Saturday, December 29, 2007

ജീവിതത്തിന്റെ ചിരി - മണമ്പൂര്‍ രാജന്‍ ബാബു

രോഗമേ,
നിനക്കു സ്തുതി
മനുഷ്യരില്‍ കുടിപാര്‍ക്കുന്ന
ഹിംസ്രമൃഗങ്ങളെ മുഴുവന്‍
തുറന്നുകാട്ടിയതിന്

മരണമേ,
നിനക്കു സ്തുതി
നിന്നെക്കാള്‍ മികച്ചകോമാളിയായി
ജീവിത്തെ എഴുതിയതിന്

എങ്കിലും,
അതും കുറിച്ചിട്ടേ ഇവന്‍ പോകുകയുള്ളൂ
അതിനാല്‍
ആര്‍ക്കു മായ്ക്കാനാവും
ജീവിതത്തിന്റെ ചുണ്ടിലെ ഈ നിത്യസ്മേരം?

Wednesday, December 26, 2007

റാഷിദയുടെ കവിതകള്‍, ഭാഷാപോഷിണി

വാക്യം

സൌഹൃദം
അടുപ്പിച്ചെഴുതുന്ന അക്ഷരങ്ങളില്‍
ജനിക്കുന്നു
സ്നേഹം
അടുത്തുരയ്ക്കുന്ന വാക്കുകളില്‍
കൂട്ടുകൂട്ടുന്നു
ജീവിതം തളിക്കുന്നത്
വാക്യം പൂര്‍ത്തീകരിക്കുമ്പോള്‍

കലണ്ടര്‍

പരിഭവങ്ങള്‍ക്ക് അവധിയില്ലാത്ത
നിന്റെയീ കലണ്ടര്‍
എന്റെ ചുമലില്‍ നിന്നു മാറ്റണം
കേട്ടപാതി പിഴുതെടുത്ത്
നീ പതിച്ചതു നിന്റെ വീടിന്റെ ചുമരില്‍
അവിടെയും മുപ്പത്തിയൊന്നു കഴിഞ്ഞപ്പോള്‍
പേജുകള്‍ താനേ മറിഞ്ഞിട്ടുണ്ടാവണം
ഇപ്പോള്‍ ഈ മാസത്തില്‍
പരിഭവങ്ങള്‍ക്കു രണ്ടാംശനിപോലുമില്ലെന്നു
നിന്റെ വെള്ളിമൊഴികള്‍

രാത്രിയുടേ മനസ്സ്

രാത്രിയുടെ മനസ്സ് ഓര്‍മ്മകളുടെ നിലാവാണ്
ഇരുട്ടിന്റെ മൌനത്തിനും ഉഷസിന്റെ കുളിരിനും
ഇടയ്ക്കുള്ള നിനവുകളീല്‍
പ്രണയം കൊയ്യുന്ന സൌഹൃദം വിതയ്ക്കുന്ന
ഓര്‍മ്മകളുടെ നിലാവ്

രാത്രിയുടെ തമസ്സ് സ്വപ്നത്തിന്റെ ഈറ്റില്ലമാണ്
ഇരവിന്റെ നിശ്ശബ്ദതയില്‍ അലയടിച്ചുവരുന്നത്
സ്വപ്നത്തിരമാലകളുടെ പ്രവാഹം

രാത്രിയുടെ മനസ്സ് മൌനത്തിന്റെ സംഗീതമാണ്
വാചാലമായ,അനിവചനീയമായ
മധുരസംഗീതം

Tuesday, December 11, 2007

മധ്യേയിങ്ങനെ, കെ.സി.മഹേഷ്

താഴോട്ട്‌ വീഴും പോലെ
മേല്‍പ്പോട്ടും വീഴാം
പക്ഷെ
ആരും ഇങ്ങിനെ പേടിക്കാറില്ല
തല കീഴെയാണെങ്കില്
‍വീഴുകയാണ്‌
തല മേളിലാകുമ്പോള്
‍പൊന്തുന്നു
അതുകൊണ്ടാണ്‌ നമ്മളൊക്ക
താഴേക്കുമാത്രം വീഴാതെശ്രദ്ധിച്ച്‌
ഇപ്പോള്‍ മേല്‍പ്പോട്ട്്‌ വീണുപോകുത്‌
മേല്‍പ്പോട്ട്‌ പൊന്തുന്ന
താഴോട്ടുംതല കീഴെയാണെങ്കില്
‍നിങ്ങള്‍ പൊക്കത്തിലേക്കാണ്‌
മുകളിലേക്ക്‌ വീണുപോകുവര്
‍താഴേക്ക്‌ പൊങ്ങിപ്പോയ ഒരാളെ
കാണുതേയില്ല

Sunday, November 25, 2007

മണ്ടന്‍,പി.എന്‍.ഗോപീകൃഷ്ണന്‍

1
ചവിട്ടുമ്പോള്‍
സൈക്കിളിന്റെ ചങ്ങല
ഇടക്കിടെ അഴിയുമായിരുന്നു
ഒച്ച കൂട്ടുമ്പോള്‍
റേഡിയോവില്‍
സ്റ്റേഷന്‍ മാറുമായിരുന്നു
ബട്ടന്‍ തെറ്റിയതിനാല്‍
കാസറ്റിലെ
പാട്ട് മായുമായിരുന്നു
ഇസ്തിരിയുടെ
മിക്സിയുടെ
ആന്തരാവയവങ്ങള്‍
ഇടക്കിടെ ദഹിക്കുമായിരുന്നു

എന്നിട്ടും
ഈ മണ്ടന്‌
ഒരു മൊബൈല്‍ ഫോണ്‍
സമ്മാനമായ് കിട്ടി.

2
വിളിക്കുമ്പോള്‍
ആളുതെറ്റി.
സേവ് ചെയ്തപ്പോള്‍
ഡിലീറ്റായി
ഒച്ച കൂട്ടിയപ്പോള്‍
സൈലന്റില്‍ വീണു
കാലത്തെ അലാറം
രാത്രിയില്‍ മുഴങ്ങി
ആകെ കുഴങ്ങിയപ്പോള്‍
ദാനം തന്നവന്‌
എസ്സെമ്മസ് അയച്ചു
'നിന്നെ ഞാന്‍ കൊല്ലും'
ഞാനെങ്ങനെ അറിയാന്‍?
നമ്പര്‍ തെറ്റി
മന്ത്രിക്കു പോയി

3

നാഭിയില്‍ ചവിട്ടിയ
പോലീസേമാനോട്
ക‍രഞ്ഞു പറഞ്ഞു
ഞാനൊരു മണ്ടനാണ്‌
കാണാന്‍ വന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍
എന്നോട്പറഞ്ഞു
മണ്ടത്തരമായിപ്പോയി

അതെ
മണ്ടന്‍ എല്ലാവരെയും
ബുദ്ധിമാന്‍മാരാക്കുന്നു
ബൂട്ടിനടിയില്‍
ചതഞ്ഞരഞ്ഞ്
മണ്ടനായാലറിയാം
സൈനയം അതിര്‍ത്തിയിലല്ല
അകത്താണ്‌

4
തീവ്രവാദിവിരുദ്ധ നിയമം
ഉപയോഗിച്ച് എനിക്ക്
ജീവപര്യന്തം വിധിച്ചിരിക്കുന്നു
ജയിലിനുള്ളീല്‍
ആരോടെങ്കിലും ചോദിച്ച്
മൊബൈല്‍ ഉപയോഗിക്കാന്‍
പഠിക്കണം
എന്നിട്ടു വേണം
പുറത്തിറങ്ങി
ഒരു മെസ്സേജയക്കാന്
അന്നേരം ഭരിക്കുന്ന മന്ത്രിക്ക്
അതേ മെസ്സേജ്.

ഒരു സംഗതിയെങ്കിലും
മണ്ടത്തരത്തില്‍ നിന്ന്‌
കാര്യത്തിലേക്ക്
കരേറ്റണമല്ലോ

ഒരിക്കലെങ്കിലും

Thursday, November 15, 2007

ഹ, എം. എസ്. ബനേഷ്

1. ഹായ്

“പക്ഷേ
യ് പോയാല്‍
നേരേ വിപരീതം വന്ന്
നിന്നെ കരയിക്കില്ലേ?”
ഞെട്ടിക്കാന്‍ ശ്രമിച്ചു സംശയവാദി

പഞ്ചസാരപ്പാത്രത്തിലേക്ക് നീണ്ട ഒരു കൈ
പെട്ടെന്ന് പിന്‍വലിഞ്ഞു
ഉത്തരക്കടല്ലസില്‍ നിന്ന് മറ്റൊരു കൈ
ആകാശത്തേക്ക് ചുരുട്ടിയ അതേ വെഗത്തില്‍
പാതാളത്തിലേക്ക് വിയര്‍ത്ത് ഇനിയുമൊന്ന്

2. ഹാ

“ഏതെങ്കിലും
ഒരു വൂ കൂടി ചേര്‍ന്നാല്‍...”
ആശ്വസിപ്പിക്കാന്‍ ശമിച്ചു ആനന്ദവാദി

മധുരമിട്ട് ഒരു കട്ടനുണ്ടാക്കി
ഒരു ചോദ്യത്തിനുകൂടി ഉത്തരമെഴുതി
പ്രകടനത്തില്‍ പങ്കെടുത്ത്
ഒന്നരപ്പെഗ്ഗും കഴിച്ച്
തിരിച്ചുവന്നു

പക്ഷേ,
ഭാഷയുടെ
പുരാതനമായ ഉറക്കമുറിയില്‍
അപ്പോഴും കാത്തിരി‍ക്കുനുണ്ടായിരുന്നു
അനുഭവങ്ങളുടെ തുലാസാവാന്‍ പാകത്തില്‍
ഇരുവശത്തും തുറന്നു പിടിച്ച വായുമായ്
അതേ പഴയ ഹ.

Friday, November 02, 2007

തോഴന്‍,വി.മുസഫര്‍ അഹമ്മദ്

ഇരുകരകള്‍ തുളുമ്പി
കുന്തി ഒഴുകുന്നെടോ
മഴക്കാലമല്ലേ
പൊറുക്കാം
കലക്കം
വയസ്സെത്രയായി
ക്ഷണമുണ്ട് മുങ്ങുവാന്‍
തണുതണുപ്പെന്റെ
കടും ചോര മോന്തും
പല്ലുകള്‍ കോറീ‍ച്ചുരുങ്ങും
ക്ഷണമുണ്ട്
കുറുകെ നീന്തുവാന്‍
ഊഞ്ഞാലിലാട്ടും ചുഴിക്കയങ്ങള്‍
വയ്യെടോ
കമ്മലുകള്‍
തടയും
കണ്‍മഷിപരക്കും
വരുന്നുണ്ട്
വിഷബാധയേറ്റ
മരങ്ങള്‍ മണ്ണുമായി
വീടായി
വാതിലായി
ജനലുമായി
വേണ്ടെനിക്കൊന്നും
ഇക്കലക്കത്തിലൊരു
മീന്‍വേട്ട പോലും
രുചി കലഹം
നീയെവിടെയിപ്പോള്‍?
ഞാനുണ്ട് മഴ
മരുഭൂമിയില്‍
ഇവിടെ
ജനലാര്‍പ്പുകള്‍
ഭൂഗര്‍ഭത്തില്‍
ചെവിചേര്‍ത്തുവെച്ചാല്‍
കേള്‍ക്കാമിളക്കം
തരിവളകിലുക്കം
മഴ വീട്ടിലുറങ്ങും
കാറ്റസ്തമിക്കും
എവിടെയും ഉപ്പു
മണക്കും
ഇരുകര തുളുമ്പി
മണല്‍ക്കുന്നുകള്‍
നടക്കും
മഴയെന്നെ കണ്ടനാള്‍
മറന്നിരിക്കും
കുടമാത്രമാണിന്ന്‍
തോഴന്‍

Thursday, November 01, 2007

ഹ - എം.എസ്.ബനേഷ്

1.ഹായ്
“പക്ഷേ യ്‌ പോയാല്‍
നേരെ വിപരീതം വന്ന് നിന്നെ കരയിക്കില്ലേ?”
ഞെട്ടിക്കാന്‍ ശ്രമിച്ചു സംശയവാദി.

പഞ്ചസാരപ്പാത്രത്തിലേയ്ക്ക് നീണ്ട ഒരു കൈ
പെട്ടെന്ന് പിന്‍‌വലിഞ്ഞു.
ഉത്തരക്കടലാസില്‍ നിന്ന് മറ്റൊരു കൈ.
ആകാശത്തേയ്ക്ക് ചുരുട്ടിയ അതെ വേഗത്തില്‍
പാതാളത്തിലേയ്ക്ക് വിയര്‍ത്ത് ഇനിയുമൊന്ന്.

2. ഹാ
“എങ്കിലും
ഒരു വൂ കൂ‍ടിച്ചേര്‍ന്നാല്‍...”
ആശ്വസിപ്പിക്കാന്‍ ശ്രമിച്ചൂ ആനന്ദവാദി
മധുരമിട്ട് ഒരു കട്ടനുണ്ടാക്കി
ഒരു ചോദ്യത്തിനുകൂടി ഉത്തരമെഴുതി
പ്രകടനത്തില്‍ പങ്കെടുത്ത് ഒന്നര പെഗ്ഗും കഴിച്ച് തിരിച്ചു വന്നു.

പക്ഷേ,
ഭാഷയുടെ
പുരാതനമായ ഉറക്കുമുറിയില്‍
അപ്പോഴും കാത്തിരിക്കുന്നുണ്ടായിരുന്നു
അനുഭവങ്ങളുടെ തുലാസ്സാവാന്‍ പാകത്തില്‍
ഇരുവശത്തും തുറന്നുപിടിച്ച വായുമായി
അതേ പഴയ .

Saturday, October 20, 2007

അധിഭൌതികം- സച്ചിദാനന്ദന്‍

“മരിച്ചാല്‍ നമ്മളെല്ലാം വെബ്‌സൈറ്റുകളായി മാറും.”
മൃഗാംഗമോഹന്‍ പറഞ്ഞു
“അതെ. നമ്മുടെ ആത്മാക്കള്‍ വെര്‍ച്വല്‍ സ്പെയിസിലൊഴുകി നടക്കും”
താന്‍‌വാന്‍ കൂട്ടിച്ചേര്‍ത്തു
“ബ്രൌസ് ചെയ്യുന്നവരെയെല്ലാം അവ ആവേശിക്കും; പിന്നീട് അവരും നമ്മെപ്പോലെ ചിന്തിക്കാനും
പെരുമാറാനും ആരംഭിക്കും.”
“അതെ. നമ്മുടെ ക്ലോണുകള്‍. മരിക്കുമ്പോള്‍ അവരും വെബ്സൈറ്റുകളാവും. അങ്ങനെ വെബ്സൈറ്റുകളിലൂടെ ജീവന്റെയും വംശത്തിന്റെയും അനന്തമായ സംവേദനശൃംഖല ഉരുവം കൊള്ളും.”
മൃഗാംഗമോഹന്‍ പാരമ്പര്യമഗ്നനായി.
“ആ ലോകത്ത് അര്‍വാചീനര്‍ പ്രാചീനരെയും പൌത്രന്മാര്‍ പിതാമഹരെയും ശിഷ്യന്മാര്‍ ഗുരുക്കളെയും എഴുത്തുകാര്‍ കഥാപാത്രങ്ങളെയും കണ്ടുമുട്ടും.”
“അതെ. വിജയന്‍ രവിയെ, മുകുന്ദന്‍ ദാസനെ, ആനന്ദ് ജോസഫിനെ, നമ്മളും കണ്ടുമുട്ടും;
അയാഥാര്‍ത്ഥത്തെ ഇല്ലാതാക്കാന്‍ അണുയുദ്ധത്തിനുമാവില്ല. ഭൌതികത്തിനകത്തു തന്നെയാണ് അതിഭൌതികം.”താന്‍‌വാന്‍ പുഞ്ചിരിച്ചു.
“സുനന്ദേ”, മൃഗാംഗമോഹന്‍ പുല്‍ക്കൊടിത്തുമ്പില്‍ നിന്ന് ഒരു ഹിമകണം തട്ടിത്തെറിപ്പിച്ച് തുടര്‍ന്നു:
“പാണ്ഡവരുടെ അജ്ഞാതവാസം വെര്‍ച്വല്‍ സ്പെയിസിലായിരുന്നു; സീത അന്ത്രദ്ധാനം ചെയ്തതും അവിടെത്തന്നെ.”
“സീതയുടെ ബ്ലോഗ് അങ്ങ കണ്ടുവോ?” താന്‍‌വാന്‍ വികാരാവിഷ്ടയായി.
“വനവാസകാലത്തെ ഡയറി അതിലുണ്ട്. സ്ത്രീകളുടെ ആത്മകഥാസാഹിത്യം വളരുകയാണ്. “
“യേശുവും തഥാഗതനും സത്യം തേടിയലഞ്ഞതും അവിടെത്തന്നെ. അന്ന് സെര്‍ച്ച് എഞ്ചിനുകളില്ലായിരുന്നു. പാവങ്ങള്‍! യേശുവിന്റെ അജ്ഞാതവത്സരങ്ങള്‍ ഇപ്പോള്‍ പുനര്‍നിര്‍മ്മിക്കാം. നമ്മുടെ നാടുകളില്‍ വന്ന് അദ്ദേഹം ബുദ്ധന്റെയും ലാവോസുവിന്റെയും ദര്‍ശനങ്ങള്‍ അഭ്യസിച്ചിരുന്നു.”
“കര്‍മ്മചക്രം!“ താന്‍‌വാന്റെ മിഴി നിറഞ്ഞു
“ഭൂമിയിലെ നിയോഗം പൂര്‍ത്തിയായാല്‍ പിന്നെ നാം എങ്ങനെയിരിക്കുമെന്നു നോക്കാം, “ എന്നിട്ടവള്‍ ലോലമായ മഞ്ഞ വിരലുകളാല്‍ മൌസു ക്ലിക്കുചെയ്ത് ഭാവിയിലേയ്ക്ക് സഞ്ചരിച്ചു തുടങ്ങി.

*മൃഗാംഗമോഹന്‍,താന്‍‌വാന്‍ - ഒ വി വിജയന്റെ പാറകള്‍ എന്ന കഥയിലെ കഥാപാത്രങ്ങള്‍. സുനന്ദ- മൃഗാംഗമോഹന്‍ താന്‍‌വാനു നല്‍കുന്ന വിളിപ്പേര്.

Thursday, October 18, 2007

ക്ലിക്കുകള്‍,ശ്രീനന്ദ.ഏസ്.(മാതൃഭൂമി ബാലപംക്തി)

പാര്‍ക്കുകള്‍, ബസ്‍്‍‍സ്റ്റോപ്പുകള്‍
കോളേ‍ജുകള്‍ ...
മൊബെല്‍ ഫോണുകളില്‍
ശബ്ദമില്ലാത്ത
ക്ലിക്കുകള്‍
പരിചയപ്പെടുമ്പോള്‍
പ്രണയം തുടങ്ങുമ്പോള്‍
പിരിഞ്ഞുപോകുമ്പോള്‍
ഓരോ ക്ലിക്ക്
കമ്പ്യൂട്ടറില്‍
എണ്ണമില്ലാത്ത
ഡബിള്‍ ക്ലിക്കുകള്‍
ആയിരം കണ്ണുകള്‍ക്കായി
ഒരൊറ്റ ക്ലിക്ക് .
പിന്നെ,
ഒരു തുണ്ടു കയറില്‍
റെയില്‍പ്പാളങ്ങളില്‍
വിഷക്കുപ്പികളില്‍
വൈവിധ്യമാര്‍ന്ന
ക്ലിക്കുകള്‍ .

Wednesday, September 26, 2007

പൂജ്യം ആറ്‌ പൂജ്യം ഏഴ് - സി.എസ്സ്.ജയചന്ദ്രന്‍

അഞ്ചു നിമിഷങ്ങള്‍ക്കിടയിലെ മൂന്നു മരണാഭിലാഷങ്ങളെ
അവഗണിച്ച് തികച്ചും
പ്രസാദാത്മകനായി
കവിത ചമയ്ക്കാനിരുന്നു

ഹിമാലയം ഒരു കലണ്ടറായി ചുമരിലും
മഹാസമുദ്രങ്ങള്‍ കര്‍ട്ടനുകളായി
ജനാലകളിലും തൂങ്ങിക്കിടന്നു

ആകാശഗംഗ
ഈ മണ്‍ക്കൂനയിലുണ്ടെന്ന്
ഉറപ്പു തന്നു

ഗാന്ധിയും മാര്‍ക്സും
പക്കി ബുദ്ധന്മാരായി
പറന്നു നടന്നു

അമേരിക്ക
ഒരു കൊതുകായി വന്ന്
കിന്നാരം പറഞ്ഞു

പ്രപഞ്ചം എന്നെയും
ഞാന്‍ പ്രപഞ്ചത്തെയും
ചൊറിമാന്താന്‍ പുറപ്പെട്ടു.

തേടിയ വള്ളി കഴുത്തില്‍ച്ചുറ്റി
ബുദ്ബുദകോടി പുറത്തു ചാടി

ആഹാ വിഷാദം എന്നെയും പിടികൂടി
ഹാപ്പി ന്യൂ ഇയര്‍ വിഷാദമേ....

മോചനം - എം.ആര്‍.വിബിന്‍

ഉടച്ചുകളയുകയാണ്
ഞാന്‍ എന്റെ കണ്ണാടിയെ
നിന്റെ പ്രതിബിംബത്തെ
ഒന്നില്‍ നിന്ന്
അനേകമായി
മോചിപ്പിക്കാന്‍ മാത്രം!

Friday, September 21, 2007

നിന്റെ കരുത്ത് - ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്

ദുര്‍ബലയെങ്കിലും
എന്തു കരുത്താണ് നിനക്ക് !
ചെറുതെങ്കിലും
എത്ര വലുതാണു നീ
ചൂണ്ടുവിരല്‍ കത്തിച്ച്
നീ ഉണ്ടാക്കിയ കുഞ്ഞുസൂര്യന്‍
മരണത്തിന്റെ ഇരുട്ടിനെ അകറ്റി
സ്വയം ചെടിയായി മാറി
പൂക്കളെന്തെന്നു കാട്ടി
ഭൂമിയായി മലര്‍ന്നു കിടന്നു
മണ്ണിനടിയില്‍ നദിയൊഴുകുന്ന
ഒച്ച കേള്‍പ്പിച്ചു

ചോരയാല്‍ ചിനക്കുന്ന കുതിരകളെ
കവിതയുടെ ലാവണത്തില്‍ കെട്ടി
ഭ്രാന്തിന്റെ മരുഭൂമിയില്‍ നിന്ന്
ഇല്ലാത്ത താമര പറിച്ചു നല്‍കി.

Tuesday, September 18, 2007

ആരെയും കാണാനില്ല - ദേശമംഗലം രാമകൃഷ്ണന്‍

രണ്ടു വാതിലുകളാണവന്‍
കണ്ണുകളല്ല, കാതുകലല്ല, മൂക്കിന്‍ തുളകളല്ല

ചിത്രമാവുന്ന ചുമരല്ല
വാനത്തിലേയ്ക്കുള്ള കോണിയല്ല
പീഠത്തിനുള്ള ഉമ്മറമല്ല
കുഞ്ഞിക്കാലിന്റെ മുറ്റമല്ല
രണ്ടു വാതിലുകളാണവന്‍

ആവശ്യക്കാര്‍ വരുമ്പോള്‍ നില്‍ക്കുന്നു അവന്‍
ഒരു വാതില്‍ തുറക്കുന്നു
മറ്റേ വാതില്‍ അടയ്ക്കുന്നു
അവര്‍ പറയുന്നു നല്ല വീടു നീ നിന്നെ മാത്രം കാണുന്നില്ല
അതൊരു കുറവല്ല.

