസമായി വല്ലാത്ത കണ്ണുവേദന
നന്ത്യാര്‍വട്ടം, മുലപ്പാല്, തുളസിനീര്, തുമ്പപ്പൂ.
സ്വയം ചികിത്സ ഫലിച്ചില്ല.
വൈദ്യരെ കണ്ടു മരുന്നൊഴിച്ചു
വല്ലാതെ കണ്ട് നീറുന്നു.
ഡോക്ടറെ കണ്ടു പറഞ്ഞു തന്നു
കണ്ണീര് വറ്റിപ്പോയി അതിനാലാണിറിറ്റേഷന്‍
ഹ്രസ്വദൃഷ്ടിയല്ല, ഹേ! കണ്ണീരുറവയടഞ്ഞു പോയ്
അതിനാലാണ് വേദന.

എങ്ങനെ വറ്റി വരണ്ടുപോയ് എന്റെയീരണ്ടു കണ്ണുകള്‍?
നെഞ്ചില്‍ തുളുമ്പി നില്‍പ്പല്ലോ, ഒന്നരക്കുടം കണ്ണീര്‍.
കുറിപ്പു തന്ന ഭിഷഗ്വരന്‍
കൈകൊണ്ട് തൊടരുത്, വെളിച്ചത്തില്‍ കാട്ടരുത്, വെള്ളത്തില്‍ തട്ടരുത്.
ചോദിച്ചുനോക്കീ വെറുതേ, തിരിച്ചു വരില്ലേ കണ്ണുനീര്‍?
പ്രയാസമാണ് ശ്രമപ്പെട്ട് മരുന്നൊഴിക്കുക കാത്തിടാം.
സങ്കടം വന്നു പെരുക്കുന്നു.
ഇനിയുള്ള കാലമെങ്ങിനെ ബാക്കിയുള്‍ലതു ജീവിക്കും?
കരയാതെ, കനിയാതെ, കണ്ണീരൊഴുക്കാതെ..

Thursday, February 22, 2007

വാക്കും കവിതയും - മാങ്ങാട് രത്നാകരന്‍

മുറിപൂട്ടി താക്കോല്‍ വിരല്‍ത്തുമ്പത്ത് ചുഴറ്റുമ്പോള്‍ : ആഞ്ചന1
വില്‍‌സുപാക്കറ്റിന്റെ നെയ്യുടുപ്പഴിക്കുമ്പോള്‍ : കുശി2
നര കയറിയ മുടിപിഴുതെടുക്കുമ്പോള്‍ : പൊഞ്ഞാറ്3
വെള്ളം കുടിച്ചെത്തിയ വെയിലു കായുമ്പോള്‍ : താറ്റം4
കാന്താരി ഞെരിച്ചിട്ട സംഭാരം കുടിക്കുമ്പോള്‍ :കുയില്‍‌ച5
പാട്ടും കേട്ട് നഖം വെട്ടി സുഖിച്ചിരിക്കുമ്പോള്‍ : വനം കരയല്‍6

തീവണ്ടിയ്ക്കു കൈകള്‍ വീശി കുഞ്ഞുങ്ങള്‍ തുളുമ്പുമ്പോള്‍
കൈതപ്പൊന്തയില്‍ കുളക്കോഴികള്‍ കുറുകുമ്പോള്‍
കിണറ്റുവെള്ളം കോരി മൂര്‍ദ്ധാവിലൊഴിക്കുമ്പോള്‍
കവിള്‍ നിറച്ചുവെള്ളം ചീറ്റി മഴവില്ലുകാണുമ്പോള്‍

വാക്കറിവീലവ, എഴുതാകവിതകള്‍

1. വെറുതെയുള്ള ആവര്‍ത്തനം 2. സന്തോഷം 3. നഷ്ടവേദന 4. ദാഹം 5. മത്തുപിടിച്ച അവസ്ഥ 6. ആദിമസ്മൃതി

Wednesday, February 21, 2007

പിന്‍ബെഞ്ചുകാരന്റെ മനഃശാസ്ത്രം - ദേശ്നി

പിന്‍ബെഞ്ചുകാരന് ഉറക്കം വരാറില്ല.
അവന്‍ അദ്ധ്യാപകന്‍ പറയാത്തത് കേള്‍ക്കുകയും
ക്ലാസ്സില്‍ നടക്കാത്തത് കാണുകയും ചെയ്യുന്നു
രസതന്ത്രം അദ്ധ്യാപകന്റെ ചോക്കുക്കഷ്ണങ്ങളില്‍
അവന്റെ കാഴ്ചയുടെ ചിലന്തിവലകള്‍ മുറിഞ്ഞുപോകുന്നു.
അവന്റെ ചെമ്പരത്തിപ്പൂവുകള്‍ നുറുങ്ങിപ്പോവാതെ വെറുതെ നിന്നു ചിരിക്കുന്നു.
അവന്റെ ഭൂപടത്തില്‍ അതിര്‍ത്തികള്‍ മാഞ്ഞുപോവുകയും
ഭൂഖണ്ഡങ്ങള്‍ മുങ്ങിപ്പോവുകയും ചെയ്യുന്നു.
അവന്റെ യാത്രകളില്‍ അറിയാത്ത വഴികളുടെ ഭൂപടം
ദിശാസൂചിക കറങ്ങിക്കറങ്ങി ദിശ നഷ്ടപ്പെടുമ്പോള്‍
മറ്റൊരുചോക്കു കഷ്ണത്തില്‍, അവന്റെ കാഴ്ചയുടെ ഫ്രെയിമില്‍
ഒരു’കട്ട്’ വിളിയുയരുന്നു.