ഉമ്മറപ്പടി കടന്ന് അവര്‍ അകത്തേയ്ക്ക് കേറുന്നു
എപ്പഴാ വന്നത്, നന്നായി
എന്നാരോ സ്വാഗതം പറയുന്നു
ആരെയും കാണാനില്ല
അതൊരു കുറവല്ല

തിരിഞ്ഞു നോക്കേണ്ട അടഞ്ഞ വാതില്‍ക്കല്‍
ദുര്‍മണങ്ങള്‍ കെട്ടിയാര്‍ക്കുന്നു
ചില പഴകിയ കൊടിക്കൂറകള്‍
എങ്കിലും തിരിച്ചു പോരുമ്പോള്‍ കാണാതിരിക്കാനാവില്ല
തുറന്ന വാതില്‍പ്പാളിയില്‍
ചോരപ്പശയിലൊട്ടി നില്‍ക്കുന്നു
അഞ്ചു വിരലുകള്‍

അവന്‍ ഇല്ലെന്നും വെറും രണ്ടു വാതിലേയുള്ളൂവെന്നും
ആള്‍ക്കാര്‍ പറയാറുണ്ട്
എങ്കിലും മൂഢമാം ചില നേരങ്ങളില്‍
കേള്‍ക്കുന്നു ഈ വാതില്‍ക്കല്‍
ആരോ വിരല്‍ ഞൊടിക്കുന്നു
ആരെയും കാണാനില്ല

തര്‍ജമ - സച്ചിദാനന്ദന്‍

ഞാന്‍
നിന്നെ
തര്‍ജമ
ചെയ്തു
കളയുമെന്ന്
ഒരു കൂഴ
ചെമ്പിന്‍ ചിറകു
വിരുത്തി
പറന്നിറങ്ങി
ഒരൊറ്റ
റാഞ്ചല്‍
കവിതയുടെ
ഒരു കുഞ്ഞി തൂവല്‍ മാത്രം
പാറപ്പുറത്ത് ബാക്കിയായി

Saturday, September 15, 2007

കരയുന്നതിനു പകരം ആണുങ്ങള്‍ അട്ടഹസിക്കുന്നു - പി.എന്‍.ഗോപീകൃഷ്ണന്‍

കരയുന്നതിനു പകരം ആണുങ്ങള്‍ അട്ടഹസിക്കുന്നു.
കാരണം
തൊണ്ടയ്ക്കുള്ളിലെ മുഴയാണ് ഹൃദയം എന്ന്
അവരില്‍ ഭൂരിഭാഗവും അടച്ചു വിശ്വസിക്കുന്നു.

അട്ടഹസിക്കാതെന്തു ചെയ്യും?
മുളകുചെടി നടുന്നതറിയാതെ കൃഷിയെക്കുറിച്ചു പറയണം
തീ അടുക്കളയില്‍ ചെയ്യുന്നതറിയാതെ
ഭക്ഷ്യ സുരക്ഷയെക്കുറിച്ച് പ്രസംഗിക്കണം
പ്രസവം എന്തെന്നറിയാതെ
ഭാവിയെക്കുറിച്ച് ഉത്കണ്ഠപ്പെടണം
വസ്ത്രങ്ങള്‍ വെളുക്കുന്നതെങ്ങനെ എന്നറിയാതെ
ലോകം മുഷിച്ചു കൊണ്ടിരിക്കണം
എന്നും സന്തോഷമഭിനയിക്കുന്ന നടനായി
കസേരകളില്‍ ഇരിക്കണം

വെറുതെയല്ല
ആണുങ്ങള്‍ നിര്‍മ്മിക്കുന്നതെന്തും
തീവണ്ടിയെപ്പോലിരിക്കുന്നത്.
ഉള്ളില്‍ ലക്ഷ്യമെത്താന്‍ വെമ്പുന്ന ഒരാളെയും
മുന്നില്‍ മരിക്കാന്‍ വെമ്പുന്ന ഒരാളെയും
ഒപ്പം ആവിഷ്കരിക്കുന്ന;
നേര്‍വരയിലൂടെ മാത്രം സഞ്ചരിക്കുന്ന;
തുടക്കം മുതല്‍ ഒടുക്കം വരെ അട്ടഹസിക്കുന്ന;
ഒരു വാഹനത്തെപ്പോലെ.

Thursday, September 13, 2007

മേഘരൂപന്‍, ആറ്റൂര്‍ രവിവര്‍മ്മ

സഹ്യനെക്കാള്‍ തലപ്പൊക്കം
നിളയേക്കാളുമാര്‍ന്ദ്രത
ഇണങ്ങിനിന്നില്‍; സല്‍‌പുത്ര-
ന്മാരില്‍ പൈതൃകമിങ്ങനെ!

നിനക്കെഴുതുവാന്‍ പൂഴി
വിരിപ്പൂ ഭാരതപ്പുഴ
നിനക്കു കാണുവാന്‍ മാനം
നീര്‍ത്തുന്നു വര്‍ണ്ണപുസ്തകം

നിനക്കു മഞ്ഞുകുപ്പായം
തുന്നുന്നു തിരുവാതിര
പടിക്കല്‍ വന്നു കൂകുന്നു
പട്ടണിപ്പൊന്നുഷസുകള്‍

ഇടുങ്ങിയ നിരപ്പായ,
തേഞ്ഞപാതകള്‍ വിട്ടുനീ
ഉന്നതങ്ങളില്‍ മേഘങ്ങ-
ളൊത്തുമേയുന്ന വേളയില്‍

പൊന്‍‌കോലം കേറ്റുവാന്‍ കുമ്പി-
ട്ടീലല്ലോ നിന്റെ മസ്തകം
ഇരുമ്പുകൂച്ചാ‍ല്‍ ബന്ധിക്ക-
പ്പെട്ടീലല്ലോ പദങ്ങളും

ഉന്നം തെറ്റാത്ത തോക്കിന്നു-
മായീലാ നിന്നെ വീഴ്തുവാന്‍
കേമന്മാരോമനിച്ചാലും
ചെവി വട്ടം പിടിച്ചൂ നീ

നീയിന്നാ മേഘരൂപന്റെ
ഗോത്രത്തില്‍ ബാക്കിയായവന്‍ ,
ഏതോ വളകിലുക്കം കേ-
ട്ടലയും ഭ്രഷ്ടകാമുകന്‍

അണുധൂളിപ്രസാരത്തി-
ന്നവിശുദ്ധദിനങ്ങളില്‍
മുങ്ങിക്കിടന്നു നീ പൂര്‍വ്വ-
പുണ്യത്തിന്‍ കയങ്ങളില്‍

നീ കൃഷ്ണശിലതന്‍ താളം!
വിണ്ണിലോലുന്ന നീലിമ!
ആഴിതന്‍ നിത്യാമാം തേങ്ങല്‍ !
പൌര്‍ണ്ണമിക്കുള്ള പൂര്‍ണ്ണത!

അന്ധര്‍ നിന്‍ തുമ്പിയോ കൊ‌മ്പോ
പള്ളയോ തൊട്ടിടഞ്ഞിടാം
എനിക്കു കൊതി നിന്‍ വാലിന്‍
രോമം കൊണ്ടൊരു മോതിരം

1966

Wednesday, September 12, 2007

ആദരാഞ്ജലി - സുഭാഷ് ചന്ദ്രന്‍

ആദരവോടെയുള്ള കൂപ്പുകൈ എന്നേ അര്‍ത്ഥമുണ്ടായിരുന്നുള്ളൂ
ഇപ്പോള്‍ പക്ഷേ ആ വാക്കിന് ചാവടിയന്തിരത്തിന്റെ ചുവ

മരിച്ചു കിട്ടിയാല്‍ കൂപ്പാം, നല്ലവാക്കു പറയാം.
അന്നേ ശ്രദ്ധിച്ചിരുന്നു എന്നെഴുതാം
അങ്ങനെ ആദരാഞ്ജലി അര്‍പ്പിക്കാം

അറിഞ്ഞു സന്തോഷിക്കാന്‍ അവനില്ല ഭാഗ്യം
അവനി വാഴ്വ് കിനാവ് കഷ്ടം !

Friday, September 07, 2007

'താ’യും ‘മാ’യും ചേര്‍ത്ത് - സാബ്ലു തോമസ്.വി

എന്റെ സ്വപ്നത്തിന് ഭാഷാശുദ്ധി കുറവായിരുന്നു
അത് കടലാസ്സിലെഴുതുമ്പോള്‍
കൂട്ടക്ഷരമെപ്പോഴും തെറ്റിപ്പോയി.

മുറുക്കിച്ചുവപ്പിച്ച് ‘താ’ ചേര്‍ത്ത്
അശ്ലീലം പറഞ്ഞ്
എന്റെ മാന്യതയുടെ ‘മ’കാരത്തെ
അത് മുറിവേല്‍പ്പിച്ചു

മൂത്രപ്പുരയില്‍ കരിക്കട്ടക്കൊണ്ടെഴുതിയ
‘മ’കാരങ്ങള്‍ അതിനു പ്രതികാരം ചെയ്തു

സ്വപ്നമെന്ന് സംസ്കൃതം വേണോ
കിനാവെന്ന് മലയാളത്തില്‍ പോരെ,
ചിലനേരം സന്ദേഹിച്ചു

എന്നാല്‍ സ്വപ്നത്തിലും ഇടമില്ലാത്ത ചിലരുണ്ട്
അവര്‍ക്ക് ഭാഷ ഒരു പ്രശ്നമായിരുന്നില്ല

അവരുടെ ഇടം കവിതയ്ക്കു വെളിയിലാക്കയാല്‍,
വ്യാഖ്യാതാക്കളും അവരെ കണ്ടില്ല
ഇപ്പോള്‍, കവിതയെഴുതി തീരുമ്പോള്‍
എന്നെ നോവിച്ചത് തെറ്റിപ്പോയ കൂട്ടക്ഷരമല്ല

Wednesday, September 05, 2007

സസ്യം - സബാസ്റ്റ്യന്‍

ഉറുമ്പിനെ മുഴുത്ത ചങ്ങലയാല്‍ തളച്ചു
ആനയെ ചെറുനൂലില്‍ കെട്ടിയിട്ടു
പാറും കിളിക്കുഞ്ഞിനെ മുളച്ചു വലുതാവാന്‍
മണ്ണില്‍ കുഴിച്ചിട്ടു
ചെടികളെ വാനിലേയ്ക്കെറിഞ്ഞു-
പറന്നു നടക്കാന്‍.

ഉറുമ്പ് മദം പൊട്ടി മുട്ടന്‍ ചങ്ങല പൊട്ടിച്ചു
ആന ചെറുനൂലിന്‍ തുമ്പില്‍
ഒരു തരി മധുരം സ്വപ്നം കണ്ടു
കിളിക്കുഞ്ഞ് മുളച്ച്
ഭീമന്‍ കിളിമരമായി പന്തലിച്ചു
ചെടികള്‍ പറന്നുപറന്നു
വാനം മുഴുവന്‍ പച്ചയാക്കി

എന്റെ രക്തമാംസങ്ങളില്‍
കുഴിച്ചിട്ടു; നിന്നെ
ഇവന്റെ നവദ്വാരങ്ങളിലൂടെ മുളപൊട്ടി
പുറത്തു വരുമോ
നിന്റെ ശിഖരങ്ങള്‍?

Monday, September 03, 2007

മണ്‍‌ചെരാതുകള്‍ -ഒ.എന്‍.വി

രക്തസാക്ഷിയാം സൂര്യനെ ദൂരചക്രവാളം മരവു ചെയ്തൊറ്റ-
നക്ഷത്രത്തിരി വച്ചു നമിക്കെ, നത്തു മൂളുമിരുട്ടു പരക്കെ
ഞങ്ങളീ മണ്‍ചെരാതുകളല്ലോ, നിങ്ങള്‍ തന്‍ പുരയ്ക്കുള്ളിലിരുട്ടില്‍
നീറി നിന്നു നിറുകയില്‍ കത്തും തീയുമായി സൂര്യ ദൌത്യവുമായി
ഇത്തിരി വെളിച്ചത്തില്‍ കുറിയ വൃത്തം ഞങ്ങള്‍ വരച്ചിട്ടതെല്ലാം
കൊച്ചു സൌരയൂഥങ്ങളായി ഞങ്ങള്‍ കൊച്ചുസൂര്യത്തിടമ്പുകളായി
ഏതണുവിനെയും ജ്വലിപ്പിക്കും ഭൂതി ഞങ്ങളിലാരേ പകര്‍ന്നൂ..?
നിങ്ങളാ വെളിച്ചത്തിലിരുന്നു സങ്കടങ്ങള്‍ പയ്യാരങ്ങളോതീ
രാത്രിയെന്ന കറുത്തദുഃഖത്തിന്‍ മാത്രകളെണ്ണിയെണ്ണിയിരിക്കേ
ഞങ്ങള്‍ കാതോര്‍ത്തതൊക്കെയും കേള്‍പ്പൂ, പങ്കു വയ്ക്കുന്നു നിങ്ങള്‍ തന്‍ ദുഃഖം
കേവലര്‍ നിങ്ങളോര്‍ക്കുകയാണിന്നും,വാഴ്വൊരു പുത്തനാം അടിമത്തം
പോയ്മറഞ്ഞൊരു സൂര്യനെത്തേടി,മോചനത്തില്‍ പുലരിയെ തേടി
മോഹനസ്വപ്ന പാഥേയവുമായി, മോഹവീഥികള്‍ പിന്നെയും താണ്ടി
നിങ്ങള്‍ പോകവേ കാണായ് കിഴക്കേദിങ്മുഖത്തൊരു ശോണമാം രേഖ
നിസ്സ്വലക്ഷങ്ങള്‍ തന്‍ പെരുതാകും ഇച്ഛതോറ്റിയുണര്‍ത്തിയ പോലെ
ഭൂമി തത്‍ സവിതാവിനു നേരെ തൂവിടും രക്ത പുഷ്പങ്ങള്‍ പോലെ
പ്രാതഃസന്ധ്യതന്‍ കൈകളവന്റെ പാതയില്‍ പട്ടു നീര്‍ത്തിയ പോലെ
പിന്നെയാ ശോണരേഖതന്‍ പിന്നില്‍ നിന്നു സൂര്യനുയിര്‍ത്തെഴുന്നേല്‍ക്കേ
ബന്ധുരമാമുഖമൊന്നുകാണാനെന്തിനോ ഞങ്ങളാശിച്ചു നില്‍ക്കേ
നിങ്ങള്‍ നേറ്റിയ മുക്തിഹര്‍ഷത്തില്‍ പങ്കുചേരാനിവരും കൊതിക്കേ
എന്തിനേ നിങ്ങളൂതിക്കെടുത്തി ഞങ്ങള്‍ തന്‍ കണ്ണിലെ തിരിവെട്ടം...?
കൂരിരുട്ടിലും സൂര്യന്റെ ദൌത്യം പേറിനിന്നുയിര്‍ നൊന്തവര്‍ ഞങ്ങള്‍
ഈ വെളിച്ചത്തിലന്ധരായ് നില്പൂ, ഹാ! വെറും മണ്‍‌ചെരാതുകള്‍ ഞങ്ങള്‍ !

Saturday, September 01, 2007

നക്ഷത്രത്തുള്ളി -മോഹനകൃഷ്ണന്‍ കാലടി

ആരോ ഒരു നക്ഷത്രത്തിനെ
ഞെട്ടോടെ പിഴുത് ഭൂമിയിലേയ്ക്കെറിഞ്ഞു
വീഴുന്ന വീഴ്ചയില്‍
അതിന്റെ പട്ടുടുപ്പില്‍ തുന്നിപ്പിടിപ്പിച്ചിരുന്ന
ഗ്രഹങ്ങളും ചന്ദ്രന്മാരും ഒന്നൊന്നായിട്ടടര്‍‍ന്നു പാറി
മേഘങ്ങള്‍ക്ക് തീപ്പിടിച്ചു
കാറ്റിന് അതിനെ താങ്ങി നിര്‍ത്താനായില്ല.
വേരുകള്‍ പറിച്ചെടുത്ത് പര്‍വതവും വൃക്ഷങ്ങളും
ഓടി രക്ഷപ്പെട്ടു
താഴ്വരയില്‍ ഒരു പുല്‍ക്കൊടി കുളിച്ചൊരുങ്ങി
നില്‍പ്പുണ്ടായിരുന്നു
അതിന്റെ കൈക്കുമ്പിളില്‍ ഒരു ധ്യാനത്തുള്ളിയും
ഇതൊന്നുമറിയാതെ ആ നക്ഷത്രം
അപ്പോഴും ഏതോ സ്വപനത്തെക്കുറിച്ചോര്‍ത്ത്
ഉറങ്ങുകയായിരുന്നു.

Wednesday, August 29, 2007

ജഠരേ ശയനം - ലൂയിസ് പീറ്റര്‍

ചിതയിലിരുന്ന് അഗ്നി ഭക്ഷിക്കുക
പുഴകളില്‍ ചിതാഭസ്മമായ് മുങ്ങുക
കടലുകള്‍ താണ്ടിയക്കരെച്ചെന്ന്
ഈ കരയുടെ പച്ചകള്‍ കാണുക
ഒരു ജീവവൃക്ഷബീജം കൊത്തി
ഇക്കരെയ്ക്കു തിരികെ പറക്കുക
നട്ടു നനച്ചു വളര്‍ത്തി
താഴ്ന്ന ചില്ലയില്‍ കൂടൊന്നു വയ്ക്കുക
മുട്ടയിട്ടു കുലം പൊലിപ്പിച്ച്
ഉണ്ണികള്‍ക്കാകാശമേകുക
കൂടഴിച്ചു ചിതയായടുക്കി
ചിതയിലിരുന്നഗ്നി ഭക്ഷിക്കുക

Monday, August 27, 2007

പാഴ് - ആറ്റൂര്‍ രവിവര്‍മ്മ

ഞങ്ങളുടെ ഹരിപുരം കോളണിയില്‍
ഇടയ്യ്കിടെ കല്യാണങ്ങള്‍, കാലത്ത് താലികെട്ട്
വൈകുന്നേരം സ്വീകരണം
വെവ്വേറെ ഇടങ്ങളില്‍ കരക്കാര്‍ ബന്ധുക്കള്‍
സുഹൃത്തുക്കള്‍
സഹപ്രവര്‍ത്തകര്‍ അയല്‍ക്കാര്‍ കൂടും
ആളുകള്‍ വെറുതെ നിന്നു പറഞ്ഞുകൊണ്ടിരിക്കും
ഇലയിടും വരെ, ഇടം കിട്ടും വരെ
എത്ര വാക്കുകളാണ് പാഴായി പോകുന്നത്
മഴവെള്ളം പോലെ ഒലിച്ച്
വിലയുള്ള വാക്കുകള്‍
ശുഭവാക്കുകള്‍
മരുന്നു വാക്കുകള്‍ സൂക്ഷിച്ചു വയ്ക്കേണ്ടത്
ശ്രദ്ധിച്ചുപയോഗിക്കേണ്ടത്
മൈക്കുകളില്‍, കടലാസ്സില്‍, ഫോണില്‍
എന്തുകൊണ്ട് തിരക്കില്‍ നിന്നകന്നു ഗുഹകളിലൊളിച്ചു ചിലര്‍
മൌനം സൂക്ഷിക്കുന്നു എന്നതിന്റെ പൊരുള്‍ ഞാന്‍ മന്‍സ്സിലാക്കുന്നു

Sunday, August 26, 2007

നോട്ടം- മനോജ് കുറൂര്‍

നിന്റെ കണ്ണുകള്‍
എന്നെ ചുവരില്‍ച്ചേര്‍ത്ത് തറച്ചു നിര്‍ത്തുന്നു
അപ്പോഴും
സ്വന്തം തടത്തില്‍ നിന്ന് വെള്ളം വലിച്ചെടുത്ത്
നാവിലിറ്റിക്കുന്നു.

അളന്നു മുറിച്ച ഒരെയ്ത്തു കൊണ്ട്
പടിക്കു പുറത്താക്കുന്നു
തിരിച്ചു വരരുതെന്ന് ഇരട്ടക്കുഴലായി
തലയ്ക്കു പിന്നില്‍ ഉന്നം പിടിക്കുന്നു

അപ്പോഴും
തിരിഞ്ഞു നോക്കാത്ത എനിക്കും
തിരിച്ചു പോകാത്ത നിനക്കും
ഇടയില്‍ മങ്ങുന്ന വെളിച്ചം
ഡിസംബറിലെ പ്രഭാതം പോലെ
പറഞ്ഞു തീരാത്ത സങ്കടങ്ങള്‍ പോലെ
നനഞ്ഞു പടരുമെന്ന് എനിക്കറിയാം
അതില്‍
നിന്റെ ഉന്നം വഴുതി പോകുമെന്നും

കാണാത്ത നിറങ്ങളൂം കേള്‍ക്കാത്ത ശബ്ദങ്ങളും - ശാന്തന്‍

‘അങ്കിളേ എങ്ങനാ എന്നെ റേഡിയേഷന്‍ അടിക്കുന്നത്?’
‘അസുഖം കരിച്ചു കളയുന്ന വെട്ടം കൊണ്ട്’
‘ആ വെട്ടം കാണുന്നില്ലല്ലോ’
നമുക്കു ചുറ്റും കാണാനാകാത്ത വെട്ടങ്ങളും
കേള്‍ക്കാനാകാത്ത ശബ്ദങ്ങളും ഒത്തിരിയുണ്ട്’
വെറും ഏഴു നിറങ്ങളും കൊറച്ചു ശബ്ദവുമേ സുഹൈലയ്ക്കുള്ളൂ;
ബാക്കിയെല്ലാം ഒളിച്ചിരിക്കിയാ.’
സുഹൈല കുണുങ്ങി ചിരിച്ചുകൊണ്ടോടി.
കാണാത്ത നിറങ്ങളും കേള്‍ക്കാത്ത ശബ്ദങ്ങളും അവളെ പിന്തുടര്‍ന്നു.
റേഡിയേഷന്‍ കഴിഞ്ഞു പോയിട്ട് ഏറെ നാളായി
അവളുടെ കുണുങ്ങിച്ചിരി തേടി ഏതു നിറങ്ങളെ പിന്തുടരണം?
ഇന്നലെ അവള്‍ സ്വപ്നത്തില്‍ വിരുന്നു വന്നു
ഞാനവള്‍ക്ക് പട്ടു പാവാടയും നല്ലൊരു പാട്ടും കൊടുത്തു.
കുണുങ്ങി ചിരിച്ചുകൊണ്ടവള്‍
നിറവും ശബ്ദവുമില്ലാത്ത
സ്വപ്നത്തിലേയ്ക്കു തന്നെ തിരിച്ചു പോയി

Thursday, August 23, 2007

അടുക്കളയില്‍ നിന്ന് അരങ്ങത്തേയ്ക്ക് -പി.ഉദയഭാനു

പതുക്കെയാണ് നടത്തം
കണ്ണാടിപ്പാത്രങ്ങള്‍ നിറച്ച ട്രേയാണ് കൈയില്‍
പാത്രങ്ങളിലാവട്ടെ
തൊട്ടാല്‍ പൊട്ടുന്ന പ്രായത്തില്‍
തുള്ളിത്തുളുമ്പി.....
തറയത്രയും മിനുമിനങ്ങനെ.
അകത്ത് ചെരുപ്പിട്ട് നടന്ന് ശീലമില്ല
ആദ്യമായിട്ടാവുമ്പോ അങ്ങനെയൊക്കെയാണത്രേ.

തല കറങ്ങുന്നോ, വെളിച്ചം മങ്ങുന്നോ
ഓക്കാനം വരുന്നോ.
കുറച്ചുകാലം ചന്ദ്രികട്ടീച്ചര്‍ നൃത്തം
പഠിപ്പിച്ചതു നന്നായി.
താലം കൈയിലേന്തിയ പെണ്‍കുട്ടി
എന്നൊരു ചിത്രം കണ്ടതോര്‍മ്മയുണ്ട്.
എന്നാലും അരങ്ങത്ത് ചിരി കിലുങ്ങുമ്പോള്‍
താലവും കിലുങ്ങുന്നുണ്ടോ എന്നൊരു.......
ഇപ്പോള്‍ അടുക്കള വാതിലിലെ
തിരശ്ശീല കാണാം.
(ഒരു തിരശ്ശീല എവിടെയുമുണ്ട്)

മൂളുന്നുണ്ട് ഒരു കൊതുക് ചുറ്റിലും
ഇതുവരെ നടന്നിട്ടില്ല ഇത്രയും ദൂരം
ചുമന്നിട്ടില്ല ഇത്രയും പുസ്തക സഞ്ചി
കാണികള്‍ അക്ഷമരാകുന്നുണ്ടാവും
ഇനി എന്തൊക്കെയാണാവോ
റിഹേഴ്സല്‍ വേണ്ടത്ര നന്നായില്ലേ....

ഇതാ കൊതുക് കൈത്തണ്ടയില്‍ തന്നെ.

Tuesday, August 21, 2007

മൃഗശിക്ഷകന്‍, വിജയലക്ഷ്മി.

ഭയമാണങ്ങയെ,
പുളയുന്ന ചാട്ടമിഴികളില്‍, വിരല്‍-
മുനകളില്‍ ശിക്ഷാമുറകള്‍ ആര്‍‌ദ്രമോ
ഹൃദയ? മെങ്കിലുമിതേറ്റുചൊല്ലുന്നേന്‍ -
ഭയമാണങ്ങയെ.

വനത്തിലേയ്ക്കെന്റെ വപുസ്സുപായുവാന്‍
വിറയ്ക്കുന്നൂ, പക്ഷേ നിറകണ്മുന്നിലീ-
ച്ചുവന്ന തീച്ചക്രം, വലയത്തിന്നക-
ത്തിടം വലം നോക്കാതെടുത്തുചാടണം!
ഇതെത്രകാലമായ്, പഠിച്ചുഞാന്‍ , പക്ഷേ
ഇടയ്ക്കെന്‍ തൃഷ്ണകള്‍ കുതറിച്ചാടുന്നു.


മുളങ്കാടിന്‍ പിന്നില്‍,ക്കരിമ്പാറയ്ക്കുമേല്‍
ത്തെളിയും മഞ്ഞയും കറുപ്പും രേഖകള്‍
അരുവിയില്‍ത്താഴേ പ്രതിബിംബം, എന്തോ
രപൂര്‍വസുന്ദരഗംഭീരമെന്‍ മുഖം !

തണുത്ത ചന്ദ്രികയുറഞ്ഞ പച്ചില-
പ്പടര്‍പ്പിന്‍ കൂടാരം,പതുക്കെ,യോമലാള്‍
ക്ഷണിക്കുന്നൂ, നേര്‍ത്തമുരള്‍ച്ചകള്‍, സാന്ദ്ര
നിമിഷങ്ങള്‍, താന്തശയനങ്ങള്‍, ഇളം
കുരുന്നുകള്‍ ചാടിക്കളിക്കും മര്‍മ്മരം-
പൊടുന്നനെ ചാട്ടയുയര്‍ന്നുതാഴുന്നു.
ഇടിമിന്നല്‍ കോര്‍ത്തുപിടയും വേദന.
അരുത്, തീക്ഷ്ണമാം മിഴികള്‍, ശാസന
പുളയുന്നു, ദേഹമെരിയുമ്പോള്‍ തോളി-
ലിടിഞ്ഞു താഴുന്നെന്നഭിമാനം, ശബ്ദ-
മുയരാതുള്ളില്‍ ഞാന്‍ മുരളുന്നിങ്ങനെ

ഭയമാണങ്ങയെ..

ശിലാമനുഷ്യന്റെ കഠിനനേത്രത്താ-
ലിഴിയാതെന്നെ, ഞാന്‍ മൃഗമാനെങ്കിലു-
മരുതിനിക്കൂട്ടില്‍ കുടുങ്ങിക്കൂടുവാന്‍
ഇരയെക്കാല്‍ച്ചോട്ടിലമര്‍ത്തി,പ്പല്ലുകോര്‍-
ത്തുടക്കുമ്പോഴകം നിറയും സംതൃപ്തി
തെറിക്കും ചോരയാല്‍ മുഖം നനയ്ക്കുവാന്‍
തരിക്കയാണെന്റെ നഖവും ദംഷ്ട്രവും
നിരന്നിരിക്കുവോര്‍ പലരാണെന്മുന്നി-
ലവരെക്കൊല്ലുവാനുടന്‍ ത്രസിക്കുന്നു

പറയൂ, പാവയോ മൃഗം? മെരുങ്ങിയാ-
ലടിമയെക്കണക്കൊതുങ്ങുമെങ്കിലും
ഇടയ്ക്കിടയ്ക്കെന്റെ വനചേതസ്സിലാ-
മൃഗപൌരാണികണ്‍ കുടഞ്ഞെണീക്കുന്നു.
അതിപുരാതനന്‍, ഇലച്ചാര്‍ത്തിന്മേലേ
കുതിപ്പോന്‍, സൂര്യനെപ്പിടിക്കാന്‍ ചാടുവോന്‍
കുനിയുന്നൂ കണ്‍കളവന്റെ നോട്ട‌ത്തില്‍
തളരുന്നൂ ദേഹമവന്റെ ഹാസത്തില്‍
തൊഴുതുപോകയാണവനെത്താണു ഞാന്‍
അരുതു നോക്കുവാനതിതേജസ്വിയെ-
ച്ചുഴുഞ്ഞുനോക്കിയാലുടയും കണ്ണുകള്‍
അതിന്‍ മുന്‍‌പീ നഖമുനകളാല്‍ത്തന്നെ
ഇനിയീക്കണ്‍കള്‍ ഞാന്‍ പിഴുതുമാറ്റട്ടെ

അതിനും വയ്യല്ലോ! ഭയം, ഭയം മാത്ര-
മടിമ,ഞാന്‍ തോറ്റൂ, കുനിഞ്ഞിരിക്കുന്നു
മുതുകില്‍ നിന്‍ ചാട്ടയുലച്ചുകൊള്ളുക
വലയത്തില്‍ ചാടാനുണര്‍ന്നിരിപ്പൂ ഞാന്‍ .

Saturday, August 18, 2007

നായയും ചെള്ളും - രാജന്‍ സി.എച്ച്

ചെള്ള് മൂളിപ്പറന്ന് നായയുടെ പൃഷ്ഠത്തില്‍ കടിച്ചു.
എന്നെ നോക്കിയിരുന്ന നായയുടെ മുരള്‍ച്ച നിന്നു.
കടിച്ച ചെള്ളിനെ കടിക്കാന്‍ കഴുത്ത് ചെരിച്ച് നായ.
പറക്കും ചെള്ള് കടിക്കും.
കടിക്കും ചെള്ളിനെ പറത്താന്‍ വട്ടം തിരിയും നായ.
നായയെ വട്ടം കറക്കും ചെള്ള്.
കണ്ടു കണ്ട് തലകറങ്ങി നിന്ന നില്‍പ്പില്‍ ഞാനും.
വല്ലാത്തൊരു ജീവിതം

Wednesday, August 15, 2007

മൂന്നു നിഴല്‍ കവിതകള്‍ - വീരാന്‍ കുട്ടി

1. പെണ്‍ മുഖം
പെറ്റിട്ട ഉടനെ ഇഴഞ്ഞുപോയ
രാത്രിയുടെ കുഞ്ഞുങ്ങളാണ് നിഴലുകള്‍
നിഴലുകള്‍ ഇല്ലാതിരുന്നെങ്കില്‍
രാത്രിയുടെ മുഖം പകല്‍ എങ്ങനെ ഓര്‍ത്തെടുക്കുമായിരുന്നു?
2. വെയില്‍
വെയില്‍
ഇടയ്ക്കൊക്കെ വന്ന്
താമസിക്കാറുണ്ടീ-
മരത്തില്‍
അതു
കുടഞ്ഞിട്ട
തൂവല്‍
കിടപ്പുണ്ട്
ചുവട്ടില്‍.
3. എഴുന്നേറ്റു നില്‍ക്കാന്‍
എഴുന്നേറ്റു നില്‍ക്കാനുള്ള നിഴലിന്റെ ആഗ്രഹമാണ് മരങ്ങള്‍

Tuesday, August 14, 2007

ഉറക്കപ്പാടി - ഡി.വിനയചന്ദ്രന്‍

ഉറക്കത്തിനുള്ള റിസര്‍വേഷന്‍ ഏതു കൌണ്ടറില്‍ ആണ്?
വെയിറ്റിംഗ് ലിസ്റ്റില്‍ ഏറെ പിന്നിലാണോ?
തിരുവാറ്റത്തേവരേ എത്ര പെഗ്ഗു കഴിക്കണം,
കണ്‍ഫര്‍മേഷന്‍ ആകാന്‍?
എതിരെ ചട്ടക്കാരികള്‍ മലര്‍ക്കുകയാണല്ലോ
കഴപ്പുകള്‍ വിയര്‍ക്കുകയാണല്ലോ
കാലം കിടുങ്ങുകയാണല്ലോ
യുദ്ധം നടന്നിടത്തെ അമ്മമാരും കുഞ്ഞുങ്ങളും
ഉറങ്ങാന്‍ എത്രകാലം എടുത്തിരിക്കും?
കൊറ്റംകുളങ്ങര ഭഗവതീ എനിക്കു ഭയമാകുന്നു.

Saturday, August 11, 2007

കുടമാറ്റം -സാന്ദീപനി

ഉച്ചവെയില്‍പ്പൂരം
കത്തിക്കയറുമ്പോള്‍
പച്ചമരത്തണലില്‍
അയവെട്ടും പയ്യേ
ഇമപൂട്ടിപ്പയ്യേ
ചെവിയാട്ടും പയ്യേ
വാലാട്ടും പയ്യേ
ഒരു വെയിലിന്‍ കീറ്‌
നിന്‍ നെറ്റിപ്പട്ടം
മുതുകത്തൊരു മൈന
ഭഗവാന്റെ തിടമ്പ്
പൂത്തമരക്കൊമ്പേ
കുടമാറ്റം കേമം!


Tuesday, August 07, 2007

ജീവന്റെ ബട്ടണ്‍ -ദിവാകരന്‍ വിഷ്ണുമംഗലം

ഏതൊരജ്ഞാത
ദൂരത്തു നിന്നും
ആരമര്‍ത്തുന്നൂ
ജീവന്റെ ബട്ടണ്‍?

വേരറുക്കുന്നൊ-
രാ വിരല്‍ത്തുമ്പില്‍
നീറി നില്‍പ്പാണു
ഭൂമിയില്‍ ജന്മം

Sunday, August 05, 2007

ഈയല്‍

നടവഴിയുടെ
ഉരഗവടിവുകള്‍
കരിനീലമാനത്ത്
റിബണ്‍‌കൊണ്ട്
ചമച്ചും രസിച്ചും
തെങ്ങുകള്‍ക്കിടയിലൂടൊരുവള്‍
ഒഴുകിവരുന്നു.

പുല്‍‌പ്പച്ചക്ക് മീതെ
പാവാടപ്പച്ച
പറത്തി വിരിക്കുന്നു
ഇളകിത്തുള്ളി
നുരകുത്തിപ്പതഞ്ഞ്
തിരമാലപ്പച്ചയായ്
പായ തെറുത്ത് പൊങ്ങുന്നു

ഉടല്‍ വിട്ട്
പറന്നു പോകുന്നു
അവളില്‍ നിന്ന്
നൃത്തച്ചുവടുകള്‍
ഈയലുകളായ്

പിന്നാലെയാരോ
ഉള്ളതായ് ഭാവിച്ച്
പിടിച്ചു പിടിച്ചില്ല എന്ന മട്ടുകള്‍
വേര്‍പെടാത്ത കുതറുകള്‍
കുറുമ്പുകള്‍ ഇഴപാകിയ
അണഞ്ഞുചേരലുകള്‍
അലിഞ്ഞുതീരലുകള്‍

അവള്‍ വീട്ടിലേക്ക്
തിരികെ ഒഴുകിപ്പോകുന്നത്
കാണാനാവും മുമ്പ്
എതിരെവന്ന മഴയുടെ
തുരങ്കത്തിലേക്ക്
കൂകിവിളിച്ചുകയറി
എന്നെയും കൊണ്ട് തീവണ്ടി

മഴയുടെ തുരങ്കത്തില്‍
അവളും പെട്ടുകാണുമോ?
അടുത്തായികണ്ട ഓലപ്പുര
അവളുടേതായിരിക്കുമോ?
നടവഴിയുടെ നിഴല്‍
ആകാശത്ത് പകര്‍ത്തി
മഴയിലെത്ര നേരം
ഇളകിക്കളിക്കാനാവും
ഒരു റിബണിനും
അത് ചന്തത്തില്‍
ചുഴറ്റുവോള്‍ക്കും

Saturday, August 04, 2007

തുറസ്സ് - വി.ആര്‍.സന്തോഷ്

മരങ്ങള്‍ പറഞ്ഞു
തടിമില്ലുകള്‍ എന്നെ കാത്തിരിക്കുന്നുഎനിക്കു പോകണം.
ഡിസ്റ്റില്ലറികള്‍ നിറയ്ക്കാന്‍ നേരമായി, നദികള്‍ പറഞ്ഞു.
അകലെ എന്നെക്കാത്ത് ആശുപത്രികളുടെയും
സ്വാശ്രയകോളേജുകളുടെയും പണി നടക്കുകയാണ്.
താഴ്വരകള്‍ പറഞ്ഞു.
മനസ്സുമാഞ്ഞു പോയിടത്തേയ്ക്ക് ഞാന്‍ പോകട്ടെ
ഇടവഴികള്‍ പറഞ്ഞു
എനിക്കു പുതിയ ഹൈവേ വരെ പോകണം.
ചെറുജീവികളും പക്ഷികളും പറഞ്ഞു,
ഡിസ്ക്കവറി ചാനലില്‍ ഞങ്ങള്‍ക്കുള്ള നേരമായി.
അങ്ങനെ ഓരോന്ന് അതാതിന്റെ ഇടങ്ങളിലേയ്ക്കു പോയ്.

Friday, August 03, 2007

വിദൂരം - എം.ബി.മനോജ്

നമുക്ക് വിത്തിടാന്‍ കിളികളുടെ പത്തായം
തണുപ്പത്ത് നീ തട്ടിപ്പറിച്ച പൊതപ്പ്
മരങ്ങള്‍ക്ക് പോള

തന്ന ഉമ്മ ഞാന്‍ മക്കള്‍ക്ക് കൊടുത്തു
പ്രാവുകളിലൊന്ന് ചത്തു
പഴയ സിനിമാക്കൊട്ടകയില്‍ അതേ സിലിമകള്‍
വയസ്സന്‍ മാനേജര് നമ്മെ തെരയുന്നുണ്ടാവണം
നമ്മടെ അടിന്റെ രോമങ്ങള്‍ നരച്ചു തുടങ്ങി
നിന്റെ മങ്കളോം മനോരമേം അയക്കാരി എടുത്തു
നോക്കിക്കേ
നമ്മടെ വെലിയ കൊടേം ചൂടി
കുട്ടികള്‍ ഇടിമിന്നല്‍ നോക്കിനിക്കുന്നത്
എന്റെ നോട്ടക്കുറവല്ല
നമ്മടെ ഫോട്ടോ എറിച്ചിലടിച്ച് നനഞ്ഞു

നീയെന്താണൊന്നും മിണ്ടാത്തത്
ഞാനെടക്ക് കേറിഓരോന്ന് പറഞ്ഞകൊണ്ടാണോ
പിഴുതുമാറാത്ത ഓളമായി
തണലു പാകാത്ത കാലുമായി
ഇങ്ങനെ നടക്കുന്നതുകൊണ്ടാണോ

Saturday, July 28, 2007

ജീവനോടെയും അല്ലാതെയും - എം.ആര്‍.രേണുകുമാര്‍

ഒരമ്മയും അടയിരുന്നിട്ടല്ല വിരിഞ്ഞത്
ഒരച്ഛനും കാവല്‍ നിന്നതു കൊണ്ടല്ല,
കാക്കയും പുള്ളും റാഞ്ചാതിരുന്നത്.
ഒരു വീട്ടുകാരിയും അരുമയോടെ
തീറ്റ തന്നിട്ടുമല്ല വളര്‍ന്നത്.

ചോരയുണങ്ങാത്ത കൈകള്‍
മെല്ലെ നീണ്ടു വരുമ്പോള്‍
മെല്ലെ ഓടാനാണ് മത്സരം
തൂക്കാന്‍ നേരമാണ് പേരിടല്‍,
ഒന്നെണ്ണൂറ്, രണ്ടേകാല്, രണ്ടറുനൂറ് എന്നിങ്ങനെ.
പ്ലാസ്റ്റിക് വീപ്പയുടെ ഉള്ളില്‍ കിടന്ന്
മുറിഞ്ഞ കഴുത്തു കുത്തി എണ്ണിക്കൊണ്ട് രണ്ടോ മൂന്നോ പിടയ്ക്കൂ.
തൊണ്ടയില്‍ ഉടക്കാത്ത തുണ്ടങ്ങളായ്
ഷിമ്മിക്കൂടില്‍ തൂങ്ങിയാടി
വീട്ടിലേയ്ക്ക് പോരുമ്പോഴും പറന്നിട്ടുണ്ടാവില്ല
ജീവന്റെ ചൂട് മുഴുവനായും.

Monday, July 23, 2007

ഇരട്ടക്കൊടി - മോഹനകൃഷ്ണന്‍‍ കാലടി

ഈ കൊടികള്‍ക്കെല്ലാം കടും നിറമാണല്ലോ
കടും ചുവപ്പ്, കടും പച്ച, കടും കാവി, കടും നീല
ഇളം നിറമുള്ള കൊടിവല്ലതുമുണ്ടോ?
കണ്ടാല്‍ പേടി തോന്നാത്തത്,
കാറ്റത്തു പാറി, കീറിത്തുലയാത്തത്,
കടിച്ചു ചവച്ചാലും ചായമിളകി വയറ്റില്‍ ചെല്ലാത്തത്,
അറിയാതെ തുപ്പുകയോ അപ്പിയിടുകയോ ചെയ്താലും
വേറെ കാണിക്കുന്നത്.

കുട്ടികള്‍ക്ക് കളിക്കാന്‍ കൊടുക്കാനാണേയ്
ഇരട്ടക്കുട്ടികളാണ്, ഇരുത്തം വന്ന വികൃതികളാ.

Sunday, July 15, 2007

എന്തിനാണിത്ര -ഹൃഷികേശന്‍ പി.ബി

എന്തിനാണിത്ര
തൂവലുകള്‍‍
മുമ്പിലും പിമ്പിലും
തലയില്‍ പോലും
വല്ലപ്പോഴും ഒരു
പത്തടി പറക്കാന്‍
എന്തിനാണിത്ര

കൊമ്പിലും
ചെറുചില്ലയിലും,
ഇലയിലും കൂടി, വേരുകള്‍
ഒരു ഉറപ്പും
ഇല്ലാത്ത സ്ഥിതിക്ക്
എന്തിനാണിത്ര

ഇരുവശം
നിറച്ചും കാലുകള്‍
ഇത്ര പതുക്കെ പതുക്കെ
ഇഴയാന്‍.

ഉടല്‍ മുഴുവന്‍ ലിംഗങ്ങള്‍
പേജുനിറയെ വാക്കുകള്‍
എന്തിനാണിത്ര.

Saturday, June 16, 2007

ചക്ക - അയ്യപ്പപ്പണിക്കര്‍

നടക്കുന്ന കഥയെല്ലാം കൂഴച്ചക്ക
നടക്കാത്ത കഥയെല്ലാം വരിക്കച്ചക്ക
നടക്കാതെ നടന്നതായി നടിക്കുന്നതിടിച്ചക്ക
നടന്നിട്ടും നടന്നില്ലെന്നടിക്കുമ്പോള്‍ ശീമച്ചക്ക

Wednesday, May 30, 2007

പാടട്ടെ - ഉമേഷ് ബാബു കെ സി

കൊള്ളരുതായ്മയെ അതിന്റെ തന്നെ പേരു വിളിക്കുന്ന
ഒരു വെറും പക്ഷിയെ എന്തിനു കൊല്ലണം?
അതിന്റെ ഇത്തിരി മാംസം കൊണ്ടു വിളമ്പാനാകുമോ നിശ്ശബ്ദതയുടെ ഒരു സദ്യ?
ഒരു പറവയുടെ ചോരയില്‍ തീരുമോ എതിര്‍പ്പുകളുടെ കിളികുലം?

അമര്‍ഷങ്ങളുടെ പഴക്കം ഭൂമിയോളമുണ്ടാകും
ഒരു വേള ഭൂമിയുടെ അമര്‍ഷമായിരിക്കണം.
അഗ്നിപര്‍വതങ്ങളുടെ പൊട്ടിത്തുറക്കുന്ന യാചനകള്‍
പുകഞ്ഞുപുകഞ്ഞുതെറിക്കുന്ന ദ്രവമകുടങ്ങളുടെ സത്യം
അതിന്റെ അടയാളവുമായിരിക്കണം.

ലോകം മുഴുവന്‍ തന്റെ കാല്‍ക്കലെന്നു കരുതുന്ന അനേകരുണ്ട് എപ്പോഴും.
സ്വന്തം നിഴലുപോലും കാല്‍ക്കല്‍ നില്‍ക്കാതെ അവര്‍ മുടിഞ്ഞ കഥയും അനേകമാണ്.

മാടമ്പിമാരുടേത് ഒരു പുരാതന വംശം
ഇരിക്കുന്ന ഇരുപ്പിലും പറയുന്ന വാക്കിലുമറിയാം
ഉറപ്പില്ലാത്ത നീര്‍ക്കുമിളപ്പരുവം
അവര്‍ ബലത്തിലിരിക്കുമ്പോള്‍
വിളിപുറത്തു വരുന്നവരുടെ പുച്ഛം
കാറ്റില്‍ പോലും പരന്നിരിപ്പുണ്ടാവും
എന്നാലുമറിയില്ല നിലയില്ലാത്ത ദുരയുടെ അധികാരഭാവം, ശൂന്യതകളെ.

ഒടുക്കത്തെ ചിരി സത്യം ചിരിക്കുന്നു.
പിന്നെ ചരിത്രത്തിന്റെ വായ്ത്തല വേണ്ടാത്ത നീതിയുടെ മൂര്‍ച്ചയും.