Tuesday, February 20, 2007

അനന്തം - എന്‍.ജി.ഉണ്ണികൃഷ്ണന്‍

തെങ്ങിന്‍ തൈമേല്‍ ഒരു കാക്കത്തമ്പുരാട്ടി
മാവിന്‍ ചില്ലയില്‍ ഒരു മാടത്ത കുടുംബം
പുല്‍ക്കതിരുകള്‍ തൊട്ടു പറന്ന് മഞ്ഞത്തുമ്പിയുടെ
ശബ്ദമില്ലാത്ത ഹെലിക്കോപ്റ്റര്‍
തെങ്ങോല വിറച്ചു.
ഓലയില്‍ ഇളം മഞ്ഞവെയില്‍
അങ്ങേപ്പറമ്പില്‍ പിള്ളേര്‍
ബൌണ്ടറിയോ ക്യാച്ചോ കൂവി.
നീയില്ലെന്ന വേദനയോടെ
നിന്റെ കണ്ണുകളുടെ തെളിനീര്‍ തടാകത്തില്‍
ഇതെല്ലാം കണ്ടുകണ്ടങ്ങിരിക്കുന്നതിനെ
ദൈവം എന്നു പറയുന്നു.

തെങ്ങുകള്‍

ഈന്തപ്പനകള്‍ ചോദിച്ചു

തുറിച്ചുനോക്കുന്നതെന്തിന്‌
വിവര്‍ത്തനശേഷമുള്ള
തെങ്ങുകളാണ്‌ ഞങ്ങള്‍

മറന്നുവോ ?

Monday, February 19, 2007

തെരുവിന്റെ കഥ - അയ്യപ്പന്‍

ഒരിടത്ത്
ഒരു മകളുണ്ടായിരുന്നു
അച്ഛനാരെന്നറിയില്ല
അമ്മയെ കണ്ടിട്ടില്ല
ഒരാള്‍ കുരുന്നു കൈപിടിച്ച്
ഒരു തെരുവിലേയ്ക്ക് കൊണ്ടു പോയ്
ആ തെരുവിന്റെ പേരിന്ന്
ചുവന്ന തെരുവ്.

Sunday, February 18, 2007

കാവ്യകല -കുമാരനാശാന്‍

ഏകാന്തം വിഷമമൃതാക്കിയും വെറും പാഴാകാശങ്ങളില്‍
അലര്‍ വാടിയാരചിച്ചും
ലോകാനുഗ്രഹപരയായെഴും കലേ,
നിന്‍ ശ്രീകാല്‍ത്താരിണ അടിയങ്ങള്‍ കുമ്പിടുന്നു.

ആര്‍ക്കും നിന്‍ വടിവറിയില്ല,
അര്‍ഘ്യമാല്യം കോര്‍ക്കും നിന്‍ പ്രതിമകള്‍ നോക്കി അര്‍ച്ചകന്മാര്‍
ഓര്‍ക്കും നിന്‍ മഹിമകളാരവര്‍ക്കു രോമം ചീര്‍ക്കുന്നുണ്ടതു മതി
അംബ വിശ്വസിപ്പാന്‍.

തുംഗശ്രീ ഗിരി ശിഖരങ്ങള്‍, ശുഭ്രവീചീഭംഗ വ്യാകുലജലമാര്‍ന്ന സാഗരങ്ങള്‍
എങ്ങും പുഷ്പിത വനഭൂക്കള്‍ എന്നിവറ്റില്‍
തങ്ങും നിന്‍ ചുവടുകള്‍ ദേവി മാഞ്ഞുപോകാ.

പാഴാകും മരുവിലലഞ്ഞു സര്‍വഗേ
നീ വാഴാറുള്ള അരമന തേടി വാടി ഞങ്ങള്‍
കേഴാതാ രസമയരാജ്യ സീമ കാണ്മാന്‍
‘ഏഴാമിന്ദ്രിയ’മിനിയമ്പോടേകുകമ്മേ !

Saturday, February 17, 2007

ഓര്‍മ്മ - ഡി.വിനയചന്ദ്രന്‍

ഈ വഴിയേ പലരും പോയിട്ടുണ്ടെങ്കിലും
വഴിയില്‍ കുഴഞ്ഞു വീണു മരിച്ച ഒരാളെ മാത്രമേ
നാട്ടുകാര്‍ ഓര്‍ക്കുന്നുള്ളൂ.
അയാളുടെ സഞ്ചിയില്‍ കുന്നിമണികളും
മഞ്ചാടിക്കുരുക്കളും ഉണ്ടായിരുന്നു
ഒരമ്മയുടെയും കുട്ടിയുടെയും പടമുണ്ടായിരുന്നതു കൊണ്ട്
അമ്മമാര്‍ അയാളെ ഓര്‍ക്കുന്നുണ്ട്.
കുഴിച്ചിടുമ്പോള്‍ ഒരു കീറു വെളിച്ചം
മായാതെ ദേഹത്തു തങ്ങി നിന്നതിനാല്‍
മണ്‍‌വെട്ടിയും തൊഴിലാളികളും അയാളെ മറന്നിട്ടില്ല.
സഞ്ചിയിലുണ്ടായിരുന്ന വിത്തുകള്‍
വളര്‍ന്നു പൂവും കായുമായതിനാല്‍
മണ്ണും മരവും തേനും ആകാശവും
അയാളെ ഓര്‍ത്തുകൊണ്ടിരിക്കും.
കിനാവു കാണാത്ത ദിനങ്ങളില്‍
ആളുകള്‍ ചോദിച്ചുകൊണ്ടിരിക്കും
എന്തിനായിരുന്നു ആ കുന്നിമണികള്‍?
ഈ വഴിയേ പലരും പോയെങ്കിലും
ഒരാളെ മാത്രമേ എല്ലാവരും ഓര്‍ക്കുന്നുള്ളൂ.