പറയട്ടെ കിളികള്‍ അറിയട്ടെ കഥ ആളുകള്‍
കുനിച്ചുപിടിച്ച ശിരസ്സുകളില്‍ നിന്നല്ല
നിവര്‍ന്നുപൊട്ടുന്ന ചിരികളില്‍ നിന്നാണ്
ഉണ്ടായത് ഒരു സഖാവ്

തുറക്കട്ടെ മനസ്സുകള്‍
വിരിയട്ടെ ആത്മാര്‍ത്ഥതയുടെ പഴയതും പുതിയതുമായ സുഗന്ധം
ഏതു ദേവാലയത്തില്‍ നിന്നും കച്ചവടക്കാര്‍ കുടിയിറങ്ങണം
പണത്തിന്റെ കിലുക്കത്തില്‍ പൊലിയുന്നതെന്തോ
അതാകുന്നു മനുഷ്യനു വേണ്ടിയുള്ള വിപ്ലവം

ഓര്‍മ്മകളുണ്ടാകട്ടെ, നിവരട്ടെ ശിരസ്സുകളെല്ലാം.
രണ്ടായ് പകുത്ത വീടിന്റെ നടുവിലത്തെ വര മായട്ടെ

അണിയട്ടെ ആളുകള്‍ ത്യാഗത്തിന്റെ തോല്‍ച്ചെരുപ്പുകള്‍
വളരാതിരിക്കില്ല സാഹോദര്യം
മുറിഞ്ഞ വിരലുകള്‍ പതുക്കെച്ചേര്‍ന്നു വരും പോലെ

ഇത്രയേയുള്ളു കാര്യം ഒന്നുകില്‍ മനുഷ്യനോളം ചെറുത്
അല്ലെങ്കില്‍ മനുഷ്യനോളം വലുത്

അഹങ്കാരത്തിന്റെ വംശാവലികള്‍ക്ക് ഭാവിയുണ്ടാകുന്ന കാര്യം ഉറപ്പല്ല ഇനിയും
നിലത്തിറങ്ങി നില്‍ക്കുമ്പോളറിയാം സംശയത്തിന്റെ സൌന്ദര്യം
നുണകളുടെ കൊട്ടാരത്തില്‍ ആള്‍പ്പാര്‍പ്പ് എത്രകാലമുണ്ടാകിലും നന്നല്ല

വഴുക്കുന്ന പ്രതലങ്ങളില്‍ നിന്ന് കാലത്തിന്റെ മുറവിളിയുയരുന്നു
കാറ്റിലെ തിരിപോലെ കെട്ടുപോകാം
മനുഷ്യപ്പറ്റിന്റെ സ്വപ്നദീപങ്ങള്‍
അതുകൊണ്ട് ഉടഞ്ഞുപോകട്ടെ വിധിവിലക്കുകള്‍
കൊള്ളരുതായ്മയെ അതിന്റെ പേരുവിളിക്കുന്ന എല്ലാപക്ഷികളും പാടട്ടെ
ഉയരട്ടെ സത്യവും ആത്മാര്‍ത്ഥതയും കനക്കുന്ന
ഭ്രാന്തതാപത്തിന്റെ പെരുമ്പറകള്‍

ഒരുപാടു ദൂരം പോകാനുണ്ടെന്നത് കവി പറഞ്ഞ പൊളിയല്ല.

Friday, May 11, 2007

ഭയങ്ങള്‍ - ഉമേഷ് ബാബു കെ സി

(സോഷ്യല്‍ ഡെമോക്രാറ്റുകളുടെ ഭ്രമങ്ങള്‍ക്കും മതിഭ്രമങ്ങള്‍ക്കും)
ഭയം ഒന്ന്
ആരോ ഒരു പ്രസംഗം നടത്തി
നേതാക്കള്‍ പറഞ്ഞു
“അതു പാര്‍ട്ടിയെ തകര്‍ക്കാനാണ്”
ആരോ ഒരു കവിത എഴുതി
നേതാക്കള്‍ പറഞ്ഞു
“അതു പാര്‍ട്ടിയെ തകര്‍ക്കാനാണ്”
ആരോ ഒരു വിമര്‍ശനം ഉന്നയിച്ചു
നേതാക്കള്‍ പറഞ്ഞു
“അതു പാര്‍ട്ടിയെ തകര്‍ക്കാനാണ്”
ആരോ ഒരു പത്രം തുടങ്ങി
നേതാക്കള്‍ പറഞ്ഞു
“അതു പാര്‍ട്ടിയെ തകര്‍ക്കാനാണ്”
ആരോ ഒരാള്‍ മരിച്ച വാര്‍ത്തകേട്ടപ്പോഴും
നേതാക്കള്‍ പറഞ്ഞു
“അതു പാര്‍ട്ടിയെ തകര്‍ക്കാനാണ്”

ഭയം രണ്ട്
ഇടിത്തീ വീണു
നേതാക്കള്‍ പറഞ്ഞു, കമ്മറ്റി കൂടട്ടെ.
പാലം പൊളിഞ്ഞു
നേതാക്കള്‍ പറഞ്ഞു, കമ്മറ്റി കൂടട്ടെ.
സത്യം അറിയണം
നേതാക്കള്‍ പറഞ്ഞു, കമ്മറ്റി കൂടട്ടെ.
നീതി കിട്ടുന്നില്ല
നേതാക്കള്‍ പറഞ്ഞു, കമ്മറ്റി കൂടട്ടെ.
കമീഷന്‍ പത്തു ശതമാനം
നേതാക്കള്‍ പറഞ്ഞു, സ്വകാര്യമായിട്ടു താ.

വെളിപ്പെട്ടുപോയേനെ

വിരലില്‍
ചുറ്റിയ മുടിച്ചുരുള്
അരണമരത്തിന്റെ
ചോട്ടിലേക്ക്
ഊര്‍ത്തിക്കളഞ്ഞിട്ട്
മേളിലത്തെ ക്ലാസിലേക്ക്
കണ്ണെറിയാന്നേരമാണ്‌

കൊടത്തീന്ന്
കമത്തും പോല്‍ വീണ്
പണ്ടാരം മഴ
അവളുടെ വിടരുന്ന നോട്ടത്തെ
തല്ലിക്കൊഴിച്ചുകളഞ്ഞത്

അല്ലെങ്കില്‍
അടപ്പില്ലാത്ത ജനല്‍ കടന്ന്
അവളുടെ കണ്മുന എന്റെ
കൂമ്പില്‍ വന്ന് തറച്ചേനെ

ഇവിടെ നോക്കെന്ന്
മൂളിപ്പറഞ്ഞ്
ചെന്നിയില്‍ വന്നിടിച്ച്
ചോക്കുകഷണം
തവിടുപൊടിയായേനെ

മഴയിലെന്താ
ഇത്ര കാണാനെന്ന് വെറഞ്ഞ്
മേപ്പുറത്തലച്ചുവീണ്
ചെവിക്കല്ലുപൊട്ടിച്ച്
ചൂരല്‍ ഉരഗമായേനെ

എന്നിട്ടും മതിവരാ‍തെ

തള്ളവെരലിനെ
കൂട്ടുപിടിച്ച്
എന്റെ കറുത്തതൊലി
തിരുമിതെന്നിച്ച്
സൈക്കിളുകേറ്റം
പഠിപ്പിച്ചേനെ

നിറഞ്ഞ
കണ്ണില്‍നിന്നൊരു
തുള്ളിയടര്‍ന്ന് ഞാനങ്ങ്
വെളിപ്പെട്ടുപോയേനെ

Monday, April 16, 2007

Reversed Time -Zdravko Jissiov, Bulgaria

In this country
Everything is in reversed motion:
The splendid rainbow appears before the rain and storm,
Rest comes before work,
Eating bread-
Before sowing the grain,
Destruction before creation…
Parents don’t make their children,
But children make their parents.

So I ask myself:
Haven’t I, too, been
Through something like this-
Before I was born
I had already been dead.

Sunday, April 08, 2007

രാജ്യം

പത്ത്മുപ്പത്
സംസ്ഥാനങ്ങളുള്ള
ഒരു രാജ്യമായിരുന്നു
എന്റെ സ്കൂള്‍

ഓരോന്നിലും
ഓരോഭാഷ
ഭാവവും

ഞങ്ങളുടെ ടാപ്പ്
ഞങ്ങളുടെ ടീച്ചര്‍
ഞങ്ങളുടെ ഡെസ്റ്റര്‍
ഞങ്ങളുടെ നാടകം

എട്ട് ബിയിലെ സിന്ധു
ഒമ്പത് എയിലെ പ്രവീണ്‍
മാഷുമാര്‍ പലപ്പോഴും
റിപ്പോര്‍ട്ടര്‍മാരായി
ടീച്ചര്‍മാര്‍ താരതമ്യപഠനം
നടത്തുന്ന നിരൂപകരും

എങ്കിലോ
ഫുട്ബോള്‍ മത്സരങ്ങളിലും
യുവജനോത്സവങ്ങളിലും
ഞങ്ങളുടെ രാജ്യം വരണമേയെന്ന്‌
ഒരു രാജ്യത്തെ പ്രജകള്‍
ഒരുമിച്ച് പ്രാര്‍‌ത്ഥിച്ചു

കുറ്റവാളികള്‍
അസംബ്ലിഗ്രൌണ്ടില്‍
വെയിലത്ത്
മുട്ടുകുത്തി

ഒരുദിവസം
ഒറ്റ കൂട്ടമണിയോടെ
ഒരു സാമ്രാജ്യം
അപ്രത്യക്ഷമായി.

Saturday, April 07, 2007

മരം കൊത്തിചോദിച്ചത്

കൊത്തിയ മരമെല്ലാം
ശില്പങ്ങളായിപ്പോയി
കൊക്കിലെയിരയെല്ലാം
പുഷ്പങ്ങളായും മാറി.

ഞാനൊരു വെറും പക്ഷി
എനിക്കു വിശക്കുന്നു
ഹേ, പുതുകവികളേ,
വനദേവതമാരേ,

ദൂരദൂരത്തില്‍ നീണ്ടു
കിടക്കുന്നൊരീ എംജീ
റോഡിനെ ഒരു കരിം
പുഴുവായ് തന്നീടുമോ?

Sunday, April 01, 2007

പരിചയം

ആരാണ്‌ നിങ്ങള്‍?
മറന്നുപോയതാകണം
ഓര്‍ത്ത് തുമ്പത്തെത്തുന്നുണ്ട്
സ്കൂളില്‍, നാട്ടില്‍
ഓടുന്ന വാഹനത്തില്‍
കണ്ടുകിട്ടുന്നില്ല.

ഞാന്‍ ഉപയോഗിച്ചിരുന്ന പേന
എപ്പോഴോകാണാതായി
പഠിച്ചിരുന്ന സ്കൂളില്‍
ജോലിസ്ഥലത്ത്
പെന്‍ഷന്‍ ഒപ്പിട്ട് വാങ്ങുന്നിടത്ത്
എവിടെയോ വീണുപോയിരുന്നു
ഒന്നും എഴുതിവെക്കാന്‍ കഴിഞ്ഞില്ല
എല്ലാ പഴയകാര്യങ്ങളും മറന്നുപോയി

കണ്ണടയുണ്ട്
എന്നാലും കാഴ്ചയില്‍ വിശദാംശങ്ങള്‍
കാണാതായിരിക്കുന്നു
വലിയ അക്ഷരങ്ങള്‍ക്കിടയിലെ
ചെറിയ കാര്യങ്ങള്‍
കണ്ണടധരിച്ചാല്‍ കാണുന്നതേ കാണൂ
കാണാത്തത് കാണില്ലല്ലോ

നിങ്ങള്‍ ആരാണ്‌ എന്ന്‍ മനസ്സിലായി
ആരായിരുന്നു എന്നാണ്‌ മനസ്സിലാകാത്തത്

Thursday, March 29, 2007

സമകാലീന കവിതയിലേക്ക് അഞ്ച് പരിശ്രമങ്ങള്‍

ഒന്നാമത്തേത്.
കുളിമുറിയുടെ മണം
സോപ്പുമണം പരത്തുന്ന
ആവിയില്‍
വിങ്ങിനില്‍ക്കുന്നു,
കുളിമുറി
ഞാന്‍ കടന്നുചെന്നിട്ടും
വെള്ളം തുറന്നിട്ടും
അറിയാതെ
ആരോ
കുളിച്ചിറങ്ങിപ്പോയതിന്റെ
ഓര്‍മ!
**
രണ്ടാമത്തേത്.
കിളി, ആകാശത്തോട്
ആകാശമേ
മഴവന്നാലും
നീയെന്റെ ചിറകെഴുത്തുകള്‍
ഓര്‍ത്തിരിക്കണേ

കുഞ്ഞുങ്ങള്‍ കുട നിവര്‍ത്തുമ്പോള്‍
അതിനുള്ളില്‍ കയറിക്കൂടി
കൂട്ടം ചേര്‍ന്നു പോകണേ
സൂര്യനെ,ചന്ദ്രനെ
നക്ഷത്രങ്ങളെ
നനയാതെ
കാത്തുകൊള്ളണെ
**
മൂന്നാമത്തേത്,
പട്ടം പറത്തല്‍
നഗരത്തിലെ
വീടിന്റെ മട്ടുപ്പാവില്‍ നിന്ന്‌
ഞാന്‍ നോക്കിനില്‍ക്കെ
പറന്നുയരുന്ന പട്ടമേ
നിന്റെ പിന്നില്‍
അന്തമറ്റഴിയുന്ന ഒരു നൂലുണ്ട
മുറുകെപ്പിടിച്ചിരിക്കുന്ന
മെലിഞ്ഞ കൊച്ചുകൈകളുടെ
ഉടമയെ എനിക്കുകാണാം .

നാ‍ട്ടിന്‍ പുറത്തെ
കൊയ്തുകഴിഞ്ഞ പാടത്ത്
കാറ്റത്തു തുള്ളിനിന്ന്
അവന്‍ നിന്റെ നേര്‍ക്ക്
അഴിച്ചുവിടുന്ന നോട്ടത്തിന്റെ
നാട്ടുവെളിച്ചത്തിലല്ലേ
ഞാനും
ഈ മട്ടുപ്പാവും
വീടും നഗരം തന്നെയും
ഈ വൈകുന്നേരത്ത്
ഇങ്ങനെ നില്‍ക്കുന്നത്
**
നാലാമത്തേത്.
അടുക്കള
ഇരിപ്പുമുറി
കിടപ്പുമുറി
ഊണുമുറി
കുളിമുറി...
അടുക്കളമാത്രം
ഒരു മുറി അല്ലാത്ത
മുറികൂടാനാവാത്ത
മുഴുവന്‍ മുറിവ്.
**
അഞ്ചാമത്തേത്.
പ്രണയം
യുദ്ധം കഴിഞ്ഞ്
മനുഷ്യരും മരങ്ങളും
ജന്തുക്കളും മരിച്ചുപോയ
നഗരം

കേടുപറ്റാത്ത കെട്ടിടങ്ങളും
നടപ്പാതകളും
വഴിവിളക്കുകളും കൊണ്ട്

പരസ്യബോര്‍‌ഡുകളും
കല്‍‌പ്രതിമകളും
ട്രാഫിക് സിഗ്നലുകളും കൊണ്ട്

ഒരിക്കല്‍
ജീവന്‍ സഞ്ചരിച്ചിരുന്ന വഴികളെ
മാറ്റിവരച്ച്
എല്ലാം പഴയമട്ടിലാക്കുമെന്ന്
വ്യാമോഹിക്കുന്നു
പാ‍വം

Wednesday, March 21, 2007

പുറം കടലും കല്ലായിപ്പുഴയും

പുകനൂലുകള്‍ കുപ്പായം തുന്നുന്ന
വയനാട്ടില്‍ നിന്നും
ഒരു മഞ്ഞുകാലത്താണ്
സോളമന്റെ ഗീതങ്ങളുമായി
അവള്‍ വന്നത്
പലയിടങ്ങളോടും പടവെട്ടി
അവള്‍ ഉണ്ണിയാര്‍ച്ചയായി
എന്നാല്‍
സാമൂതിരിമാരുടെ നാട്ടില്‍
പുറം കടലുകള്‍ അവളെ വലവീശി
വറ്റല്‍ മുളകിന്റെ മണമുള്ള നട്ടുച്ചകള്‍
അവളെ പങ്കിട്ടു
അന്ന് കിടന്ന കിടപ്പാണ്
കല്ലായിപ്പുഴ.

Friday, March 16, 2007

മയില്‍ വേഷം പലത്

എനിക്ക് ആകാശം
കാട്ടിത്തരാമോ ?
പുസ്തകത്തോട്
മയില്‍പ്പീലി ചോദിച്ചു.

പുസ്തകം ബാഹ്യാകാശത്തില്‍
വിശ്വസിച്ചിരുന്നില്ല
വരികള്‍ക്കിടയിലെ അഗാധതയില്‍
അവനൊരു ബദല്‍ ആകാശം സൂക്ഷിച്ചു.


പുസ്തകത്തില്‍ സൂക്ഷിച്ച
മയില്‍പ്പീലി പെണ്‍കുട്ടിക്ക്
മുഖക്കണ്ണാടിയായിരുന്നു
അതില്‍ തന്നെ മാത്രം അവള്‍ കണ്ടു.

മയിലുപേക്ഷിച്ചുപോയ
ഒറ്റ പീലി, ആകാശത്തിന്
ദാര്‍ശനിക സമസ്യയല്ല
പ്രണയം കുറിച്ചുവെയ്ക്കാന്‍
ഒരു തൂവലും
അവന്‍ സൂക്ഷിക്കാറുമില്ല.

മയില്‍പ്പീലി കണ്ണാളേ എന്ന്
മറ്റാരോവിളിച്ചപ്പോഴാണ്
ഉപമകളും ഉത്പ്രേക്ഷകളുമായി
കവിഭാവന പെണ്‍കുട്ടിയെ
ആദ്യം തോണ്ടുന്നത്.

പുസ്തകത്തിലിന്ന്‌
മയില്‍പ്പീലി ഇല്ല
പകരം, ഗാന്ധിത്തലയുള്ള
ഒരു പച്ച നോട്ട്.

അതുവെച്ച് വിലപേശി
വാങ്ങണം
ഒരു മുഴു മയിലിനെ

Thursday, March 15, 2007

നാസ്തികം

സ്നേഹപൂര്‍ണ്ണം സുധീരം സുനാസ്തികം
ജീവിതാന്തര സൌന്ദര്യസൂചകം
നീലഗോളമുള്‍ച്ചേര്‍ന്ന്‌ ഗാലക്സിയില്‍
ജ്വാലകള്‍ വകഞ്ഞെത്തിയ ജാഗരം

എന്തതെങ്ങനെ എന്തുകൊണ്ടിങ്ങനെ
എന്നു ചോദ്യം തൊടുക്കുമന്വേഷണം
ജീവജാല നാനാത്വത്തിലുണ്മതന്‍
നേര്‍മുഖം കാട്ടുമൂര്‍ജ്ജ പ്രചോദനം

ജ്ഞാനബന്ധുരം ചിന്താസുരഭിലം
സൂര്യരശ്മിപോല്‍ സൂക്ഷമം സഹായകം
കാലബോധത്തില്‍ നിന്നുയിര്‍ക്കോള്ളുമീ-
കാവ്യതീവ്രമാമുത്തരം നാസ്തികം

ഭാവസാന്ദ്രമഹാപ്രപഞ്ചത്തിന്റെ
പ്രായകോശം പഠിച്ച രസാത്ഭുതം
കാന്തസൂചിയില്‍ സാഗരാതിര്‍‌ത്തികള്‍
ചൂണ്ടിടുന്ന സഞ്ചാരിതന്‍ സൌഹൃദം

ഭൌതികത്തിന്റെയുല്പന്നമാത്മാവ്
ലൌകികത്തിന്റെ ലീലയീ കല്പന
ഐഹികാനന്ദ തീക്ഷ്ണപ്രവാഹമായ്
നന്മ നല്കി ജ്വലിക്കുന്ന നാസ്തികം

(അപൂര്‍ണ്ണം)

Tuesday, March 13, 2007

ഉള്ളുണക്കം

ആസകലം
ഉണങ്ങിയിരിക്കുന്നു

എന്നുവെച്ച്
അടുപ്പുകൊള്ളിപോലെ
തീയാവാന്‍ ദാഹിക്കുന്നില്ല

കട്ടിയായാലും കഴുക്കോലായാലും
വാതിലായും ജനലായും മാറുന്ന
തടികളെപ്പോലെ
ഉള്ളിനിണങ്ങിയ
ഉപയോഗമുള്ള
ഉണക്കം

പച്ചമരങ്ങള്‍
പുറന്തൊടിയില്‍ നില്‍ക്കട്ടെ
ഉണക്കക്കമ്പുകള്‍ കൊണ്ടുതീര്‍ത്ത
കിളിക്കൂടുകളും പേറി

Wednesday, March 07, 2007

(1) ഒരിക്കലും (2) മുറിവ്.

ഒരിക്കലും
എത്രമേല്‍ നിനക്കെന്നെ
സൂക്ഷിച്ചുവെക്കാനാവും
അത്രമേലൊരിക്കലു-
മാവില്ലെനിക്കു നിന്നെ.

മുറിവ്

സ്‍നേഹിതാ-
മിഴിയോള-
മാഴവും വലിപ്പവു-
മേറിടും മുറിവേത്?

Saturday, March 03, 2007

ആത്മഹത്യ - ലളിതാ ലെനിന്‍

എനിക്കീജീവിതം സുഖമാണെന്നു തോന്നിപ്പോയി-തെറ്റ്!
എല്ലുകളെല്ലാം ഊരിപ്പോയി
ഒരു ഞാഞ്ഞൂലിനെപ്പോല്‍ സുഖമായി, മന്ദം മന്ദം
ഇഴഞ്ഞും പുളഞ്ഞും നടന്നതാണ്
ഇടയ്ക്ക് മരണഭീതിയില്‍ പിടയ്ക്കുന്ന കൃഷിക്കാരന്റെ കാലിലൊന്നു തൊട്ടൂ
വിഷപ്പല്ലുണ്ടെന്ന് അയാള്‍!
തൊണ്ടിനുള്ളില്‍ തെണ്ടി നടക്കുന്ന കല്ലന്‍ ഒച്ചിനോട്
ഒന്നു വഴിമാറിത്തരാന്‍ കേണു.
ഞാഞ്ഞൂളിനും ഊറ്റമോ- അവന്‍ ഒച്ചയുയര്‍ത്തി!

കുളിച്ചു തൊഴുതുവന്ന പൊന്മാന്‍ എന്നെ ഇടംകണ്ണിട്ടപ്പോള്‍
ഉള്ളിലൊരാന്തല്‍! അഴുക്കും മെഴുക്കൂം പുതച്ചുരുണ്ട്
ഒരിലക്കീറിനു താഴെ അമുങ്ങിക്കിടന്നപ്പോള്‍
ഒരു ചെറുമഴതുള്ളി നെഞ്ചില്‍ വീണു
പിന്നെയത് പ്രളയമായി!
ആലിലയില്‍ ഒഴുകി നടക്കുമ്പോള്‍
ഒരെറുമ്പെന്റെ കാലില്‍ കടിച്ചു
വിരുന്നുപോയ് മടങ്ങും വഴി കാക്കയൊന്ന്
കൊത്തിനുണയ്ക്കാന്‍ ചരിഞ്ഞ് വന്നു.
എനിക്കു വയ്യേ! എപ്പോഴുമെപ്പോഴും
ഒളിച്ചും പതുങ്ങിയും നടക്കാന്‍!

ഒരു ഉടല്‍കൊണ്ട് എന്തൊക്കെ നേടാമെന്ന്
എനിക്കിപ്പോള്‍ ഊഹിക്കാം.
എങ്കിലും ജീവിക്കാനാണ് മോഹമെങ്കില്‍
ആത്മഹത്യയേ വഴിയുള്ളൂ !

Monday, February 26, 2007

ഇടത്തോട്ടെഴുതുന്നത്

ജനലില്‍
കാറ്റുപതിച്ചമണലില്‍
മഴ
ഇടത്തോട്ടെഴുതുന്നു
അകം
പെരുമഴയില്‍ കുതിരുമ്പോള്‍
നിറയും കണ്ണുകളില്‍
പ്രണയം മാന്‍കുട്ടിയായ് വന്ന്‌
കണ്ണാടി നോക്കുന്നു

ഒരിക്കലെങ്കിലും തൊടുമെന്ന്‌
വിരലുകള്‍
കെട്ടുപോകുവാന്‍ കുതറുന്നു
ഉമ്മവെയ്ക്കില്ലൊരിക്കലും
നിന്നെ ഞാനെന്ന്‌
ചിരിച്ച്
തോരും മഴയ്ക്കൊപ്പം
പുറത്തുപോകുന്നു

Friday, February 23, 2007

കണ്ണിക്കേടിന്റെ കാലത്ത് - സാറാ ജോസഫ്

കുറച്ചുദിവസമായി വല്ലാത്ത കണ്ണുവേദന
നന്ത്യാര്‍വട്ടം, മുലപ്പാല്, തുളസിനീര്, തുമ്പപ്പൂ.
സ്വയം ചികിത്സ ഫലിച്ചില്ല.
വൈദ്യരെ കണ്ടു മരുന്നൊഴിച്ചു
വല്ലാതെ കണ്ട് നീറുന്നു.
ഡോക്ടറെ കണ്ടു പറഞ്ഞു തന്നു
കണ്ണീര് വറ്റിപ്പോയി അതിനാലാണിറിറ്റേഷന്‍
ഹ്രസ്വദൃഷ്ടിയല്ല, ഹേ! കണ്ണീരുറവയടഞ്ഞു പോയ്
അതിനാലാണ് വേദന.

എങ്ങനെ വറ്റി വരണ്ടുപോയ് എന്റെയീരണ്ടു കണ്ണുകള്‍?
നെഞ്ചില്‍ തുളുമ്പി നില്‍പ്പല്ലോ, ഒന്നരക്കുടം കണ്ണീര്‍.
കുറിപ്പു തന്ന ഭിഷഗ്വരന്‍
കൈകൊണ്ട് തൊടരുത്, വെളിച്ചത്തില്‍ കാട്ടരുത്, വെള്ളത്തില്‍ തട്ടരുത്.
ചോദിച്ചുനോക്കീ വെറുതേ, തിരിച്ചു വരില്ലേ കണ്ണുനീര്‍?
പ്രയാസമാണ് ശ്രമപ്പെട്ട് മരുന്നൊഴിക്കുക കാത്തിടാം.
സങ്കടം വന്നു പെരുക്കുന്നു.
ഇനിയുള്ള കാലമെങ്ങിനെ ബാക്കിയുള്‍ലതു ജീവിക്കും?
കരയാതെ, കനിയാതെ, കണ്ണീരൊഴുക്കാതെ..

Thursday, February 22, 2007

വാക്കും കവിതയും - മാങ്ങാട് രത്നാകരന്‍

മുറിപൂട്ടി താക്കോല്‍ വിരല്‍ത്തുമ്പത്ത് ചുഴറ്റുമ്പോള്‍ : ആഞ്ചന1
വില്‍‌സുപാക്കറ്റിന്റെ നെയ്യുടുപ്പഴിക്കുമ്പോള്‍ : കുശി2
നര കയറിയ മുടിപിഴുതെടുക്കുമ്പോള്‍ : പൊഞ്ഞാറ്3
വെള്ളം കുടിച്ചെത്തിയ വെയിലു കായുമ്പോള്‍ : താറ്റം4
കാന്താരി ഞെരിച്ചിട്ട സംഭാരം കുടിക്കുമ്പോള്‍ :കുയില്‍‌ച5
പാട്ടും കേട്ട് നഖം വെട്ടി സുഖിച്ചിരിക്കുമ്പോള്‍ : വനം കരയല്‍6

തീവണ്ടിയ്ക്കു കൈകള്‍ വീശി കുഞ്ഞുങ്ങള്‍ തുളുമ്പുമ്പോള്‍
കൈതപ്പൊന്തയില്‍ കുളക്കോഴികള്‍ കുറുകുമ്പോള്‍
കിണറ്റുവെള്ളം കോരി മൂര്‍ദ്ധാവിലൊഴിക്കുമ്പോള്‍
കവിള്‍ നിറച്ചുവെള്ളം ചീറ്റി മഴവില്ലുകാണുമ്പോള്‍

വാക്കറിവീലവ, എഴുതാകവിതകള്‍

1. വെറുതെയുള്ള ആവര്‍ത്തനം 2. സന്തോഷം 3. നഷ്ടവേദന 4. ദാഹം 5. മത്തുപിടിച്ച അവസ്ഥ 6. ആദിമസ്മൃതി

Wednesday, February 21, 2007

പിന്‍ബെഞ്ചുകാരന്റെ മനഃശാസ്ത്രം - ദേശ്നി

പിന്‍ബെഞ്ചുകാരന് ഉറക്കം വരാറില്ല.
അവന്‍ അദ്ധ്യാപകന്‍ പറയാത്തത് കേള്‍ക്കുകയും
ക്ലാസ്സില്‍ നടക്കാത്തത് കാണുകയും ചെയ്യുന്നു
രസതന്ത്രം അദ്ധ്യാപകന്റെ ചോക്കുക്കഷ്ണങ്ങളില്‍
അവന്റെ കാഴ്ചയുടെ ചിലന്തിവലകള്‍ മുറിഞ്ഞുപോകുന്നു.
അവന്റെ ചെമ്പരത്തിപ്പൂവുകള്‍ നുറുങ്ങിപ്പോവാതെ വെറുതെ നിന്നു ചിരിക്കുന്നു.
അവന്റെ ഭൂപടത്തില്‍ അതിര്‍ത്തികള്‍ മാഞ്ഞുപോവുകയും
ഭൂഖണ്ഡങ്ങള്‍ മുങ്ങിപ്പോവുകയും ചെയ്യുന്നു.
അവന്റെ യാത്രകളില്‍ അറിയാത്ത വഴികളുടെ ഭൂപടം
ദിശാസൂചിക കറങ്ങിക്കറങ്ങി ദിശ നഷ്ടപ്പെടുമ്പോള്‍
മറ്റൊരുചോക്കു കഷ്ണത്തില്‍, അവന്റെ കാഴ്ചയുടെ ഫ്രെയിമില്‍
ഒരു’കട്ട്’ വിളിയുയരുന്നു.

Tuesday, February 20, 2007

അനന്തം - എന്‍.ജി.ഉണ്ണികൃഷ്ണന്‍

തെങ്ങിന്‍ തൈമേല്‍ ഒരു കാക്കത്തമ്പുരാട്ടി
മാവിന്‍ ചില്ലയില്‍ ഒരു മാടത്ത കുടുംബം
പുല്‍ക്കതിരുകള്‍ തൊട്ടു പറന്ന് മഞ്ഞത്തുമ്പിയുടെ
ശബ്ദമില്ലാത്ത ഹെലിക്കോപ്റ്റര്‍
തെങ്ങോല വിറച്ചു.
ഓലയില്‍ ഇളം മഞ്ഞവെയില്‍
അങ്ങേപ്പറമ്പില്‍ പിള്ളേര്‍
ബൌണ്ടറിയോ ക്യാച്ചോ കൂവി.
നീയില്ലെന്ന വേദനയോടെ
നിന്റെ കണ്ണുകളുടെ തെളിനീര്‍ തടാകത്തില്‍
ഇതെല്ലാം കണ്ടുകണ്ടങ്ങിരിക്കുന്നതിനെ
ദൈവം എന്നു പറയുന്നു.

തെങ്ങുകള്‍

ഈന്തപ്പനകള്‍ ചോദിച്ചു

തുറിച്ചുനോക്കുന്നതെന്തിന്‌
വിവര്‍ത്തനശേഷമുള്ള
തെങ്ങുകളാണ്‌ ഞങ്ങള്‍

മറന്നുവോ ?

Monday, February 19, 2007

തെരുവിന്റെ കഥ - അയ്യപ്പന്‍

ഒരിടത്ത്
ഒരു മകളുണ്ടായിരുന്നു
അച്ഛനാരെന്നറിയില്ല
അമ്മയെ കണ്ടിട്ടില്ല
ഒരാള്‍ കുരുന്നു കൈപിടിച്ച്
ഒരു തെരുവിലേയ്ക്ക് കൊണ്ടു പോയ്
ആ തെരുവിന്റെ പേരിന്ന്
ചുവന്ന തെരുവ്.

Sunday, February 18, 2007

കാവ്യകല -കുമാരനാശാന്‍

ഏകാന്തം വിഷമമൃതാക്കിയും വെറും പാഴാകാശങ്ങളില്‍
അലര്‍ വാടിയാരചിച്ചും
ലോകാനുഗ്രഹപരയായെഴും കലേ,
നിന്‍ ശ്രീകാല്‍ത്താരിണ അടിയങ്ങള്‍ കുമ്പിടുന്നു.

ആര്‍ക്കും നിന്‍ വടിവറിയില്ല,
അര്‍ഘ്യമാല്യം കോര്‍ക്കും നിന്‍ പ്രതിമകള്‍ നോക്കി അര്‍ച്ചകന്മാര്‍
ഓര്‍ക്കും നിന്‍ മഹിമകളാരവര്‍ക്കു രോമം ചീര്‍ക്കുന്നുണ്ടതു മതി
അംബ വിശ്വസിപ്പാന്‍.

തുംഗശ്രീ ഗിരി ശിഖരങ്ങള്‍, ശുഭ്രവീചീഭംഗ വ്യാകുലജലമാര്‍ന്ന സാഗരങ്ങള്‍
എങ്ങും പുഷ്പിത വനഭൂക്കള്‍ എന്നിവറ്റില്‍
തങ്ങും നിന്‍ ചുവടുകള്‍ ദേവി മാഞ്ഞുപോകാ.

പാഴാകും മരുവിലലഞ്ഞു സര്‍വഗേ
നീ വാഴാറുള്ള അരമന തേടി വാടി ഞങ്ങള്‍
കേഴാതാ രസമയരാജ്യ സീമ കാണ്മാന്‍
‘ഏഴാമിന്ദ്രിയ’മിനിയമ്പോടേകുകമ്മേ !

Saturday, February 17, 2007

ഓര്‍മ്മ - ഡി.വിനയചന്ദ്രന്‍

ഈ വഴിയേ പലരും പോയിട്ടുണ്ടെങ്കിലും
വഴിയില്‍ കുഴഞ്ഞു വീണു മരിച്ച ഒരാളെ മാത്രമേ
നാട്ടുകാര്‍ ഓര്‍ക്കുന്നുള്ളൂ.
അയാളുടെ സഞ്ചിയില്‍ കുന്നിമണികളും
മഞ്ചാടിക്കുരുക്കളും ഉണ്ടായിരുന്നു
ഒരമ്മയുടെയും കുട്ടിയുടെയും പടമുണ്ടായിരുന്നതു കൊണ്ട്
അമ്മമാര്‍ അയാളെ ഓര്‍ക്കുന്നുണ്ട്.
കുഴിച്ചിടുമ്പോള്‍ ഒരു കീറു വെളിച്ചം
മായാതെ ദേഹത്തു തങ്ങി നിന്നതിനാല്‍
മണ്‍‌വെട്ടിയും തൊഴിലാളികളും അയാളെ മറന്നിട്ടില്ല.
സഞ്ചിയിലുണ്ടായിരുന്ന വിത്തുകള്‍
വളര്‍ന്നു പൂവും കായുമായതിനാല്‍
മണ്ണും മരവും തേനും ആകാശവും
അയാളെ ഓര്‍ത്തുകൊണ്ടിരിക്കും.
കിനാവു കാണാത്ത ദിനങ്ങളില്‍
ആളുകള്‍ ചോദിച്ചുകൊണ്ടിരിക്കും
എന്തിനായിരുന്നു ആ കുന്നിമണികള്‍?
ഈ വഴിയേ പലരും പോയെങ്കിലും
ഒരാളെ മാത്രമേ എല്ലാവരും ഓര്‍ക്കുന്നുള്ളൂ.

Friday, February 16, 2007

പൊരുള്‍

നെയ്യുകയാണ്
അതിവേഗത്തില്‍
എനിക്കു ചുറ്റിനും
നിന്നെ;
കൂട് തീര്‍ത്ത്
അതിനുള്ളിലാകുവാന്‍.
രാവോ പകലോ
അറിയാതെ
നിനക്ക് നിന്നെ ഊടും പാവുമാക്കി.
വരും
കാലങ്ങള്‍
ഈ കൂട്ടിനുള്ളില്‍
എനിക്കു വാസം

അവിടെ സൂര്യനുദിക്കും
രാത്രി നിറയും
ഋതുഭേദങ്ങള്‍
ലോകമിതെന്ന്‌
തെളിയിക്കും .

കാലം എന്നെ
കൂടോടെയെടുത്ത്
ദേശാന്തരങ്ങളിലേക്ക്
പറന്നു പോകും

Thursday, February 15, 2007

പനിനീര്‍പ്പൂവും നഖമുനകളും - പി.എ.നാസിമുദ്ദീന്‍

ഒരിക്കല്‍ സിംഹത്തിന് ഈ ലോകത്തോട് അതിയായ സ്നേഹം തോന്നി.
അത് മരത്തിനെ കെട്ടി വരിഞ്ഞു.
അതിന്റെ ആലിംഗനത്താല്‍ ചെറുകമ്പുകള്‍ ഉതിര്‍ന്നു വീണു.
നഖമുനയാല്‍ തൊലി വിണ്ടുകീറി.
നിനക്ക് സ്നേഹിക്കാനറിയില്ല-മരം പറഞ്ഞു
നിന്റെ നഖങ്ങള്‍ ക്രൂരമാണ്.
ഞാന്‍ നിന്നെ ചുംബിച്ചോട്ടേ?
അത് എതിരെ വന്ന കാണ്ടാമൃഗത്തോടു ചോദിച്ചു.
വേണ്ട ! എന്റെ ഒറ്റക്കൊമ്പ് ഞാന്‍ വേണ്ടപ്പോള്‍ എടുക്കുന്നു.
പക്ഷേ നിന്റെ സ്നേഹത്തോടൊപ്പം കോമ്പല്ലുകളും നഖമുനകളും ഞെട്ടി ഉണരുന്നു
സിംഹത്തിന് ദൈവത്തോട് കടുത്ത ദേഷ്യം തോന്നി
ഒരു പുല്‍ക്കൊടിയെപ്പോലും തനിക്ക് സ്നേഹിക്കാനാവുന്നില്ലല്ലോ.
പെട്ടെന്ന്, ഒരു പനിനീര്‍പ്പൂവുമായി ദൈവം ആകാശത്തു പ്രത്യക്ഷപ്പെട്ടു.
പനിനീര്‍പ്പൂ ചൂണ്ടി പറഞ്ഞു-
നീ ഇരതേടുമ്പോള്‍, ഇണ ചേരുമ്പോള്‍
പുല്‍ത്തകിടിയില്‍ കളിക്കുമ്പോള്‍ പോലും
നഖമുനകള്‍ രാകി രാകി ഈ പനിനീര്‍പ്പൂ പോലെയാക്കി വയ്ക്കുക
അങ്ങനെ പനിനീര്‍പ്പൂക്കള്‍ക്കും നഖമുനകള്‍ക്കുമിടയില്‍
സ്നേഹമിപ്പോഴും അതിന്റെ ഉരുണ്ടുകളി തുടരുന്നു.

Wednesday, February 14, 2007

ബ്രയിന്‍ സ്‌റ്റോമിങ്

പുതിയ കവികളെ കണ്ടിട്ടുണ്ടോ എന്തോ
എന്തുമാത്രം ആകാംക്ഷയാണ് ആ മുഖങ്ങളില്‍
എത്രവേണമെങ്കിലും പ്രശംസിച്ചോളൂ
ഒട്ടും പൊങ്ങില്ല
പൊങ്ങുതടിപോലെ കിടക്കും
പൊങ്ങച്ചച്ചന്തകളില്‍

പുതിയ നിരൂപകരെ കേട്ടിട്ടുണ്ടോ ആവോ
എന്തുമാത്രം ആധികാരികതയാണ് ആ മുഖങ്ങളില്‍
മൂക്കും മുലയും മുറിക്കും
മുക്കും മൂലയും തപ്പും
ഒറ്റവരിപോലും മാറ്റാന്‍ പറ്റില്ല
വരിയുടഞ്ഞുപോം

പുതിയ വായനക്കാരെ പറഞ്ഞിട്ടുണ്ടോ കാര്യം
എന്തുമാത്രം ആത്മാര്‍ത്ഥമാണ് ആ വേഴ്ചകളില്‍
ഒട്ടും വിട്ടുവീഴ്ചയില്ല
ചേര്‍‌ത്തുവെച്ച് ഉത്പാദിപ്പിച്ചോളും
അവസാനത്തെ അര്‍‌ത്ഥം

Tuesday, February 13, 2007

ശേഷം

തീമഴപ്പെയ്തിനു ശേഷം
വസന്തം തിരികെ വരും
വറുതിയുടെ കൊടും വേനല്‍ കഴിഞ്ഞ്
മഴക്കൂണുകള്‍ പൊട്ടിമുളയ്ക്കും
പ്രളയക്കൊടുങ്കാറ്റ് വീശുമ്പോഴും
അണയാത്ത തിരികള്‍
ഞാന്‍ നെഞ്ചില്‍ കൊണ്ടുനടക്കും
മഞ്ഞുകാലത്തിന്റെ
മൂടുപടമഴിച്ച്
പച്ചിലകള്‍
ആനന്ദനൃത്തം ചവിട്ടുമ്പോള്‍
എന്റെ പാദസരങ്ങള്‍
ഞാനവര്‍ക്കു
ദാനം കൊടുക്കും

ആഗതന്‍ - ധന്യാരാജ്

മഴയുടെ കൈപിടിച്ചാണ് അവന്‍ നടന്നു കയറിയത്
ജാലകത്തിനപ്പുറം അവന്റെ നിശ്വാസങ്ങളുടെ പുക പരന്നപ്പോള്‍
വാതില്‍ തനിയേ തുറക്കപ്പെടുകയായിരുന്നു.
അവന്റെ മുടിയിഴകളില്‍ മിന്നാമിനുങ്ങുകള്‍ കോര്‍ത്തു കിടന്നു
ആ പച്ചവെളിച്ചം കൊണ്ടാകണം
അവന്റെ ശിരസ്സിനു ചുറ്റും പ്രഭാവലയമുണ്ടായത്

മഞ്ഞുപാളികള്‍ കൊണ്ടുണ്ടാക്കിയ ഉടുപ്പയിരുന്നു അവന്.
അവ ഉരുകി തുടങ്ങുമ്പോഴും അവനു കുളിര്‍ന്നില്ല
അവന്റെ നെഞ്ചില്‍ ചെറിയ തീകുണ്ഡം നീറിപ്പുകയുന്നുണ്ടായിരുന്നു.
അതിന്റെ ചൂടേറ്റിട്ടും അവനു വിയര്‍ത്തില്ല

നീ കണ്ടുവോ അവന്‍ മന്ത്രിച്ചു
വസന്തമാണ് പുറത്ത്
അവന്റെ ഹൃദയവിടവിലപ്പോള്‍
പൂക്കള്‍, ശലഭങ്ങള്‍, കിളികള്‍
പല നിറത്തിലുള്ള നക്ഷത്രങ്ങള്‍
വരൂ, അവനെന്നെ വിളിച്ചു, ഞാനവനെ അനുഗമിച്ചു.

അകലെ മഴക്കാടുകളില്‍ ഇപ്പോള്‍ വസന്തമായിരിക്കും.

Monday, February 12, 2007

ഹിമാലയം - കല്‍പ്പറ്റ നാരായണന്‍

ഹിമാലയം കണ്ടതോടെ
വലുപ്പത്തിന്റെ മാനദണ്ഡം മാറി
വലിയ മഴയെന്നും വലിയ വേദനയെന്നും വലിയ സുഖമെന്നും
പറഞ്ഞതില്‍ ഞാന്‍ ലജ്ജിച്ചു.
തിളച്ചു മറിയുന്ന വെള്ളം
സഹിക്കാവുന്ന ചൂടുള്ളതായി
ആനയെ തൊഴുത്തില്‍ കെട്ടാം എന്നായി.

Saturday, February 10, 2007

ഉപ്പ് - സര്‍ജു

ഉലകെല്ലാം നാറും വായ ‍ തുറന്നു ഞാനുറങ്ങുമ്പോള്‍
ഇടത്തോട്ടും വലത്തോട്ടും കഴുത്തു ചാഞ്ഞൊടിയുന്നു

മൂടി പൊട്ടും ഓടയാകാം, തുരങ്കത്തിന്‍ മുഖപ്പാകാം.
ഉള്ളില്‍ നിന്നുമൊലിക്കുന്നു, ചിരകാലം ചിറ കെട്ടി
നിന്ന പോലെ, തൊണ്ടു ചീയും കായലോരം പോലെ.

അഴുക്കഴുക്കി ഞാനെന്റെ അടുക്കളയ്ക്കു തീയെടുക്കും
കിനാവിലൊരാള്‍ ചിരിക്കുന്നു.
ഉത്സവപ്പറമ്പില്‍ പണ്ട് ബാലേ കണ്ടുറങ്ങിയ രാവില്‍
കല്ലുപ്പു തീറ്റിച്ച ചങ്ങാതി.

അയ്യപ്പന്‍ -2 - അന്‍‌വര്‍ അലി

ഒറ്റയ്ക്കേ യാത്ര ചെയ്‌വോന്‍,
-അടിയിളകിയ പാഴ് പാദുകം മാത്രമായോന്‍.
കൂട്ടങ്ങള്‍ക്കന്യന്‍,
-ആരും ബഹിര്‍ നയനതയാല്‍ കണ്ടിടാ കാഴ്ച കാണ്മോന്‍.
ദുഃഖത്തിന്‍ കാട്ടില്‍
മഞ്ഞപ്പുലിയുടെ ചിരിമേലേറിയേ സഞ്ചരിപ്പോന്‍.
അയ്യപ്പന്‍,
ചോരകൊണ്ടേ കവിത കഴുകുവോന്‍,
ബുദ്ധരില്‍ ഭ്രാന്തനായോന്‍.

അയ്യപ്പന്‍ -ടി.പി.അനില്‍ കുമാര്‍

കാട്ടില്‍വെച്ചു കണ്ടു
അഭയവരദ മുദ്രകളില്ലാതെ
മരച്ചുവട്ടിലിരുന്നു
ബീഡിവലിക്കുന്നു
കവിതയിലെ വനവാസി

കിതപ്പാറ്റും മൃഗത്തിന്റെ മട്ട്‌.

മുഷിഞ്ഞിട്ടുണ്ട്‌
വെയില്‍തിന്നാവണം,
മുഖം ചുവന്നിരിക്കുന്നത്‌

ചിരിച്ചു
പുലിപ്പാലുതേടിയാണോ
നീയും വീടു വിട്ടത്‌?

അല്ല, കാടു കാണാന്‍
വീടിന്റെ ചതുരത്തിനപ്പുറം
കണ്ടിട്ടില്ല
താഴ്‌വരകള്‍, പുല്‍ക്കാടുകള്‍
നീരൊഴുക്കുകള്‍
അറിഞ്ഞിട്ടില്ല

മരവേരിലല്‍പം ഇടം തന്നു
ചെവിയോര്‍ക്കുവാന്‍ പറഞ്ഞു

ഉള്‍ക്കാട്ടില്‍നിന്നും കേട്ടു
മുലയൂട്ടുന്ന കവിതയുടെ
മുരള്‍ച്ച

Friday, February 09, 2007

കല്ല് - പി. എ നാസിമുദ്ദീന്‍

പട്ടണത്തില്‍ നിന്നു പോരും വഴി വായിക്കാനൊരു മാസിക തേടി പീടികയെല്ലാം കേറി.
ഒന്നും കിട്ടാതെ ഒരു കല്ലെടുത്ത് കീസയിലിട്ട്
വീട്ടിലെത്തിയ ഉടനേ അതു നീര്‍ത്തി വായിക്കാനാരംഭിച്ചു.
പേരറിയാത്ത അനേകരുടെ കാല്‍പ്പാടുകള്‍
ഒരു ജ്ഞാനിയുടെ, ഒരു ജിപ്സിയുടെ
ഞാനതിനെ തൊട്ട ആദ്യത്തെ നിമിഷം മുന്‍പേ പോയ
പാദങ്ങളുടെ ഇളം ചൂട്
വിരല്‍ തുമ്പിയുടെ മുകളിലോട്ട് പാഞ്ഞു
ആദിയില്‍ ഭൂമിയുടെ നിയമങ്ങള്‍ നടപ്പിലാക്കപ്പെടുമ്പോള്‍
ആഴത്തിന്റെ ഒരു പുളപ്പും പേറി ഒളിച്ചോടി ഇരുട്ടും വെളിച്ചവും
കുടിച്ചു കുടിച്ചു മടുത്ത ആ കൊച്ചുകഷ്ണം കല്ല്
എന്നെ എവിടെയൊക്കെയോ നയിച്ചു.
എങ്ങും മുട്ടാതെ കമ്പളിപ്പിക്കുന്ന പാതകളും
അതിലൂടെ നടക്കുന്ന വഴിപോക്കരും
എന്റെ രാത്രിയില്‍ നിറഞ്ഞു
പെട്ടെന്ന് നോക്കുന്നവനെയും പശ്ചാത്തലത്തിലേയ്ക്ക്
ഉള്‍പ്പെടുത്തുന്ന ഒരു ഭ്രമാത്മക ചിത്രം പോലെ
പ്രപഞ്ചം എനിക്കുചുറ്റും വര്‍ത്തിച്ച ഒരു നിമിഷം,
ഞാനാ കല്ല് ജനലിലൂടെ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞു.


Thursday, February 08, 2007

ഇടനേരം നമ്മള്‍ ഇവിടെയാണ് - കെ.സി.മഹേഷ്

പകല്‍
ഇപ്പുറത്തുനിന്ന് അപ്പുറത്തേയ്ക്ക് വലിച്ചു കെട്ടിയ അയലില്‍
ഉണങ്ങിയുണങ്ങി തൊട്ടാല്‍ പൊടിയുന്ന വസ്ത്രം
രാത്രി
നക്ഷത്രങ്ങള്‍ പകുതിക്കു വന്നു അയലില്‍ ഇപ്പോള്‍
നനഞ്ഞ് അലിയുന്ന വസ്ത്രം
എന്നാല്‍ നാം
ഈ വസ്ത്രത്തിനകത്തുണ്ട്
ഉണങ്ങി വരളുകയോ
അലിഞ്ഞു തീരുകയോ

Wednesday, February 07, 2007

നീ -ഗീതു പി ജി

പുതിയ ബന്ധങ്ങളിലേയ്ക്കു കൈകോര്‍ക്കുമ്പോഴും
മനസ്സിലെവിടെയൊ പച്ചത്തവളയുടെ തണുപ്പുപ്പോലെ
നീ അവശേഷിച്ചിരുന്നു.
പുതിയ സ്നേഹങ്ങളിലേയ്ക്കു വഴുതി വീഴുമ്പോഴും
മനസ്സിലെവിടെയോ നിറം മാറിക്കൊണ്ട്
ഓന്തിനെപ്പോലെ നിന്റെ സ്നേഹവും അവശേഷിച്ചിരുന്നു.
പുതിയ വഴികളിലേയ്ക്കു പതറിയോടുമ്പോഴും
പുതിയ ഓര്‍മ്മകളിലേയ്ക്ക് ചിതറിപ്പറക്കുമ്പോഴും
മനസ്സിലെവിടെയോ പ്രകാശത്തിന്റെ നേര്‍ത്തപ്പൊള്ളല്‍ പോലെ
നിന്റെ നിഴലുകള്‍ എന്നെ വേട്ടയാടിയിരുന്നു.
‘കാത്തുവയ്ക്കാത്തവന്റെ കലവറയില്‍’ നീ എനിക്കായി സൂക്ഷിച്ച
സ്നേഹവും അണയാറായിരിക്കുന്നു.
ഇനി സമയമില്ല നിനക്കും എനിക്കും.

Tuesday, February 06, 2007

അളന്നു കിട്ടുന്നത്

അളന്നു മുറിച്ചു ജീവിച്ചു
മരിച്ചപ്പോള്‍
അളന്നു കിട്ടി
ആറടി.
പരലോകമായി
നരകമാണ് കിട്ടിയത്!
അഗ്നിയാണെങ്കിലും എത്ര സ്വാതന്ത്ര്യം
അളവില്ല
തൂക്കമില്ല
ചിട്ടകളൊന്നുമില്ല
എവിടെയും പോകാം
നരകത്താണ്ട്
നൂറ് ചെല്ലുമ്പോള്‍
സ്വര്‍ഗത്തിലേക്ക് സ്ഥലം മാറ്റം.
ഞാന്‍ പോകില്ല
അവിടം ഭൂമിപോലെ
പ്രശ്നസങ്കീര്‍‌ണ്ണമെന്നു കേള്‍ക്കുന്നു
അളന്നു മുറിച്ചു ജീവിക്കണം
അവസാനം കിട്ടുന്നതോ
അളന്ന്‌
ആറടി.

Monday, February 05, 2007

സൂര്യന്റെ ഒരു ദിവസം

സൂര്യന്‍ ഭൂമിയുടെ കണ്ണുകെട്ടി
ഭൂമി വെളുക്കുവോളം പരതിക്കറങ്ങി
ജിപ്സിപ്പെണ്ണായ്
തൂവാലനീക്കി
ഭൂമി ഒളിഞ്ഞു നോക്കി
പച്ചച്ചുരിദാറിട്ട ഭൂമിയുടെ
ഉടലിലൂടെ സൂര്യന്‍
നോക്കിക്കൊണ്ടേയിരുന്നു
കണ്ണുകള്‍ ചുവന്നു തുടുത്തു
ദു:ഖഭാരത്താല്‍
ദേ, ഇന്നു വൈകുന്നേരം
കടലില്‍ച്ചാടി മരിച്ചു.

Sunday, February 04, 2007

ഞായറാഴ്ചപ്പരീക്ഷ -ഒന്ന്

പ്രസിദ്ധ കവിതാസമാഹാരത്തിന്റെ ആമുഖമായി കുറിച്ചിട്ട വരിയാണിത്.
കവി ആരാണെന്ന് പറയാമോ?

“നിന്റെ തൊട്ടിലും അമ്മയുടെ ശവപ്പെട്ടിയും ഇതേ മരത്തിന്റെയാണ്”

Saturday, February 03, 2007

കുടിയൊഴിക്കല്‍ - മാധവിക്കുട്ടി

ഞാന്‍ നഗ്നയായിരുന്നു
തണുപ്പിന്റെ ക്രൌര്യം അനുഭവിക്കുന്നവള്‍
ഈ കാണുന്ന ശരീരം എന്റെ വീടായി തീര്‍ന്നു
പക്ഷേ ഇന്നു ഞാനറിയുന്നു
വാടക ബാക്കിയുള്ളതിനാല്‍ എന്നെ കുടിയൊഴിക്കാനുള്ള
ഒരുക്കങ്ങള്‍ നടത്തി വരികയാണെന്ന്
ഈത്തപ്പഴമാണ് ഞാന്‍ ആവശ്യപ്പെട്ടത്, കാരയ്ക്കയല്ല.
എന്റെ ഹൃദയം കടിച്ചു ചവയ്ക്കുമ്പോള്‍ ഈശ്വരന്‍ പറഞ്ഞു :
“ ഇതു നീ വെയിലത്തു വച്ചിരുന്ന്നിരിക്കണം”

പ്രണയാതുരം - സൂപ്പി

പ്രണയമേ,
വിളിച്ഛാലുമില്ലെങ്കിലും നിന്റെ വിളി കേള്‍ക്കാനേ എനിക്കാവുന്നുള്ളൂ.
ആരെന്തു പറഞ്ഞാലും നേര്‍ത്ത ബിംബങ്ങളാല്‍
ഞാന്‍ നിനക്കു പുതപ്പു തുന്നും.
കോഴി കൂവിയാലും മഞ്ഞു പെയ്തെങ്കിലേ
ഞാന്‍ നിന്നെ വിളിച്ചുണര്‍ത്തൂ..
മാനം കറുത്താലും മയിലാടിയാലേ
ഞാന്‍ നിന്നെ തേടി വരൂ..
പൂ വിടര്‍ന്നാലും പുഴ പാടിയാലേ
ഞാന്‍ നിന്നില്‍ ഒഴുകി വരൂ.
പ്രണയമേ
നിന്റെ വിളി മാത്രമേ ഞാന്‍ കേള്‍ക്കുന്നുള്ളൂ...

Friday, February 02, 2007

സ്വകാര്യക്കുറിപ്പുകള്‍ - ജോര്‍ജ്ജ്

ഒന്ന്
കടുകുമണികളുമായ് ഞാന്‍ മടങ്ങിയെത്തിയപ്പോള്‍
ബുദ്ധന്‍ പുരാവസ്തു വില്‍പ്പനശാലയിലെ കണ്ണാടിക്കൂട്ടില്‍
ഒരു വെങ്കല വിഗ്രഹം.

രണ്ട്
സൂര്യനെ കരിമ്പന കുടിച്ചു തീര്‍ത്തു.
കരിമ്പനയെ നീലക്കുതിര തിന്നു തീര്‍ത്തു
നീലക്കുതിരയെ ഞാന്‍ പുകച്ചു തീര്‍ത്തു

മൂന്ന്
ഒഴിഞ്ഞ ഊണുമേശപ്പുറത്ത് ഒരു വലിയ പല്ലി
പല്ലിയുടെ വായില്‍ പിടയുന്ന കുരുന്നു കൈകള്‍

Thursday, February 01, 2007

നിലവിളി - സച്ചിദാനന്ദന്‍

മുപ്പതു തലയോട്ടികള്‍ മുങ്കിന്റെ ചിത്രത്തിലെന്നപോലെ
നിര്‍ത്താതെ നിലവിളിച്ചു, കുട്ടികളുടെ ശബ്ദത്തില്‍.

മുപ്പത് അമ്മമ്മാര്‍ക്ക് ആ വിളികേട്ട് മുലചുരത്തി
പക്ഷേ, വന്നത് രക്തമായിരുന്നു
അവരുടെ കണ്ണുകളില്‍ നിന്നുമൊഴുകി രക്തം,
എല്ലാ ഉടല്‍ പഴുതുകളില്‍ നിന്നും

ആ ചുകന്ന പ്രളയം ആയുധങ്ങള്‍ കിലുക്കി
കൊലപാതകിയെ കൊന്നു താഴ്ത്താന്‍ മുന്നോട്ടാഞ്ഞു.
പെട്ടെന്നൊരു വിസില്‍ മുഴങ്ങി, വെടിയൊച്ച പൊങ്ങി
രക്തത്തില്‍ നിന്നു രക്തം
അങ്ങനെയാണ് എന്റെ നാട്ടില്‍ നീതി നടപ്പായത്.

Tuesday, January 30, 2007

അക്ഷരത്തെറ്റുള്ള തെറികള്‍ - കുഴൂര്‍

ആരാണ് എഴുതുന്നതെന്നറിഞ്ഞു കൂടാ, എപ്പോഴാണ് എഴുതുന്നതെന്നറിഞ്ഞുകൂടാ
സിനിമാപോസ്റ്ററുകള്‍ സമയാസമയം മാറുന്നതുപോലെ
മൂത്രപ്പുരയുടെ ചുമരുകളില്‍ അക്ഷരത്തെറ്റുള്ള തെറികള്‍ വന്നു.

പായലും കരിക്കട്ടയും ചെങ്കല്ലും ചേര്‍ന്നെഴുതിയത്
ചിലപ്പോള്‍ ഇങ്ങനെയെല്ലാമായിരുന്നു

ഇവിടെ കാറ്റിനു സുഗന്ധം. രാജീവ്+സിന്ധു.
ച്ചോട്ടപ്പന്‍ ബാലന്‍ ഒരു.....കൊക്കിദേവകിയുടെ.........
ഹൃദയത്തിന്റെ നടുവിലൂടെ ഒരു അമ്പ് കടന്നുപോകുന്ന ചിത്രം
രാജന്‍ മാഷും ഭാനുടീച്ചറും തമ്മില്‍ പ്രേമത്തിലാണളിയാ തുടങ്ങിയ പാട്ടുകള്‍

കിട്ടിയ തല്ലുകള്‍ക്കും ഇമ്പോസിഷനുകള്‍ക്കും
പകരം വീട്ടലായി ചുമരുകള്‍ നിറഞ്ഞു.
തീട്ടത്തിന്റെയും മൂത്രത്തിന്റെയും ഗന്ധങ്ങള്‍ക്കിടയിലും
പ്രണയം പായലുകള്‍ക്കിടയില്‍ പൂത്തു.

പെണ്‍കുട്ടികളുടെ മൂത്രപ്പുര ക്ഷേത്രം പോലെ നിലകൊണ്ടു.

Monday, January 29, 2007

ആണുകാണല്‍ - കവിതാ ബാലകൃഷ്ണന്‍

എട്ടാമത്തെ പെണ്ണുകാണലിനും ഒന്‍പതാമത്തെ പെണ്ണുകാണലിനും
ഇടയ്ക്കുവച്ചാണ് ആണിനെ കണ്ടത്
കാണലിന്റെ അതിരുകളില്‍ അവന്‍ ചിലന്തിയെപ്പോലെ സസൂക്ഷ്മം വലകെട്ടുകയോ
ഗൌളിയെപ്പോലെ നേരം നോക്കി ചിലയ്ക്കുകയോ ചെയ്തില്ല.

അവന്‍
ചിലന്തിയെപ്പോലെ ചിലയ്ക്കുകയും
ഗൌളിയെപ്പോലെ വലകെട്ടുകയും ചെയ്തു.
ഹാ ! ദ കം‌പ്ലീറ്റ് മാന്‍ !

Sunday, January 28, 2007

രമണന്‍ 1 -കെ ജി ശങ്കരപ്പിള്ള

രമണന്‍
നന്നായി വേണുവൂതുമായിരുന്നു.
പതിനായിരത്തെട്ട് ഉരുവങ്ങളുടെ ഉടയോനായിരുന്നു
എന്നിട്ടും അതിലൊന്നു നഷ്ടപ്പെട്ടപ്പോള്‍ പോയി തൂങ്ങിച്ചത്തു.
ലുബ്ധന്‍ !

അനാദിശില്പങ്ങള്‍ -അന്‍‌വര്‍ അലി

ആദ്യത്തെ പൊന്മ, ആദ്യത്തെ പുഴയിലെ, ആദ്യത്തെ നനവിനോട് ചോദിച്ചു :
“ജലമേ നീ അവിടെ എന്തെടുക്കുകയാണ്?”
നനവു പറഞ്ഞു :
“പുഴയുടെ നീളമളക്കുകയാണ്”
പൊന്മ കാറ്റിനു ചിന്തേരിട്ടു പറന്നു പോയി.
എന്നും കാറ്റു കടഞ്ഞെത്തുന്ന പൊന്മകള്‍ ചോദിക്കും :
“നീളമെത്രയാണ്?”
പണിക്കുറതീര്‍ന്ന കളിമീനുരുവങ്ങള്‍ ചുണ്ടില്‍ തിരുകിക്കൊടുത്തുകൊണ്ട് നനവു പറയും :
“അളക്കുന്നതേയുള്ളു.”

ആദ്യത്തെ ചുംബനം, ആദ്യത്തെ ചുണ്ടിനോടും ചോദിച്ചു :
“നിന്റെ ചെരിവില്‍ ഞാന്‍ എത്ര ചാലുകള്‍ കൊത്തണം?”
ചുണ്ടു പറഞ്ഞു : “ആവോളം”
ഓരോ ചാലും പുഴയായി, പുഴകള്‍ കടലായി, കടല്‍ ഇരമ്പി;
ഉടല്‍ വാര്‍ത്ത കരു കടല്‍ച്ചൂളയില്‍ തിരയായ് പൊന്തി
ഉളിപ്പല്ലുകള്‍ ഇറങ്ങി വന്ന് മുങ്ങിത്താണുകൊണ്ടിരുന്ന ചുംബനത്തെ വിഴുങ്ങി.
ഇപ്പൊഴും കേള്‍ക്കാം തീരങ്ങളില്‍ ഉളിപ്പല്ലു മുട്ടുന്ന ചിരി.
ചെരിവുകളില്‍ ചുംബനം കൊത്തുന്ന കരച്ചില്‍.

ഹവ്വയുടെ കല്ലറയോടു ചേര്‍ന്നു കിടന്ന് ആദാമിന്റെ കല്ലറ മന്ത്രിച്ചു :
“നീ കേള്‍ക്കുന്നില്ലേ, പട്ടണപ്പല്ലെടുക്കുന്ന ക്രയിനുകളുടെ ശബ്ദം?”
“ഇല്ല, ഞാന്‍ കേള്‍ക്കുന്നത് നിന്റെ തുമ്പികള്‍
നമുക്കിടയിലെ കല്ലെടുക്കുന്ന ശബ്ദം.”

Saturday, January 27, 2007

സംശയം - അഗസ്റ്റിന്‍ ജോസഫ്

പിനീടു ഞാന്‍ ചോദിച്ചു -
നിന്റെ നക്ഷത്രമേതാണ്?
അഗാധമായ ഹാര്‍ഷവായ്പ്പോടെ നീ പറഞ്ഞു “അങ്ങാണ് എന്റെ നക്ഷത്രം.”
പൊടുന്നനെ-
എല്ലാ രാത്രികള്‍ക്കും ധൂമകേതുക്കള്‍ക്കും മുകളില്‍ ജ്വലിച്ചു നില്‍ക്കുന്ന നക്ഷത്രമാണു-
ഞാനെന്നെനിക്കു ബോദ്ധ്യമായി
എങ്കിലും,
കത്തിനില്‍ക്കുന്ന ദുരന്തങ്ങളും അഭിശപ്തമായ വിധിയും ഇരുട്ടും മൃത്യുവും കൊണ്ട്
ഈശ്വരന്‍ എങ്ങനെ ഒരു നക്ഷത്രത്തെ സൃഷ്ടിച്ചു എന്നു ഞാന്‍ സംശയിക്കുന്നു.

Thursday, January 25, 2007

വയസ്സറിയിക്കല്‍ - ബിജു പി നടുമുറ്റം

ഞാനിപ്പം വയസ്സറീക്കും, അമ്മ കേക്കണ്‌ണ്ടോ?
ഞാനിപ്പം വയസ്സറീക്കൂന്ന്..മേടിച്ചു കൊണ്ടുവാ പാഡ്‌വച്ച ബ്രാകള്‍, നാപ്കിനുകള്‍.
ഇനി പകലെല്ലാം ഇരുളാക്ക്, രാത്രികളെ ജയിലാക്ക്
കരച്ചിലിനെ ചിരിയുടെ തൂവാലകൊണ്ട് തുടച്ചോണ്ടിരി
അടുക്കളപ്പുകച്ചുരുളില്‍ നെടുവീര്‍പ്പുകളെടുത്തു വയ്.
വേലിക്കലിഴയുന്ന ചേരയെയും പേടിക്ക്.
നിങ്ങടെ നെഞ്ചിലെ അടുപ്പേന്നൊരു കനല്‍
എന്റെ നെഞ്ചത്തോട്ടുമിനി എടുത്ത് വയ്ക്ക്

പൊടി -പി രാമന്‍

കുറ്റിയറ്റ മനസ്സിന്റെ തേഞ്ഞ വിരലെല്ലുകള്‍
എഴുതിത്തയ്യാറാക്കുന്നു,
മനസ്സില്‍ വച്ച് മൂടോടെ പറിഞ്ഞു പോയ ജീവിവര്‍ഗങ്ങളുടെ നീണ്ട പട്ടിക.

ഒരാള്‍ അകത്തു കടന്ന്
അട്ടിയിട്ടുവച്ചതില്‍ നിന്നോരോന്നോരോന്നെടുത്ത് വീശിക്കുടഞ്ഞു.
പൊടിപടലം തേട്ടിവന്നു.
അതൊന്നടങ്ങീട്ട് നമുക്കകത്തു കടക്കാം.

മൂര്‍ച്ചയേറിയ പൊടി രാകിത്തീര്‍ത്ത ശില്പങ്ങള്‍ക്കു പിന്നില്‍
പതുങ്ങുന്നു ജീവജാലങ്ങള്‍
മൂര്‍ച്ചയേറിയ പൊടി അറുത്തിട്ട കാട്ടിന്‍ നടുവില്‍
മുക്രയിട്ടു നില്‍ക്കുന്നു സ്ഥലകാലങ്ങള്‍

ലോകം വിശാലമാക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു.
പൊടിമാത്രമായിരുന്നു തടസ്സം.

Wednesday, January 24, 2007

കവിതയെഴുതുന്ന പെണ്‍കുട്ടി -ബിജു

കാറ്റുപായ അനക്കമില്ലാതെ
പാറക്കെട്ടില്‍ മാഞ്ഞുപോവും ചില ശ്വാസങ്ങള്‍
ഭാരമില്ലാ ഹൃദയം മീനുകള്‍ ഉമ്മവയ്ക്കും
പാവാടത്തെറ്റം നിലം തൊടാതെ പക്ഷികളറിയും
മുടിയിഴകള്‍ മാറില്‍ വീഴാതെ വലയില്‍ വീഴും.
കണങ്കാലില്‍ മണല്‍ത്തിരയുടെ വിശുദ്ധലിപികള്‍ വരും
ഒരു തിരയും തിരിച്ചറിയില്ല കവിതയെഴുതുന്ന പെണ്‍കുട്ടിയെ.

അഭിമുഖം -ബാലചന്ദ്രന്‍ ചുള്ളിക്കാട്

കാലത്തേ കാവ്യദേവത ഫോണ്‍ ചെയ്തു:
കുഞ്ഞുങ്ങള്‍ നിന്റെ അരികിലേയ്ക്കു വരും, നീ അവരെ തടയരുത്.

സായാഹ്നത്തില്‍ കുഞ്ഞുങ്ങള്‍ എത്തി.
ചോദ്യം തുടങ്ങി.
വെളിച്ചവും പൂക്കളും നിറഞ്ഞ വാക്കുകളല്ല.
വാര്‍ദ്ധക്യവും അസഹിഷ്ണുതയും പകയും നിറഞ്ഞ വാക്കുകള്‍

മനസ്സു പറഞ്ഞു : ഇവര്‍ കുഞ്ഞുങ്ങളല്ല. ശത്രുകള്‍ നിനക്കെതിരെ ജപിച്ചു വിട്ട പിശാചുക്കളാണ്.
ഞാന്‍ തിരുത്തി : അങ്ങനെ കരുതിയാല്‍ ലോകം വിരൂപമാകും. ഇവര്‍ കുഞ്ഞുങ്ങളാണെന്നും വാക്കുകള്‍ ഇവരുടെ ആത്മാവില്‍ നിന്നും വരുന്നു എന്നും വിശ്വസിക്കുക.
കുഞ്ഞുങ്ങള്‍ ചോദിക്കുന്നു :
എന്റെ അപരാധങ്ങളെയും അപഭൃംശങ്ങളെയും കുറിച്ച്.
എന്റെ പരാജയങ്ങളെയും തകര്‍ച്ചകളെയും കുറിച്ച്.
എന്റെ കാപട്യത്തെക്കുറിച്ചും പതനത്തെക്കുറിച്ചും

എന്റെ ഇടര്‍ച്ചകളില്‍ ആനന്ദിച്ച്, എന്റെ പ്രാണവേദനയില്‍ രസിച്ച്,കുഞ്ഞുങ്ങള്‍ ചോദിച്ചുകൊണ്ടേയിരുന്നു.
ഞാന്‍ കാതോര്‍ത്തിരുന്നു ഒരു നല്ല വാക്ക്....ഒരു സാന്ത്വനം....അബദ്ധത്തിലെങ്കിലും. ഒന്നുമുണ്ടായില്ല.
ഇരയുടെ പരവശതയോടെ ഞാന്‍ അവരുടെ കണ്ണുകളിലേയ്ക്കു നോക്കി.
അവയിലെ രക്തദാഹം എനിക്കേത്രയോ പരിചിതം.
കുഞ്ഞുങ്ങള്‍ ചോദിക്കുന്നു : നിങ്ങള്‍ എഴുതുന്നതെല്ലാം പച്ചക്കള്ളമല്ലേ?
നിസ്സഹായതയുടെ കൊലക്കയറില്‍ ഞാന്‍ പിടയുന്നു. ദൈവമേ.
തെളിവും സാക്ഷിയുമില്ലാത്ത ജീവിതം!
ഇല്ല. ദൈവം ആര്‍ക്കുവേണ്ടിയും സാക്ഷി പറയാറില്ല.
ചിറിയിലെ രക്തം നുണഞ്ഞ് കുഞ്ഞുങ്ങള്‍ ചോദിച്ചു :
എവിടെ മറ്റേയാള്‍? എന്റെ ഇണയുടെ ചോരകൂടി അവര്‍ക്കു വേണം !
പക്ഷേ കുഞ്ഞുങ്ങളുടെ ക്രൌര്യം കണ്ടു ഭയന്ന് അവള്‍ നേരത്തേ രക്ഷപ്പെട്ടിരുന്നു.
കുഞ്ഞുങ്ങള്‍ പരസ്പരം നോക്കി.
ഇവനെ നമ്മള്‍ തകര്‍ത്തു. ഇവനെ നമ്മള്‍ നശിപ്പിച്ചു. ഇവന്‍ ഇനി ഇല്ല.
ഇപ്പോള്‍ ഇത്രമതി.
വിജയത്തിന്റെ ലഹരിയില്‍ കുഞ്ഞുങ്ങള്‍ പരസ്പരം പുഞ്ചിരിച്ചു.
നന്ദി സര്‍, വളരെ നന്ദി- നരബലി നടത്തിയ സംതൃപ്തിയോടെ അവര്‍ തിരിച്ചു പോയി.

കുഞ്ഞുങ്ങള്‍ എന്റെ അരികില്‍ വന്നോട്ടെ, എന്റെ ചോരകുടിച്ചോട്ടെ.
ഞാന്‍ അവരെ തടയുന്നില്ല.
കാവ്യദേവതേ നന്ദി, ഈ സായാഹ്നത്തിന്, ഈ വിഷപാത്രത്തിന്.

Tuesday, January 23, 2007

പോടാ മോനേ ദിനേശാ - ശ്രീഹരി

ധീരോദാത്തനും അതിപ്രതാപ ഗുണവാനും വിഖ്യാതവംശജനുമായ
മോഹന്‍ലാല്‍ സ്ക്രീന്‍ പിളര്‍ന്നെത്തി
ചന്തമതിലുകള്‍, ചുമടുതാങ്ങികള്‍, വെയ്റ്റിംഗ് ഷെല്‍ട്ടറുകള്‍, വാള്‍ പോസ്റ്ററുകള്‍ പിളര്‍ന്ന്
പടക്കശാലയ്ക്ക് തീപിടിച്ചപോലലറി. “കത്തിച്ചു കളയും ഞാന്‍ പച്ചയ്ക്ക്, നീ പോടാ മോനേ ദിനേശാ..”
ജുഡീഷ്യറിയെ ഞെട്ടിച്ച്, പിതാപുത്രബന്ധം അരക്കിട്ടുറപ്പിച്ച് കിടുകിടുങ്ങനെ കുലുകുലുങ്ങനെ
മുണ്ടു കയറ്റി ട്രൌസറു കാട്ടി ചീറി ‘നീ പോടാ മോനേ ദിനേശാ..”
വോട്ടുചെയ്യാനെത്തിയ ജനം ബോക്സോഫീസടിച്ച് ഫിറ്റായി.
റേഷന്‍ സബ്സീഡി വെട്ടിയ മുറിവോടെ, കളക്ടറേറ്റ് വളയുന്ന വീറോടെ ശാന്തി*യടഞ്ഞു വിയര്‍ത്തു.
മുണ്ടുമുറുക്കിയുടുത്ത് ചോദനയെ പട്ടിണിക്കിട്ട് ഏറ്റുപാടി “ നീ പോടാ മോനേ ദിനേശാ..”
അനന്തരം നരസിംഹം അപ്രത്യക്ഷമായി.
അടുത്ത അവതാരത്തിനായി അടിയങ്ങള്‍ കാത്തിരിക്കുകയാണ്.
സംഭവിക്കാതിരിക്കില്ലല്ലോ യുഗേ യുഗേ...

ശാന്തി-പയ്യന്നൂരിലെ ഒരു ടാക്കീസ്

മണല്‍മുക്കുവന്‍

മരുഭൂമിയില്‍
വലയെറിഞ്ഞ
ആദ്യനാള്‍
ദിനോസറിനെക്കിട്ടി
വല ചൊരിഞ്ഞപ്പോള്‍
അതൊരാമ
വലയില്‍ മയില്‍
ചൊരിയുമ്പോള്‍ വെയില്‍
വലയില്‍ മീന്‍ തിളക്കം
ചൊരിയുമ്പോള്‍ മുള്‍‌പെരുക്കം
മടയില്‍ വൈഡൂര്യ നാഗത്താന്‍
വടിത്തുമ്പില്‍ ഉറയൂരിയ
കശേരുക്കള്‍
കെണിയില്‍ ഒട്ടകപ്പക്ഷി
കത്തിമുനയില്‍
സത്യം
അചേതനം
ഒരു മുട്ടത്തോട്
കുടുങ്ങുമ്പോള്‍
ഏഴുകടലുകള്‍
തുറന്നുവിട്ടപ്പോള്‍
കാറ്റടഞ്ഞ പങ്കയുടെ
ചിറകുകള്‍
തൊടുക്കുമ്പോള്‍
രത്നകമ്പളം ഖജാന
പൊളിച്ചപ്പോള്‍
ദഹിച്ചുതീര്‍ന്ന
ജനപദങ്ങളുടെ
കഴുക്കോല്‍
വാരിയെല്ലുകള്‍
തരപ്പെടുത്തിയത്
ലോഹഖനി
ഉള്ളിലമര്‍‌ന്ന് കിടപ്പത്
തുരുമ്പ് ഫോസില്‍ കൂട്ടം
അകപ്പെടുമ്പോള്‍
സൂര്യന്‍,ചന്ദ്രന്‍,മഴവില്ല്‌
പിടഞ്ഞെണീക്കും കാട്ടുകണ്ണ്‌
വലക്കണ്ണി
വിടര്‍‌ത്തുമ്പോള്‍
വെറും മണല്‍
മണ്ണ്‌.

2.
കാലം
മണലില്‍
നടന്ന
മുദ്രകളില്‍
കാറ്റെടുത്ത
നൂറായിരം
ഭൂപടങ്ങളുടെ
അതിര്‍ത്തികളില്‍
വലയൊരു പതാകയാക്കി
ഇരുട്ട് നുള്ളിത്തിന്ന്
മുട്ടുകാലില്‍ ഇഴഞ്ഞുനടന്നു

Monday, January 22, 2007

പുയ്യാപ്‌ള - കുരീപ്പുഴ

എട്ടാം ക്ലാസ്സിലെ എട്ടുംപൊട്ടും തിരിയാത്ത
കുഞ്ഞാമിനയെ കാണാന്‍ ഒരാളു വന്നു.
ഒട്ടകവിയര്‍പ്പിന്റെ സുഗന്ധം, താടി,
തലേക്കെട്ട്, നെറ്റിയില്‍ ചെമ്പുതുട്ട്

ഉമ്മ പറഞ്ഞു ‘പുയ്യാപ്ല’
ബാപ്പ പറഞ്ഞു ‘പുയ്യാപ്ല’
കുഞ്ഞാമിനയുടെ ഉള്ളു പറഞ്ഞു
‘ഉപ്പുപ്പ- ഉപ്പുപ്പ’

നിശ്ചലജീവിതം രണ്ട്- പി പി രാമചന്ദ്രന്‍

വെയില്‍, കാറ്റ്, മരങ്ങള്‍, നിഴലുകള്‍.
വെളിയിലാരോ വരച്ചപോലങ്ങനെ

അയയില്‍ വന്നിരിക്കുന്ന കിളിയുടെ
വയറുനോക്കി അനങ്ങാതെയിങ്ങനെ

നിശ്ചലജീവിതം ഒന്ന് - ചുള്ളിക്കാട്

പകുതി തുറന്നിട്ട ജാലകം
അതിലൂടെ തെളിയും ശൂന്യാകാശം
മേശമേല്‍ ടൈപ്പ് റൈട്ടറും കൈത്തോക്കും മണ്‍കൂജയും
തൊട്ടൊരുകസേരയില്‍ കൊത്തിവച്ചതാം മരപ്പാവപോല്‍ ഒരു നഗ്നന്‍
കാല്‍ക്കലായുറങ്ങുന്ന ഡോബര്‍മാന്‍

പ്രകാശത്തിന്‍ ഭസ്മത്താല്‍ പൊതിഞ്ഞൊരീ ദൃശ്യമാര്‍? നീയോ ഞാനോ?

ആഴം

ഉയരത്തില്‍ നിന്ന് താഴേക്ക്
പേടി തോന്നുന്നോ...
ആഴം നിങ്ങളെ ഭ്രമിപ്പിക്കുന്നുണ്ട്
വീഴുമ്പോള്‍ മരിച്ചു പോയേക്കാം
എന്നാലും താഴെ എത്തും
എന്നാല്‍ ഉയരത്തില്‍ നോക്കി
ആരും ഇങ്ങനെ ഭ്രമിക്കാറില്ല
ആകാശം കാണാത്തത്‌ കൊണ്ടാണോ
ആഴമാണല്ലോ ആകാശവും
കാണുന്ന മുഴുവന്‍‌ സ്ഥലവും
കാണാത്ത
അതല്ലാത്തതെന്തോ ഒന്നും
തലയ്ക്കുമീതെ ഇത്രയും
തുറസ്സായ ഗര്‍‌ത്തമുണ്ടായിട്ടും
താങ്കള്‍ ഒരു കെട്ടിടത്തിനു മുകളില്‍ നിന്ന്‌
താഴേക്ക് നോക്കി മാത്രം പേടിക്കുന്നു.

Sunday, January 21, 2007

വൃത്തി

കഴുകാ നീ മുഖം കഴുകാത്തതെന്തേ?
ശവം തിന്മോര്‍ മുഖം കഴുകുന്നതെന്തിനായ്
അതു ശരിയല്ല മനുഷ്യന്മാര്‍ ഞങ്ങള്‍
ശവം തിന്നും, മുഖം കഴുകി നന്നായി-
ത്തുടച്ചു പൌഡറങ്ങിടുകയും ചെയ്യും
അതുശരി, നിങ്ങള്‍ മനുഷ്യന്മാര്‍
ഞങ്ങള്‍ കഴുകന്മാരല്ലോ !

Saturday, January 20, 2007

പ്രതിജ്ഞ

‘ലേബര്‍ ഇന്ത്യ’ എന്റെ രാജ്യമാണ്.
എല്ലാ ലേബര്‍ ഇന്ത്യാക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്.
ഞാന്‍ എന്റെ ലേബര്‍ ഇന്ത്യയെ സ്നേഹിക്കുന്നു. സമ്പൂര്‍ണ്ണവും വൈവിദ്ധ്യപൂര്‍ണ്ണവുമായ അതിന്റെ
പാരമ്പര്യത്തില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു.
ഞാന്‍ എന്റെ ‘ലേബര്‍ ഇന്ത്യ‘യെയും ‘സ്കൂള്‍ മാസ്റ്ററെ‘യും ‘വിദ്യാരംഗ‘ത്തെയും ബഹുമാനിക്കും. അതിന്റെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രയത്നിക്കും.
എന്ന്
നിങ്ങളുടെ സ്വന്തം സ്കൂള്‍‍ മാഷ്

Copy to
ഹെഡ് മാസ്റ്റര്‍
സ്കൂള്‍ മാനേജര്‍
പി ടി എ പ്രസിഡന്റ്
ഡിസ്ട്രിക്ട് എഡ്യൂക്കേഷന്‍ ഓഫീസര്‍

പച്ചനിറം

കൃഷിനിലങ്ങള്‍ വെള്ളക്കെട്ടുകളായി
പാവല്‍ പന്തലുകള്‍ പാടത്തൊടിഞ്ഞുകിടക്കുന്നു മലയിറങ്ങുമ്പോള്‍
കുരുമുളകുതോട്ടത്തിലെ ആളനക്കംഎന്നിലേക്ക്‌ ഒരു വരിതേടുന്നു
ഒരുവരിയും കുറിക്കാനാവാത്തകെണിയിലാണ്‌
ഞാന്‍ ഒരുവരിയെഴുതുമ്പോള്‍ കുറെവരികള്‍
വരുന്നുഅതിലൊരുവരി എയ്ച്ചേച്ചു നീണ്ടു
ചെല്ലുന്നകുന്നുവഴിയില്‍ സ്വയം
വിധിനടപ്പാക്കുന്ന കര്‍ഷകന്‍ നില്‍പുണ്ടനങ്ങാതെ
അയാള്‍ ഒരു ഏണിതോളത്തുവെച്ചുകൊണ്ട്‌
പോകുന്നുമൂന്നാലു കന്നുകാലികളുടെ
കരച്ചിലുമായിപുല്‍മേടുകളില്‍ ഇരുളുന്നുഭാര്യയ്ക്കും
മക്കള്‍ക്കുമൊപ്പം ഫോട്ടോയില്‍ വന്നു നില്‍ക്കുന്നു
എന്റെ ബന്ധുവല്ലപരിചയക്കാരനുമല്ലലോകത്തിലെ
എല്ലാവഴികളും മറ്റൊരുവഴിയില്‍ നിന്നുള്ള
തുടര്‍വരയാകുന്നതുകൊണ്ടാകാം
എന്റെ പേനത്തുമ്പ്‌
എങ്ങനെയോ അയാളുടെ കാല്‍ച്ചുവട്ടിലെത്തുന്നത്‌.

സൌന്ദര്യലഹരി

ചോന്നപൊട്ട് നിനക്ക് ചേരില്ലെന്ന്‌
നൂറുവട്ടം പറഞ്ഞതല്ലേ;
എന്നിട്ടിപ്പോള്‍ നിറുകയില്‍ത്തന്നെ നീ
വെട്ടു കൊണ്ടപോല്‍ സിന്ദൂരവും തൊട്ട്‌
വന്നു നിന്നാല്‍ നിറയാതിരിക്കുമോ
നെറ്റിയില്‍ ഞാനടച്ചിട്ട തീമിഴി.

വൃത്തി

വിരല്‍ തട്ടി മറിഞ്ഞിട്ടും
പരന്നൊഴുകാന്‍ വിടാതെ
പഴന്തുണി നനച്ചാരോ
തുടച്ചെടുക്കയാണെന്നെ.

വേനലിന്റെ അവസാനം

നിറഞ്ഞു കത്തുന്ന
വെയിലിനോടവള്‍ പറഞ്ഞു:

പ്രാണനേ
എനിക്കെരിയുന്നു
അടിമുടി നിന്നെ-

വെയില്‍ പറയുന്നു:
എരിയല്ലേ
വെയിലെരിയല്ലേയെന്ന്‌
മനമെരിഞ്ഞു നീ
പറയുമെങ്കില്‍
ഞാനെരിയുകില്ല

Friday, January 19, 2007

പാടുവാന്‍ - എസ്. ജോസഫ്

“നിലാവു കണ്ട്
കള്ളനൊട്ടിടെ നിന്നു,
പാടുവാന്‍ “(ഹൈക്കു)

അങ്ങനെയിരിക്കെ കള്ളന്‍
ലോകം മുഴുവന്‍ കൊള്ളയടിച്ചെത്തിയ പണക്കാരന്‍
കൂര്‍ക്കം വലികളാല്‍ പണിതുയര്‍ത്തുന്ന മാളികയിലേയ്ക്കു കയറി.

അപ്പോള്‍ അലഞ്ഞു നടന്ന ഒരു പട്ടി കള്ളന്റെ വീട്ടില്‍ ചെന്നു കട്ടു തിന്നു

പട്ടി പോയ തക്കം നോക്കി,കാത്തു കെട്ടിയിരുന്ന ഒരുത്തന്‍
പട്ടി താമസിച്ചിരുന്ന വീട്ടിലെ പെണ്‍കുട്ടിയെ മോഹിപ്പിച്ച് കൊണ്ടു പോയി

അവനെ അന്വേഷിച്ചു പോയ അവന്റെ ഭാര്യ
മടങ്ങുന്ന വഴിയില്‍ പട്ടിയും കൂടെ കൂടുന്നു

ഒരു ദിവസം കള്ളന്‍ അവളുടെ വീട്ടിലുമെത്തി
ഒറ്റപ്പെട്ടു പോയ അവള്‍ അറ്റക്കൈയ്ക്ക് ഒരു കള്ളനെ വരെ പ്രതീക്ഷിച്ചിരുന്നു
അവള്‍ അവന്റെ മേലെ നിലാവു വിരിച്ചിട്ടു.

പട്ടി അവരെ ചുറ്റിപ്പറ്റി നിന്നു.

Thursday, January 18, 2007

ഒരു ദിവസം

നഗരമായി മാറിയ നാട്ടിന്‍പുറത്തെ റോഡ്
കേബിളുകള്‍ നന്നാക്കാന്‍ കുഴിച്ചപ്പോള്‍ പണിക്കാരന് ഒരു സ്ലേറ്റുക്കഷണം കിട്ടി
അതില്‍ ‘ക’ എന്നെഴുതിയിരിക്കുന്നു.
എഴുത്തെന്തെന്നറിയാന്‍ അതയാള്‍ നഗരത്തിലെ ഏറ്റവും പ്രായം ചെന്ന കാരണവരെ കാണിച്ചു.
എന്തോ ഓര്‍ത്തപോലെ അയാള്‍ പഴയൊരു പെട്ടിക്കടിയില്‍ കിടന്ന ‘അദ്ധ്യാത്മ രാമായണം‘ പൊടിതട്ടിയെടുത്തു പറഞ്ഞു
“വീട്ടിന്നു തറയെടുക്കാന്‍ കുഴിച്ചപ്പോള്‍ മുത്തച്ഛനു കിട്ടിയ പുസ്തകത്തില്‍ ഇങ്ങനെയെന്തോ കണ്ടിട്ടുണ്ട്: എനിക്കിതു വായിക്കാനറിയില്ല.”
ആളുകള്‍ വട്ടം കൂടിയിരുന്ന് രാമായണത്തില്‍ പരതി.
അതില്‍ പലയിടത്തും അവര്‍ ആ അക്ഷരം കണ്ടു. കൂട്ടത്തിലുണ്ടായിരുന്ന അദ്ധ്യാപകന്‍ പറഞ്ഞു :
“ പണ്ടു പണ്ട് മലയാളം എന്ന വട്ടെഴുത്തു ഭാഷയുണ്ടായിരുന്നു. ആ ഭാഷയിലെ K ആണിത്. പിന്നെപ്പിന്നെ ആ ഭാഷ ആരും എഴുതാതെ ആയി, പിന്നെ സംസാരിക്കാതെയായി, അത് പഠിച്ച ചിലര്‍ പട്ടിണിയില്‍ മരിച്ചു. ഒരു കാലത്ത് ആ ഭാഷയില്‍ ജാതകവും പഞ്ചാംഗവും മാത്രമല്ല, കഥയും കവിതയുമൊക്കെയുണ്ടായിരുന്നത്രേ.
ഇപ്പോള്‍ അതു വായിക്കാനറിയാവുന്നവരാരുമില്ല. അതിലെ ചില വാക്കുകള്‍ മാത്രം നമ്മുടെ ഭാഷയായ ഇംഗ്ലീഷില്‍ കയറിക്കൂടി മരണത്തെ അതിജീവിച്ചു.”

പനയോലകളില്‍ അക്ഷരങ്ങളുടെ കിരുകിരുപ്പുണര്‍ത്തി ഒരു കാറ്റു വീശി.
വറ്റിയമര്‍ന്ന നിളയുടെ മണല്‍ത്തരികള്‍ എന്തോ ഓര്‍ത്ത് തരിച്ചു.
മഴമാത്രം കൃഷ്ണഗാഥ പാടിക്കൊണ്ടിരുന്നു.

‍‍‍‍‍‍‍‍‍‍‍‍‍‍‍‍------------------

കാലഹരണപ്പെടുന്നുണ്ടോ എന്നറിയാനായി
എന്റെ പഴയ കവിതകള്‍
ഞാന്‍ വീണ്ടും വീണ്ടും വായിച്ചു നോക്കി

അപ്പോള്‍
ഒരിഷ്‍ടം ചോരതുപ്പുകയും
ഒരു രാത്രി ചീഞ്ഞു നാറുകയും
ചന്ദ്രകിരണങ്ങള്‍ നുരഞ്ഞു പുളിച്ചു തുടങ്ങുകയും
ഓരോ ദിവസവും ഓരോ വരി അപ്രത്യക്ഷമാവുകയും
ജീവിത വൈരാഗ്യം വന്ന്‌
കവിതകള്‍ കൂട്ടത്തോടെ സന്യസിക്കാനിറങ്ങുകയും ചെയ്തു

മല‍ഞ്‍ചരുവില്‍ ഞാന്‍ കാറ്റുകൊണ്ടു
ഇരുണ്ടകലുന്ന കരകള്‍ താണ്ടി
കടലില്‍ കപ്പലലഞ്ഞു

ഒരിക്കലും കാലഹരണപ്പെടുകയില്ല
ഒന്നും ആവിഷ്കരിക്കാന്‍ കഴിയാത്തവന്റെ ദു:ഖം

സ്റ്റിക്കര്‍

ഓര്‍ത്തിരിക്കാതെ
രണ്ടുപ്രാണന്‍
തമ്മില്‍ ഒട്ടുന്നതിന്റെ
ആകസ്‍മികതയുണ്ട്
ഏതു പ്രണയത്തിലും .

കീറിക്കൊണ്ടല്ലാതെ
വേര്‍‍പെടുത്താന്‍
പറ്റാത്തതിന്റെ
നിസ്സഹായതയുണ്ട്
അതിന്റെ പിരിയലില്‍

മുറിവുകള്‍

നന്ദിയുണ്ട് ദൈവത്തിന്‌
കണ്ണുകള്‍ രണ്ട്‌
വായ് ഒന്ന്‌
എന്നു തീരുമാനിച്ചതിന്‌.

മുഖത്താണെങ്കിലും
ഒരാള്‍ക്ക്
എങ്ങിനെ
വഹിക്കാനാവും
അതില്‍ കൂടുതല്‍
മുറിവുകള്‍.

സന്ദര്‍ശനം

വെള്ളത്തില്‍
വെയിലെന്നപോലെ
നീ എന്നില്‍ പ്രവേശിച്ചു,
ഇലയില്‍ നിന്നു മഞ്ഞെന്നപോലെ
തിരിച്ചു പോവുകയും ചെയ്തു.
എന്നാലും നന്ദിയുണ്ട് നിന്നോട്.
ഈ കെട്ടിക്കിടപ്പിനെ
കുറഞ്ഞനേരത്തേക്കു
നീ സ്‍ഫടികമെന്നു തോന്നിച്ചു

ലളിതം

'ഇവിടെയുണ്ടു ഞാന്‍'
എന്നറിയിക്കുവാന്‍
മധുരമായൊരു
കൂവല്‍ മാത്രം മതി.

ഇവിടെയുണ്ടായി-
രുന്നു ഞാനെന്നതി-
ന്നൊരു വെറും തൂവല്‍
താഴെയിട്ടാല്‍ മതി.

ഇനിയുമുണ്ടാകു-
മെന്നതിന്‍ സാക്ഷ്യമായ്‌
അടയിരുന്നതിന്‍
ചൂടുമാത്രം മതി.

ഇതിലുമേറെ
ലളിതമായ് എങ്ങനെ
കിളികളാവി-
ഷ്കരിക്കുന്നു ജീവനെ?

കവിത

ഉള്‍വലിഞ്ഞ്
ഞാനെന്റെ
എല്ലില്‍ ചെന്നു തട്ടി.
ഉയിരു കോച്ചും വിധമൊരു
ശബ്ദമുണ്ടായി.

ഊത്താല്‍

ഒരു മഴയും ഞാന്‍
നേരേ നനഞ്ഞില്ല.
വിടവുകളിലൂടെ
ഊത്താലടിച്ചുകൊണ്ടിരുന്നു
അനുഭവങ്ങളില്ല, ലോകമില്ല
ഉള്ളതവയുടെ
ഊത്താല്‍

Wednesday, January 17, 2007

കേരളം വളരുന്നു

പകുതിയിലേറെപ്പേരും സര്‍ക്കാര്‍ ജീവനക്കാരോ ആഗ്രഹിച്ച് കിട്ടാതെ മറ്റു ജോലി ചെയ്യുന്നവരോ
ഒന്നും ചെയ്യാതിരിക്കുന്നവരോ പലതും ചെയ്ത് ഒന്നുമാകാത്തവരോ ആകയാല്‍,
കേരളമേ നീയൊരു സര്‍ക്കാര്‍ സംസ്ഥാനം.
ഇടപാടുകളെല്ലാം ഔദ്യോഗികം.

ഏറെക്കുറെ എല്ലാവരും ഇംഗ്ലീഷ് സംസാരിക്കുന്നവരോ ശ്രമിച്ച് പരാജയപ്പെട്ട് ഒച്ച താഴ്ത്തിയ മാതൃഭാഷയോ
ഒന്നും പറയാത്തവരോ എന്തെങ്കിലുമൊക്കെ പറഞ്ഞു തുലയ്ക്കുന്നവരോ ആകയാല്‍,
മലയാളമേ നീ കാലഹരണപ്പെട്ടൊരു കാവ്യബിംബം.
വിനിമയങ്ങളെല്ലാം വിഴുപ്പലക്കലുകള്‍.

ആളുകളേറെയും കുടിയേറിപ്പാര്‍ത്തവരോ കുടിയൊഴിഞ്ഞു പോയവരോ നാടു തെണ്ടി നടന്ന്
പല ലോകങ്ങള്‍ നേടിയവരോ ഒന്നും നേടാത്തവരോ എല്ലാം നഷ്ടപ്പെട്ടവരോ ആകയാല്‍,
കൈരളി വ്യാമോഹങ്ങളുടെ സ്വന്തം നാട്.
കാഴ്ചയിലെപ്പോഴും അക്കരപ്പച്ചകള്‍

സ്വന്തം അടുക്കളത്തോട്ടം അയല്‍നാട്ടില്‍ വളര്‍ത്തിയവര്‍.
സ്വന്തം പണപ്പെട്ടി അന്യനാടുകളില്‍ സൂക്ഷിച്ചവര്‍.
വേരുകളും വേദനകളുമില്ലാത്ത തലമുറകളുടെ ആഘോഷം.
ഔദാര്യങ്ങളുടെ ആനപ്പുറത്ത് പൊങ്ങച്ചങ്ങളുടെ തിടമ്പേറ്റം.

നാട്ടുവിട്ടുപോയവരുടെ ഓര്‍മ്മകളില്‍ മാത്രം ജീവനുള്ള ദേശമേ
ചട്ടപ്രകാരം നിനക്കുമുണ്ട് പെന്‍ഷന്‍ പ്രായം
വളര്‍ച്ചയുടെ സായംകാലം നടു നിവര്‍ത്തി നില്‍ക്കുവാന്‍
മതിയോ, നിരാലംബമായി ചോര്‍ന്നുപോവുന്ന ആത്മബലങ്ങള്‍ ?

Tuesday, January 16, 2007

പന്തുകായ്ക്കും കുന്ന്

കുന്നിടിച്ചു നിരത്തുന്ന യന്ത്രമേ
മണ്ണുമാന്തിയെടുക്കുന്ന കൈകളില്‍
പന്തുപോലൊന്നു കിട്ടിയാല്‍ നിര്‍ത്തണേ
ഒന്നു കൂക്കി വിളിച്ചറിയിക്കണേ
പണ്ടു ഞങ്ങള്‍ കുഴിച്ചിട്ടതാണെടോ
പന്തുകായ്ക്കും മരമായി വളര്‍ത്തുവാന്‍

Monday, January 15, 2007

ചാള *

ജീവനോടെ ഞാന്‍ നിന്നെ കണ്ടിട്ടില്ല.
നിന്റെ തിളങ്ങുന്ന തൊലി, ഇരുണ്ട ചങ്ക്, തോണികൃശത.
ഇങ്ങനെയെല്ലാം ഒരു പക്ഷേ ഏതൊരു മീനെക്കാളും ഞാന്‍ കണ്ടിട്ടുണ്ട്
പക്ഷേ വെള്ളത്തില്‍ നിന്റെ വാഴ്വ്? ഇല്ല.

നിന്നെ ഓര്‍ക്കുന്നു എന്നതിനര്‍ത്ഥം‍ നിന്റെ രുചി എന്റെ നാവില്‍ വന്നു എന്നാണ്.
നിന്നെ മനസ്സിലാക്കി എന്നതിനര്‍ത്ഥം എത്ര തരത്തില്‍ നിന്നെ പാചകം ചെയ്യാം എന്നാണ്.

നാം മനസ്സിലാക്കുന്നതെല്ലാം
ചീയും മുന്‍പ് വറച്ചട്ടിയിലേയ്ക്ക് തിരിച്ചുവിട്ടവയാകുമോ?
നമ്മെ മനസ്സിലാക്കി എന്നു ചിലര്‍ പറയുന്നത്
വലിയൊരു പാത്രത്തില്‍ തിളയ്ക്കുന്ന എണ്ണയില്‍ വറുത്തെടുക്കാനായിരിക്കുമോ?
*മത്തി

ചില വസ്തുതകള്‍

ശൂന്യത ഒരു ഭാരമുള്ള വസ്തുവാണ്
അതിനടിയില്‍ ചിന്തകള്‍ അമര്‍ന്നു പോകും
ഉദാസീനത മൂര്‍ച്ചയേറിയ ആയുധമാണ്
അത് മഹത്തായതിനെയെല്ലാം കൊല്ലും
അവഗണന, ശവപ്പെട്ടിയുടെ അടപ്പാണ്
ഇടിമുഴക്കങ്ങളെ അത് എന്നേയ്ക്കും മൂടി വയ്ക്കും
മറവി, നാണം കെട്ടവന്റെ കുടിനീരാണ്
അത് കനലുകളെ വെള്ളമൂറ്റിക്കെടുത്തും

Saturday, January 13, 2007

ആത്മഹത്യ

മിന്നല്‍ വെട്ടിയ വഴിയിലൂടെ കാറ്റ് നടന്നു പോകുമ്പോള്‍
നിന്റെ കയ്യൊപ്പ് വീഴാത്ത എന്റെ താളിലും
കാലം, സൂക്ഷിച്ചു വയ്ക്കാതിരിക്കില്ല എന്തെങ്കിലും.

വീടിനെ ഒരു വരിയിലിറക്കിക്കിടത്തി
വാക്കുകളുടെ തെരുവിലലഞ്ഞതും
ബിംബമുനകളില്‍ തറഞ്ഞതും
സ്വപ്നാര്‍ത്ഥങ്ങളില്‍ നനഞ്ഞതും ഞാന്‍ തന്നെയായിരുന്നു എന്നും.

എന്റെ കവിതേ,
ഏതെങ്കിലും നെഞ്ചില്‍ നീ തീയായി പൂക്കണേ
മഴയുടെ ചോരയിലേയ്ക്ക് ഞാന്‍ തിരിച്ചു പോകും മുന്‍പേ

Friday, January 12, 2007

ഓച്ചാനം

ഓച്ചാനിച്ചു നിന്നു മടുത്തു

ഇപ്പോള്‍ മരങ്ങളെയും മൃഗങ്ങളെയും വരെ കണ്ടാല്‍ ഓച്ചാനിക്കാന്‍ തോന്നും.
എത്രകാലമായി ഓരോരോ വിടുവായന്മാരുടെയും മന്ദബുദ്ധികളുടെയും അല്പന്മാരുടെയും മുന്‍പില്‍ ഓച്ചാനിച്ചു നില്‍ക്കുന്നു !
ഇനി ആരെയും ഓച്ചാനിക്കുകയില്ലെന്നുറച്ച് തലയുയര്‍ത്തി നടക്കുമ്പോള്‍
എതിരെ ഒരാള്‍ വരുന്നു - അയാള്‍ എന്നെ ഓച്ചാനിച്ചു !

എത്ര ഓച്ചാനിച്ചു നിന്നിട്ടാണ് ഇപ്പോള്‍ ഓച്ചാനിക്കപ്പെടുന്നതെന്നോറ്ക്കുമ്പോള്‍
വീണ്ടും ഓച്ചാനം വരുന്നു !

നുണ

കവിതയില്ലെന്നാകിലില്ല ജീവിതമെന്നു
കരുതി പണ്ടെന്നോ ഞാന്‍
വറ്റി വേനലില്‍ തീയില്‍ കരളിന്നുറവ, ഞാനെങ്കിലും ജീവിക്കുന്നു.
വരളും മണ്ണിന്‍ ചുവയിപ്പൊഴും നുണയ്ക്കുന്നു

പ്രണയമില്ലെന്നാകിലില്ല ജീവിതമെന്ന നുണ വിശ്വസിച്ചപ്പോള്‍ ഞാന്‍
പിന്നൊരു കൊടുങ്കാറ്റില്‍ പ്രനയം കരിയിലയായി പറന്നകന്നിട്ടും
ഹൃദയം മണ്ണാങ്കട്ടയായലിഞ്ഞൊലിച്ചിട്ടും
മൃതമാം ദേഹം നോക്കുകിപ്പോഴും നടക്കുന്നു
ഹൃദയം കുതിര്‍ന്നൊലിച്ചിപ്പൊഴും മിടിക്കുന്നു

കടല്‍

ഉള്ളില്‍ കുടല്‍ മാത്രമല്ല
ഒരു കടലുമുണ്ട്
മൂര്‍ച്ചയുള്ള ഒരു കത്തികൊണ്ട്
വലിച്ചു പുറത്തുകാണിക്ക്കാനാവില്ല
അതിന്റെ തിരയും പതയും.

ചൂണ്ടയും കൈയും

ജലാശയത്തില്‍ ചൂണ്ട വീഴുന്നത് എന്തെങ്കിലും ഒന്നിനെ കോര്‍ത്തെടുക്കാന്‍.
പിന്നീട് തിന്നാനോ വില്‍ക്കാനോ ആയി.

കുത്തൊഴുക്കില്‍ കൈ താഴുന്നത് പെട്ടുപോയ ഒന്നിനെ കരയ്ക്കണയ്ക്കാന്‍.
പിന്നീടും തികവോടെ വളരാനായി.

രണ്ടിടത്തും കരയുണ്ട്,ഒരാളും
രണ്ടിടത്തും കൈയുണ്ട്, പ്രവര്‍ത്തനവും.
എങ്കിലും എത്ര വേറിട്ടത്!
ആസക്തിയും അനുകമ്പയും അതിര് പകര്‍ന്ന മാര്‍ഗങ്ങള്‍
സംസാരജലത്തിലെ മനുഷ്യന്റെ കൈക്രിയകള്‍.

ഞാന്‍

‘എന്തൊരാളായിപ്പോയീ ഞാന്‍ !‘


ഇത് ആറ്റൂരിന്റെ ‘പേടി’യിലുള്ള ഒരു വരിയാണ്. ഇപ്പോഴിതാ ടി പി രാജീവന്‍ ആ പേരില്‍ ഒരു കവിതയെഴുതിയിരിക്കുന്നു, മാതൃഭൂമിയില്‍. വായിച്ച ശേഷം ഈ വരി മനസ്സില്‍ നിന്നു പോകുന്നില്ല. അതുകൊണ്ട് ഈ പോസ്റ്റ്!

Thursday, January 11, 2007

പകരം

‘ഹൃദയം മരക്കൊമ്പില്‍ മറന്നൂ’ പറഞ്ഞവള്‍
‘പകരം കരള്‍ മതി പൊരിച്ചു തിന്നാമല്ലോ’ മുതലച്ചിരി കേള്‍ക്കെ പതുക്കെ പറഞ്ഞവള്‍
‘കരളു പണ്ടേ പോയി പ്രണയക്കെടുതിയില്‍’
‘കരളില്ലെങ്കില്‍ വേണ്ട ഉടലാണെനിക്കിഷ്ടം’ അതുകേട്ടവളൊന്നു കുലുങ്ങിച്ചിരിച്ചപ്പോള്‍
മുതല ചോദിച്ചുപോയ് ‘പൂതുതായെന്താ സൂത്രം?’

‘സൂത്രമെന്തിന്? നിനക്കുള്ളത് നിനക്കല്ലോ! തിന്നു കൊള്ളുക എന്റെയുടലും
ഇതിനുള്ളില്‍ പടര്‍ന്നിറങ്ങിയ പകര്‍ച്ചവ്യാധിയും’

അഹം

കയറിയിരിക്കാന്‍ പറഞ്ഞെങ്കിലും കൂട്ടാക്കാതെ വരാന്തയില്‍ നിന്നു ചിണുങ്ങി.
ചുടുചായ കൂട്ടാന്‍ തുടങ്ങിയ അമ്മയെ വേണ്ടെന്നു വിലക്കി.
ബീഡി നീട്ടിയെങ്കിലും വാങ്ങാതെ അച്ഛനോടു പിണങ്ങി.
പിന്നെ,
വെയില്‍ വന്നവാറേ, യാത്രപോലും പറയാതെ, ചവിട്ടിയില്‍ കാല്‍ തൂത്ത് ഇറങ്ങി നടന്നൂ
മഴ.

അഥവാ തുരുത്ത്

മുറിവുകളുടെ ഈ ദ്വീപ് വിട്ടു പോകുന്ന ഒരാളല്ല ഞാന്‍.
ഹിമാനി ഒഴുക്കിക്കൊണ്ടു പോയ ഓരോ കിനാവിനെയും വൃക്ഷച്ചുവടുകള്‍ക്കറിയാം
അല്പം മുന്‍പ് എന്നെ ശകാരിച്ച കാറ്റ് ഇപ്പോള്‍ തലോടുന്നു.

ആറുദിവസം കൊണ്ട് ദൈവം ലോകം സൃഷ്ടിച്ചു:
ഞാനും എല്ലാം തുടങ്ങുകയാണ്.
കുറച്ചു വിത്തുകള്‍ വിതച്ചു.
കിഴക്കോട്ടു മുഖപ്പുള്ള ഒരുകൂര പണിഞ്ഞു തുടങ്ങി
സഞ്ചാരികളായ കിളികള്‍ക്ക് ഊഞ്ഞാലും ജന്തുക്കള്‍ക്ക് വെള്ളത്തൊട്ടിയും ഒരുങ്ങി.

ഓരോ നാളും ഇരുണ്ടുവെളുക്കുന്ന സങ്കീര്‍ത്തന ഗ്രന്ഥം:
അടുപ്പ് പച്ചമണ്ണ് പനമരം വേലിയേറ്റം ഉടുമ്പുകള്‍ പുള്ളുകള്‍ കാട്ടുപൂക്കള്‍ നിറം മാറുന്ന മേഘങ്ങള്‍
-എന്റെ വിയര്‍പ്പും കൈത്തഴ്മ്പും ശൂന്യതയിലേയ്ക്ക് അന്തംവിട്ട നോട്ടവും പോലെ കൊണ്ടറിയുന്നത്.

നിലനില്‍പ്പിന് തണല്‍പ്പക്കങ്ങളില്‍ ചൂണ്ടയിടും
ചുമ്മാ ചൂളം വിളിച്ച് നടന്നേ പോകും

പകല്‍ക്കിനാവില്ല. തോണിപ്പലക ശരിയാക്കുക. ഏണിയും കോണിയും പണിയുക.
മണ്ണും കക്കയും ചുടുക. തേവുക. തെറ്റാലി എയ്യുക. മഴയില്‍ കുളിക്കുക. ചുടുകാറ്റ് പുതയ്ക്കുക
കത്തിയും കൂന്താലിയും കൊണ്ട് ഭൂമിയോടുള്ള ഉടമ്പടികള്‍ തീര്‍ക്കുക.

ഒരിക്കല്‍ നഷ്ടപ്പെട്ട പ്രണയത്തെ കടല്‍ തിരിച്ചു നല്‍കും

മറ്റുള്ളവര്‍ വായിക്കുന്ന ഒരു ലിപിയിലേയ്ക്ക് നഷ്ടപ്പെടാതെ ഞാന്‍ കാത്തിരിക്കും.

Monday, January 01, 2007

ആണ്‍‌തരി

അമ്മയുടെ മുറിച്ചെടുത്ത ഗര്‍ഭപാത്രം
ഒരിക്കല്‍ ഞാന്‍ പരിശോധനയ്ക്കായി
കൊണ്ടു പോയിട്ടുണ്ട്.
അമ്മയെന്ന ആശ്ചര്യചിഹ്നത്തില്‍ നിന്ന്
അടര്‍ന്നുപോയ കുത്ത്.
ഇപ്പോഴിതാ ഭാര്യയുടെ
അപ്പെന്റിക്സ്.
എന്റെ നടുവിരലോളം നീളം;
അതില്‍ പഴുപ്പിന്റെ ഒരു പുഴ്പം
അതിന് ചെറിയ കുപ്പി മതി.

ബയോപ്സിക്ക് കൊടുക്കും മുമ്പ്
എന്റെ പെണ്മക്കളെ ഞാനത് കാണിച്ചു.
മൂത്തവള്‍ പറഞ്ഞു: അമ്മയുടെ
ആദ്യത്തെ ഓപ്പറേഷന്‍ ഞാന്‍;
രണ്ടാമത്തെ ഓപ്പറേഷന്‍ അനുജത്തി
അപ്പോള്‍ ഇതോ?
ഞാന്‍ പറഞ്ഞു:
ഇത് അപ്പന്റിക്സ്.
നമുക്കിവനെ അപ്പു എന്നു വിളിക്കാം.
ഹായ്, ഞങ്ങള്‍ക്കൊരു അനിയനെ കിട്ടിയല്ലോ
എന്ന് ചെറിയ മകള്‍.
ഞാന്‍ കണ്ടിട്ടുണ്ട്, അവള്‍ തുടര്‍ന്നു:
മാമന്റെ മോനെ കുളിപ്പിക്കാന്‍ നിര്‍ത്തിയപ്പോള്‍
ഇതുപോലൊരെണ്ണം - അവന്റെ
കാലുകള്‍ക്കിടയില്‍
ഇതാണോ അച്ഛാ ആണ്?

ചിലപ്പോള്‍ ഇത് മാത്രമായും
ചില ആണുങ്ങള്‍ ഉണ്ടാകാം.
കുഞ്ഞുങ്ങള്‍ക്ക് മനസ്സിലാക്കാന്‍
പ്രായമായിട്ടില്ലാത്തതിനാല്‍
ഞാന്‍ മനസ്സില്‍ പറഞ്ഞു:
ആണെന്നാല്‍
ഇതാണെന്ന് കരുതുന്നവര്‍.
അവരുടെ ലോകത്തേക്കാണല്ലോ
മക്കളേ, നിങ്ങള്‍ മുതിരുന്നത്.
ആങ്ങളയെന്ന് കരുതി
അടുക്കുന്നത്.
ആംബുലന്‍സിലേക്ക്
സ്വയം നയിക്കുന്നത്.
അതുകൊണ്ട് നമുക്കിനി
ഇവനെ വേണ്ട.
അപ്പൂ, എന്റെ മകനേ,
ആണവയവം മാത്രമായി
ഒരാണിനെ എനിക്ക് മകനായി വേണ്ട.
ലാബിലേക്ക് നടക്കുമ്പോള്‍
ഞാന്‍ പറഞ്ഞു:
അപ്പൂ, ശരിയപ്പോ!

വിധിയുടെ കടലാസ്

പീനല്‍കോഡിലെ പുസ്തകത്തില്‍ നിന്നും
ശിക്ഷാവിധിയുടെ
ഒരു കടലാസ് കട്ടുവെന്നാണ്
നിന്റെ പേരിലുള്ള കുറ്റം

തെരുവിലും
മുഖത്തും
മുറ്റത്തും തുപ്പരുത്
തെരുവില്‍ തുപ്പിയാല്‍
തെണ്ടികള്‍ കോപിക്കും
മുഖത്ത് തുപ്പിയാല്‍
കരണത്ത് തല്ല്
മുറ്റത്ത് തുപ്പിയാല്‍
മുള്‍ച്ചെടികള്‍ വളരും

കുട്ടികള്‍ നടക്കുന്ന വഴിയില്‍
കഫവും രക്തവുമുള്ള
നിന്റെ തുപ്പല്‍
നിയമം കണ്ടെത്തി

ആയതിനാല്‍
ശിക്ഷാവിധിയ്ക്ക്
കളവു പോയ
കടലാസു വേണം